കൃഷ്ണഗാഥ - ഒന്നാം ഭാഗം - പൂതനാമോക്ഷം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1 നാകികള്‍നേരൊത്ത ഗോപന്മാരെല്ലാര്‍ക്കും
2 നാഥനായ് നന്നായി നിന്ന നന്ദന്‍
3 സന്തതിയില്ലാഞ്ഞു സന്തതം വെന്തുവെ
4 ന്തന്തരാ ചിന്തയും പൂണ്ടകാലം
5 അത്ഭുതകാന്തി കലര്‍ന്നൊരു ജായയ്ക്കു
6 ഗര്‍ഭവുമുണ്ടായിവന്നുകൂടി.
7 എന്നതു കണ്ടിട്ടു നിന്നൊരു നന്ദന്താന്‍
8 വന്നെഴുന്നീടുന്ന മോദത്താലെ
9 പ്രാശ്നികന്മാരോടു ചോദിച്ച നേരത്തു
10 പ്രാശ്നികന്മാരിലൊരുത്തന്‍ ചൊന്നാന്‍:

11 "ഇന്നിവള്‍തന്നുടെ ഗര്‍ഭത്തില്‍നിന്നതോ
12 കന്യകയെന്നതു നിര്‍ണ്ണയിച്ചു."
13 അന്യനായുള്ളവന്‍ ചൊല്ലിനിന്നീടിനാന്‍
14 കന്യകയെന്നവന്‍ ചൊന്നനേരം:
15 "തേമ്പാത കാന്തി കലര്‍ന്നുനിന്നീടുന്നൊ
16 രാപൈതലുണ്ടാമിപ്പേററിലിപ്പോള്‍
17 കാണുന്ന നേരത്തു കന്യകയല്ലെന്നു
18 മാണെന്നുമുള്ളതു നിര്‍ണ്ണയിച്ചു."
19 അന്യനായുള്ളവന്‍ ചൊല്ലിനിന്നീടിനാന്‍
20 പിന്നെയും നിന്നു വിചാരിച്ചുടന്‍:

21 "ഇങ്ങനെയല്ലായ്കിലെന്നുടെ ശാസ്ത്രം ഞാന്‍
22 എന്നുമേ തീണ്ടുന്നോനല്ല മേലില്‍."
23 വായ്പൊരുള്‍കൊണ്ടവര്‍ നേരിട്ട നേരത്തു
24 വായ്പോടു ചൊല്ലിനാന്‍ നിന്നൊരന്യന്‍:
25 "ചെമ്പല്ലവാംഗിതന്‍ നല്പിള്ളയായതോ
26 പെപിള്ളയെന്നതും ചേരുമല്ലോ
27 മാപാര്‍ന്ന കാന്തിതന്‍ കാമ്പായിനിന്നുള്ളൊ
28 രാപൈതലെന്നതും ചേരുമത്രേ.
29 ഇങ്ങനെയുള്ളൊരു സംഗതി ചേരായെ
30 ന്നങ്ങനെ നണ്ണി ഞാന്‍ മൗനമാണ്ടു.

31 എന്നുടെ ചിന്തിതമാരുമേ കാണൊല്ലാ
32 യെന്നുണ്ടു ദൈവത്തിനെന്നതത്രെ
33 പ്രാശ്നികന്മാരായ ഞങ്ങളിന്നെല്ലാരും
34 പ്രാകൃതരായിച്ചമഞ്ഞു,തെന്നാല്‍
35 വന്നതു കണ്ടിട്ടു നിര്‍ണ്ണയിച്ചീടു നാം
36 എന്നതേയോര്‍ച്ചയില്‍ ചേര്‍ച്ചയുള്ളു.
37 നന്ദനോടിങ്ങനെ ചൊന്നവരെല്ലാംതാന്‍
38 മന്ദിരം നോക്കി നടന്നാര്‍ പിന്നെ
39 "നന്മയേ നല്കേണം ദൈവമേ! എന്നങ്ങു
40 നന്ദനും പ്രാര്‍ത്ഥിച്ചു നിന്നകാലം

