കൃഷ്ണഗാഥ - ഒന്നാം ഭാഗം - അക്രൂരാഗമനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1 കേശിയായുള്ളൊരു ദാനവന്‍ വാജിയായ്
2 കേശവനുള്ളേടം ചെന്നണഞ്ഞാന്‍.
3 കണ്ടൊരു നേരത്തു മണ്ടിത്തുടങ്ങിനാ
4 രിണ്ടല്‍പൂണ്ടെല്ലാരും വല്ലവന്മാര്‍.
5 കേശവന്താനപ്പോല്‍ കൂശാതെ വന്നൊരു
6 കേശിയോടേശിനാനാശു ചെന്ന്.
7 വാശിപൂണ്ടുള്ളൊരു കേശിയുമന്നേരം
8 കേശവന്‍തന്നോടുമേശിനിന്നാന്‍.
9 ഭൂരേണുപൂരങ്ങള്‍ പൊങ്ങുമാറെങ്ങുമേ
10 പാരംവിളങ്ങിനിന്നൊട്ടുനേരം

11 കാന്തികലര്‍ന്നൊരു കാര്‍വര്‍ണ്ണനന്നേരം
12 കാരുണ്യംതന്നെ വെടിഞ്ഞു ചെമ്മെ
13 കാളിന്ദിതന്നുടെ സോദരന്നീടെഴും
14 കാഴ്ചയായ് നല്കിനാന്‍ കേശിതന്നെ
15 ആരണര്‍കോനായ നാരദനന്നേരം
16 നീരദവര്‍ണ്ണനാം കണ്ണന്തന്നെ
17 പൂത്തുകിനിന്നുള്ള വിണ്ണവര്‍ കേള്‍ക്കവേ
18 വാഴ്ത്തിനാന്‍ ചീര്‍ത്തൊരു സന്തോഷത്താല്‍.
19 നാരദന്‍ വാഴ്ത്തിന വാര്‍ത്തകളോരോന്നേ
20 ആദരവോടങ്ങു കേട്ടു പിന്നെ

21 ചങ്ങാതിമാരായ ബാലകന്മാരോടും
22 ചന്തത്തില്‍ ചേര്‍ന്നു കളിച്ചാന്‍ കണ്ണന്‍.
23 വ്യോമനായുള്ളൊരു ദാനവന്‍ വന്നിട്ടു
24 ഗോപാലബാലകന്മാരെയെല്ലാം
25 പര്‍വതംതന്നുടെ പാതാളം പൂകിച്ചു
26 ഗര്‍വിതനായങ്ങു നിന്നനേരം
27 കല്യനായുള്ലൊരു കണ്ണനവന്‍തന്നെ
28 കള്ളനെന്നുള്ളതു നിര്‍ണ്ണയിച്ച്
29 ആശു പോയ് ചെന്നവന്‍ തന്നുടല്‍ പീഡിച്ചു
30 കേശിക്കു ചങ്ങാതമാക്കിവിട്ടാന്‍.

31 പാതാളം പൂകിന ബാലകന്മാരെയും
32 പാരാതെ കൊണ്ടിങ്ങു പോന്നു പിന്നെ
33 ലീലകളെക്കൊണ്ടു മാലോകര്‍മാനസം
34 ചാലക്കുളുര്‍പ്പിച്ചു മേവിനിന്നാന്‍.
35 മായംകളഞ്ഞുള്ള മാമുനിമാരുടെ
36 മാനസമായൊരു മന്ദിരത്തില്‍
37 നിന്നു വിളങ്ങിന നന്ദകുമാരനെ
38 ച്ചെന്നങ്ങു കാണ്മതിന്നായിച്ചെമ്മേ
39 അക്രൂരമായൊരു മാനസംപൂണ്ടുള്ളൊ
40 രക്രൂരനാകിന യാദവന്താന്‍

