കൃഷ്ണഗാഥ - രണ്ടാം ഭാഗം - ബാണയുദ്ധം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1 ബാണനായുള്ളൊരു ദാനവന്‍ പണ്ടുതാന്‍
2 വാര്‍തിങ്കള്‍മൗലിയാം ദേവന്തന്നെ
3 സേവിച്ചുനിന്നു വസിച്ചു തന്മന്ദിരം
4 കേവലം കാക്കുമാറാക്കിക്കൊണ്ടാന്‍
5 ഒട്ടുനാളിങ്ങനെ ചെന്നൊരുകാലത്തു
6 ധൃഷ്ടനായ് നിന്നു തിമിര്‍ത്തു ചൊന്നാന്‍:
7 "ആഹവമില്ലാഞ്ഞിട്ടാനന്ദമുള്ളിലി
8 ല്ലാരെയും കണ്ടതുമില്ലയെങ്ങും
9 ദിഗ്ഗജമെല്ലാമേ ചെന്നതു കാണുമ്പൊ
10 ളൊക്കവേ പായുന്നു പാരം പാരം.

11 എന്നോടു നേരിട്ടു പോരു തുടങ്ങുവാന്‍
12 നിന്നോളം പോന്നോരെക്കണ്ടില്ലെന്നാല്‍.
13 നമ്മില്‍ നുറുങ്ങു പിണങ്ങിനിന്നിങ്ങനെ
14 നര്‍മ്മമായ് നിന്നു കളിക്കവേണം."
15 എന്നതു കേട്ടൊരു പന്നഗഭൂഷണന്‍
16 വന്നൊരു കോപമടക്കിച്ചൊന്നാന്‍:
17 "നിന്നുടെ കേതു മുറിഞ്ഞങ്ങു വീഴുന്നാള്‍
18 എന്നോടു നേരായ വീരന്‍ വന്ന്
19 നിന്നോട് നേരിട്ടു നിന്നെയും വെന്നീടും
20 എന്നതു നീയിന്നു തേറിനാലും."

21 എന്നതു കേട്ടൊരു മന്നവന്‍തന്നുടെ
22 മന്ദിരം പൂക്കതു പാര്‍ത്തു നിന്നാന്‍.
23 ഉദ്ധതനായിട്ടു മേവുന്ന ബാണന്തന്‍
24 പുത്രിയായുള്ളൊരു കന്യകതാന്‍
25 നിദ്രയും പൂണ്ടു കിടന്നൊരു നേരത്തു
26 ഭദ്രനായുള്ളനിരുദ്ധനുമായ്
27 മംഗലമാളുന്നൊരംഗജലീലതന്‍
28 ഭംഗികള്‍ പൂണ്ടു മയങ്ങുംനേരം
29 കണ്ണിലിണങ്ങുമുറക്കവള്‍തന്നെയും
30 തിണ്ണം വെടിഞ്ഞങ്ങു പോകയാലെ

31 മേനിയില്‍ മേവിന കാന്തനെക്കാണാഞ്ഞു
32 ദീനയായ് നിന്നവള്‍ കേണതെല്ലാം
33 ചാരത്തു നിന്നൊരു തോഴിതാന്‍ കേട്ടു വി
34 ചാരിച്ചു നിന്നതു കേട്ടു ചൊന്നാള്‍:
35 "കന്ദര്‍പ്പന്തന്നുടെ കാന്തിയെ വെന്നൊരു
36 സുന്ദരന്‍ വന്നു നിന്നെന്നരികെ
37 തേന്‍ചുരന്നീടിന ചോരിവാ തന്നുടന്‍
38 വാഞ്ചിതമെല്ലാമേ നല്കിപ്പിന്നെ
39 ചിത്തമഴിഞ്ഞുള്ളൊരെന്നെയും കൈവിട്ടു
40 നിദ്രതാന്‍ പോകുമ്പോള്‍ കൂടെപ്പോയാന്‍.

