കൃഷ്ണഗാഥ - രണ്ടാം ഭാഗം - ഖാണ്ഡവദാഹം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1 പാണ്ഡവര്‍ക്കമ്പോടു പാങ്ങായി നിന്നൊരു
2 പാഥോജലോചനനന്നൊരുനാള്‍
3 കല്യമായുളെളാരു കാലത്തെഴുന്നേറ്റു
4 കര്‍മ്മങ്ങളോരോന്നേ ചെയ്തു പിന്നെ
5 ഭോജനം പെണ്ണിയലംകൃതനായിട്ടു
6 ഭോജന്മാരോടു കലര്‍ന്നു നന്നായ്
7 ആസ്ഥാനമണ്ഡപം തന്നിലെഴുന്നളളി
8 വാഴ്ത്തുന്ന വന്ദിഗണങ്ങളുമായ്.
9 ശില്പം കലര്‍ന്നൊരു പൊല്പീഠംതന്മീതേ
10 കെല്പോടു ചെന്നങ്ങിരുന്ന നേരം

11 സാത്യകിമുമ്പായ മന്ത്രികള്‍ മാനിച്ചു
12 സാത്വികഭൂഷണവേഷന്മാരായ്
13 ചാരത്തു ചെന്നു പറഞ്ഞുതുടങ്ങിനാര്‍
14 കാര്യങ്ങളോരോന്നേ ചേരുംവണ്ണം
15 അത്തല്‍ കളഞ്ഞുളള നര്‍ത്തകന്മാരെല്ലാം
16 നൃത്തം തുടങ്ങിനാര്‍ നീതിയോടെ.
17 ഗാനം തുടങ്ങിനാര്‍ ഗായകന്മാരെല്ലാം
18 ആനന്ദമുളളിലിയറ്റുംവണ്ണം
19 ആദൃതരായുളെളാരാരണരെല്ലാരും
20 ആശിയും ചൊന്നങ്ങു നിന്നനേരം

21 പണ്ടെന്നും കാണാതൊരുത്തനെക്കാണായി
22 കൊണ്ടല്‍നേര്‍വര്‍ണ്ണന്‍െറ മുന്നലപ്പോള്‍.
23 എങ്ങുനിന്നിങ്ങനെ വന്നു നീയിന്നിപ്പോള്‍
24 എന്തൊരു കാരിയം ചിന്തിച്ചെന്നും
25 ചോദിച്ചനേരത്തു ചൊല്ലിനിന്നീടിനാര്‍
26 മാധവന്തന്നോടു ദൂതനപ്പോള്‍:
27 "മാഗധന്തന്നാലെ കെട്ടുപെട്ടീടുന്ന
28 മന്നവരെല്ലാരും ചൊല്കയാലേ
29 വേഗത്തില്‍ പോന്നിങ്ങു വന്നിതു ഞാനിപ്പോള്‍
30 വേദന പോക്കുവാന്‍ തമ്പുരാനെ !

31 "ദ്വാരകതന്നില്‍ നീ പാരാതെ ചെന്നീന്നു
32 വാരിജലോചനനോടു ചൊല്‍വൂ:
33 വമ്പുകലര്‍ന്നൊരു മാഗധനെങ്ങളേ
34 അമ്പുവെടിഞ്ഞു പിടിച്ചു നേരെ
35 അന്തകമന്ദിരംതന്നെയും വൊന്നൊരു
36 ബന്ധനമന്ദിരംതന്നിലാക്കി
37 അല്ലല്പെടുക്കുന്നതിങ്ങനെയെന്നതു
38 ചൊല്ലാവതല്ലേതും തമ്പുരാനേ!
39 ചങ്ങലപൂണ്ടെങ്ങള്‍ പാദങ്ങളെല്ലാമേ
40 ചെങ്ങിയരഞ്ഞങ്ങു പാതിയായി.