41 ചൊല്‍ക്കൊണ്ടു നിന്നൊരു തേരില്‍ക്കരേറിയ
42 ദ്ദിക്കിനെ നോക്കിനടന്നാനപ്പോള്‍.
43 പോകുന്ന നേരത്തു തന്നിലേ നണ്ണിനാന്‍
44 ഗോവിന്ദപാദങ്ങളുള്ളിലാക്കി
45 "കണ്ണനെക്കാണ്മതിനായല്ലോ പോകുന്നു
46 പുണ്യവാനെന്നതു നിര്‍ണ്ണയം ഞാന്‍?
47 ആയര്‍കോന്തന്നുടെ കാന്തിയായുള്ളൊരു
48 പീയൂഷവാരിതന്‍ പൂരംതന്നേ
49 കോരിനിറച്ചുകൊണ്ടെന്നുടെ കണ്ണിണ
50 പാരം കുളുര്‍പ്പിച്ചു നില്പനോ ഞാന്‍?

51 കാര്‍വര്‍ണ്ണന്‍തന്നുടെ കണ്മുനയായൊരു
52 കാര്‍വണ്ടു വന്നിങ്ങു മെല്ലെ മെല്ലെ
53 ദീനനായ് നിന്നൊരു ഞാനായ പൂവില്‍നി
54 ന്നാനന്ദമാടിക്കളിക്കുമോതാന്‍?
55 കണ്ണന്റെ തൂമൊഴിയായൊരു തേന്‍കൊണ്ടെന്‍
56 കര്‍ണ്ണങ്ങള്‍ രണ്ടും നിറച്ചു ചെമ്മേ
57 പൂമാതു പൂണുന്ന പൂമേനി കണ്ടു ക
58 ണ്ടാമോദം പൂണ്ടങ്ങു നില്പനോ ഞാന്‍?
59 പുഞ്ചിരിയായൊരു തൂനിലാവേറ്റുനി
60 ന്നെഞ്ചിത്തമായുള്ളൊരാമ്പല്‍ ചെമ്മേ

61 ഉല്ലസിച്ചാനന്ദമായൊരു തേനും പൂ
62 ണ്ടല്ലലെപ്പോക്കുമാറുണ്ടോ വന്നു?
63 വെണ്ണ പിരണ്ടിട്ടു തിണ്ണം കുളുര്‍ത്തുള്ളൊ
64 രുണ്ണിക്കൈയൊന്നു മുകര്‍ന്നൂതാവൂ.
65 കണ്ടൊരു നേരത്തു കാര്‍മുകില്‍വര്‍ണ്ണനെ
66 മണ്ടിയണഞ്ഞൊന്നു പൂണ്ടുതാവൂ.
67 ചേവടി രണ്ടുമെടുത്തുടന്‍ മെല്ലവേ
68 ചൊവ്വോടു മൗലിയില്‍ ചേര്‍ത്തുതാവൂ."
69 ഇങ്ങനെ തന്നിലേ ചിന്തിച്ചു ചിന്തിച്ചു
70 പൊങ്ങിന കൗതുകം പുണ്ടു പൂണ്ട്

71 സായമായുള്ളൊരു കാലം വരുന്നപ്പോ
72 ളായര്‍കുലംതന്നില്‍ ചെന്നു പുക്കാന്‍.
73 ആഴിനേര്‍വര്‍ണ്ണന്റെ ചേവടിത്താരിണ
74 പൂഴിയില്ക്കാണായി പൂകുംനേരം.
75 തേരില്‍നിന്നന്നേരം പാരിലിറങ്ങീട്ടു
76 പാരാതെ കുമ്പിട്ടു കൂപ്പിനിന്നാന്‍.
77 ആഴം പൂണ്ടീടുന്നോരാമോദംതന്നാലേ
78 പൂഴിയില്‍ വീണു പുരണ്ടാന്‍ ചെമ്മേ.
79 പിന്നെയെഴുന്നേറ്റു ധന്യമായുള്ളൊരു
80 നന്ദന്റെ മന്ദിരം തന്നെക്കണ്ടാന്‍:

81 കാലി കറന്നുള്ളൊരൊച്ചയുണ്ടെങ്ങുമേ
82 ബാലന്മാര്‍ കോലുന്ന ലീലകളും.
83 ഒന്നിനോടൊന്നു കലര്‍ന്നു കളിക്കുന്ന
84 കന്നുംകിടാക്കളുമുണ്ടെങ്ങുമേ.
85 കാളകള്‍ തങ്ങളില്‍ക്കുത്തിക്കുതര്‍ന്നിട്ടു
86 ധൂളിയെഴുന്നുമുണ്ടോരോ ദിക്കില്‍.
87 ധേനുക്കളെച്ചെന്നു ചാലക്കറപ്പാനായ്
88 ചേണുറ്റ പാല്ക്കുഴ ചേര്‍ത്തു കൈയില്‍
89 ചാലേ മുറുക്കിന കാഞ്ചിയുമാണ്ടുള്ള
90 നീലവിലോചനമാരുണ്ടെങ്ങും.

