1 സേവകന്മാരുടെ വേദന പോക്കുന്ന
2 ദേവകീനന്ദനനന്നൊരുനാള്
3 സൈരന്ധ്രിതന്നുള്ളില് മാരമാല്‍ പൂണ്ടുള്ള
4 വൈരസ്യം പോക്കേണമെന്നു നണ്ണി
5 ഉത്തമനായുള്ളൊരുദ്ധവര്താനുമായ്
6 മുഗ്ദ്ധവിലോചനാമന്ദിരത്തില്
7 ചെന്നുതുടങ്ങിനാര്‍ ചെന്താരില്‍മാനിനി
8 ചെവ്വോടെ കാമിച്ച കാന്തിയുമായ്.
9 കാമിച്ചുനിന്നൊരു കാമിനിതാനപ്പോള്
10 കാവര്ണ്ണന് ചെന്നതു കണ്ടനേരം
11 സന്തോഷം കൊണ്ടു തന്മെയ് മറന്നീടിനാള്
12 ചിന്തിച്ചുതേശുമ്പൊഴെന്നു ഞായം
13 മാനിനിതന്നുടെ സൂനൃതവാക്കിനാല്
14 മാനിതനായൊരു മാധവന്താന്
15 ദന്തംകൊണ്ടുള്ളൊരു കട്ടില് കരേറിനാന്‍
16 ചന്തത്തിലാമ്മാറു ചെന്നു പിന്നെ
17 വാരുറ്റുനിന്നൊരു മാരന്റെ ചൊല്ലാലെ
18 ചാരത്തു ചെന്നുടന്മെല്ലെ മെല്ലെ
19 ഔചിത്യമാണ്ടുള്ള ലീലകള്‍കൊണ്ടു തന്
20 വൈചിത്ര്യം കാട്ടിന കാമിനിതാന്
21 ആനന്ദമൂര്ത്തിയായ് നിന്നൊരു കണ്ണനെ
22 മാനിച്ചു പുല്കിനിന്നായവണ്ണം
23 ഉള്ളിലെഴുന്നുനിന്നാശയായുള്ളൊരു
24 വല്ലിയെക്കായ്പിച്ചാള് വായ്പൊടപ്പോള്.
25 കാമിനിതന്നുടെ കാമമാല്‍ പോക്കിന
26 കാര്വര്ണ്ണന്താനിങ്ങു പോന്നു പിന്നെ.
27 ചൊല്ക്കൊണ്ടു നിന്നുള്ളൊരക്രൂരമന്ദിരം
28 പുക്കു വിരുന്നൂണുമുണ്ടു പിന്നെ
29 പാര്ത്ഥന്മാര്ക്കീടിന വാര്ത്തയെക്കേള്പ്പാനായ്
30 യാത്രയാക്കീടിനാനന്നവനേ
31 വേഗത്തില്‍ പോയങ്ങു ഗാന്ദിനീനന്ദനന്‍
32 നാഗപുരംതന്നില്ചെന്നു പിന്നെ
33 കാണേണ്ടുന്നോരെയും കണ്ടുടന്മെല്ലവേ
34 താനേ പോയങ്ങനെ നിന്നനേരം
35 പാണ്ഡവമാതാവായുള്ളോരു കുന്തിതാന്‍
36 കേണവന്‍ ചാരത്തു ചെന്നു ചൊന്നാള്‍ :
37 "സിംഹങ്ങള്‍തന്നുടെ ചാരത്തുപോരുന്നോ
38 രേണങ്ങള് പോലെയെമ്പൈതങ്ങളോ
39 രാപ്പകല്‍ നിന്നങ്ങുഴയ്ക്കുന്നതോര്ക്കുമ്പോള്
40 ബാഷ്പമുണ്ടായ് വരുമേവര്ക്കുമേ.
41 വള്ളികള്‍കൊണ്ടു പിടിച്ചങ്ങു ബന്ധിച്ചു
42 തള്ളിവിട്ടീടിനാര്‍ ഗംഗതന്നില്
43 ഘോരമായുള്ള വിഷത്തെയും നല്കിനാര്
44 പോരു തുടങ്ങിന സോദരന്മാര്.
45 എങ്ങനെ നിന്നു പുലര്ന്നങ്ങുകൊള്വു ഞാ
46 നിങ്ങനെപോരുള്ള ലോകര്‍മുമ്പില്‍ ?"
47 കുന്തിതാനിങ്ങനെ ചൊന്നുള്ള വാര്‍ത്തകള്‍
48 ഒന്നൊന്നേ തന്നുള്ളിലാക്കിപ്പിന്നെ
49 വൈകാതെ പോന്നിങ്ങു വന്നവനെല്ലാമേ
50 വൈകുണ്ഠന്തന്നോടു ചൊന്നാന്‍ ചെമ്മേ.