കൃഷ്ണഗാഥ - ഒന്നാം ഭാഗം - ഗോവര്‍ദ്ധനോദ്ധരണം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1 കാര്‍മുകില്‍നേരൊത്ത കാന്തികലര്‍ന്നൊരു
2 കാരുണ്യപൂരമക്കാനനത്തില്‍
3 ബാലകന്മാരുമായ് കാലിയുംമേച്ചങ്ങു
4 ലീലകളാണ്ടു നടന്നകാലം
5 വിണ്ണവര്‍നായകന്തന്നുടെ പൂജയ്ക്കു
6 തിണ്ണം മുതിര്‍ന്നുള്ള ഗോപന്മാരേ
7 കണ്ടൊരുനേരത്തു കാര്‍മുകില്‍വര്‍ണ്ണന്താന്‍
8 മണ്ടിയടുത്തങ്ങു ചെന്നുപിന്നെ
9 ചോദിച്ചു നിന്നാനത്താതനോടെല്ലാംതാന്‍
10 ഏതുമറിഞ്ഞീലയെന്നപോലെ:

11 ആരുടെ പൂജയ്ക്കു സാധനമിങ്ങനെ
12 യാരാഞ്ഞുകൊണ്ടന്നു താതനിപ്പോള്‍?
13 എന്തിതുകൊണ്ടുള്ള കാരിയമെന്നതും
14 എന്നോടു ചൊല്ലേണമുള്ളവണ്ണം"
15 നന്ദനനിങ്ങനെ ചൊന്നൊരു നേരത്തു
16 നിന്നൊരു നന്ദന്താന്‍ ചൊന്നാനപ്പോള്‍:
17 "ഉത്സവംകൊള്ളേണം വിണ്ണവര്‍നാഥനു
18 വത്സരംതോറുമെന്നുണ്ടു ഞായം.
19 വാനവര്‍നായകന്‍തന്നുടെ ചൊല്ലാലേ
20 വാരിയെപ്പെയ്യുന്നു വാരിദങ്ങള്‍

21 കാലത്തു വേണുന്ന വാരിയെപ്പെയ്യിച്ചു
22 പാലിച്ചുകൊള്ളുവാന്‍ പൂജിക്കുന്നു"
23 താതന്‍താനിങ്ങനെ ചൊന്നൊരു നേരത്തു
24 താതനുമെല്ലാരും കേള്‍ക്കെച്ചൊന്നാന്‍:
25 "അച്ഛനെന്തിങ്ങനെയാരേലും ചൊന്നതു
26 നിശ്ചയംകൂടാതെ ചെയ്യുന്നിപ്പോള്‍?
27 വര്‍ഷത്തിന്‍ കാരണം വാസവനെന്നുണ്ടോ
28 വര്‍ഷത്തിന്നുള്ളത്തില്‍ തോന്നീതിപ്പോള്‍?
29 നന്ദനംതന്നിലെ സുന്ദരിമാരുമായ്
30 മന്ദനായുള്ളോമ്പോലങ്ങെങ്ങാനും;

31 ഇഷ്ടമായുള്ളൊരു വൃഷ്ടിയെ പെയ്യിച്ചു
32 പുഷ്ടിക്കു കാരണമിന്ദ്രനല്ലേ;
33 ഭൂലോകവാസികള്‍ ചെയ്യുന്ന കര്‍മ്മങ്ങ
34 ളാലംബമെന്നതേ വന്നുകൂടു.
35 ഉണ്മയെ ചൊല്കിലോ തന്നുടെ തന്നുടെ
36 കര്‍മ്മത്തെപ്പൂജിപ്പുവെന്നേ വേണ്ടു.
37 ഗോവര്‍ദ്ധനത്തിന്റെ താഴ്വരമേല്‍നിന്നു
38 ഗോരക്ഷ നമ്മുടെ കര്‍മ്മമിപ്പോള്‍,
39 ഗോവര്‍ദ്ധനത്തെയും ഗോക്കളെത്തന്നെയും
40 പൂജിപ്പൂ നാമിപ്പൊളെന്നേ വേണ്ടൂ.