91 ഗോക്കളെപ്പേര്‍ചൊല്ലി നീളെ വിളിക്കയും
92 പാല്‍ക്കുഴ താവെന്നു ചൊല്ലുകയും
93 ചേല്‍ക്കണ്ണിമാരുടെ വാക്കുകളിങ്ങനെ
94 കേള്‍ക്കായി വന്നുതേ പാര്‍ക്കുംതോറും.
95 "എന്നുടെ കന്നിനെക്കണ്ടുതില്ലെന്തോഴീ?
96 നിന്നുടെ വീട്ടിങ്കലുണ്ടോ കണ്ടു?"
97 എന്നങ്ങു തങ്ങളില്‍ ചോദിച്ചു നിന്നുള്ള
98 സുന്ദരിമാരുമുണ്ടങ്ങുമിങ്ങും.
99 കണ്ണന്റെ വേണുതന്‍ നാദത്തെ കേള്‍ക്കയാല്‍
100 കര്‍ണ്ണങ്ങള്‍ തിണ്ണം കുലമ്പിച്ചപ്പോള്‍

101 കന്നുകളൊന്നും തന്നമ്മമാര്‍ചാരത്തു
102 ചെന്നുതുടങ്ങാതെ നിന്നനേരം
103 അമ്മതാന്‍ ചെന്നിട്ടു കണ്ണന്റെ ചാരത്തു
104 നന്മൊഴിയാണ്ടുടന്‍ ചൊന്നാളപ്പോള്‍:
105 "കന്നുകിടാക്കള്‍ കുടിപ്പതിന്നായിക്കൊ
106 ണ്ടൊന്നുമേ ചെല്ലുന്നൂതല്ല കണ്ണാ!
107 ചെന്നവയൊന്നും കുടിക്കുന്നൂതല്ല കാ
108 മന്ദമായ് നോക്കുന്നുതിങ്ങുതന്നെ.
109 നിന്‍ കുഴല്‍ കേട്ടു തന്മക്കളെയൊന്നുമേ
110 നക്കുന്നൂതല്ല കാ ധേനുക്കളും.

111 രാവായിപ്പോയാലിക്കാലി കറപ്പതി
112 ന്നാവതല്ലെന്നതു തേറണം നീ.
113 കാലി കറന്നങ്ങു പോയിട്ടുവേണം നിന്‍
114 കോലക്കുഴല്‍വിളിയെന്മകനെ!"
115 അമ്മതാനിങ്ങനെ തന്മകന്തന്നോടു
116 നന്മൊഴി ചൊന്നതു കേട്ടു കേട്ട്
117 ചെന്നുതുടങ്ങിന യാദവന്താനപ്പോള്‍
118 നന്ദകുമാരകന്മാരെക്കണ്ടാന്‍
119 കാമിച്ചു നിന്നിട്ടു കേഴുന്ന വേഴാമ്പല്‍
120 കാര്‍മുകില്‍മാലയെക്കാണുംപോലെ.

121 മണ്ടിയണഞ്ഞവന്‍ കണ്ടൊരു നേരത്തു
122 കൊണ്ടല്‍നേര്‍വര്‍ണ്ണന്തമ്പാദങ്ങളില്‍
123 വീണുകിടന്നുടനാനന്ദവാരിയി
124 ലാണു തുടങ്ങിനാനാശു ചെമ്മേ
125 കൈയെപ്പിടിച്ചവന്‍ മെയ്യെയും കണ്ണന്തന്‍
126 മെയ്യോടു ചേര്‍ത്തൊന്നു പൂണ്ടാനപ്പോള്‍.
127 മംഗലമാണ്ടൊരു മന്ദിരംതന്നിലേ
128 മന്ദം നടന്നങ്ങു ചെന്നു പിന്നെ.
129 മൃഷ്ടമായുള്ളൊരു ഭോജനം നല്കീട്ടു
130 കട്ടിന്മേല്‍ ചേര്‍ത്തവന്തന്നെ നന്ദന്‍