41 എണ്ണയാകുന്നതു കണ്ണുനീരല്ലൊതാന്‍
42 തണ്ണീരാകുന്നതും കണ്ണനീരേ.
43 ഉണ്കയെന്നുളെളാരു വാര്‍ത്തയുമിന്നെല്ലാം
44 ഉണ്മയെച്ചൊല്കില്‍ മറന്നുതായി.
45 ചൊല്ക്കൊണ്ടു നിന്നുള്ള നല്‍ക്കൂറയെല്ലാമേ
46 ദിക്കുകളായ് വന്നു മിക്കവാറും
47 രക്ഷികളാകിന ശൂരന്മാരുണ്ടെങ്ങും
48 ഭക്ഷിപ്പാനായിട്ടു നിന്നപോലെ.
49 പാരിച്ചുനിന്നുളള ചൂരലുമായവര്‍
50 ഘോരത ചിന്തിച്ചു കാണ്കിലിപ്പോള്‍

51 യാമ്യന്മാരായുളള ദൂതന്മാരെല്ലാമേ
52 സൗമ്യന്മാരെന്നങ്ങു വന്നുകൂടും.
53 ഇത്തരമോരോന്നെ സത്വരം ചൊല്കിലാം
54 വിസ്തരിച്ചെന്തു പറഞ്ഞു കാര്യം?
55 വേണുന്നതെല്ലാമേ ചൊല്ലിതായല്ലൊതാന്‍
56 വേദന പൂണ്ടുളെളാരെങ്ങളിപ്പോള്‍.
57 കാതരന്മാരായ ഞങ്ങളെത്തൊട്ടിനി
58 ക്കാരുണ്യമുണ്ടാവാന്‍ കാലമായി.
59 പാരാതെയെങ്ങളെപ്പാലിച്ചുകൊളേളണം
60 പാഥോജലോചന ! തമ്പുരാനെ !"

61 മന്നവരെല്ലാരുമിങ്ങനെ ചൊല്‍കയെ
62 ന്നെന്നോടു ഖിന്നരായ് ചൊല്ലിവിട്ടു.
63 ഒത്തതു ചെയ്കിനി നിത്യനായുളേളാവേ !
64 ഭക്തപരായണാ ! തമ്പുരാനേ !
65 ദൂതനായുളളവനിങ്ങനെ ചൊല്ലുമ്പോള്‍
66 ദൂരവേ കാണായി വീണയുമായ്
67 നാരദനാകിന നന്മുനി വന്നതു
68 വാരിജവല്ലഭനെന്നപോലെ.
69 കാണുന്ന ലോകര്‍തര്‍ പാണികളായൊരു
70 പങ്കജപാളിക്കു തിങ്കളായി

71 വന്നതു കണ്ടൊരു വാരിജലോചനന്‍
72 ചെന്നണഞ്ഞമ്പിനോടാദരവില്‍
73 പൊന്മയമായൊരു വിഷ്ടരം തന്മീതേ
74 സന്മതിയോടങ്ങിരുത്തിപ്പിന്നെ
75 യോഗ്യമായുളെളാരു പൂജയെച്ചെയ്തിട്ടു
76 "ഭാഗ്യവാന്‍ ഞാനിനി"യെന്നു ചൊന്നാല്‍
77 പൂജിതനായൊരു നാരദനെന്നപ്പോള്‍
78 പൂതനവൈരിതന്നോടു ചൊന്നാന്‍:
79 "ധാര്‍മ്മികനായൊരു ധര്‍മ്മജന്‍ചൊല്ലാല്‍ ഞാന്‍
80 കാണ്മതിന്നായിട്ടു വന്നതിപ്പോള്‍.

81 പാരാതെയുണ്ടൊരു കാരിയം വേണ്ടുന്നൂ
82 കാരിയമാകുന്നതെന്തെന്നല്ലീ?
83 യജ്ഞത്തെച്ചെയ്കയിലിച്ഛയുണ്ടേറ്റവും;
84 യജ്ഞമാകുന്നതു രാജസൂയം.
85 ദിഗ്ജയം വേണമതിനെന്നു ചിന്തിച്ചു
86 സജ്ജ്വരനായിട്ടു മേവുന്നിപ്പോള്‍.
87 പാരാതെ ചെന്നതു പൂരിക്കവേണമേ
88 പോരായ്മ വാരാതവണ്ണമെന്നാല്‍."
89 നാരദനിങ്ങനെ ചൊന്നതു കേട്ടൊരു
90 വാരിജലോചനന്‍ ചിന്തിച്ചപ്പോള്‍