41 പാഴ്പെട്ടുപോയൊരു ശയ്യയെക്കണ്ടിട്ടു
42 പാരിച്ചു പൊങ്ങുന്നു മാരമാലും.
43 വേറിരുന്നിങ്ങനെ വേകുന്ന ഞാനിപ്പോള്‍
44 വേറൊന്നായ്പോകുന്നൂതുണ്ടു തോഴീ!"
45 എന്നതുകേട്ടൊരു തോഴിതാന്‍ ചൊല്ലിനാള്‍:
46 "നിന്നുടെവേദന പോക്കാമല്ലൊ
47 ആരെന്നു ചൊല്ലിനാന്‍ നിന്നുടെ ചാരത്തു
48 പാരാതെ കൊണ്ടന്നു നല്കുവന്‍ ഞാന്‍."
49 ഇങ്ങനെ ചൊന്നാവള്‍ തന്നുടെ കമുന്നല്‍
50 മങ്ങാത തൂലികകൊണ്ടു നേരെ

51 ലേഖ്യന്മാരായുള്ള ദേവരെയെല്ലാമെ
52 ലേഖനം ചെയ്തുടന്‍ കാട്ടിക്കാട്ടി.
53 മാനിനിതന്നുടെ ചൊല്ലാലെ പിന്നെയും
54 മാനുഷന്മാരെയുമവ്വണ്ണമേ.
55 വൃഷ്ണികളായുള്ള വീരരെയെല്ലാമേ
56 കൃഷ്ണനെത്തന്നെയും കാട്ടിപ്പിന്നെ
57 തന്മകനായുള്ള നിര്‍മ്മലന്തന്നെയും
58 തണ്മകളഞ്ഞനിരുദ്ധനേയും
59 ലേഖനം ചെയ്തവള്‍ കാട്ടിനനേരത്തു
60 കോകിലവാണിതന്‍ കമുനയില്‍

61 നീടുറ്റു നിന്നൊരു നാണവും പ്രേമവും
62 കൂടിക്കലര്‍ന്നിട്ടു കാണായപ്പോള്‍:
63 പാരമണഞ്ഞൊന്നു പൂണ്മതിന്നായിട്ടു
64 ധീരതപോയൊരു സംഭ്രമവും;
65 എന്നെയും കൈവെടിഞ്ഞെങ്ങു നീ പൊയ്ക്കൊണ്ടു
66 തെന്നൊരു കോപവും ചാപലവും.
67 യോഗിനിയായൊരു തോഴിതാനെന്നപ്പോള്‍
68 വേഗത്തില്‍ ചെന്നുടന്‍ ദ്വാരകയില്‍
69 സുപ്തനായുള്ളനിരുദ്ധനെത്തന്നെയും
70 മെത്തമേല്‍നിന്നങ്ങെടുത്തു പിന്നെ

71 കൊണ്ടിങ്ങുപോന്നവള്‍ കൈയിലേ നല്കിനി
72 ന്നിണ്ടലെപ്പോക്കുവാനന്നുതന്നെ.
73 അംഗജന്‍തന്നുടെസൂനുവായുള്ളാന്‍ത
74 ന്മംഗലകാന്തനായ് വന്നനേരം
75 നീടുറ്റുനിന്നൊരു കര്‍പ്പൂരംതന്നോടു
76 കൂടിന ചന്ദനമെന്നപോലെ
77 ആമോദം പൂണ്ടൊരു കാമിനിതാനും നല്‍
78 കാമവിലാസങ്ങളാണ്ടു നിന്നാള്‍.
79 യാദവബാലകനാകിന വീരനും
80 ആദരവോടു കളിച്ചു മേന്മേല്‍

81 സുന്ദരിതന്നുടെ മന്ദിരംതന്നിലേ
82 നിന്നു വിളങ്ങിനാന്‍ നീതിയോടേ
83 ഗൂഡനായ്നിന്നവന്തന്നെയന്നാരുമേ
84 ചേടിമാര്‍പോലുമറിഞ്ഞുതില്ലേ.
85 ഒട്ടുനാളിങ്ങനെ തുഷ്ടിയും പൂണ്ടവര്‍
86 ഇഷ്ടരായ് നിന്നു വസിച്ച കാലം
87 പങ്കജലോചനതന്മുഖം കണ്ടിട്ടു
88 ശങ്ക തുടങ്ങീതു മാതര്‍ക്കൊല്ലാം.
89 ശങ്കതുടങ്ങിന മങ്കമാരെല്ലാരും
90 തങ്ങളില്‍നിന്നു പരഞ്ഞാരപ്പോള്‍:

