രാഗപരാഗം - കാമുകന്റെ സ്വപ്നങ്ങള്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

കാമുകന്റെ സ്വപ്നങ്ങള്‍

ദേവി, ജീവിതപുഷ്പം കൊഴിയാറായി, ഹര്‍ഷം
താവിയ സുദിനങ്ങളെന്നേക്കും മറവായീ,
എങ്കിലുമേകാന്തത്തിന്‍ ചില്ലകള്‍തോറും പാറി-
പ്പൈങ്കിളികളെപ്പോലെ മേളിപ്പൂ കിനാവുകള്‍.
അവതന്‍സവിലാസദര്‍ശനത്തിലെന്‍ ചിത്ത-
മവരോധിപ്പൂനിന്നെ രാജ്ഞിയായതിന്‍ നാട്ടില്‍!

ചതിക്കും യാഥാര്‍ത്ഥ്യങ്ങള്‍ മിക്കതും യഥാര്‍ത്ഥത്തില്‍
ക്ഷിതിയില്‍ സ്വപ്നങ്ങള്‍ക്കേ സത്യസന്ധതയുള്ളൂ.
അവ ചഞ്ചലങ്ങളാ, ണെങ്കിലും, മല്ലെന്നായി-
ട്ടവ ഭാവിക്കി, ല്ലേകില്ലൊടുവില്‍ പ്രാണാഘാതം.
അവയെന്നേകാന്തത്തില്‍ പാടുന്നു നിന്‍ സൌന്ദര്യ-
മവയെന്നേകാന്തത്തില്‍ പാടുന്നു നിന്‍ സൌശീല്യം.
സ്വര്‍ഗ്ഗശക്തിതന്‍ സാത്വികാലാപം സ്പന്ദിക്കുമി-
സ്വര്‍ഗ്ഗത്തില്‍, സ്വപ്നങ്ങള്‍തന്‍ ദുര്‍ഗ്ഗത്തില്‍, സുശക്തന്‍ ഞാന്‍!

ജീവനെനിക്കു വെറും തൃണം-നിന്നെയെന്‍
ജീവനും ജീവനായ് പൂജിച്ചിടുന്നു ഞാന്‍.
സ്നേഹിച്ചു നിന്നെ ഞാന്‍ നീയൊഴിഞ്ഞാരെയും
സ്നേഹിച്ചതില്ല ഞാന്‍, സ്നേഹിക്കയില്ല ഞാന്‍.
നിന്നിലും മീതെയായില്ലെനിക്കൊന്നുമീ-
മന്നി, ലാരാധിപ്പു നിന്നെ ഞാനോമനേ!

എന്നെ നീ വിസ്മരിച്ചാലും ഭജിച്ചിടും
നിന്നെ ഞാ,നെന്‍ പ്രാണസര്‍വ്വസ്വമാണു നീ.
ഭോഗമാധുര്യം വെറും നിഴലുജ്ജ്വല-
ത്യാഗദീപത്തിന്റെ നിര്‍വാണദീപ്തിയില്‍.
തപ്തമാണെങ്കിലും മാമകജീവിതം
സുപ്തമല്ലഞ്ജലിചെയ്വു ഹാ, നിന്‍പദം!
ജന്മമെനിക്കുണ്ടിനിയുമെന്നാകില്‍ ഞാന്‍
നിന്മനോനാഥനായ്ത്തന്നെയെത്തും, പ്രിയേ!

ലോകപ്രശംസയും വിദ്വേഷവും സമ-
മേകനിമേഷത്തില്‍ നേടിയോന്‍ ഞാന്‍
എന്നെ നീ പൂജിച്ചു ഞാനപേക്ഷിക്കാതെ-
തന്നെ, നിന്‍ ജീവാധിനാഥനായ് ഞാന്‍.
നീതിയും ന്യായവും കൂട്ടില്‍ക്കയറ്റിയാല്‍
പതിത്യം പറ്റിയ പാപിനി നീ!