41 എന്മതം ചൊല്ലിനേനെല്ലാരും ചിന്തിച്ചു
42 സമ്മതിയായതു ചെയ്‌വിന്‍ നിങ്ങള്‍"
43 മായം കലര്‍ന്നൊരു ബാലകനിങ്ങനെ
44 പേയില്ലയാതെ പറഞ്ഞനേരം
45 ആയന്മാരെല്ലാരുമങ്ങനെതന്നെയെ
46 ന്നാദരവോടു മുതിര്‍ന്നാരപ്പോള്‍.
47 വാസവന്‍തന്നുടെ പൂജയ്ക്കു കൊണ്ടന്ന
48 സാധനമെല്ലാമേ വല്ലവന്മാര്‍
49 ഗോവര്‍ദ്ധനംതന്നെപ്പൂജിപ്പാനാക്കിനാര്‍
50 ഗോവിന്ദന്തന്നുടെ ചൊല്ലിനാലെ.

51 ഭേരിതന്‍ നാദംകൊണ്ടാശാഗജങ്ങള്‍ക്കു
52 പേയിയെപ്പൊങ്ങിച്ചാരങ്ങു പിന്നെ.
53 നല്‍ക്കൊടി തോരണമെന്നുള്ളതെല്ലാമ
54 ങ്ങൊക്കവേ നന്നായ് നിവര്‍ത്തീതെങ്ങും
55 ഗോക്കളെക്കൊണ്ടന്നു ചാലെക്കുളിപ്പിച്ചു
56 പൂക്കളുംചൂടിച്ചമച്ചു പിന്നെ
57 തൂംഗമായുള്ളൊരു മംഗലശൈലംത
58 ന്നംഗത്തിലാക്കിനാര്‍ ഭംഗിയോടെ.
59 ബ്രാഹ്മണരെല്ലാരും കാണ്മതിന്നായിട്ടു
60 മേന്മേലെ വന്നുതുടങ്ങീതപ്പോള്‍.

61 ക്ഷീരം തുടങ്ങിന ഗോരസമോരോന്നേ
62 പൂരിച്ചു കാണായിതോരോ ദിക്കില്‍
63 കാമദന്മാരായ ഭൂദേവന്മാരെല്ലാം
64 ഹോമം തുടങ്ങിനാരങ്ങുമിങ്ങും
65 പായസം മേന്മേലെ നിര്‍മ്മിച്ചാരെന്നപ്പോ
66 ളായാസം പോയുളള ഗോപാലന്മാര്‍
67 ധൂമങ്ങള്‍ ദീപങ്ങളെന്നുതുടങ്ങിന
68 സാധനമോരോന്നേ വന്നുകൂടീ.
69 മാലേയച്ചാറെല്ലാം പൂരിച്ചു മേന്മേലേ;
70 മാലകള്‍ ചാലത്തൊടുത്താര്‍ പിന്നെ.

71 ബന്ധുരമായൊരു സാധനം കണ്ടിട്ടു
72 സന്തുഷ്ടന്മാരായി പിന്നെപ്പിന്നെ
73 പൂതന്മാരായുള്ള ഭൂസുരന്മാരെല്ലാം
74 പൂജയെപ്പൂരിച്ചു നില്ക്കുന്നേരം
75 കാര്‍വര്‍ണ്ണന്‍താനപ്പോള്‍ കാണുന്നോരെല്ലാര്‍ക്കും
76 കാരിയമേയെന്നു തോന്നുംവണ്ണം
77 വണ്ണംതിരണ്ടൊരു രൂപത്തെപ്പൂണ്ടിട്ടു
78 വന്നങ്ങു "ശൈലം ഞാനെ"ന്നു ചൊന്നാന്‍.
79 കാദളമോദകപായസജാലത്തെ
80 ഖാദനംചെയ്തങ്ങു നിന്നാന്‍ പിന്നെ.

81 എന്നതു കണ്ടിട്ടു വിസ്മയിച്ചെല്ലാരും
82 ചെന്നങ്ങു കുമ്പിട്ടു കൂപ്പിനിന്നാര്‍.
83 പേശലമാരായ ഗോപികമാരെല്ലാം
84 കേശവന്തന്നുടെ ചൊല്ലിനാലെ
85 മേളത്തില്‍ വന്നങ്ങു ശൈലത്തിന്മേലേറി
86 നീളെക്കളിച്ചങ്ങു പാടിനിന്നാര്‍.
87 കള്ളംകളഞ്ഞുള്ള വല്ലവന്മാരെല്ലാം
88 ഉള്ളംതെളിഞ്ഞങ്ങു നിന്നു പിന്നെ;
89 മായംകളഞ്ഞുള്ള ഭൂദേവന്മാരെല്ലാം
90 പായസംതൂകിനാരായവണ്ണം.

