ലീലാങ്കണം - ഒരു ശരന്നിശ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

(അന്നനട)

പകലവനുടെ വിലയം കണ്ടുകൊ-
ണ്ടകമലര്‍ വിരിഞ്ഞണഞ്ഞ യാമിനി,
പുളകിതാംഗിയായ്പ്പുതുമലരൊളി
വളര്‍മന്ദസ്മിതം പൊഴിച്ചു നില്ക്കുന്നു!
ശരദിന്ദു തൂകും കിരണമാലകള്‍
വരാഭയാര്‍ന്നിടും രജതധൂസരം
ഇടയ്ക്കിടയ്ക്കിട്ടു വിളക്കുന്നൂ പച്ച-
ച്ചെടിപ്പടര്‍പ്പിലെത്തളിര്‍ക്കുലകളെ!
മരിച്ചുപോയൊരാപ്പകലിനെപ്പറ്റി-
ത്തിരക്കിയെന്തോ തെല്ലറിഞ്ഞ മാരുതന്‍,
തരുക്കള്‍തന്നുടെ ഗളങ്ങളില്‍ തൂങ്ങി-
ക്കരഞ്ഞുകൊണ്ടെന്തോ പുലമ്പിപ്പോകുന്നു!

നിശീഥമാം കരിങ്കുയില്‍ വിടുര്‍ത്തിയ
സുശോഭനമായ ചിറകുകളിലെ
മനം മയക്കുമാറതിമനോജ്ഞമാ-
യനേകമാര്‍ന്നെഴും കനകപ്പുള്ളിപോല്‍-
പ്രകൃതിദേവിതന്‍ ഗളത്തില്‍ ചാര്‍ത്തിനോ-
രകൃതകരമ്യമലര്‍മാല്യങ്ങള്‍പോല്‍-
ഗഗനമാം നീലക്കടലാസ്സിലെന്നോ
ജഗദീശന്‍ചേര്‍ത്ത ലിപികളെന്നപോല്‍-
നടനംചെയ്തിടും ശരന്നിശയുടെ
നിടിലത്തില്‍ക്കാണും ഹിമോദകാംശംപോല്‍-
വിയല്ലതികയില്‍ വിളങ്ങിക്കാണായി
വിരിമലരുകള്‍-വിലസല്‍ത്താരകള്‍
ചലല്‍ത്തിരകളാല്‍ പുളകംചാര്‍ത്തിടും
ജലനിധി വിതുമ്പിടും നുരച്ചുണ്ടില്‍,
നിശാധിപന്‍ നിജകരങ്ങളാലൊരു
പ്രശാന്തലാവണ്യരസായനം തൂകി,
അതിന്‍കരയില്‍നിന്നുറങ്ങിടും, ശൈല-
തതികള്‍തന്നുടെ തലകള്‍തന്നിലും,
അതിലണയുന്ന നദികളിലുള്ള
പുതുമണല്‍ത്തിട്ടിന്‍നികരങ്ങളിലും,
കുടപ്പനകളൊട്ടുയര്‍ത്തിയ പച്ച-
ക്കുടകള്‍തന്നുടെ മുകള്‍പ്പരപ്പിലും,
വിലസല്‍പ്പച്ചപ്പുല്‍ത്തൊടിയണിഞ്ഞോരു
മലഞ്ചെരുവിന്റെ വിരിമാറിങ്കലും,
തുഷാരലേപനം തുടരുന്നൂ മന്ദം
സുഷമയാര്‍ന്നിടും സുധാകരന്‍-വരന്‍!

ഇതുവിധമൊരു ശരന്നിശയാണെന്‍
മതിയില്‍ മായാത്ത മനോഹരചിത്രം!. . .
അതു നിനച്ചിനിക്കരയുന്നില്ല ഞാന്‍
ഹതവിധിയുടെ ദുരന്തചേഷ്ടിതം!