91 ഉദ്ധവര്‍തമ്മോടുകൂടി നിരൂപിച്ചി
92 ട്ടുത്തമമായതുറച്ചു പിന്നെ
93 മന്നവന്മാരുടെ ദൂതനെത്തന്നെയും
94 ഖിന്നത പോക്കിയയച്ചു നേരേ.
95 നാരദന്‍ ചൊല്ലിന കാരിയം പൂരിപ്പാന്‍
96 നാനാജനങ്ങളുമായിച്ചെമ്മേ
97 യാത്ര തുടങ്ങിനാര്‍ വാര്‍ത്താരില്‍മാതെത്തന്‍
98 ഗാത്രത്തില്‍ ചേര്‍ക്കുന്ന ഭാഗ്യമുളേളാന്‍.
99 ധന്യങ്ങളായുളള ദേശങ്ങളോരോന്നേ
100 പിന്നിട്ടു പിന്നിട്ടു പോയിപ്പോയി.

101 പാണ്ഡവമന്ദിരംതന്നുടെ ചാരത്തു
102 പാരാതെ ചെന്നങ്ങണഞ്ഞുതായി
103 തോയജലോചനന്‍ വന്നതു കേട്ടപ്പോള്‍
104 തോയുന്ന തോഷത്തെപ്പൂണ്ടു മേന്മേല്‍
105 മംഗലപാണികളായിട്ടു ചെന്നങ്ങു
106 സംഗമിച്ചീടിനാര്‍ പാണ്ഡവന്മാര്‍.
107 കല്മഷം വേരറ്റു നിര്‍മ്മലനായിട്ടു
108 സമ്മതനായൊരു ധര്‍മ്മജന്താന്‍
109 കൊണ്ടല്‍നേര്‍വര്‍ണ്ണനെക്കണ്ടൊരു നേരത്തു
110 മണ്ടിയണഞ്ഞു പിടിച്ചു പൂണ്ടാന്‍.

111 ഉണ്ടായ മോദത്താല്‍ തൊണ്ടയും കമ്പിച്ചു
112 മിണ്ടുവാന്‍ വല്ലാതെ നിന്നാനൊട്ടേ.
113 ഭീമന്‍തുടങ്ങിന സോദരന്മാരുമ
114 ങ്ങാമോദംപൂണ്ടു പിടിച്ചു പൂണ്ടാര്‍.
115 പിന്നെയങ്ങെല്ലാരുമൊന്നിച്ചു നിന്നിട്ടു
116 ധന്യമാം മന്ദിരം പൂകുംനേരം
117 കാര്‍വര്‍ണ്ണന്തന്നുടെ കാന്തിയെക്കാണ്മാനായ്
118 കാമിച്ചുനിന്നുളള കാമിനിമാര്‍
119 ചാലകംപൂണ്ടുളള മാടങ്ങള്‍തന്മീതേ
120 ചാലച്ചെന്നെല്ലാരും നിന്നു നന്നായ്

121 കണ്ണുകളുണ്ടായ കാരിയം പാരാതെ
122 പുണ്യങ്ങള്‍ പൂണ്ടു ലഭിച്ചാരപ്പോള്‍.
123 ധര്‍മ്മജന്തന്നുടെ സമ്മാനം പൂണ്ടുളെളാ
124 രംബുജലോചനനെന്ന നേരം
125 പങ്കജം വെല്ലുന്ന പാദങ്ങള്‍കൊണ്ടങ്ങും
126 മംഗലംചെയ്താനമ്മന്ദിരത്തില്‍.
127 ഒട്ടുനാളിങ്ങനെ തുഷ്ടിയും പൂണ്ടുനി
128 ന്നിഷ്ടരുമായി വസിക്കുംകാലം
129 പാണ്ഡവവീരനാം പാര്‍ത്ഥനും താനുമായ്
130 ഖാണ്ഡവമാകിന കാനനത്തില്‍

131 പോയങ്ങു പൂകിനാന്‍ തോയജലോചനന്‍
132 നായാട്ടുലീലയെക്കോലുവാനായ്.
133 കാനനം പൂകിന കാര്‍മുകില്‍വര്‍ണ്ണന്താന്‍
134 യാനം കൊണ്ടുണ്ടായ ദീനം പോവാന്‍
135 സത്സംഗിയായ ധനഞ്ജയന്തന്നുടെ
136 ഉത്സംഗംതന്നില്‍വച്ചുത്തമാംഗം
137 മുദ്രിതലോചനനായിക്കിടന്നിട്ടു
138 നിദ്രയെപ്പൂണ്ടു തുടങ്ങുംനേരം
139 കാനനംതന്നെദ്ദഹിപ്പതിന്നായിട്ടു
140 കാംക്ഷ മുഴുത്തൊരു വഹ്നിയപ്പോള്‍

