കൃഷ്ണഗാഥ - ഒന്നാം ഭാഗം - ഗ്രീഷ്മവര്‍ണ്ണനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1 വല്ലവിമാരുടെ മാനസമായുളള
2 വല്ലികള്‍ ചേര്‍ന്നു പടര്‍ന്നു മേന്മേല്‍
3 ചാലത്തണുത്തൊരു പാദപമായ് നിന്നു
4 നീലക്കാര്‍വര്‍ണ്ണന്‍ കളിക്കുംകാലം
5 ഊഷ്മതകൊണ്ടു വറട്ടിച്ചമച്ചങ്ങു
6 ഗ്രീഷ്മമായുള്ളൊരു കാലം വന്നു.
7 താപംകൊണ്ടെല്ലാരും വേവുറ്റു കാവിലും
8 വാപികാതീരത്തുമായ് തുടങ്ങീ.
9 നാരിമാരെല്ലാരും കാമുകന്മാരുമായ്
10 വാരിയിലായിതേ ലീലകളും.

11 ആലവട്ടങ്ങള്‍ക്കു ചാലച്ചുഴന്നു നി
12 ന്നാലസ്യമായ് വന്നു നാളില്‍ നാളില്‍.
13 വാതായനങ്ങള്‍ക്കും പ്രാഭവമുണ്ടായി
14 സേവകള്‍ മേന്മേലേ ചെയ്കയാലേ.
15 മാലേയച്ചാറെല്ലാം ബാലികമാരുടെ
16 ബാലപ്പോര്‍കൊങ്കയില്‍ ചേര്‍ച്ച പുക്കു
17 പാനീയശാലകള്‍ മാനിച്ചു നിന്നിതേ,
18 ദീനങ്ങളായ് വന്നു ചാതകങ്ങള്‍.
19 ഉന്മേഷം പൂണ്ടൊരു നെന്മേനിപ്പൂവിലെ
20 നന്മണമെങ്ങും പരത്തി മേന്മേല്‍.

21 മന്ദിരംതോറും നടന്നുതുടങ്ങിനാന്‍
22 മന്ദസമീരണനന്തിനേരം
23 "ഗാഢമായ് പൂണ്ടാലും കാന്തനേ നീയിപ്പോള്‍
24 ചൂടെല്ലാം പോക്കുവാന്‍ ഞാനുണ്ടല്ലോ"
25 എന്നങ്ങു ചെന്നുടന്‍ സുന്ദരിമാരോടു
26 വെവ്വേറെ ചൊല്ലുവാനെന്നപോലെ.
27 ഇച്ഛതിരണ്ടുള്ള മച്ചകമെല്ലാമേ
28 കച്ചുതുടങ്ങീതു പിന്നെപ്പിന്നെ.
29 പച്ചോടമെന്നു പറഞ്ഞുതുടങ്ങുമ്പോള്‍
30 ഉള്‍ച്ചൂടു താനെയെഴുന്നുകൂടും.

31 ഇന്ദുതന്‍ നന്മണികൊണ്ടു പടുത്തങ്ങു
32 സുന്ദരമായുള്ള ഭൂതലത്തില്‍
33 ചന്ദ്രികയേറ്റു കിടന്നുതുടങ്ങിനാര്‍
34 സുന്ദരിമാരും തന്‍ കാന്തന്മാരും
35 ആഹാരമായതിക്കാലത്തിന്നോര്‍ക്കുമ്പോള്‍
36 നീഹാരമെന്നങ്ങു വന്നുകൂടും
37 നീഹാരമിന്നിന്നു കാണ്മുതില്ലേതുമേ
38 ആഹാരം കൂടാതെയാരുമില്ലെ.
39 ശീതമായുള്ളൊരു മാനിന്നു കേസരി
40 പ്പോതമായ് മേവുമക്കാലംതന്നെ

41 മാധവന്‍തന്നോടു കൂടിക്കലര്‍ന്നോര്‍ക്കു
42 മാധവമാസമേയെന്നു തോന്നി.
43 കോലക്കുഴലുമായ് ലീലകള്‍ കോലുന്ന
44 ബാലകന്മാരുമായ്ക്കാലി പിമ്പേ
45 കാനനംതന്നില്‍ കളിച്ചുതുടങ്ങിനാന്‍
46 കാന്തികലര്‍ന്നൊരു കാര്‍വര്‍ണ്ണന്താന്‍
47 ദ്രോഹിപ്പാനായ് വന്നു നില്ക്കും പ്രലംബനേ
48 രോഹിണീനന്ദനന്‍ കൊന്നു പിന്നെ
49 ആപത്തെപ്പോക്കിനാന്‍ ബാലകന്മാര്‍ക്കെല്ലാം,
50 മോദത്തെ നല്കിനാന്‍ ദേവകള്‍ക്കും.

51 കാലികള്‍ കാണാഞ്ഞു ബാലകന്മാര്‍ പിന്നെ
52 ക്കാനനംതന്നില്‍ നടക്കുന്നേരം
53 ഘോരമായുള്ളൊരു കാട്ടുതീ കാണായി
54 പാരം ചുഴന്നു വരുന്നതപ്പോള്‍
55 പേടിച്ചുനിന്നുള്ള ബാലകന്മാരെല്ലാം
56 ഓടിത്തുടങ്ങിനാര്‍ നാലുപാടും.
57 പോക്കിയല്ലാതെ ചമഞ്ഞോരു നേരത്ത
58 ങ്ങൂക്കനായ്നിന്നവനോടു ചൊന്നാര്‍:
59 "താവകന്മാരായ ഞങ്ങളെയെല്ലാമേ
60 പാവകന്‍ വന്നു വിഴുങ്ങുന്നോനേ."

61 എന്നതു കേട്ടൊരു നന്ദകുമാരന്താന്‍
62 ഏതുമേ പേടിയായ്കെന്നു ചൊല്ലി.
63 കണ്ണടച്ചീടുവിനെന്നങ്ങു ചൊന്നപ്പോള്‍
64 കണ്ണടച്ചെല്ലാരും നിന്നനേരം
65 കത്തിവരുന്നൊരു തീയെ വിഴുങ്ങിനാന്‍
66 മുഗ്ദ്ധവിലോചനന്‍ മുന്നെപ്പോലെ.
67 അന്തിയണഞ്ഞൊരു കാലം വരുന്നേരം
68 ചന്തമായ്പാടിക്കളിച്ചു പിന്നെ
69 ബാലകന്മാരുമായാലയം പൂകിനാന്‍,
70 വാരിജകാമുകന്‍ വാരിയിലും.