എങ്കിലും ദു:ഖിച്ചിടായ്ക നീ ശാലിനീ
ശങ്കിച്ചിടേണ്ട നിന്‍ സേവകന്‍ ഞാന്‍.
മാമകപ്രാണനും കൂടി ത്യജിക്കുവ-
നാ മന്ദഹാസത്തിനായി മാത്രം.
ആ മന്ദഹാസമതാണു മജ്ജീവിത-
പ്രേമപ്രഫുല്ലമാം സ്വപ്നകേന്ദ്രം.

സ്നേഹിക്കാനെന്നെപ്പഠിപ്പിച്ചു നീ, നിന്നെ
സ്നേഹിച്ചിടും ഞാന്‍ മരിക്കുവോളം!
ശങ്കയന്റെ , വിഷമാണതേല്‍ക്കുകില്‍
സങ്കടന്തന്നെ പിന്നത്തെ ജീവിതം.
ഹൃത്തുടഞ്ഞു നാം ലോകത്തിലെങ്ങനെ
ചത്തു ജീവിപ്പതെന്തിനാണോമനേ?
വിശ്വമോഹിനീ, പൂര്‍ണ്ണമായെന്നെ നീ
വിശ്വസിക്കൂ ചതിക്കില്ല നിന്നെ ഞാന്‍.

കാലദോഷം വരാം മനുഷ്യന്നതിന്‍-
ജ്വാലയില്‍, ച്ചാമ്പലാകാം പ്രതീക്ഷകള്‍.
തൂമമങ്ങി നശിക്കുകില്ലെങ്കിലും
പ്രേമഹേമപ്രകാണ്ഡമൊരിക്കലും
കഷ്ടകാലസ്ഫുടപാകപൂര്‍ത്തിയില്‍
തുഷ്ടകന്നതുല്‍ക്കൃഷ്ടമാകും സതി!
ഈ വിയോഗാലകലുകയ, ല്ലയേ
ദേവി, മേന്മേലടുക്കുകയാണു നാം.

അധമരിലേറ്റം ജഗത്തില്‍ ഞാനാ-
ണധമനെന്നോമനേ, സമ്മതിക്കാം.
ഒരു ദേവതയ്ക്കുമില്ലെങ്കിലുമെന്‍
നിരുപമനിസ്സ്വാര്‍ത്ഥദിവ്യരാഗം
തവദേഹമോഹാത്മകാത്മദാഹ-
വിവശിതനായില്ലൊരിക്കലും ഞാന്‍.
പരിസര ദ്വേഷങ്ങളെന്റെ ചിത്തം
പരിധൃതപങ്കമായരചിക്കേ,
ശകലിതമാകയോ ശാലിനി നി-
ന്നകളങ്കരാഗാര്‍ദ്രമുഗ്ദ്ധചിത്തം?
അടിപെടുന്നോ വെറും മിത്ഥ്യകള്‍ത-
ന്നടിയൊഴുക്കിന്റെ ചുഴികളില്‍ നീ?
സതി, നിത്യഭാസുരതാരകകള്‍-
ക്കതിഥിയായ് നിന്നെയുയര്‍ത്തിടും ഞാന്‍!

ചെന്തളിര്‍ ചൂടിച്ചിരിച്ചിതാ പിന്നെയും
ചിന്തകള്‍ പൂക്കുമീനാളില്‍,
മാനസം മാമകം മാടിവിളിക്കുന്നി-
താനന്ദദേവതേ, നിന്നെ.
പോരിക പോരിക ശപ്തനിരാശതന്‍
കൂരിരുളൊക്കെയും പോയി.

