ആകര്ഷണങ്ങള് വിടര്ന്നുനില്ക്കുന്നൊരെ-
ന്നാനന്ദചിന്തതന്നാരാമ വീഥിയില്‍,
നന്മയില് നിന്മണിവീണയും മീട്ടിനീ
നര്മ്മവിഹാരത്തിനെത്താത്തതെന്തിനി?
ഇപ്പരിവര്ത്തനസായന്തഭതന്
സ്വപ്നചിത്രം സ്വയം മാഞ്ഞുപോം മോഹിനീ!
നീളെ നിവര്ത്തിവിരിക്കും തമസ്സിന്റെ
നീലനിചോളം നിരാശാനിശീഥിനി,
പോയിക്കഴിഞ്ഞാല്‍ കഴിഞ്ഞു സമസ്തവും
മായികമാണത്രേ, പോരൂ മനോഹരീ!
ആവര്ത്തനത്തിനിടയില്ല-കാലമാം
പൂവിന്ദളങ്ങ്ല് കൊഴിവൂ തെരുതെരെ!
നല്ലകാലങ്ങളാം നീലക്കുയിലുക-
ളുല്ലസല്പഞ്ചമം പാടിപ്പറന്നുപോയ്,
ചിന്താവസന്തത്തളിരൊക്കെ വാടി, നാ-
മെന്തി,നിനിയുമമാന്തിപ്പതിങ്ങനെ?
കാശ്മീരയൌവനം പാണ്ഡുരവാര്ദ്ധക്യ-
വേശ്മത്തിലെത്തും;-ശ്മശാനം ചിരിച്ചിടും.
സങ്കടം ജീവിതം-പോട്ടേ, കുറച്ചിട-
യെങ്കിലും പുഞ്ചിരിക്കൊണ്ടു, കൃതാര്‍ത്ഥര്‍ നാം!
വേദനിക്കുന്ന മനസ്സുമായ് നിന്റെയീ
വേര്പാടുമാത്രം സഹിക്കാവതല്ലമേ!
എന്തിനു, സങ്കടത്തിന്നേ വഴിയുള്ളു
ചിന്തിക്കില്‍-വേണ്ട, വിരാമമാണുത്തമം!
-ഒക്റ്റോബര്‍ 1938