131 വാക്കുകള്‍കൊണ്ടവനുള്ളം കുളുര്‍പ്പിച്ചു
132 മാര്‍ഗ്ഗമായ് പോക്കിനാന്‍ മാര്‍ഗ്ഗഖേദം.
133 ചിന്തിച്ചതൊന്നൊന്നേ നിന്നു ലഭിക്കയാല്‍
134 സന്തോഷമാണ്ടൊരു യാദവന്താന്‍
135 നന്ദകുമാരനും നന്ദനും കേള്‍ക്കവേ
136 വന്നതിങ്കാരണം ചൊന്നാമ്പിന്നെ:
137 "മംഗലനായൊരു കംസന്റെ ചൊല്ലാലെ
138 നിങ്ങളെക്കാണ്മാനായ് വന്നുതിപ്പോള്‍
139 വില്ലിന്നു പൂജയാമുത്സവം കാണ്മാനാ
140 യെല്ലാരും പോരേണമെന്നു ചൊന്നാന്‍."

141 ചൊന്നതു കേട്ടൊരു നന്ദനുമന്നേരം
142 നിന്നൊരു ഗോപന്മാരോടു ചൊന്നാന്‍:
143 "നാഥനായുള്ളൊരു കംസനെക്കാണ്മാനായ്
144 നാമെല്ലാം പോകണം നാളെത്തന്നെ.
145 ഗോരസമോരോന്നേ പൂരിച്ചുകൊള്ളുവിന്‍
146 പാരാതെ പോവതിന്നെ"ന്നിങ്ങനെ
147 നന്ദന്റെ ചൊല്‍ കേട്ടു ഗോപന്മാരെല്ലാരും
148 നന്നായ് മുതിര്‍ന്നാരങ്ങവ്വണ്ണമേ.
149 വല്ലവിമാരെല്ലാമെന്നതു കേട്ടപ്പോള്‍
150 അല്ലലില്‍ വീണങ്ങു മുങ്ങിച്ചൊന്നാര്‍:

151 "കാര്‍മുകില്‍വര്‍ണ്ണനെക്കൊണ്ടങ്ങു പോവാനായ്
152 കാരുണ്യം വേറിട്ടിപ്പാപി വന്നു.
153 നാമെന്തു ചെയ്വതെന്തോഴിമാരേ! ചൊല്‍വിന്‍
154 വാമനായ് കൂടുമ്പോളീശ്വരന്താന്‍?
155 അക്രൂരനെന്നെന്തു ചൊല്ലുവാനെല്ലാരും?
156 അക്രൂരനല്ലിവന്‍ ക്രൂരനത്രെ.
157 കണ്ണനായുള്ളൊരു നമ്മുടെ ജീവനെ
158 ത്തിണ്ണം പറിച്ചങ്ങു കൊണ്ടുപോവാന്‍
159 ചാലത്തുനിഞ്ഞിങ്ങു വന്നൊരിപ്പാപിയെ
160 ക്കാലനെന്നെല്ലാരും ചൊല്ലവേണ്ടു.

161 പണ്ടു നാം ചെയ്തുള്ള പുണ്യങ്ങളെല്ലാമേ
162 മണ്ടുന്ന കാലമീ വന്നതിപ്പോള്‍.
163 കാര്‍മുകില്‍വര്‍ണ്ണന്തന്‍ തൂമൊഴിയായൊരു
164 പീയൂഷമാളുന്ന കര്‍ണ്ണങ്ങളില്‍
165 "പോകുന്നോനിന്നവന്‍" എന്നുള്ള വാര്‍ത്തയാം
166 കാകോളംകൊണ്ടല്ലൊ തൂകുന്നിപ്പോള്‍
167 കൊഞ്ചല്‍ തുടങ്ങുമ്പൊളഞ്ചനവര്‍ണ്ണന്തന്‍
168 പുഞ്ചിരിയായ നിലാവുതന്നെ
169 ച്ചേര്‍ത്തുള്ളില്‍ കൊള്ളാതെ നിന്നു പൊറുപ്പതി
170 ന്നേത്രചകോരങ്ങളെങ്ങനെ ചൊല്‍?