മഞ്ഞിലുതിരുമിളവെയില്‍മാതിരി
നെഞ്ചിലുല്ലാസം കൊളുത്തി
ഭാവസാന്ദ്രോജ്ജ്വലസ്വപ്നാനുഭൂതികള്‍
ദേവനൃത്തത്തിനായെത്തി.
പോരിക പോരിക മാരകോദ്വേഗത്തിന്‍
മാരിക്കാറൊക്കെയും മാറി!-

ഏകാന്തശാന്തിതന്‍ വീണമീട്ടുന്നു ഞാ-
നേകാന്‍ നിനക്കാത്മഹര്‍ഷം.
വിജയഗര്‍വത്താല്‍ വികൃതമല്ലയേ
ഭജനലോലുപേ ഭവതിതന്‍ മനം.
ജനിതരാഗമിന്നതില്‍ സ്മിതാങ്കുരം
പനിമലരിലും പരം മനോഹരം.
പ്രണയപൂര്‍ണ്ണമെന്‍ ഹൃദയമിപ്പൊഴും
പുണര്‍ന്നിടുന്നതുണ്ടതിന്‍ പരിമളം.

പ്രശന്തഭാസുരപ്രസന്നഭാവനാ-
വിശാലമേഖലയ്ക്കകത്തനാരതം
ചിറകടിച്ചടിച്ചപഗതാകുലം
പറന്നു പാടുമെന്‍ ഹൃദയകോകിലം,
ശിവപ്രചോദനമതിനു നല്‍കിയ
സുവര്‍ണ്ണരശ്മിതന്‍ മഹദ്ഗുണഗണം!
വിധിവിധിച്ചൊരീ വിയോഗദുര്‍വിധി
വിധിത്സിതങ്ങള്‍ക്കു വിവേകത്തിന്‍നിധി!

വിസ്മയദര്‍ശനേ, നിന്നെയൊന്നു
വിസ്മരിക്കാനെന്‍ക്കൊത്തുവെങ്കില്‍
പൂവിരിച്ചെന്തിനോര്‍ക്കാതെ നീയെന്‍
ജീവിതവീഥിയിലാഗമിച്ചൂ.
ചിന്തിച്ചിരിക്കാതിതുവിധം നീ-
യെന്തിനെന്‍ പ്രാണനില്‍ ചേര്‍ന്നുപറ്റി?

താമരപ്പൊയ്കപോല്‍ ശാന്തമായ
മാമകജീവിതമെത്രവേഗം
നേരിട്ടിടാനിടയായി കഷ്ടം
വാരിധിക്കൊപ്പമിക്കോളിളക്കം.
നിശ്ചയം മൃത്യുവിന്‍ സ്പര്‍ശമേറ്റേ
നിശ്ചലമാകാനതിനുപറ്റൂ--

എങ്കിലുമില്ല പരാതി ചെറ്റും
ശങ്കിച്ചിടായ്കിന്നെനിക്കു നിങ്കല്‍!
സോമലേഖ കുണുങ്ങിച്ചിരിക്കു-
മീ മധുരശിശിരനിശയില്‍,
പാല പൂത്ത പരിമളം തെന്നല്‍-
ച്ചോലയില്‍ത്തത്തിയെത്തുന്നനേരം
എന്മനസ്സില്‍ക്കിളരുന്നിതോരോ
പൊന്മയങ്ങളാമോമല്‍സ്മൃതികള്‍.

പോയനാളുകള്‍തന്‍ കളിത്തോപ്പില്‍
ഛായകള്‍ കരം കോര്‍ത്തുന്ന്നാടി
സ്ഫീതമോദം മൃദുസ്മിതംപെയ്തെന്‍
ചേതനയെ വിളിക്കുന്നു മാടി..
നൊന്തിടുകിലും മേല്‍ക്കുമേലവ-
യെന്തിനായ് ഞാന്‍ കുതറുന്നു പേര്‍ത്തും?
തട്ടിമാറ്റുന്നു നിഷ്ഫലം ഹാ, ഞാന്‍
പൊട്ടിടുകില്ലിച്ചങ്ങല, പക്ഷേ.