91 മൃഷ്ടമായെല്ലാരും ഭോജനം പെണ്ണീട്ടു
92 തുഷ്ടന്മാരായങ്ങു നിന്നു പിന്നെ.
93 അക്ഷണം വന്നുള്ള ഭൂദേവന്മാര്‍ക്കെല്ലാം
94 ദക്ഷിണ നല്കീട്ടു നിന്നനേരം
95 ഭൂദേവന്മാരെല്ലാമാശിയും ചൊല്ലീട്ടു
96 മോദിതന്മാരായിപ്പോയാരപ്പോള്‍.
97 ആരണരെല്ലാരും പോയോരുനേരത്തു
98 നാരദനാമവന്‍ നന്മുനിതാന്‍
99 തിണ്ണം നടന്നുടന്‍ വിണ്ണിലേ ചെന്നിട്ടു
100 വിണ്ണവര്‍നാഥനെക്കണ്ടു ചൊന്നാന്‍:

101 "കാണ്മതിന്നായിക്കൊതിച്ചിട്ടു വന്നു ഞാന്‍
102 ആണ്മ കളഞ്ഞൊരു നിന്നെയിപ്പോള്‍
103 നാളെയുമിങ്ങനെ വന്നിങ്ങു നില്ക്കുമ്പോള്‍
104 കാണുമോന്നുള്ളതറിഞ്ഞില്ലല്ലോ.
105 എങ്ങിനിപ്പോകുന്നു വിണ്ണിനെക്കൈവിട്ടി
106 ട്ടെന്നുള്ളതോര്‍ക്ക നീയെന്നേ വേണ്ടൂ,
107 ആപത്തും സമ്പത്തും കൂടിക്കലര്‍ന്നുള്ളൂ
108 താപത്തായുള്ളതു കാലമിപ്പോള്‍
109 ദാനവരാരേലുമിങ്ങനെ ചെയ്തെങ്കില്‍
110 ദീനതയെന്നുള്ളില്‍ വാരാഞ്ഞിതും;

111 ദുര്‍ബ്ബലന്മാരായ മാനവന്മാരല്ലൊ
112 ധിക്കരിക്കുന്നതിന്നിന്നെയിപ്പോള്‍
113 തങ്കനിവുള്ളോര്‍ക്കു ഭംഗംവരുന്നേരം
114 സങ്കടമെന്നുള്ളതുണ്മ ചെമ്മേ.
115 കൈലാസംതന്നിലേ പോകണമെന്നപ്പോള്‍
116 കാലെഴുന്നീലല്ലോ കാണെനിക്കോ"
117 എന്നതു കേട്ടൊരു വിണ്ണവര്‍നായകന്‍
118 "എന്തെ"ന്നു കേട്ടതു കേട്ടു ചൊന്നാന്‍:
119 "ഒന്നൊത്തുകൂടിന ഗോപന്മാരെല്ലാരും
120 നിന്നെപ്പിഴുക്കിനാരിന്നു ചെമ്മേ;

121 ഗോവര്‍ദ്ധനന്തന്നെ വാസവനാക്കിനാര്‍
122 ആബദ്ധഗര്‍വ്വന്മാരായിപ്പിന്നെ.
123 നിന്നുടെ പൂജയ്ക്കു കൊണ്ടന്ന സാധനം
124 എന്നുടെ മുമ്പിലേ വമ്പിനാലേ
125 പര്‍വതപൂജയ്ക്കു സര്‍വവുമാക്കിനാര്‍
126 ഉര്‍വിയില്‍നിന്നുള്ള വല്ലവന്മാര്‍."
127 എന്നതു കേട്ടൊരു വിണ്ണവര്‍നാഥന്തന്‍
128 കണ്ണു ചുവന്നുതുടങ്ങീതപ്പോള്‍.
129 പെട്ടെന്നെഴുന്നേറ്റു ഭൂതലംതന്നിലേ
130 കട്ടിച്ചു നിന്നാനങ്ങൊട്ടുനേരം;

131 വജ്രമായ്നിന്നുള്ളൊരായുധംതന്നെയും
132 ഉച്ചത്തിലാമ്മാറുയര്‍ത്തിച്ചൊന്നാന്‍:
133 "കാട്ടില്‍ കിടന്നിട്ടു കാലിയും മേച്ചുള്ള
134 കാട്ടാളര്‍ കാട്ടിന കോട്ടിക്കു ഞാന്‍
135 കണ്ടു കതിര്‍ത്തവര്‍ കണ്ഠങ്ങള്‍ കണ്ടിച്ചു
136 തുണ്ടിച്ചുനിന്നുടനിണ്ടലാക്കി
137 ഘോരമാമെന്‍ വാള്‍ക്കു നല്കുന്നതുണ്ടു നല്‍
138 ചോരകൊണ്ടുള്ളൊരു പാരണത്തെ
139 മാനുഷനായൊരു കണ്ണനെക്കണ്ടല്ലൊ
140 വാനവര്‍ നിന്ദയെച്ചെയ്തതിപ്പോള്‍.