91 "ബാലികതന്നുടെയാനനമിന്നിന്നു
92 ചാലെത്തെളിഞ്ഞുണ്ടു കാണാകുന്നു:
93 കാരണമെന്തന്നു ചിന്തിച്ചു കാകിലോ
94 വേറൊന്നായല്ലൊതാന്‍ വന്നു ഞായം.
95 വേലകള്‍ കോലുവാന്‍ കാലം പുലര്‍ന്നപ്പോള്‍
96 ചാലെപ്പോയെല്ലാരും ചെല്ലുന്നപ്പോള്‍
97 കെട്ടകംതന്നില്‍നിന്നൊട്ടുമേ വാരാതെ
98 പെട്ടെന്നു പോന്നിങ്ങു വന്നുകൊള്ളും.
99 കണ്ണിണയന്നേരം മെല്ലവേ പാര്‍ക്കുമ്പോള്‍
100 തിണ്ണം തളര്‍ന്നു മയങ്ങിക്കാണാം.

101 രോഗമെന്നിങ്ങനെ ചൊല്ലുമാറുണ്ടുതാന്‍
102 രോഗമല്ലേതുമേ രാഗമത്രെ.
103 തേമ്പാതെ നിന്നൊരു ചോരിവാതന്നെയും
104 തേഞ്ഞല്ലൊ കാണുന്നു നാളില്‍ നാളില്‍
105 ചാലെത്തെളിഞ്ഞ കവിള്‍ത്തടമിന്നിന്നു
106 ചാഞ്ഞു ചാഞ്ഞീടുന്നു പിന്നെപ്പിന്നെ.
107 നമ്മുടെ ചാരത്തു വന്നിങ്ങു മേവുകില്‍
108 നാണവുമുണ്ടിന്നു കാണാകുന്നു.
109 പണ്ടെന്നും കാണാതെ ഭൂഷണമുണ്ടിന്നു
110 കണ്ടുതുടങ്ങുന്നു കണ്ഠംതന്നില്‍.

111 പങ്കജക്കോരകംതന്നെയും വെല്ലുന്ന
112 കൊങ്കകള്‍ ചാരത്തുമവ്വണ്ണമേ.
113 ഇങ്ങനെയോരോരോ ഭംഗികള്‍ കാണുമ്പൊ
114 ളെങ്ങനെ കന്യകയെന്നു ചൊല്‍വൂ?
115 ഇന്നിവള്‍തന്നുടെ കാമുകനായൊരു
116 ധന്യനുണ്ടെന്നതു നിര്‍ണ്ണയംതാന്‍.
117 ആരോടുമിന്നിതു വാപാടീലെങ്കിലോ
118 പോരായ്മയായിട്ടു വന്നുകൂടും."
119 തങ്ങളിലിങ്ങനെ നിന്നു പറഞ്ഞുള്ളൊ
120 രംഗനമാരെല്ലാമെന്നനേരം

121 ഉത്ഭടരായിട്ടു രക്ഷികളായുള്ള
122 തത്ഭടന്മാരോടു ചെന്നു ചൊന്നാര്‍.
123 അക്ഷതരായുള്ള രക്ഷികളെല്ലാരും
124 അക്ഷണം ചൊല്ലിനാര്‍ ബാണനോടും
125 കന്യകതന്നുടെ ദൂഷകനായൊരു
126 കാമുകനുണ്ടെന്നു കേട്ടു ബാണന്‍
127 പെട്ടെന്നെഴുന്നേറ്റു മട്ടോലും വാണിതന്‍
128 കെട്ടകം തന്നിലേ ചെല്ലുംനേരം
129 പ്രദ്യുമ്നസൂനുവെക്കണ്ടുടന്‍ കോപിച്ചു
130 പെട്ടെന്നു നിന്നു പിണങ്ങിപ്പിന്നെ