അകലെനിന്നകലെനിന്നൊരു നേര്‍ത്ത കളകള-
മകതളിര്‍ പുല്‍കിപ്പുല്‍കിപ്പുളകം ചേര്‍പ്പൂ.
പ്രണയപ്രതീപ്തമാമൊരുപഹാരസ്മിതവുമായ്
പ്രണമിപ്പൂ മമ ജീവനതിനു മുന്നില്‍.
ദുരിതങ്ങളഖിലവും ക്ഷണനേരം മറന്നു ഞാന്‍
പരിചില്‍ച്ചേര്‍ന്നലിവിതാക്കളകളത്തില്‍!

മമ ലോകജീവിതം ഹാ, മരുഭൂവായെങ്കിലെന്തീ
മമതതന്‍ ശാദ്വലം ഞാന്‍ തഴുകിയല്ലോ!
സകലവുമകലട്ടേ പകവീട്ടി ഞെളിയള്ളേ
വികലമല്ലെനിക്കെന്റെ വിമലഹര്‍ഷം.
പുണരുക, പുണരുകെന്‍ വിജനതേ, മമ ദിവ്യ-
പ്രണയസ്വരൂപിണിതന്‍ പ്രതിനിധി നീ!

സുഖമല്ലാ സുഖമെന്നു കരുതിയ സുഖമൊന്നും
സുഖമേ, നീ മരീചികാലഹരിയാണോ?
പൊന്‍കിനാക്കള്‍തന്‍ കാല്‍ച്ചിലമ്പൊലി
തങ്കിടുന്നൊരീ വീഥിയില്‍,
പിന്തുടരുകയാണതിനെ ഞാ-
നെന്തു മായികാവേശമോ!
ഇല്ല മിന്നാമിനുങ്ങൊളിപോലു-
മില്ല-കൂരിരുള്‍ ചുറ്റിലും!-

ഏതുദേശമാണേതു ഭാഷയാ-
ണേതുമില്ല മേ നിശ്ചയം.
ഹാ, തനിച്ചൊരദൃശ്യശക്തിയാല്‍
നീതനായേവമിങ്ങു ഞാന്‍.
എന്തിനാണാരറിഞ്ഞു, മുള്ളേറ്റു
നൊന്തിടുന്നിതെന്‍ കാലുകള്‍--
എങ്കിലും ഹാ, ചിരിപ്പു ഞാ, നേതോ
പൊന്‍കിനാക്കള്‍തന്‍ ചിന്തയില്‍!

വരികരികില്‍ഗീഷ്മപ്രഭാവമേ, നിന്‍
പൊരിവെയിലില്‍പ്പൊള്ളുവാന്‍ ഞാന്‍ കൊതിപ്പു.
നിഴലില്‍ വെറും ശൈത്യം, ജഡത്വമേകും
മഴമുകിലിന്‍ മൂടലതാര്‍ക്കുവേണം?
സിരകളുണര്‍ന്നുദ്രിക്തരക്തനായ് ഞാന്‍
സ്മരണകള്‍തന്‍ കണ്ഠം ഞെരിച്ചിടട്ടെ!

നിണമൊഴുകിവീണു ചിറകടിക്കും
പ്രണയമയചിന്തയ്ക്കു ഭംഗികൂടും.
അതിരസമുണ്ടോര്‍ക്കണമെന്നാല-
നതിനെഴുമാ ദുസ്സഹപ്രാണദണ്ഡം.
അവശമതു ദാഹിച്ചു വാ പിളര്‍ക്കെ-
ജ്ജവമിടണം പൊള്ളും മണലതിങ്കല്‍
വരിക വരികുഗമാം വേനലേ, നീ!
പൊരിയണമെനിക്കുനിന്‍ തീവെയിലില്‍!