41 മാസങ്ങള്‍ പോന്നു തികഞ്ഞു തന്മാനിനി
42 ക്കാസന്നമായ് വന്നു സൂതികാലം.
43 പാതിരാനേരത്തു പാരാതെ പെറ്റാള
44 പ്പാഥോജലോചനാ പൈതല്‍തന്നെ.
45 സൂതികൊണ്ടുണ്ടായ മോഹത്തെപ്പൂണ്ടവള്‍
46 കാതരയായി നുറുങ്ങുനേരം
47 ചാരിക്കിടന്നങ്ങുണര്‍ന്നോരു നേരത്തു
48 ചാരത്തു നോക്കിനാള്‍ മന്ദ;മപ്പോള്‍
49 കോമളനായ കുമാരനെക്കാണായി
50 കാര്‍മ്മുകില്‍ കാമിക്കും കാന്തിയുമായ്.

51 ആണെന്നു നിര്‍ണ്ണയിച്ചാനന്ദം പൂണുന്നോ
52 രേണവിലോചനമാരെന്നപ്പോള്‍
53 നന്ദനു നല്ലൊരു കാഴ്ചയായ് നല്കിനാര്‍
54 നന്ദനനുണ്ടായിതെന്നിങ്ങനെ.
55 ചിന്തയെപ്പൂണ്ടൊരു നന്ദന്താനന്നപ്പോള്‍
56 അന്തമില്ലാതൊരു സന്തോഷത്താല്‍
57 ചേലകള്‍ നല്ലവ നല്കിനിന്നീടിനാന്‍
58 ബാലകജന്മത്തെച്ചൊന്നോര്‍ക്കെല്ലാം
59 "പിന്നെയും പിന്നെയും ചൊല്ലുവിനെന്നോടു
60 നന്ദനനെന്നുള്ള നാമമിന്നും

61 അഞ്ചാതെ ചെഞ്ചെമ്മേ പിന്നെയും പിന്നെയും
62 എന്‍ ചെവി രണ്ടും കുളുര്‍ക്കുംവണ്ണം."
63 ഇങ്ങനെ ചൊല്ലീട്ടു പിന്നെയും ചെന്നോര്‍ക്കു
64 മങ്ങാതെ ചേലകള്‍ നല്‍കിനിന്നാന്‍.
65 പാരാതെ ചെന്നങ്ങു പൈതലെക്കണ്ടിട്ടു
66 നീരാടിപ്പോന്നിങ്ങു വന്നു പിന്നെ
67 ആരണര്‍ ചൊല്ലാലെ ജാതകര്‍മ്മത്തെയു
68 മാചരിച്ചീടിനാനാദരവില്‍.
69 ദാനങ്ങള്‍കൊണ്ടവന്‍ വാനവര്‍ശാഖിക്കു
70 നാണത്തെപ്പൂകിച്ചാന്മാനസത്തില്‍.

71 "നന്ദനു നല്ലൊരു നന്ദനനുണ്ടായി"
72 തെന്നൊരു വാര്‍ത്ത പരന്നുതെങ്ങും.
73 വേര്‍ പാകിനിന്നൊരു വേഴ്ചയെപ്പൂണ്ടുള്ള
74 ഗോപാലന്മാരെല്ലാം വന്നു പിന്നെ
75 ബാലകനുണ്ടായ മോദത്തെപ്പൂണ്ടിട്ടു
76 ചാലെക്കളിച്ചു പുളച്ചുനിന്നാര്‍
77 ആച്ചിമാരെല്ലാരും കാഴ്ചയുമായിട്ടു
78 പാച്ചില്‍ തുടങ്ങിനാര്‍ പാരമപ്പോള്‍.
79 ബാലകന്തന്നുടെയാനനം കണ്ടിട്ടു
80 ചാല മുകര്‍ന്നു പുണര്‍ന്നുനിന്നാര്‍.