131 പന്നഗപാശങ്ങള്‍കൊണ്ടവന്തന്നെയും
132 ഖിന്നനാക്കീടിനാന്‍ ബന്ധിച്ചപ്പോള്‍.
133 താനങ്ങു തന്നുടെയാലയം പൂകിനാന്‍
134 മാനവും പൂണ്ടു മദിച്ചു പിന്നെ.
135 ബന്ധനായുള്ളനിരുദ്ധനെക്കണ്ടൊരു
136 മുഗ്ദ്ധവിലോചനതാനുമപ്പോള്‍
137 കേണുതുടങ്ങിനാള്‍ ഭൂതലംതന്നിലേ
138 വീണു മയങ്ങി മയങ്ങി മേന്മേല്‍.
139 തോഴികള്‍ ചെന്നു പറഞ്ഞവള്‍തന്നുടെ
140 കോഴയും കിഞ്ചന പോക്കിനിന്നാര്‍.

141 പഞ്ജരംതന്നില്‍ നിരുദ്ധനായുള്ളൊരു
142 കഞ്ജരവൈരിതാനെന്നപോലെ
143 രുദ്ധനായുള്ളനിരുദ്ധനും കോപിച്ചു
144 ബദ്ധവിരോധനായ് നിന്നകാലം
145 ഭോജന്മാരെല്ലാരും നിദ്രയെപ്പൂണ്ടൊരു
146 രാജകുമാരനെക്കാണാഞ്ഞപ്പോള്‍
147 എങ്ങുപോലിനിവനേതുമേ മിണ്ടാതെ
148 യെങ്ങനെ പൊയ്ക്കൊണ്ടുതെന്നു നണ്ണി.
149 ഇന്നിന്നു വന്നീടുമെന്നതേ ചിന്തിച്ചു
150 നിന്നങ്ങു മേവിനാര്‍ നാലുമാസം.

151 പിന്നെയും വന്നതു കണ്ടില്ലയാഞ്ഞിട്ടു
152 ഖിന്നരായെല്ലാരും നിന്നനേരം.
153 നാരദനാകിന നന്മുനി വാരെഴും
154 ദ്വാരകതന്നിലെഴുന്നള്ളിനാന്‍.
155 യാദവന്മാരുടെയാനനം കണ്ടുടന്‍
156 ആദരവോടു പറഞ്ഞാന്‍ പിന്നെ:
157 "പ്രദ്യുമ്നസൂനുവെക്കണ്ടീലയാഞ്ഞല്ലീ
158 അത്തല്‍പിണഞ്ഞു ചമഞ്ഞു നിങ്ങള്‍ ?
159 ചേണുറ്റു നിന്നൊരു ബാണപുരം തന്നില്‍
160 ദീനനായ് നിന്നുള്ളോനിന്നു ചെമ്മെ.

161 മംഗലനായിട്ടു നിന്നവന്തന്നുടെ
162 മങ്ങാതെയുള്ളൊരു നാമമിപ്പോള്‍
163 ആദ്യമായ് നിന്നുള്ളൊരക്ഷരം കൂടാതെ
164 ആക്കിനിന്നീടിനാന്‍ പോരില്‍ ബാണന്‍
165 ബാണകുമാരികതന്നുടെ ലോചന
166 ബാണങ്ങളേറ്റു മയങ്ങുകയാല്‍.
167 അപ്പുരംതന്നുടെ പാലകനായതു
168 മുപ്പുരം വെന്നുള്ള മുക്കണ്ണന്താന്‍."
169 വൃഷ്ണികളെല്ലാരുമെന്നതു കേട്ടപ്പോള്‍
170 കൃഷ്ണനെത്തന്നെയും മുന്‍നിറുത്തി

171 മുദ്ഗരം മുമ്പായുള്ളായുധമോരോന്നേ
172 നല്ക്കരംതോറും ധരിച്ചു നന്നായ്
173 സന്നദ്ധരായി നടന്നുതുടങ്ങിനാര്‍
174 തന്നുടെ തന്നുടെ തേരിലേറി.
175 ദീനതകോലാത സേനയുമായിട്ടു
176 ബാണപുരത്തിലകത്തു പൂക്കാര്‍.
177 ആര്‍ത്തുതുടങ്ങിനാര്‍ ഭേരിയും താഡിച്ചു
178 ചീര്‍ത്തുനിന്നുള്ളൊരു കോപത്താലെ.
179 കേതുവെത്തന്നെയുമെയ്തു മുറിച്ചുടന്‍
180 ഭൂതലം തന്നിലേ വീഴ്ത്തിപ്പിന്നെ