അരുളിയെന്‍ കാതില്‍ പ്രകൃതി: "ഞാന്‍ നിന്നില്‍-
ക്കരുണയാല്‍ നിന്നെക്കവിയാക്കി
സുമനസ്സൊത്ത നിന്‍ സുമനസ്സില്‍, പ്രേമ-
ഹിമകണം പെയ്തുജ്ജ്വലമാക്കി.
ഫലമെന്തുണ്ടായി?-കപിയെക്കാള്‍ കഷ്ട-
നിലയില്‍ച്ചെന്നെത്തി ചപലന്‍ നീ!"

"ശരിയാണംബികേ, ശരിയാണോതി ഞാ-
നെരികയാണിന്നെന്മനമതില്‍!
ചുടുകാടാക്കി മന്മഹിതജീവിത-
മടുമലര്‍ക്കാവീ മഹിയില്‍ ഞാന്‍!
അനുഭവജ്ഞാനമവസാനത്തിലാ-
ണനുശയം ചേര്‍പ്പിതടിയനില്‍!"
വരികില്ലേ തെറ്റു, നരനല്ലേ, മാപ്പു-
തരികില്ലേ ദൈവം, കരയല്ലേ!

ദേവി, നിന്നെജ്ജീവിതത്തില്‍ക്കണ്ടുമുട്ടിടായ്കി-
ലീവിധം ഞാന്‍ കണ്ണുനീരില്‍ മുങ്ങുമായിരുന്നോ?
നീയൊരല്‍പമോര്‍ത്തുനോക്കുകെന്മനസ്സില്‍ മേന്മേല്‍
തീയൊടുങ്ങാതീവിധമെരിയുമായിരുന്നോ?
ഞാനഖിലം സന്ത്യജിച്ചെന്‍ ജീവിതത്തിലേവം
മ്ളാനചിത്തനായ് സ്വയം നശിക്കുമായിരുന്നോ?

ഇല്ല, ദേവി, നിശ്ചയമായില്ല ഞാനീ മന്നില്‍
വല്ല കോണിലാകിലും സംതൃപ്തനായ് വേണേനേ.
ഈ വിധത്തില്‍ ക്ഷുബ്ധമായിത്തീര്‍ന്നിടാതെന്‍ ശാന്ത-
ജീവിതമൊലിച്ചൊലിച്ചങ്ങാഴിയില്‍ ചേര്‍ന്നേനേ!
ഘോരമാം ചിന്താനലനിലെന്‍ജഡം ദഹിച്ചാ-
ച്ചരമെങ്കിലും പരമശാന്തി നുകര്‍ന്നേനേ!
ഇല്ലതിനു മാര്‍ഗ്ഗമിനിയാ മരണംപോലു-
മില്ല ശാന്തി നല്‍കുകില്ലെനിക്കു തെല്ലും ദേവി!

അണിയിട്ടണിയിട്ടരികത്തണയും
ക്ഷണികോന്നതിതന്‍ മഴവില്ലുകളേ,
മമതാമധുരം മതിയെന്നരുളു;
മമ മാനസമാം മയിലിന്‍ നടനം.
ഇനിവൈകരുതേ, മറയൂ, മിഴിനീ-
രിനിയും വഴിയാനിടയാക്കരുതേ!

മൃഗകല്‍പനിവന്‍ മൃതസദ്വിഭവന്‍
മൃഗതൃഷ്ണകളില്‍ കൊതിപൂണ്ടുഴറി
മദസങ്കലിതം ചപലം ചരിതം
ഹൃദയം വിവിധഭ്രമസഞ്ചലിതം.
കടിഞ്ഞാണെവിടെ വഴിയേതിരുളാ-
ണടിതെറ്റുകിലോ പിടിവിട്ടിനി ഞാന്‍
വരണേ, തരണേ, തവ ദര്‍ശനമെന്‍
നിരഘോജ്ജ്വലമാം കിരണാങ്കുരമേ!