141 വീരനായുളള ധനഞ്ജയന്തന്നോടു
142 വിപ്രനായ് ചെന്നു പറഞ്ഞാല്‍ മെല്ലെ;
143 "ക്ഷുത്തുകൊണ്ടേറ്റവും ദീനനാകുന്നു ഞാന്‍
144 ക്ഷുത്തിനെത്തീര്‍പ്പോരെക്കണ്ടില്ലെങ്ങും.
145 ഭക്ഷണം തന്നുനിന്നിക്ഷണമെന്നുടെ
146 കുക്ഷിയെപ്പൂരിച്ചു രക്ഷിക്കണം."
147 പാവകനിങ്ങനെ ചൊന്നതു കേട്ടൊരു
148 പാണ്ഡവീരനും ചൊന്നാനപ്പോള്‍:
149 "സജ്ജനപൂജയെച്ചെയ്വതിനായല്ലൊ
150 സജ്ജനായുളളു ഞാന്‍ പണ്ടുപണ്ടേ.

151 ഇച്ഛയെച്ചൊല്ലിനാലിപ്പൊഴെ നല്കവ
152 നച്യുതന്തന്നുടെ പാദത്താണ."
153 തങ്ങളിലിങ്ങനെ ചൊന്നൊരു നേരത്തു
154 പങ്കജനാഭനുണര്‍ന്നു നന്നായ്
155 സാരാനായുളെളാരു പാര്‍ത്ഥന്‍െറ ചൊല്‍ കേട്ടി
156 ട്ടാരണനല്ലിവന്‍ വഹ്നിയെന്നാന്‍.
157 വഹ്നിയെന്നിങ്ങനെ കേട്ടൊരു പാര്‍ത്ഥനും
158 വന്ദിച്ചുനിന്നു പറഞ്ഞപ്പോള്‍:
159 "ഭാഗ്യവാനെങ്കില്‍ ഞാന്‍ നിന്നുടെ വാഞ്ഛിതം
160 മാര്‍ഗ്ഗമായ് നല്കുന്നുതുണ്ടു ചൊന്നാല്‍.

161 ഇന്നതു വേണമെന്നുളളതു ചൊല്ലേണം"
162 എന്നതു കേട്ടൊരു വഹ്നി ചൊന്നാന്‍:
163 "വാനവര്‍കോനുടെ കാപ്പായിനിന്നൊന്നി
164 ക്കാനനമെന്നതോ കേള്‍പ്പുണ്ടല്ലൊ.
165 എന്നതുകൊണ്ടു ഞാന്‍ കണ്ടു കൊതിക്കുന്നൂ
166 തിന്നിതു നല്കുകില്‍ നന്നായിതും."
167 എന്നതു കേട്ടൊരു പാര്‍ത്ഥനും ചൊല്ലിനാന്‍
168 നന്ദജന്തന്മുഖം നോക്കിയപ്പോള്‍
169 പാവകന്തന്നോടു "നിന്നുടെ വാഞ്ഛിതം
170 പാരാതെ പൂരിക്ക"യെന്നിങ്ങനെ.

171 പാവകന്താനതു കേട്ടൊരു നേരത്തു
172 പാരിച്ചുനിന്നാരു മോദത്താലേ
173 കാനനംതന്നെദ്ദഹിച്ചുതുടങ്ങിനാന്‍
174 വാനവര്‍കോനെയും പേടിയാതെ.
175 പൊട്ടിപ്പൊരിഞ്ഞുളെളാരൊച്ചകൊണ്ടേറ്റവും
176 ഞെട്ടിച്ചുനിന്നുടനാശയെല്ലാം.
177 ഭീമങ്ങളായുളള ധൂമങ്ങളന്നേരം
178 വ്യോമത്തിലെങ്ങുമേ പൊങ്ങിനിന്നു
179 നാകത്തില്‍ച്ചെന്നങ്ങു വാസവന്തന്നോടു
180 വേഗത്തില്‍ ചൊല്ലുവാനെന്നപോലെ.

