രമണന്‍ - ഭാഗം രണ്ട്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ഉപക്രമരംഗം (ഗായകസംഘം)

 • ഒന്നാമത്തെ ഗായകന്‍

 ഒരു നവസുരഭിലഭാവനയെ
ഓമനിച്ചോമനിച്ചാട്ടിടയന്‍
അനുപമസുലളിതവനതലത്തി-
ലാനന്ദലോലനായാഗമിപ്പൂ!

 • രണ്ടാമത്തെ ഗായകന്‍

 അവനുടെ വരവിലത്തരുനിരയി-
ലാലോലമര്‍മ്മരമങ്കുരിപ്പൂ!

 • മൂന്നാമത്തെ ഗായകന്‍

 അവനുടെ കുളിര്‍നീലശിലാതലത്തി-
ലാരുണ്യവല്ലികള്‍ പൂപൊഴിപ്പൂ!

 • ഒന്നാമത്തെ ഗായകന്‍

 ഒരുമിച്ചു നിവസിച്ചോരജങ്ങളെല്ലാം
ഓരോ വഴിയായതാ പിരിഞ്ഞു!
(അണിയറയില്‍ മധുരമായ ഒരു ഓടക്കുഴല്‍‌വിളി)

 • രണ്ടാമത്തെ ഗായകന്‍

 മുരളിയുമെടുത്തവന്‍ വനതലങ്ങള്‍
ചാരുസംഗീതത്തില്‍ മുക്കിടുന്നു.

 • മൂന്നാമത്തെ ഗായകന്‍

 ഉലകിനെ മറന്നവനുദിതരാഗന്‍
നാദബ്രഹ്മത്തിലലിഞ്ഞുടുന്നു.
(പോകുന്നു)
(ഒരു പുതിയ ഗായകസംഘം)

 • ഒന്നാമത്തെ ഗായകന്‍ പതിവുപോല്‍ക്കനല്‍‌വെയില്‍ ചൊരിഞ്ഞു, വാനില്‍

മദ്ധ്യാഹ്നസൂര്യന്‍ ജ്വലിച്ചുനില്‍പ്പൂ.

 • രണ്ടാമത്തെ ഗായകന്‍

(അണിയറയിലേക്ക് ചൂണ്ടിക്കാണിച്ച്)
 ഒരു പൂത്തമരത്തിന്റെ തണല്‍ച്ചുവട്ടില്‍,
ഓമല്‍തൃണങ്ങള്‍ വിരിച്ച പട്ടില്‍
കമനീയമായൊരു കവിതപോലെ,
രമണനുറങ്ങിക്കിടന്നിടുന്നു!

 • ഒന്നാമത്തെ ഗായകന്‍

(അടുത്തുചെന്ന് അണിയറയിലേക്കു നോക്കിയിട്ട്)
 ഇടയ്ക്കിടയ്ക്കത്തളിരധരകങ്ങള്‍
ചൂടുന്നു നേരിയ പുഞ്ചിരികള്‍!

 • രണ്ടാമത്തെ ഗായകന്‍

 ഒരുപക്ഷെ,യവനോമല്‍‌പ്രണയസ്വപ്ന-
മോരോന്ന് കാണുകയായിരിക്കാം!

 • ഒന്നാമത്തെ ഗായകന്‍

 അവനിപ്പോളനുരാഗപരവശയാ-
മാരോമല്‍ചന്ദ്രികയോടുകൂടി,
സുരഭിലനന്ദനവനികകളില്‍
സ്വൈരം വിഹരിക്കയായിരിക്കാം!
(പോകുന്നു)


(വനത്തിന്റെ ഒരു ഭാഗം പ്രത്യക്ഷപ്പെടുന്നു. ചന്ദ്രിക വിലാസലാലസയായി പ്രവേശിച്ച്, രംഗത്തിന്റെ മറുഭാഗത്ത് വനത്തില്‍ അപ്രത്യക്ഷയാകുന്നു. പുറകേ ആദ്യത്തെ ഗായകസംഘം പ്രവേശിക്കുന്നു.)


 • (ഗായകസംഘം ഒരുമിച്ച്)

 അനുപദ,മനുപദ,മതിമൃദുവാ-
മാലോലശിഞ്ജിതം വീശിവീശി,
മദഭരതരളിതതനുലതയില്‍
മാന്തളിര്‍പ്പൂമ്പട്ടുസാരി ചാര്‍ത്തി,
മഴമുകിലെതിരൊളിക്കുളിര്‍കുഴലില്‍
മാലതീമാലിക ചേര്‍ത്തു ചൂടി,
വളരോളിത്തരിവളയണിഞ്ഞ കൈയില്‍
വാസന്തിപ്പൂങ്കളിച്ചെണ്ടുമായി,
പവിഴകെഞ്ചൊടിത്തളിരകന്നൊരോമല്‍-
പ്പൂനിലാപ്പുഞ്ചിരി വെള്ളവീശി,
വനതലമിതിലണഞ്ഞധിവസിക്കും
വാസന്തദേവതയെന്നപോലെ,
എവിടേക്കാ,ണെവിടേക്കാണമിതമോദ-
മേകയായ്പ്പോവതു പൊന്‍‌കതിരേ?