141 പണ്ടില്ലയാതൊരു വേലയെച്ചെയ്യുമ്പോള്‍
142 കൊണ്ടല്‍നേര്‍വര്‍ണ്ണനുമോര്‍ക്കവേണം.
143 എന്നതിനിന്നിനി വന്നൊരു ദീനത്തെ
144 നിന്നവന്താനും പൊറുത്തുകൊള്ളും."
145 ഇങ്ങനെ ചൊന്നുടന്‍ ചിന്തിച്ചുനിന്നിട്ടു
146 പിന്നെയും ചൊല്ലിനാന്‍ വിണ്ണവര്‍കോന്‍:
147 "മാരിയെപ്പെയ്യിച്ചു ഗോകുലമെല്ലാമേ
148 വാരിധിതന്നിലങ്ങാക്കി നേരേ
149 ക്ഷുത്തു പൂണ്ടീടുന്ന മത്സ്യങ്ങള്‍ക്കെല്ലാമ
150 ങ്ങുത്സവമാക്കുന്നതുണ്ടു ചെമ്മേ.

151 പൂജിച്ചുവച്ചൊരു പര്‍വ്വതംതാന്‍ വേണം
152 പാലിച്ചുകൊള്ളുവാനിന്നിവരെ."
153 ഇങ്ങനെ ചൊല്ലിനിന്നംബുദജാലത്തെ
154 അംബരംതന്നിലഴിച്ചുവിട്ടാന്‍.
155 താനങ്ങു തന്നുടെ വാരണന്തന്മീതെ
156 മാനമേ പോവതിന്നായ്തുനിഞ്ഞാന്‍.
157 ശൈലത്തെപ്പൂജിച്ചു ഗോപന്മാരെല്ലാരും
158 ആലയംതന്നിലേ പൂകുന്നേരം
159 മുപ്പാരിതെപ്പേരും മുക്കുവാന്‍ കെല്പാര്‍ന്ന
160 കല്പാന്തമേഘങ്ങള്‍ പോന്നുവന്നു.

161 "കാലമല്ലാതൊരു കലത്തു കണ്ടാലും
162 നീലവലാഹകള്‍ വന്നതിപ്പോള്‍.
163 എന്തിതെ"ന്നിങ്ങനെ കണ്ടുള്ളോരെല്ലാരും
164 ചിന്തിച്ചു തങ്ങളില്‍ നിന്നനേരം
165 പാരിച്ചുനിന്നൊരു പാഴിടിനാദത്താല്‍
166 പാരിടമെങ്ങും കുലുങ്ങിച്ചുടന്‍
167 വിണ്ണവര്‍വാരണന്തന്നുടെ കൈയോളം
168 വണ്ണമെഴുന്നുള്ള തുള്ളികളും
169 തൂകിത്തുടങ്ങീതങ്ങാകാശംതന്നിലേ
170 പാകിനിന്നീടിന മേഘമെല്ലാം.

171 പാഴിടി കേട്ടിട്ടു പൈതങ്ങളെല്ലാമേ
172 പാരം കരഞ്ഞുതുടങ്ങീതപ്പോള്‍.
173 ഒന്നിനോടൊന്നു കലര്‍ന്നങ്ങു നിന്നൊരു
174 കന്നുകിടാക്കളുമവ്വണ്ണമേ.
175 വന്‍കാറ്റു വന്നങ്ങു വീതു തുടങ്ങീട്ടു
176 വന്‍കുന്നുകൂടെക്കുലുങ്ങിച്ചെമ്മെ
177 കാലികളെല്ലാമേ ചാല വിറച്ചങ്ങു
178 നീലക്കാര്‍വര്‍ണ്ണനെ നോക്കിനിന്നൂ.
179 ആനായനാരിമാര്‍ തന്മുഖമെല്ലാമേ
180 ദീനങ്ങളായ്വന്നു പിന്നെപ്പിന്നെ.