171 പ്രാണങ്ങളായിതിക്കാര്‍വര്‍ണ്ണന്താനല്ലോ
172 കാര്‍വര്‍ണ്ണനായതിപ്രാണങ്ങളും
173 തങ്ങളിലേതുമേ ഭേദമില്ലല്ലൊ കാ
174 അങ്ങനെയാകുന്നു പണ്ടേയെന്നാല്‍
175 കാര്‍വര്‍ണ്ണന്‍ നമ്മെപ്പിരിഞ്ഞങ്ങു പോകിലി
176 പ്രാണങ്ങളെങ്ങനെ നിന്നുകൊള്‍വൂ?
177 ദൈവമേ ദീനമാരായുള്ള ഞങ്ങളെ
178 ക്കൈവെടിഞ്ഞായോ ചൊല്‍ നീയുമിപ്പോള്‍.
179 നിന്‍ തണലെന്നിയെ പിന്തുണയില്ലേതും
180 വെന്തുവെന്തീടുന്നൊരെങ്ങള്‍ക്കിപ്പോള്‍."

181 ഇങ്ങനെ തങ്ങളില്‍ ചൊന്നുള്ള നാരിമാര്‍
182 തിങ്ങിന വേദന പൊങ്ങുകയാല്‍
183 കണ്ണാ! എന്നിങ്ങനെ തിണ്ണം വിളിച്ചുടന്‍
184 കണ്ണുനീര്‍ തൂകിനാര്‍ മാഴ്കി മാഴ്കി.
185 നാരിമാരിങ്ങനെ കേണുതുടങ്ങുമ്പോള്‍
186 ചാരത്തു ചെന്നുടന്‍ കണ്ണനപ്പോള്‍
187 ആദരവോടുള്ള തൂമൊഴികൊണ്ടവര്‍
188 വേദന വേഗത്തില്‍ പോക്കിനിന്നാന്‍.
189 കാതരമാരായ കാമിനിമാരെല്ലാം
190 കാര്‍വര്‍ണ്ണന്‍ചൊല്ലെല്ലാം കേട്ടനേരം

191 കാതര്യം കൈവിട്ടു നിന്നാരങ്ങെല്ലാരും
192 കാലവും പോന്നു പുലര്‍ന്നുതപ്പോള്‍.
193 ഗോപന്മാരെല്ലാരും ഭാജനമോരോന്നില്‍
194 ഗോരസമോരോന്നേ പൂരിച്ചപ്പോള്‍
195 പാഞ്ഞുചെന്നോരോരോ ചാട്ടില്‍ക്കരേറീട്ടു
196 പാഞ്ഞുതുടങ്ങിനാര്‍ നന്ദനുമായ്.
197 ഗാന്ദിനീസൂനുതന്‍ തേരില്‍ക്കരേറിനാര്‍
198 മാന്ദ്യമകന്നുള്ള നന്ദജന്മാര്‍
199 പിഞ്ചെന്നുനിന്നുള്ള മഞ്ചുളവാണിമാ
200 രഞ്ചനവര്‍ണ്ണനേ നോക്കിനിന്നാര്‍.

201 തേരു മറഞ്ഞങ്ങു പോയൊരു നേരത്തു
202 വാരുറ്റ കേതുവേ നോക്കിനിന്നാര്‍.
203 മേളമാണ്ടുള്ളൊരു കേതു മറഞ്ഞപ്പോള്‍
204 ധൂളിയെ നോക്കിനാരൊട്ടുനേരം
205 പിന്നെയങ്ങെല്ലാരുമൊന്നിച്ചുകൂടീട്ടു
206 ഖിന്നമാരായുള്ള വല്ലവിമാര്‍
207 പാമ്പോടു വേറായ തോല്‍പോലെയന്നേരം
208 പാഴായിപ്പോയൊരു ഗോഷ്ഠംതന്നില്‍
209 ചെന്നങ്ങു പൂകിനാര്‍ വന്‍നരകംതന്നില്‍
210 പുണ്യമകന്നവരെന്നപോലെ.