81 സന്തോഷംപൂണ്ടു തഴച്ചുനിന്നീടിനാര്‍
82 ബന്ധുക്കളായുള്ള ലോകരെല്ലാം.
83 ഗോഷ്ടികള്‍ കോലുന്ന ഗോപന്മാര്‍ ചൂഴുറ്റു
84 വാട്ടമകന്നുള്ള ഗോഷ്ഠംതന്നില്‍
85 വത്സലനായൊരു വത്സനുണ്ടാകയാല്‍
86 ഉത്സവംകൊണ്ടു നിറഞ്ഞുതെങ്ങും.
87 അന്നു തുടങ്ങി വിളങ്ങുമന്നന്ദന്റെ
88 സുന്ദരമായുള്ള മന്ദിരത്തില്‍
89 ചെന്നുതുടങ്ങിനാള്‍ ചെന്താരില്‍മങ്കയും,
90 ചെമ്മു വരുന്നനാളെന്നു ഞായം.

91 യത്നങ്ങള്‍കൂടാതെ ഗേഹങ്ങളെല്ലാമേ
92 രത്നങ്ങള്‍കൊണ്ടു നിറഞ്ഞുകൂടി.
93 ഗോക്കള്‍തന്‍ തിണ്മയെപ്പാര്‍ക്കുന്നതാകിലോ
94 വാക്കുകൊണ്ടേതും വചിച്ചുകൂടാ.
95 കന്നും കിടാക്കളുമന്നു തുടങ്ങിയ
96 മ്മന്ദിരംതന്നില്‍ നിറഞ്ഞൊഴിഞ്ഞു,
97 മാന്യങ്ങളായിട്ടു മറ്റുള്ളതെല്ലാമെ
98 ധാന്യത്തിന്‍പുരവുമവ്വണ്ണമേ.
99 ഇങ്ങനെയെല്ലാരും പൊങ്ങിനിന്നീടുന്ന
100 മംഗല്യമാണ്ടു വസിക്കുംകാലം,

101 കല്പിച്ചുനിന്ന കരത്തെയക്കംസനാ
102 യൊപ്പിച്ചു പോരേണമെന്നു നണ്ണി
103 യാതനായ് മേവിനാനായന്മാര്‍ക്കെല്ലാം
104 നാഥനായ് നിന്നൊരു നന്ദനപ്പോള്‍.
105 പാരാതെ ചെന്നൂ കരത്തെയും നല്കീട്ടു
106 പോരുവാനിങ്ങു തുടങ്ങുന്നേരം
107 ആനകദുന്ദുഭിതാനറിഞ്ഞിട്ടു
108 മാനിച്ചു ചെന്നവന്‍ ചാരത്തപ്പോള്‍
109 പ്രേമത്തെ തൂകുന്ന തൂമൊഴികൊണ്ടുടന്‍
110 വാര്‍മെത്തുമാറു പറഞ്ഞുനിന്നാന്‍.

111 നന്ദനും ചൊല്ലിനാ,നെന്നതു കേട്ടവന്‍
112 വന്നതുകൊണ്ടുള്ള സന്തോഷത്താല്‍:
113 "കാണേണമെന്നു ഞാന്‍ കാമിച്ചനേരത്തു
114 കാണായിവന്നതും ഭാഗ്യമല്ലോ.
115 പണ്ടു കഴിഞ്ഞുളള്ള ദീനങ്ങളോര്‍ക്കുമ്പോള്‍
116 ഇണ്ടലുണ്ടാകുന്നു പാരമുള്ളില്‍.
117 എത്രയുമേറ്റം കൊതിച്ചുനിന്നല്ലൊ തന്‍
118 പുത്രനെക്കാണുന്നു ലോകരെല്ലാം
119 അങ്ങനെയുണ്ടായ പുത്രരെയല്ലൊയി
120 മ്മംഗലം വേരറ്റ പാപി കംസന്‍