181 നന്ദന്തുടങ്ങിന വൃദ്ധന്മാരെല്ലാരും
182 നിന്നുപൊറുക്കരുതാഞ്ഞു ചെമ്മേ.
183 മെയ്യും വിറച്ചു തങ്കൈയും തിരുമ്മിനി
184 "ന്നയ്യോ!" യെന്നിങ്ങനെ ചൊന്നുഴന്നാര്‍.
185 "പാലിച്ചുകൊള്ളേണം കണ്ണാ!" എന്നിങ്ങനെ
186 വാവിട്ടു ചൊല്ലിനാരെല്ലാരുമേ,
187 വിണ്ണവര്‍നാഥന്തങ്കോപത്തെക്കണ്ടിട്ടു
188 തിണ്ണം ചിരിച്ചുള്ള കണ്ണനപ്പോള്‍
189 തന്നെയവന്നുള്ളോരെല്ലാരുമിങ്ങനെ
190 ഖിന്നന്മാരായതു കണ്ടനേരം.

191 കോരിച്ചൊരിഞ്ഞൊരു മാരിയെക്കണ്ടീട്ടു
192 കോഴപ്പെടായ്വിനിന്നെന്നു ചൊന്നാന്‍.
193 "ഗോവര്‍ദ്ധനത്തോടു യാചിച്ചുനില്പിന
194 ങ്ങാപത്തു പോക്കുവാന്‍ നിങ്ങളെല്ലാം
195 വാനവര്‍നായകന്തന്നുടെ പൂജയെ
196 മാനിച്ചുകൊണ്ടതിവന്താനല്ലൊ
197 ഇണ്ടലെപ്പോക്കീട്ടു പാലിച്ചുകൊള്ളും താന്‍
198 കണ്ഠത്തെയാണ്ടവന്‍ പിണ്ടത്തിന്നും."
199 എന്നങ്ങു ചൊന്നുള്ള നന്ദകുമാരന
200 ക്കുന്നോടു ചെന്നങ്ങണഞ്ഞു പിന്നെ.

201 പെട്ടെന്നു ചെന്നവന്‍ മുഷ്ടി ചുരുട്ടീട്ടു
202 മുട്ടിനാന്‍ കുന്നിനെയൊന്നു മെല്ലെ.
203 കട്ടക്കിടാവുതന്‍ കൈത്തലംകൊണ്ടുള്ള
204 മുഷ്ടിയെത്തന്മെയ്യിലേറ്റനേരം
205 ഞെട്ടിനിന്നുള്ളൊരു കുന്നുതാനെന്നപ്പോള്‍
206 വട്ടംതിരിഞ്ഞുതുടങ്ങി ചെമ്മേ.
207 വൃക്ഷങ്ങളെല്ലാം ഞെരിഞ്ഞുതുടങ്ങീത
208 പ്പക്ഷികളെല്ലാം പറന്നുതെങ്ങും.
209 ശാഖികള്‍ ചേര്‍ന്നുള്ള വാനരയൂഥങ്ങള്‍
210 ചാടിത്തുടങ്ങീതു കാടുതോറും.

211 തിട്ടതിപൂണ്ടുള്ളോരെട്ടടിമാനെല്ലാം
212 വട്ടത്തില്‍നിന്നങ്ങുഴന്നുതെങ്ങും.
213 കന്ദരംതന്നിലേ മന്ദിരമായുള്ള
214 കിന്നരരെല്ലാരും ഖിന്നരായി.
215 ഒന്നിച്ചുനിന്നുള്ള പന്നികളെല്ലാമ
216 ക്കുന്നിലേ ചാടിക്കുറുട്ടിനിന്നു.
217 കമ്പത്തെപ്പൂണ്ടുള്ള വമ്പുലിക്കൂട്ടങ്ങള്‍
218 സംഭ്രമിച്ചോടിതേയങ്ങുമിങ്ങും
219 വേട്ടയ്ക്കു വന്നുള്ള കാട്ടാളരെല്ലാരു
220 മാട്ടിത്തുടങ്ങിനാരെന്നു നണ്ണി

221 കാട്ടുപോത്തെല്ലാമേ ചാട്ടംതുടങ്ങീത
222 മ്മാട്ടിന്നു മൂട്ടിലേ കാട്ടികളും.
223 കാട്ടാനക്കൂട്ടങ്ങള്‍ കൂട്ടംപിരിഞ്ഞുനി
224 ന്നോട്ടം തുടങ്ങീതക്കാട്ടിലപ്പോള്‍
225 ചേണുറ്റുനിന്നുള്ളൊരേണക്കിടാക്കളും
226 ദീനങ്ങളായങ്ങു പാഞ്ഞുചെന്ന്
227 ശാര്‍ദ്ദൂലംതന്നോടു ചേര്‍ച്ച തുടങ്ങീതു
228 ശാര്‍ദ്ദൂലപോതങ്ങളേണത്തോടും.
229 മുഷ്ടിയേറ്റുള്ളൊരു നോവുകൊണ്ടന്നേരം
230 നിര്‍ഝരമായൊരു കണ്ണുനീരും