211 നന്ദകുമാരകന്‍ നിന്നൊരു ഗേഹത്തില്‍
212 ചെന്നങ്ങു നിന്നുടനൊട്ടുനേരം
213 ശയ്യയില്‍ ചെന്നു തലോടിനാര്‍ മെല്ലവേ
214 അയ്യോ! എന്നിങ്ങനെ ചൊന്നാര്‍ പിന്നെ.
215 അങ്കണംതന്നിലേ പിന്നെയും നോക്കീട്ടു
216 സങ്കടം പൂണ്ടാരങ്ങൊട്ടുനേരം.
217 കാലിതെളിക്കുന്ന കോലങ്ങെടുത്തിട്ടു
218 ചാലത്തന്മാറിലേ ചേര്‍ത്താര്‍ പിന്നെ.
219 വല്ലികളാണ്ടുള്ള ഗേഹങ്ങളോരോന്നില്‍
220 മെല്ലവേ ചെന്നങ്ങു നിന്നു ചൊന്നാര്‍:

221 "വമ്പുലി മുമ്പായ ഘോരമൃഗങ്ങള്‍ക്കു
222 സംഭോഗമന്ദിരമാക നിങ്ങള്‍,
223 വാരിജലോചനന്‍കാരുണ്യമിന്നെനി
224 വാരാതെയിന്നിതാ ഞങ്ങള്‍ വന്നു."
225 വല്ലീഗൃഹങ്ങളോടിങ്ങനെ ചൊല്ലിന
226 വല്ലവിമാരെല്ലാം വന്നു പിന്നെ
227 ത്തൂമകലര്‍ന്നൊരു പൂങ്കാവില്‍ ചെന്നുടന്‍
228 പൂമരമോരോന്നേ പൂണ്ടു ചൊന്നാര്‍:
229 "കാര്‍മുകില്‍വര്‍ണ്ണനു ഞങ്ങളിലുള്ളൊരു
230 കാരുണ്യം ദൂരമായ് വന്നമൂലം

231 കാരസ്കരങ്ങള്‍ നല്‍ക്കാരകളെന്നെല്ലാം
232 പേരുള്ള ദാരുക്കളാക നിങ്ങള്‍.
233 ഓമനയോടെ വളര്‍ത്തല്ലോ പോരുന്നു
234 നാമെല്ലാം നിങ്ങളെപ്പണ്ടേ ചെമ്മേ
235 കാമിക്കയൊല്ലായിപ്പൂമരമൊന്നുമേ
236 കാര്‍വര്‍ണ്ണനെന്നല്ലോ ചൊല്ലീതിപ്പോള്‍
237 മാനിക്കുന്നോരല്ല നമ്മെയെന്നിങ്ങനെ
238 ദീനതകോലൊല്ലാ നിങ്ങളെന്നാല്‍."
239 ബാലികമാരെല്ലാമിങ്ങനെ ചൊന്നുടന്‍
240 ആലുടെ ചാരത്തു ചെന്നു ചൊന്നാര്‍:

241 "നന്മുനിമാരെല്ലാം നിന്നുടെചാരത്തു
242 നിന്നു വിളങ്ങിനാരിന്നയോളം
243 ഇന്നു തുടങ്ങി നിന്‍ ചാരത്തു വന്നെനി
244 നിന്നു വിളങ്ങുന്നതാരേ ചൊല്‍ നീ?"
245 ദാരുക്കളോടെല്ലാമിങ്ങനെ ചൊല്ലീട്ടു
246 പാരാതെ പോന്നങ്ങു വന്നു പിന്നെ.
247 കൂമ്പിനിന്നീടുന്ന കണ്ണുമായന്നേര
248 മൂമ്പലുറഞ്ഞു കുറഞ്ഞു വായ്പും
249 മേച്ചലും കൂടാതെ പാച്ചലും കൂടാതെ
250 ഓര്‍ച്ചപൂണ്ടീടുന്ന കന്നുകളെ