121 പാരാതെ ചെന്നു പിറന്നങ്ങു വീഴുമ്പോള്‍
122 പാറമേല്‍ തല്ലിക്കഴിച്ചുകൂട്ടി
123 നാളെയുമുണ്ടാമിപ്പൈതങ്ങളെന്നുള്ളൊ
124 രാശയെക്കോലേണ്ടായെന്നു വന്നു.
125 ഉണ്ടാകുന്നാകിലിക്കണ്ടൊരു കംസനോ
126 പണ്ടേവനല്ലോതാ, നെന്തു കാര്യം?
127 പിന്നപ്പിറന്നൊരു കന്യകയുണ്ടായി
128 തെന്നതുമങ്ങനെ പോയിതായി.
129 വന്നുവന്നീടുന്നതെല്ലാമെ കാണ്മു നാം
130 ഒന്നിന്നും ഖേദിയായ്കെന്നേ വേണ്ടു."

131 എന്നതുകേട്ടുള്ളൊരാനകദുന്ദുഭി
132 പിന്നെയും ചൊന്നാനന്നന്ദനോടായ്:
133 "ശാശ്വതവാക്കുകളാശ്രയിച്ചീടുന്നൊ
134 രീശ്വരന്‍തന്നുടെ ലീലയെന്നേ
135 വന്നതു വന്നതു നിര്‍ണ്ണയിച്ചിങ്ങനെ
136 മന്നിടം ചേരുന്നുതിന്നിന്നു ഞാന്‍.
137 രോഹിണീസൂനുവാമെന്നുടെ നന്ദനന്‍
138 ദ്രോഹവുംകൂടാതെ മേവുന്നോനോ?
139 എന്നുടെ ജീവനം നിന്നുടെ കൈയിലു
140 മെന്നതോ ചൊല്ലേണ്ടതില്ലയല്ലോ.

141 പുത്രനില്ലായ്കയാലത്തലെപ്പൂണ്ടു നിന്‍
142 പുത്രനുണ്ടായതു കേള്‍ക്കയാലെ
143 സന്താപം വന്നുള്ളതെല്ലാമേ പോയിട്ടു
144 സന്തോഷംചെയ്യുന്നു മാനസത്തില്‍.
145 വമ്പേറുമമ്പിനാല്‍ നിന്‍ പൈതല്‍തന്നെ ഞാന്‍
146 എന്‍ പൈതലെന്നതു ചിന്തിക്കുന്നു.
147 എന്‍ പൈതലുണ്ടായ സന്തോഷമെല്ലാമി
148 ന്നിന്‍പൈതല്‍മൂലമിന്നുണ്ടായല്ലോ.
149 അങ്ങനെയാകതു, നമ്മിലിന്നോര്‍ക്കുമ്പോള്‍
150 മംഗലമാകെന്നതല്ലോ വേണ്ടു.

151 കാരിയമെല്ലാമെ പൂരിച്ചുതായല്ലോ
152 പാരാതെ പോകേണം ഗോകുലത്തില്‍.
153 വമ്പൊടു മേന്മേലേ തപെടുമല്ലലു
154 ണ്ടമ്പാടിതന്നില്‍ വരുന്നുതിപ്പോള്‍.
155 എന്നതിന്‍മുമ്പിലേ ചെന്നങ്ങു കൊള്ളേണം
156 നന്ദനന്തന്നെയും സൂക്ഷിക്കേണം"
157 എന്നതു കേട്ടൊരു നന്ദനുമന്നേരം
158 നന്ദനന്തന്നെയും നണ്ണി നണ്ണി,
159 ഗോകുലം മുന്നിട്ടു പോകത്തുടങ്ങിനാന്‍
160 ആകുലമായുള്ളോരുള്ളവുമായ്.