181 നന്മതിലെല്ലാമേ തള്ളിവിട്ടീടിനാര്‍
182 വെണ്മയില്‍നിന്നുള്ള ഗോപുരവും.
183 ബാണപുരത്തിന്നു ഭംഗത്തെക്കണ്ടൊരു
184 ബാലനിശാകരശേഖരന്താന്‍
185 ഷണ്മുഖന്തന്നോടു ചൊല്ലിനിന്നീടിനാന്‍
186 ഉണ്മയായുള്ളൊരു നര്‍മ്മമപ്പോള്‍:
187 "ഒട്ടുനാളുണ്ടല്ലൊ പട്ടിണികൂടാതെ
188 മൃഷ്ടമായുണ്ണുന്നു നാമെല്ലാരും;
189 ഉന്മദരായുള്ള വൃഷ്ണികള്‍മൂലമി
190 ന്നമ്മുടെ ചോറു മുടങ്ങിതായി.

191 നല്‍ത്തെരുവിന്നുമന്നല്‍ചുരക്കണ്ടിക്കും
192 അത്തല്‍ പിണയായ്കിലുണ്ടുതാനും.
193 യോഗ്യമായുള്ളതു നോക്കിനിന്നീടാതെ
194 പോര്‍ക്കു തുനിഞ്ഞു നാം ചൊല്കയിപ്പോള്‍."
195 ഇങ്ങനെ ചൊല്ലി നല്‍ക്കാളമേലേറി നി
196 ന്നംഗജവൈരിതാനാദരവില്‍
197 കാവര്‍ണ്ണര്‍ന്തന്നോടു പോരുതുടങ്ങീനാന്‍
198 ചോറു മുടങ്ങിനാലെന്നു ഞായം.
199 ആണ്മയിലേറിന ഷമുഖന്താനുമ
200 ങ്ങാണ്മയിലേറിയണഞ്ഞു നേരേ

201 രുക്മിണീനന്ദനന്‍ ചെന്നതു കണ്ടിട്ടു
202 രുഷ്ടനായ് നിന്നു പിണഞ്ഞാനപ്പോള്‍.
203 തന്ദ്രിയേ വേറിട്ടു രോഹിണീനന്ദനന്‍
204 മന്ത്രികളോടുമങ്ങവ്വണ്ണമേ.
205 ക്ഷീണത കോലാത സാത്യകിതന്നോടു
206 ബാണനും ചെന്നു പിണങ്ങിനിന്നാന്‍.
207 സംഗരമാണ്ടുള്ള വീരന്മാര്‍തങ്ങളില്‍
208 ഇങ്ങനെ നിന്നു പിണങ്ങുംനേരം
209 അന്ധതകൈവിട്ടൊരന്ധകനാഥനും
210 അന്തകവൈരിയും നിന്നു നേരേ

211 അസ്ത്രങ്ങള്‍കൊണ്ടു കളിച്ചുതുടങ്ങിനാര്‍
212 അസ്ത്രങ്ങവിശാരദരാകയാലേ.
213 ഈരേഴു പാരിനും കാരണമായുള്ളൊ
214 രീശന്മാരിങ്ങനെ നേരിട്ടപ്പോള്‍
215 ജൃംഭിതനായിട്ടു നിന്നതു കാണായി
216 ശംഭുവെത്തന്നെയും നിന്നോര്‍ക്കെല്ലാം.
217 മൂര്‍ത്തുള്ള ബാണങ്ങള്‍ മേനിയിലേല്ക്കയാല്‍
218 വീര്‍ത്തുനിന്നീടുന്ന കാര്‍ത്തികേയന്‍
219 തന്നിലേ നണ്ണിനാ"നിങ്ങനെ നിന്നു ഞാന്‍
220 ഖിന്നനായ്മേവുവാനെന്തു മൂലം?