നവനവോല്‍ക്കര്‍ഷ സോപാനപംക്തിക-
ളവസരോചിതം പിന്നിട്ടു കേറിനീ
അദരിതഭാഗ്യശൃംഗത്തിലെത്തുവാന്‍
ഹൃദയപൂര്‍വകം പ്രാര്‍ത്ഥിച്ചിടുന്നു ഞാന്‍.
നിഴല്‍ വിരിക്കാനിടയാകരുതഴ-
ലഴകെഴുമാ മുഖത്തൊരുകാലവും!

തവ സുഖോദന്തമെന്നുമേകീടുമെ-
ന്നവശചിത്തത്തിനാശ്വാസലേപനം
രജതരേഖകള്‍ പാകുമച്ചിന്തയെന്‍
വിജനതതന്‍ തമോമയവേദിയില്‍
ഉടലുമാത്മാവുമൊന്നുപോലക്ഷണം
സ്ഫുടസുഖാപ്തിയില്‍ കോരിത്തരിച്ചിടും.
സകലവും സ്വയം സന്ത്യജിക്കുന്നു നി-
ന്നകലുഷോജ്ജ്വലപ്രേമത്തിനായി ഞാന്‍!

എന്തിനെ വിശ്വസിക്കാം ലോകത്തില്‍, ഹൃദയത്തി-
നെന്തിന്റെ തണല്‍ത്തട്ടില്‍ വിശ്രമിക്കാം?
കേവലം ചലജലബുദ്ബുദം, സൌഹൃദം, ഹാ
ഭാവജസ്വപ്നം മാത്രം മധുരപ്രേമം.
ഭൂതിദസുധാമയം വാത്സല്യം-പക്ഷേ, മറ്റൊ-
ന്നൂതിയാല്‍ വീണുപോമോരബലപുഷ്പം.

എന്തിനെപ്രീയപ്പെടാം ലോകത്തില്‍ ജീവിതത്തി-
ലെന്തിനിസ്സുസ്ഥിരമെന്നാശ്വസിക്കാം?
സര്‍വ്വവും ക്ഷണികങ്ങള്‍, സര്‍വ്വവും ചഞ്ചലങ്ങള്‍
സര്‍വ്വവും വഞ്ചകങ്ങള്‍, മായികങ്ങള്‍.
പ്രാരംഭം സുഖമയം, ഹര്‍ഷദം, സമസ്തവും
പാരം ശോകാവകീര്‍ണ്ണം ജഗത്തിലന്ത്യം.
എന്നാലും പ്രണയമേ, നീ മതിയെനിക്കിണ്ടല്‍
തന്നാലും നിത്യം നിന്നെപ്പുണര്‍ന്നിടും ഞാന്‍!

ആ നല്ലകാലം കഴിഞ്ഞൂ-ചിത്തം
മ്ളാനമായ്ത്തീര്‍ന്നുകഴിഞ്ഞു.
ഹര്‍ഷങ്ങളെല്ലാം മറഞ്ഞു-ബാഷ്പ-
വര്‍ഷത്തിന്‍ രംഗമണഞ്ഞു.
ദീപങ്ങളൊക്കെപ്പൊലിഞ്ഞു-ജീവന്‍
സ്വാപതമസ്സിലലിഞ്ഞു.
എന്നിനിപ്പുല്‍കുമുദയം-കഷ്ടം
വന്നിടുമെന്നഭ്യുദയം?
നശ്വരമാം സ്വപ്നജാലം-മന്നില്‍
വിശ്വസിച്ചീടിനമൂലം
തപ്തമാം ഹൃത്തേവമാര്‍ന്നൂ-ഹാ, ഞാന്‍
ശപ്തരില്‍ ശപ്തനായ്ത്തീര്‍ന്നു.
കൈവരിപ്പേനാത്മഹോമം-പക്ഷേ,
കൈവല്യദമാണിപ്രേമം!