161 ആനകദുന്ദുഭിതാനുമന്നേരത്തു
162 ദീനതതീര്‍ത്തു തെളിഞ്ഞു മേന്മല്‍
163 തോയജലോചനന്തന്നെയും ചിന്തിച്ചു
164 പോയങ്ങു പൂകിനാന്‍ മന്ദിരത്തില്‍.
165 . . . . . . . . . . . . . . . . . . . . . . . . . . .
166 കംസന്റെ ചൊല്ലിനാല്‍ കൈതവംപൂണ്ടുള്ള
167 വാസവവൈരികള്‍ പാരിലെങ്ങും
168 ചാലെപ്പോയ് ചെന്നോരോ ബാലകന്മാരെയും
169 കാലന്നു നല്കി നടന്നകാലം
170 പൂതനയെന്നൊരു ഭൂസുരനാശിനി

171 ഭൂതലംതന്നില്‍ നടന്നെങ്ങുമേ
172 സുന്ദരിയായൊരു നാരിയായ് ചെന്നിട്ടു
173 നന്ദഗൃഹത്തിലകത്തു പുക്കാള്‍.
174 വാര്‍കോലും കൊങ്കകള്‍ രണ്ടിലും ചെഞ്ചെമ്മേ
175 കാകോളം തേച്ചു ചമച്ചു നേരേ
176 ബാലകമന്ദിരംതന്നുടെ ചാരത്തു
177 ചാലെപ്പോയ് ചെന്നവള്‍ നോക്കുന്നേരം
178 ചൊല്പെറ്റുനിന്നൊരു ശില്പം കലര്‍ന്നുനി
179 ന്നല്പമായുള്ളൊരു തല്പത്തിന്‍മേല്‍
180 ചാലക്കിടന്നങ്ങു കപൊലിഞ്ഞീടുന്ന

181 ബാലകന്തന്നെയും കാണായ് വന്നു.
182 ദൂരത്തു നിന്നങ്ങു കണ്ടോരുനേരത്തു
183 ചാരത്തു ചെന്നു ചതിച്ചു പുക്കാള്‍
184 അണ്ഡജനായകന്തന്നുടെ ചാരത്തു
185 കുണ്ഡലിതാന്‍ ചെന്നു പൂകുംപോലെ
186 ഓമനത്തുമുഖംതന്നിലേ നോക്കിക്കൊ
187 ണ്ടോര്‍ത്തുനിന്നീടിനാളൊട്ടുനേരം
188 ചീര്‍ത്തൊരു കോപംപൂണ്ടന്തകന്‍ വാരാഞ്ഞു
189 പാര്‍ത്തുനിന്നീടുന്നോളെന്നപോലെ.
190 മെല്ലവെ ചെന്നങ്ങു തൊട്ടുനിന്നീടിനാള്‍

191 പല്ലവം വെല്ലമപ്പൂവല്‍മേനി
192 രത്നമെന്നിങ്ങനെ തന്നിലെ നണ്ണിനി
193 ന്നഗ്നിയെ ചെന്നു തൊടുന്നപോലെ.
194 പാരാതെ പിന്നെയെടുത്തു നിന്നീടിനാള്‍
195 ആരോമല്‍പ്പൂങ്കനിപ്പൈതല്‍തന്നെ
196 പാശമെന്നിങ്ങനെ നിര്‍ണ്ണയംപൂണ്ടിട്ടു
197 പാമ്പിനെച്ചെന്നങ്ങെടുക്കുമ്പോലെ
198 ഓമനപ്പൂവല്‍മെയ് മേനിയില്‍ കൊണ്ടപ്പോള്‍
199 കോള്‍മയിര്‍ തിണ്ണമെഴുന്നു മെയ്യില്‍
200 ഉമ്പര്‍കോന്‍നാട്ടിലപ്പൂതനതന്നെക്കാള്‍