231 പാരം ചൊരിഞ്ഞിട്ടു സിംഹങ്ങള്‍തന്നുടെ
232 ഘോരമായുള്ളൊരു നാദത്തിന്റെ
233 മാറ്റൊലികൊണ്ടൊരു കന്ദരവാകൊണ്ട
234 ങ്ങേറ്റം കരഞ്ഞാനക്കുന്നുമപ്പോള്‍.
235 ഇങ്ങനെ കണ്ടൊരു നന്ദകുമാരകന്‍
236 പൊങ്ങിച്ചുനിന്നാനക്കുന്നു മെല്ലെ.
237 വാമമായുള്ളൊരു പാണിതലംകൊണ്ടു
238 വാരുറ്റുനിന്നങ്ഹുയര്‍ത്തിച്ചൊന്നാന്‍:
239 "എങ്കൈയിലുള്ളൊരു വന്‍കുന്നിന്‍കീഴിലേ
240 വന്നിങ്ങു നൂഴുവിന്‍ നിങ്ങളെല്ലാം"

241 വല്ലവന്മാരെല്ലാമെന്നതു കേട്ടപ്പോള്‍
242 വല്ലവിമാരോടും കൂടിച്ചെമ്മേ
243 ബാലകന്മാരെയും പൂണ്ടുകൊണ്ടങ്ങനെ
244 ചാലെ നടന്നതിന്‍കീഴില്‍പ്പൂക്കാര്‍.
245 കന്നുകിടാക്കളും കാലിയും മറ്റെല്ലാം
246 കുന്നിന്നു കീഴിലങ്ങായനേരം
247 താനങ്ങു തന്നുടെ പൊല്‍ക്കുഴലൂതിനി
248 ന്നാനന്ദഗാനം തുടങ്ങിനാനേ.
249 മാനിനിമാരെല്ലാം ഗാനത്തെക്കേട്ടപ്പോള്‍
250 ആനന്ദലീനമാരായി നിന്നാര്‍;

251 ഉറ്റവരായിട്ടു ചുറ്റും വിളങ്ങിന
252 മറ്റുള്ളോരെല്ലാരുമവ്വണ്ണമേ
253 പൈകൊണ്ടു മേവുന്ന ദീനത്തെയന്നേരം
254 പൈതങ്ങള്‍പോലുമറിഞ്ഞതില്ലേ.
255 "വന്‍കുന്നു ചൂടീട്ടു വന്മഴ പെയ്യുമ്പോള്‍
256 തന്‍കുലം കാക്കുന്ന തമ്പുരാനേ!
257 നിങ്കനിവേകിനിന്നെങ്കല്‍ നീയെന്നുമേ
258 സങ്കടം പോക്കുവാന്‍ കുമ്പിടുന്നേന്‍.
259 മാരി വരുന്നേരം നല്‍കുട ചൂടുവാന്‍
260 ആരുമൊരുത്തരം താരാഞ്ഞാരോ?

261 കന്നു ചുമന്നിട്ടു വെണ്ണ ചുമന്നുള്ളോ
262 രുണ്ണിക്കൈ നോകുന്നുതില്ലയോ ചൊല്‍?
263 കുന്നു ചുമക്കേണമെന്നങ്ങു ചിന്തിച്ചോ
264 വെണ്ണ ചുമന്നിട്ടു ശീലിച്ചു നീ?
265 വെണ്ണയെന്നോര്‍ത്തിട്ടു കുന്നിനെത്തന്നെയും
266 മെല്ലവേ വായിലങ്ങാക്കൊല്ലാതെ.
267 പൈതലായുള്ളൊരു കണ്ണന്റെ ചൊല്‍ കേട്ടു
268 പൈതങ്ങളോടു കലര്‍ന്നെല്ലാരും
269 കുന്നിന്നു കീഴിലേ നൂണൊരു നിങ്ങളി
270 ക്കുന്നുതാന്‍ വീഴുമെന്നോര്‍ക്കണ്ടാതേ"