ഇനി വരികയില്ലല്ലോ നിങ്ങളും ചാരെയെന്‍
കനിവിയലുമുജ്ജ്വലസ്വപ്നശതങ്ങളേ?
നിറമുടയ പീലി നിവര്‍ത്തിയാടിച്ചെന്നു
മറവിയുടെ പിന്നില്‍ മറഞ്ഞിതോ നിങ്ങളും?
വരിക വരെകേകനാണാര്‍ത്തനാണിന്നു ഞാന്‍
തരിക തവ ദര്‍ശനം-കേണിരക്കുന്നു ഞാന്‍.

ധരണിയതിലേറ്റവും നിന്ദ്യനാണെങ്കിലും
നരരിലധമന്മാരിലഗസ്ഥനാകിലും
സുരുചിരസുധാര്‍ദ്രമാം നിങ്ങള്‍തന്‍ സുസ്മിത-
മൊരുദിവസമെങ്കിലുമോര്‍ക്കാതെയില്ല ഞാന്‍!
രുജയിലിത വീര്‍പ്പിട്ടു വീര്‍പ്പിട്ടു മന്മനം
വിജനതയില്‍ മാടിവിളിക്കുന്നു നിങ്ങളെ,

അലിവിയലുകില്ലയോ വീണ്ടും വരില്ലയോ
മലിനതയേഴാത്തൊരെന്‍ പൊന്നിങ്കിനാക്കളേ?
മടുത്തുå മെനിക്കു മഹിയില്‍ മനസ്സുഖം നല്‍കാ-

ജഗത്തിലിവനെച്ചതിച്ചു പലതും ജയസ്മിതം ചാര്‍ത്തി
മൃഗത്തിലധികം മദിച്ചു മലിനോത്സവങ്ങള്‍ ഞാന്‍ തേടി.
എനിക്കുഭവനം നരകസമാനം പ്രശപ്തമായ്ത്തീര്‍ന്നു
തനിച്ചുവിടുവിന്‍ തമസ്സിലിവനെ ഭ്രമങ്ങളേ നിങ്ങള്‍!

ഒരിക്കലിവനോടടുക്കിലഖിലം മടുത്തുമാറുന്നു
മരിക്കിലിവനെ സ്മരിച്ചു കരയാനൊരുത്തനില്ലല്ലോ.
അടുത്തുപലതും മധുരിമചോരും വചസ്സു വര്‍ഷിച്ചി-
ട്ടൊടുക്കമൊരുപോലൊളിച്ചു ചതിയില്‍ക്കഴുത്തറുത്തോടും
അവയ്ക്കുമൊരുനാളറുതിവരില്ലേ, സമാശ്വസിപ്പൂ ഞാന്‍
ശവത്തെയും ഹാ, പകയൊടു പഴുതേ ചവിട്ടുമീലോകം!-
ഇതിങ്കലെന്തിന്നമലതവഴിയും സനാതനപ്രേമം
കൊതിച്ചുസതതം കുതിപ്പിതന്റെ , വൃഥാ മനസ്സേ നീ?

താരകങ്ങളൊളിചിന്നിമിന്നുമൊരു
ശാരദശ്രീനിശീഥമേ!
ലോലരാജതവലാഹകാകലിത-
നീലനിര്‍മ്മലവാനമേ!
ആരചിപ്പിതനുഭൂതി നിങ്ങളഴല്‍
വേരകറ്റിയെന്‍ ജീവനില്‍.
ധ്യാനലോലമമലാനുരാഗമയ-
ഗാനസാന്ദ്രമെന്മാനസം
കാമരേഖകളകന്നകന്നനഘ-
സാമഭാവോദയാങ്കിതം!
വ്യ്ക്തിയൊന്നിനൊരുപാധിയാണഖില-
ശക്തിയോടടുപ്പിക്കുവാന്‍.
മുക്തമോഹനലിവാര്‍ന്ന നിന്‍ പരമ-
ഭക്തനിന്നു ഞാന്‍ സ്നേഹമേ!