201 മുമ്പിലേ പോവാനായെന്നപോലെ
202 നീണ്ടുള്ള ബാഹുക്കള്‍കൊണ്ടവള്‍ പൂവല്‍മെയ്
203 പൂണ്ടുകൊണ്ടീടിനാളൊന്നു മെല്ലെ
204 പല്ലവമാണ്ടൊരു സല്ലകിയെന്നിട്ടു
205 പാവകജ്വാല നല്ലാനപോലെ.
206 കമ്രമായുള്ളൊരു നന്മുഖംതന്നിലേ
207 ചുംബിച്ചു മേവിനാളൊന്നു മെല്ലെ
208 അംഗനമാരിലന്നന്മുഖം കാണുമ്പോള്‍
209 അങ്ങനെതോന്നാതോരില്ലയാരു
210 നൂതനനായൊരു പൈതലുമന്നേരം

211 പൂതനതന്നെയും നോക്കിനിന്നാന്‍
212 മസ്തകമേറിന കേസരിവീരന്താന്‍
213 മത്തേഭന്തന്നുടല്‍ നോക്കുമ്പോലെ.
214 "ആരാനും പോന്നു വരുന്നതിന്മുമ്പിലേ
215 കാരിയമായതു സാധിക്കേണം."
216 എന്നങ്ങു നണ്ണിന പൂതനതാനപ്പോള്‍
217 നന്ദകുമാരന്‍ വായില്‍ നേരേ
218 ദുസ്തനംതന്നെയും നല്കിനിന്നീടിനാള്‍;
219 ദുഷ്ടമാര്‍ക്കങ്ങനെ തോന്നി ഞായം.
220 കൈകളെക്കൊണ്ടു പിടിച്ചു നിന്നന്നേരം

221 കൈടഭസൂദനനായ ബാലന്‍
222 അമ്മുലതന്നെക്കുടിച്ചു നിന്നീടിനാന്‍
223 അമ്മതന്‍ നന്മുലയെന്നപോലെ
224 പാല്‍കൊണ്ടു ചെഞ്ചെമ്മേ പൈ കെട്ടുകൂടാഞ്ഞി
225 ട്ടാകുലനാകയാലെന്നപോലെ
226 കാറ്റേയും കൂടി കുടിച്ചുകൊണ്ടീടിനാന്‍
227 താറ്റോലിച്ചങ്ങവള്‍ നല്‍കുമപ്പോള്‍
228 ഏറ്റമെഴുന്നൊരു പീഡയെക്കൊണ്ടവള്‍
229 ചീറ്റന്തി രണ്ടു കരഞ്ഞു പിന്നെ
230 ഭൂതലന്തന്നില്‍ പതിച്ചുനിന്നീടിനാള്‍

231 ചേതനയോടു പിരിഞ്ഞു നേരെ.
232 ഭാരമിയന്നൊരു ഭൈരവിതന്നുടല്‍
233 ഘോരമായ് വന്നങ്ങു വീഴുകയാല്‍
234 ഊഴിയുമെങ്ങും കുലുങ്ങിതായന്നേരം
235 ആഴിയും കിഞ്ചില്‍ കലങ്ങീതായി.
236 ചാരത്തുനിന്നുള്ള ദാരുക്കളെല്ലാമെ
237 പാരം ഞെരിഞ്ഞു പതിച്ചുതെങ്ങും.
238 വേപത്തെപ്പൂണ്ടുള്ള ഗോപികമാരെല്ലാം
239 ഗോപാലന്മാരോടും കൂടിച്ചെമ്മെ,
240 കേടറ്റുനിന്നുള്ള ബാരകനുള്ളേട

241 ത്തോടിച്ചെന്നീടിനാര്‍ പേടിയോടെ.
242 ഭൂതലംതന്നില്‍ പതിച്ചുകിടന്നൊരു
243 പൂതനതന്നെയും കണ്ടാരപ്പോള്‍
244 ഉമ്പര്‍കോന്‍ ചെന്നിട്ടു പക്ഷമറുക്കയാല്‍
245 വമ്പറ്റുവീണൊരു ശൈലംപോലെ.
246 ലീലയുംപൂണ്ടവള്‍ മാറില്‍ കരേറിന
247 ബാലകന്തന്നെയും കണ്ടാര്‍ പിന്നെ
248 വങ്കുന്നിലേറിക്കളിച്ചുനിന്നീടുന്ന
249 രങ്കുതമ്പൈതലെയെന്നപോലെ.
250 കണ്ടൊരുനേരമക്കൊണ്ടല്‍നേര്‍വര്‍ണ്ണനെ