271 തുംബുരുനാരദന്‍ മുമ്പായോരെല്ലാരും
272 വന്നുടനിങ്ങനെ വാഴ്ത്തിനിന്നാര്‍.
273 വാനവര്‍നായകന്‍ വല്ലവന്മാരുടെ
274 ദീനത കാണ്മാനായ് വന്നാനപ്പോള്‍.
275 മാധവന്തന്നെയും വല്ലവന്മാരെയും
276 ബാധകള്‍കൂടാതെ കാകയാലേ
277 തള്ളിയെഴുന്നൊരു കോപമടങ്ങിനി
278 ന്നുള്ളം തെളിഞ്ഞുടന്‍ നിന്നനേരം
279 "മാരിയെപ്പെയ്യിച്ചു മാധവനോടല്ലൊ
280 നേരിട്ടു നിന്നു ഞാന്‍" എന്നു നണ്ണി,

281 ദീനതപൂണ്ടു തന്മാനസംതന്നിലേ
282 നാണവും പൂണ്ടങ്ങു നിന്നു പിന്നെ,
283 മേഘങ്ങളെല്ലാമേ പോകെന്നു ചൊല്ലിനാന്‍
284 നാകികള്‍നായകനാകുലനായ്.
285 മന്നിലങ്ങൂന്നിന പാദങ്ങലൊന്നുമേ
286 പിന്നെ മറിച്ചു ചലിപ്പിയാതെ
287 ഏഴുനാളിങ്ങനെ പേമഴ പെയ്യുമ്പോള്‍
288 കോഴകള്‍ കൂടാതെ നിന്നാന്‍ കണ്ണന്‍.
289 മേഘങ്ങള്‍ വേറായി മേളം കലര്‍ന്നുള്ളൊ
290 രാകാശം കണ്ടുടന്‍ കണ്ണന്‍ ചൊന്നാന്‍:

291 "നിര്‍ഗ്ഗമിച്ചാലുമിന്നിങ്ങളിന്നെല്ലാരും
292 വ്യഗ്രമായുള്ളതു പോയിതായി."
293 കുന്നിന്നു കീഴായോരെല്ലാരുമെന്നപ്പോള്‍
294 കന്നുകിടാക്കളും കാലിയുമായ്
295 ഒക്കവേ നിന്നു പുറത്തു പുറപ്പെട്ടു
296 ദിക്കുകളെല്ലാമേ നോക്കിനിന്നാര്‍.
297 നന്ദകുമാരനും കുന്നിനെയന്നേരം
298 മന്ദമിറക്കിത്തന്‍ കൈയില്‍നിന്ന്
299 ഭൂതലംതന്നിലേ മെല്ലവേയാക്കിനാന്‍
300 ഭൂതങ്ങളെല്ലാമേ കണ്ടിരിക്കെ.

301 എന്നതു കണ്ടൊരു ഗോപന്മാരെല്ലാരും
302 എന്തിതെന്നിങ്ങനെ ചിന്തിച്ചപ്പോള്‍
303 ആനായര്‍കോനായ കാര്‍മുകില്‍വര്‍ണ്ണനെ
304 മാനുഷനല്ലെന്നു സംശയിച്ചാര്‍
305 വാനവര്‍കോനായ വാസവനെന്നപ്പോള്‍
306 ദീനനായ് നിന്നു നുറുങ്ങുനേരം
307 കാര്‍മുകില്‍വര്‍ണ്ണന്‍തന്‍ങ്കോമളമായൊരു
308 കാലിണതങ്കലേ വീണു പിന്നെ
309 ലജ്ജയായുള്ളൊരു വാരിതന്‍ പൂരത്തില്‍
310 മജ്ജനം ചെയ്തങ്ങു നിന്നു ചൊന്നാന്‍:

311 "വന്മദമായൊരു കല്മഷം പൂണ്ടുനി
312 ന്നെന്മനമെങ്ങുമേ മങ്ങുകയാല്‍
313 നിന്‍ പാദമെങ്ങുമേ കാണാഞ്ഞു നിന്നിട്ടു
314 വമ്പു തുടങ്ങിനേന്തമ്പുരാനേ!
315 ഉന്മത്തരായവര്‍ പേ പറഞ്ഞാരെന്നു
316 സമ്മതരായവരുണ്ടോ ചൊല്‍വൂ?
317 എന്‍ പിഴ നീയുമിന്നിങ്ങനെ നണ്ണിനി
318 ന്നമ്പിനേ നല്കേണം തമ്പുരാനേ!
319 "എന്നുടെ ദാസനായുള്ളോരു ദാരകന്‍
320 എന്നോടു നേരിട്ടാനെന്തുചേതം"