(പോകുന്നു) (രണ്ടാമത്തെ ഗായകസംഘം)

 • ഒന്നാമത്തെ ഗായകന്‍

 അതു വെറുമൊരു സുഖസുഷുപ്തിയല്ല,
ചേതനാമൂര്‍ച്ഛതന്തന്‍ മാലയല്ല;
സകലതും മറന്നെങ്ങോ പറക്കുമേതോ
സായൂജ്യസം‌പ്രാപ്തിയായിരുന്നു!

 • രണ്ടാമത്തെ ഗായകന്‍

അതിന്‍ പൊന്നുങ്കതിരുകളുതിര്‍ന്നുവീണൊ-
രാരവാലംചമച്ചുല്ലസിപ്പൂ!
അതിനുള്ളിലൊരു കൊച്ചുകുമിളപോലീ
ബ്രഹ്മാണ്ഡമൊട്ടുക്കൊതുങ്ങിനില്‍പ്പൂ!
അതിനകത്തവന്‍ കാണ്മതവളെമാത്രം
മറ്റുള്ളതൊക്കെയുമെങ്ങുപോയി?

 • മൂന്നാമത്തെ ഗായകന്‍

 ചിറകില്ലാത്തൊരു പാറിപ്പറക്കലാണ-
ച്ചിന്തിച്ചിരിക്കാത്ത ഭാവഭേദം!

 • ഒന്നാമത്തെ ഗായകന്‍

 പൊടുന്നനെപ്പിടഞ്ഞാത്മാവുണര്‍ന്നു കൂവാന്‍
പോവുമതെന്തിന്‍ പ്രഭാതവാതം?

 • രണ്ടാമത്തെ ഗായകന്‍

(അണിയറയിലേക്ക് സൂക്ഷിച്ചുനോക്കി)

 വിടര്‍ത്തുന്നിതവന്‍-അല്ല, വിടര്‍ന്നുപോയി
വീണവായിച്ചുകൊണ്ടാ മിഴികള്‍.

 • മൂന്നാമത്തെ ഗായകന്‍

 അവനിപ്പോളാ ലസല്‍‌പ്രണയരംഗം
വെറുമൊരു കിനാവായിത്തോന്നിയേക്കാം.

 • ഒന്നാമത്തെ ഗായകന്‍

 അമരുന്നിതവനുടെ ശിരസ്സു, നോക്കൂ,
ആരോമലാളിന്‍ മടിത്തടത്തില്‍!

 • രണ്ടാമത്തെ ഗായകന്‍

 വിരലിനാലവള്‍ മാടിത്തെരുപ്പിടിപ്പൂ
പാറിപ്പറന്ന തല്‍ക്കുന്തളങ്ങള്‍!

 • മൂന്നാമത്തെ ഗായകന്‍

 ഒരു നേര്‍ത്ത പുളകപ്പൂമ്പുതപ്പിനുള്ളില്‍
ഓരോരോ കാവ്യപ്രചോദനങ്ങള്‍
നുരയിട്ടു നുരയിട്ടു വരികയാകാം
നൂതനത്വത്തിന്‍ നിലാവു വീശി!

 • ഒന്നാമത്തെ ഗായകന്‍

 ഒതുങ്ങുന്നില്ലൊതുങ്ങുന്നില്ലുലകിലെങ്ങു-
മോളംതുളുമ്പുമവന്റെ ചിത്തം.

 • രണ്ടാമത്തെ ഗായകന്‍

 അതിനൊന്നു നിലനില്‍ക്കാനിനിയും വേണം
ആയിരമണ്ഡകടാഹങ്ങള്‍.

 • മൂന്നാമത്തെ ഗായകന്‍

 അനവധി ചരിതങ്ങളവളോടോതാ-
നാശയില്ലായ്കയല്ലെ,ന്തുചെയ്യാം?
കഴിയുന്നില്ലവനൊന്നു ചിരിക്കാന്‍പോലും
നാനാവികാരസമ്മര്‍ദ്ദനത്താല്‍!

 • ഒന്നാമത്തെ ഗായകന്‍

 ഒടുവി,‘ലെന്നോമനെ’,യെന്നുമാത്രം
ഓതിയവനൊന്നു നിശ്വസിപ്പൂ!

 • രണ്ടാമത്തെ ഗായകന്‍

 അറിഞ്ഞിടാതവനുടെ കരങ്ങള്‍ ചെന്നി-
ട്ടാ രാഗവല്ലിയെ ചുറ്റിടുന്നു.

(എല്ലാവരും ഒരുമിച്ച്)

 ഒരിക്കലും മറക്കുകില്ലീ വനാന്തം
നേരിട്ടു കണ്ടൊരീ രാഗരംഗം
ചെറുമലര്‍ക്കുടംതോറുമതിന്‍ മഹത്താം
ചേതോഹരത്വം നിറഞ്ഞുപോയി!
കുളിര്‍പൂഞ്ചോലകള്‍തോറുമതിന്റെ ഗാനം
ചേലിലെന്നേക്കും പകര്‍ന്നുപോയി!
മലയില‌പ്രണയത്തിന്‍ പ്രശാന്തഭാവം
മാനം തൊടുമാറുയര്‍ന്നുപോയി!
മകരന്ദമധുരമാമതിന്‍ രഹസ്യം
മാരുതമന്ത്രത്തിലായിപ്പോയി!
ഇനി മറന്നിടുകയില്ലൊരിക്കലുമി-
ക്കാനനം കണ്ടൊരീ രാഗരംഗം!