251 ക്കണ്ടൊരു നേരത്തു മണ്ടിയണഞ്ഞുട
252 നിണ്ടല്‍പൂണ്ടെല്ലാരും നിന്നു ചൊന്നാര്‍:
253 "കല്മഷമാണ്ടൊരു നമ്മുടെ ജീവനെ
254 ച്ചെമ്മേ പറിച്ചു മറച്ചു മെല്ലെ
255 അക്രൂരനെന്നൊരു പേരായിനിന്നുള്ളൊ
256 രക്രൂരനെങ്ങാനും കൊണ്ടുപോയാന്‍.
257 നിങ്ങള്‍ക്കു വേണുന്നതെല്ലാമേ നല്കുവാന്‍
258 എങ്ങളുണ്ടേതുമേ ഖേദിയായ്വിന്‍."
259 കന്നുകളോടെല്ലാമിങ്ങനെ ചൊല്ലീട്ടു
260 കണ്ണുനീര്‍ വീഴ്ത്തിനാരാര്‍ത്തമാരായ്.

261 ചൂതുതുടങ്ങിന ലീലകള്‍ കോലുന്ന
262 സാധനമോരോന്നെടുത്തു പിന്നെ
263 ദൂരത്തു ചാട്ടിക്കളഞ്ഞുതുടങ്ങിനാര്‍
264 പാരിച്ച വേദന പൊങ്ങുകയാല്‍.
265 പിന്നെയുമെല്ലാരുമൊന്നിച്ചുകൂടീട്ടു
266 കണ്ണനെക്കൊണ്ടു പറഞ്ഞുനിന്നാര്‍:
267 "നല്‍ക്കണിയായല്ലൊ നാഗരമാരായ
268 മൈക്കണ്ണിമാര്‍ക്കെല്ലാമിന്നു തോഴീ!
269 പുണ്യങ്ങള്‍ചെയ്തുള്ള കണ്ണുകള്‍ രണ്ടിലും
270 കണ്ണന്മെയ് ചേര്‍ക്കുന്നോരല്ലൊയിപ്പോള്‍.

271 നമ്മുടെ വേദന നാമെല്ലാമിങ്ങനെ
272 നമ്മിലേ വാപാടുകെന്നേ വേണ്ടു.
273 പാരാതെ വന്നുണ്ടു ഞാനെന്നു ചൊന്നതും
274 നേരല്ലയെന്നത്രേ തോന്നുന്നുതേ.
275 നന്മുല്ലതന്നുടെ തേനുണ്ട കാര്‍വ്വണ്ടു
276 നാമുല്ല തീണ്ടുമോ നാരിമാരേ!
277 മാധുരമാരായ മാനിനിമാരുടെ
278 മാധുര്യം കണ്ടൊരു മാധവന്താന്‍
279 പാരം വശംകെട്ടു മെയ്മറന്നീടുമേ
280 ധീരതനമ്മോടേയുള്ളു തോഴീ!

281 കാര്‍വര്‍ണ്ണന്‍ പോയൊരു ദിക്കിനെ നോക്കി നാം
282 പാരാതെ പോകയോ തോഴിമാരേ!
283 ചാര്‍ന്നുള്ളോരെല്ലാരും പിന്നാലെ പായുമ്പോള്‍
284 "ഭ്രാന്തുണ്ടോ നിങ്ങള്‍ക്കോ"യെന്നേ വേണ്ടു."
285 സംഗമെഴുന്നുള്ള മംഗമാരെല്ലാരും
286 ഇങ്ങനെ ചൊന്നുടന്‍ തങ്ങളുള്ളില്‍
287 ഭാവനതന്നാലെ കാര്‍വര്‍ണ്ണന്‍മെയ്ചേര്‍ത്തി
288 ട്ടാവോളം പുല്കിനാരായവണ്ണം.
289 ആനന്ദമായൊരു പീയൂഷംകൊണ്ടു തന്‍
290 മാനസമെല്ലാം കുളുര്‍പ്പിച്ചുടന്‍

291 നന്ദജന്‍ ചൊന്നുള്ള നന്മൊഴിയോരോന്നേ
292 ചിന്തിച്ചു വേദന പോക്കിനിന്നാര്‍.