321 എന്നതു വേണമേ സന്തതം തോന്നുവാന്‍
322 നന്ദതനൂജനാം തമ്പുരാനേ!
323 നന്നല്ലയിന്നിവനെന്നോടു ചെയ്യുന്ന
324 തെന്നാവു തോന്നുന്നുതെങ്കിലയ്യോ
325 നീ വളര്‍ത്തീടുന്ന പൈതങ്ങളാലൊന്നു
326 കേവലമില്ലെന്നേ വന്നുകൂടു"
327 വാസവനിങ്ങനെ വാഴ്ത്തിനനേരത്തു
328 വാരുറ്റു ചൊല്ലിനാന്‍ വാസുദേവന്‍:
329 "വന്മദം പൂണ്ടു നീ സന്മതി വേറായി
330 നമ്മെ മറക്കൊല്ലായെന്നു നണ്ണി

331 നിന്നുടെ പൂജയ്ക്കു ഭംഗത്തെച്ചെയ്തു ഞാന്‍
332 എന്നുള്ളതുള്ളത്തില്‍ തേറിനാലും
333 ഐശ്വര്യംകൊണ്ടു തിമിര്‍ത്തുതുടങ്ങിനാല്‍
334 "ഈശ്വര"നെന്നു നിനയ്ക്കയില്ലേ;
335 ഈശ്വരചിന്തയെ കൈവെടിഞ്ഞീടിനാല്‍
336 ശാശ്വതമായതും വന്നുകൂടാ.
337 ദുസ്മൃതി കൂടുകില്‍ മല്‍സ്മൃതിതന്നിലേ
338 വിസ്മൃതി വന്നങ്ങു കൂടുമെന്നാല്‍
339 ദുസ്മൃതിയെല്ലാമേ വച്ചുകളഞ്ഞിട്ടു
340 മല്‍സ്മൃതി വേണം നീ കൈക്കൊള്ളുവാന്‍."

341 പൂണ്യമിയന്നൊരു വിണ്ണവര്‍കോനോടു
342 കണ്ണന്താനിങ്ങനെ ചൊന്നനേരം
343 ഗോമാതാവായൊരു ദേവിതാന്‍ വന്നപ്പോള്‍
344 പൂമാതിന്‍കാന്തനെക്കണ്ടു ചൊന്നാള്‍:
345 "നാന്മുഖന്‍ചൊല്ലാലെ വന്നു ഞാനിങ്ങനെ
346 നാഥനായുള്ളൊരു നിന്നെക്കാണ്മാന്‍."
347 എന്നങ്ങു ചൊല്ലിന ദേവിതാനെന്നപ്പോള്‍
348 തന്നുടെ പാല്‍കൊണ്ടു മെല്ലെമെല്ലെ.
349 കാര്‍വര്‍ണ്ണന്തന്നഭിഷേകത്തെച്ചെയ്തിട്ടു
350 ഗോവിന്ദനെന്നൊരു പേരും ചൊന്നാള്‍.

351 ദേവകളെല്ലാരും പാരാതെ വന്നിട്ടു
352 പൂവുകള്‍ തൂകിനാരെന്നനേരം
353 ഭേരിതന്‍ നാദംകൊണ്ടാശകളെല്ലാമേ
354 പൂരിച്ചു വാഴ്ത്തിനാര്‍ വന്ദികളും.
355 മാമുനിമാരുമങ്ങാനന്ദംപൂണ്ടിട്ടു
356 മാനിച്ചു മേന്മേലേ വാഴ്ത്തിനിന്നാര്‍
357 വല്ലവീവല്ലഭന്‍ചൊല്ലാലെയെല്ലാരും
358 അല്ലലെക്കൈവിട്ടു പോയനേരം
359 വിണ്ണവര്‍നാഥനും കണ്ണന്തന്‍ ചൊല്ലാലെ
360 തിണ്ണം തെളിഞ്ഞുടന്‍ വിണ്ണില്‍ പുക്കാന്‍.

361 ജംഭാരിതന്നെയും സംഭാവിച്ചീടിനോ
362 രംഭോജലോചനന്താനും പിന്നെ
363 അന്‍പുകലര്‍ന്നുള്ളോരെല്ലാരുമായിത്ത
364 ന്നമ്പാടിതന്നില്‍ വിളങ്ങിനിന്നാന്‍.