251 കൊണ്ടിങ്ങു പോരുവാന്‍ മണ്ടിച്ചെന്നാര്‍
252 രത്നത്തെക്കാമിച്ചു ചത്തുകിടക്കുന്ന
253 സര്‍പ്പത്തിന്‍ ചാരത്തു ചെല്ലുമ്പോലെ.
254 ലീലകള്‍ കോലുന്ന ബാലനെച്ചെഞ്ചെമ്മേ
255 താലോലിച്ചമ്പോടു കൊണ്ടുപോന്നാര്‍
256 ചേതന വേറിട്ടൊരാനമേല്‍നിന്നൊരു
257 കേസരിപ്പൈതലെയെന്നപോലെ.
258 ദുര്‍ഗ്രഹശങ്കയാലഗ്ര്യനായുള്ളവന്‍
259 വിഗ്രഹംതന്നില്‍ ന്യസിച്ചു പിന്നെ
260 രക്ഷയെച്ചെയ്തുതുടങ്ങിനാരെല്ലാരും

261 അക്ഷണം വന്നുള്ള വല്ലവിമാര്‍
262 ഗോമൂത്രംകൊണ്ടുകുളിപ്പിച്ചുനിന്നിട്ടു
263 ഗോധൂളിയേല്‍പിച്ചു മെയ്യിലെങ്ങും
264 ഗോവിന്നുകീഴങ്ങു ന്നൂഴിച്ചു ചെഞ്ചെമ്മെ
265 ഗോപുച്ഛംകൊണ്ടങ്ങുഴിഞ്ഞു നന്നായ്.
266 ഗോമയംകൊണ്ടുള്ള ലേപവും പെണ്ണിനാര്‍
267 ഗോശൃംഗംതന്നിലേ മണ്ണുകൊണ്ടും
268 ഗോമയമായുള്ള രക്ഷയെച്ചെയ്താര
269 ഗ്ഗോപകുമാരനു ഗോപികമാര്‍.
270 വൈകുണ്ഠന്‍തന്നുടെ നാമങ്ങളോരോന്നെ

271 വൈകല്യം വാരാതെ ചൊല്ലിച്ചൊല്ലി
272 പേച്ചിതന്‍ വന്‍ പിണി പോക്കിനിന്നീടിനാര്‍
273 ആച്ചിമാരെല്ലാരും മെല്ലെ മെല്ലെ.
274 നന്ദനും വന്നങ്ങു മന്ദിരം പൂകിനാന്‍
275 അന്നേരം വല്ലവന്മാരുമായി.
276 ഭൂതലംതന്നില്‍ പതിച്ചുകിടക്കുന്ന
277 പൂതനതന്നുടല്‍ കണ്ടു പിന്നെ
278 ആനകദുന്ദുഭിതന്നുടെ ചൊല്ലിനെ
279 മാനിച്ചുനിന്നാനന്നന്ദനേറ്റം.
280 പിന്നെയങ്ങെല്ലാരും പൂതനതന്നുടെ

281 ഉന്നതമായുള്ള ദേഹംതന്നെ
282 ശസ്ത്രങ്ങള്‍കൊണ്ടു തറിച്ചുനിന്നങ്ങനെ
283 പത്തുനൂറായിരം ഖണ്ഡമാക്കി
284 ദൂരത്തുകൊണ്ടുപോയ് ചുട്ടുകളഞ്ഞുടന്‍
285 നേരത്തുവന്നു കുളിച്ചു പിന്നെ
286 നാരാണന്‍തന്റെ നാമങ്ങള്‍ ചൊല്ലിക്കൊ
287 ണ്ടോരോരോ വേലയുമാചരിച്ചാര്‍.