221 അച്ഛനു കോളല്ലയെന്നതുകൊണ്ടല്ലൊ
222 അച്ഛന്മെയ്യല്ലല്ലൊ നൊന്തതിപ്പോള്‍.
223 ചോററിന്നു വേണുന്ന വേലയോ ചെയ്തേന്‍ ഞാന്‍
224 തോറ്റുമടങ്ങിയും പോകേയുള്ളു."
225 ഇങ്ങനെ ചിന്തിച്ചു സംഗരം കൈവിട്ടാന്‍
226 നന്മയിലേറിന ഷമുഖന്താന്‍
227 മന്ത്രികള്‍ മുമ്പായ വീരന്മാരെല്ലാര്‍ക്കും
228 ബന്ധുവായ്മേവിനാനന്തകന്താന്‍.
229 മാനിയായുള്ളൊരു ബാണന്താന്‍ ചെന്നപ്പോള്‍
230 മാധവനോടു പിണഞ്ഞുനിന്നാന്‍.

231 ബാണങ്ങളെയ്തെയ്തു ബാണനെത്തന്നെയും
232 ക്ഷീണനാക്കീടിന മാധവന്താന്‍
233 തേര്‍ത്തടംതന്നെയും വീഴ്ത്തിനിന്നീടിനാന്‍
234 ആര്‍ത്തനായ് നിന്നൊരു സൂതനേയും.
235 ക്ഷീണനായ് നിന്നൊരു ബാണനേ നേര്‍ കണ്ടു
236 ബാണങ്ങള്‍ പിന്നെത്തൊടുത്തനേരം
237 നാണവും കൈവിട്ടു മാതാവുതാന്‍ വന്നു
238 ബാണന്താന്‍ പ്രാണങ്ങള്‍ പാലിപ്പാനായ്
239 അംബരംതന്നെയുമംബരമാക്കിക്കൊ
240 ണ്ടംബുജലോചനന്മുമ്പില്‍ ചെന്നാള്‍.

241 എന്നതു കണ്ടൊരു കൊണ്ടല്‍നേവര്‍ണ്ണന്താ
242 നേറിയിരുന്ന വിരാഗത്താലേ
243 പിന്തിരിഞ്ഞീടിനാന്‍ ബാണനുമന്നേരം
244 മന്ദിരംപൂകിനാന്‍ മന്ദിയാതെ.
245 ബാണന്താന്‍ തോറ്റങ്ങു പോയൊരുനേരത്തു
246 വാര്‍തിങ്കള്‍മൗലിതന്‍ വന്‍പനിയന്‍
247 രുഷ്ടനായ് ചെന്നങ്ങു വൃഷ്ണികളെല്ലാര്‍ക്കും
248 തിട്ടതിയാക്കിനാന്‍ പെട്ടെന്നപ്പോള്‍.
249 വീരന്മാരെല്ലാരും വന്‍പനി പൂണ്ടിട്ടു
250 പാരം വിറച്ചുതുടങ്ങീതപ്പോള്‍.

251 വാരുറ്റുനിന്നുള്ള വാരണയൂഥവും
252 വാജികള്‍രാശിയുമവ്വണ്ണമേ.
253 കൊണ്ടല്‍നേവര്‍ണ്ണന്താനെന്നതു കണ്ടപ്പോള്‍
254 ഇണ്ടലെപ്പോക്കുവാനിമ്പത്തോടെ
255 വീരനായുള്ളൊരു വന്‍പനിയന്തന്നെ
256 പ്പാരാതെ നിര്‍മ്മിച്ചാന്‍ പാരില്‍ നേരേ.
257 തങ്ങളില്‍ നിന്നു പിണങ്ങിനനേരത്തു
258 എങ്ങുമേ നിന്നു പൊറായ്കയാലേ
259 മുഷ്കു കളഞ്ഞു കരഞ്ഞുതുടങ്ങിനാന്‍
260 മുക്കണ്ണര്‍തന്നുടെ വന്‍പനിയന്‍.

261 നീലക്കാവര്‍ണ്ണന്റെ കാലിണ കുമ്പിട്ടു
262 പാലിച്ചുകൊള്ളേണമെന്നാന്‍ പിന്നെ.
263 മാധവന്താനപ്പോള്‍ ഭീതനായുള്ളവന്‍
264 ഭീതിയെപ്പോക്കീട്ടു നിന്നനേരം
265 തോറ്റങ്ങു പോയൊരു ബാണന്താമ്പിന്നെയും
266 ചീറ്റം തിരണ്ടു മടങ്ങിവന്നാന്‍.
267 കാവര്‍ണ്ണനോടു പിണങ്ങിനാനങ്ങവന്‍
268 കാരുണ്യം ദൂരമായ്പോകും വണ്ണം.
269 തന്നോടു നേരിട്ട ബാണനെത്തന്നെയും
270 ഖിന്നനാക്കീടിനാന്മുന്നെപ്പോലെ.

271 കൈകളും പിന്നെത്തറിച്ചുതുടങ്ങിനാന്‍
272 കൈടഭവൈരിയായുള്ള ദേവന്‍.
273 ജൃംഭിതനായൊരു ശംഭൂതാനന്നേരം
274 ജൃംഭണം നീക്കിയുണര്‍ന്നുടനെ
275 വാരിജലോചനന്‍ ചാരത്തു വന്നിട്ടു
276 വാഴ്ത്തിനിന്നമ്പോടു വാര്‍ത്ത ചൊന്നാന്‍:
277 "വല്ലായ്മ ചെയ്കിലുമെന്നുടെ ദാസനെ
278 ക്കൊല്ലൊല്ലാ കോപം കൊണ്ടെ"ന്നിങ്ങനെ
279 അംഗജവൈരിതാന്‍ ചൊന്നതു കേട്ടപ്പോള്‍
280 അംബുജലോചനന്താനും ചൊന്നാന്‍:

281 "ത്വല്‍ഭൃത്യനായിട്ടു നിന്നതുകൊണ്ടിവന്‍
282 മല്‍ഭൃത്യനായിട്ടു വന്നുകൂടി.
283 വല്ലായ്മ ചെയ്താനിന്നെങ്കിലും ബാണനെ
284 ക്കൊല്ലുന്നില്ലെന്നതും ചൊല്ലാം നേരെ
285 ദുര്‍മ്മദം പോക്കുവാന്‍ കൈകളെച്ഛേദിച്ചു ;
286 ദുര്‍മ്മദംപോയിതായെന്നുവന്നു.
287 മിഞ്ചിന ബാഹുക്കള്‍ നാലുമായിങ്ങനെ
288 നിന്‍ ചരണങ്ങളും കൂപ്പി നന്നായ്
289 പാര്‍ശ്വത്തിലാമ്മാറു നിന്നു വിളങ്ങട്ടെ
290 പാര്‍ഷദനായിനിമേലില്‍ ചെമ്മേ."

291 വാരിജലോചനനിങ്ങനെ ചൊന്നപ്പോള്‍
292 ബാണന്താന്മന്ദിരം പുക്കു നേരേ
293 രുദ്ധനായുള്ളനിരുദ്ധനെത്തന്നെയും
294 മുഗ്ദ്ധവിലോചനയോടും കൂടി
295 കാര്‍വര്‍ണ്ണങ്കൈയിലേ നല്കിനിന്നങ്ങവന്‍
296 കാലിണ കുമ്പിട്ടു കൂപ്പിനിന്നാന്‍.
297 ചീറ്റംകളഞ്ഞൊരു കാവര്‍ണ്ണനെന്നപ്പോ
298 ളേറ്റം വിളഞ്ഞിയിണങ്ങിപ്പിന്നെ
299 ആപ്തനായുളെളാരു പൗത്രനുമായിട്ടു
300 യാത്രയും ചൊല്ലി നടന്നു നേരേ.

301 തുഷ്ടന്മാരായുളള യാദവന്മാരുമായ്
302 പെട്ടന്നു ചെന്നു തന്‍ ദ്വാരകയില്‍
303 ആഗതനായനിരുദ്ധനെക്കണ്ടിട്ടു
304 മാല്‍ കളഞ്ഞീടിന ലോകരുമായ്
305 ബാണനെക്കൊണ്ടുളള വാര്‍ത്തകളോരോന്നേ
306 വാപാടിപ്പിന്നെ വിളങ്ങിനിന്നാന്‍.