181 ഘോരങ്ങളായുളള സിംഹങ്ങളെല്ലാമെ
182 പാരം കരഞ്ഞുതുടങ്ങീതപ്പോള്‍
183 വാനിലിരുന്നൊരു വാസവന്തന്നെയി
184 ക്കാനനം നിന്നു വിളിക്കുംപോലെ.
185 ചൂടേറ്റു നിന്നുളെളാരേണങ്ങളെല്ലാമേ
186 ചാടിത്തുടങ്ങീതു നാലുപാടും
187 ദേഹത്തെക്കൈവിട്ടു പോക്കുന്ന വായുക്കള്‍
188 ദേഹത്തിന്നുളളില്‍നിന്നെന്നപോലെ.
189 ഭീതങ്ങളായുളള മാതംഗയൂഥങ്ങള്‍
190 സിംഹങ്ങള്‍ നിന്നേടം ചെന്നണഞ്ഞു.

191 സാമാന്യനായൊരു വൈരി വരുംനേരം
192 വാമന്മാര്‍ തങ്ങളില്‍ ചേര്‍ന്നു ഞായം.
193 വേകുന്ന ദാരുവെക്കൈവിട്ടു മറ്റൊന്നില്‍
194 വേഗത്തില്‍ച്ചാടീതു വാനരങ്ങള്‍
195 അറ്റൊരു ദേഹത്തെക്കൈവിട്ടു ദേഹിതാന്‍
196 മറ്റൊരു ദേഹത്തില്‍ ചാടുമ്പോലെ.
197 മാഴ്കിനിന്നീടുന്ന സൂകരയൂഥങ്ങള്‍
198 പോകരുതാഞ്ഞു മടങ്ങിപ്പിന്നേ
199 പാവകന്തന്നോടുകൂടിതായെല്ലാമേ
200 ഭാവനചെയ്കയാലെന്നപോലെ

201 ഓടിവരുന്നൊരു വന്തീയെക്കണ്ടിട്ടു
202 പേടിച്ചു പായുന്ന വമ്പുലികള്‍
203 തങ്ങളെക്കണ്ടുളള ഗോക്കള്‍തന്‍ വേദന
204 യിങ്ങനെയെന്നതറിഞ്ഞുതപ്പോള്‍.
205 ചൂഴുറ്റു വന്നൊരു പാവകന്തന്നുടെ
206 ചൂടുറ്റുനിന്നു കരഞ്ഞു മേന്മേല്‍
207 ചാട്ടം തുടങ്ങിന കാട്ടുമൃഗങ്ങള്‍ക്കു
208 കൂട്ടരേയൊന്നുമേ വേണ്ടീലപ്പോള്‍
209 അന്ത്യത്തിലങ്ങു വനസ്ഥരായുളേളാര്‍ക്കു
210 ബന്ധുവിരാഗമോ ചേരുമല്ലൊ

211 ദര്‍പ്പം കലര്‍ന്നുളള സര്‍പ്പങ്ങളെല്ലാം തന്‍
212 മസ്തകം ചാലപ്പരത്തിനിന്നു.
213 വേവുറ്റു മേവുമക്കാനനം കൈകൊണ്ടു
214 പാവകന്തന്നെ വിലക്കുംപോലെ
215 വ്യഗ്രങ്ങളായുള്ള കേകികള്‍ പീലിത
216 ന്നഗ്രങ്ങള്‍ ചൂഴും നിറന്നുതപ്പോള്‍
217 വാനവര്‍നായകന്‍ വാരാഞ്ഞതെന്തെന്നു
218 കാനനം നോക്കുന്നുതെന്നപോലെ.
219 കോകിലനാദമോ കേഴുന്ന നേരത്തും
220 കോമളമായിട്ടേ വന്നുതത്രേ.

221 മാധുര്യമാണ്ടവര്‍ ചാകുന്നനേരത്തും
222 ചാതുര്യം കൈവിടായെന്നുവന്നു.
223 വേവുറ്റുനിന്നുളള വേതണ്ഡയൂഥമ
224 പ്പാവകന്തന്നിലേ മുങ്ങുംനേരം
225 പൊങ്ങിനിന്നീടുന്ന തുമ്പിക്കരങ്ങളേ
226 യെങ്ങുമേ കാണാനായി നീളെയപ്പോള്‍
227 ആരഭ്യമായൊരു ബാണഗൃഹത്തിന്റെ
228 വാരുറ്റ തൂണുകളെന്നപോലെ.
229 പുഷ്ടനായുളെളാരു പാവകനിങ്ങനെ
230 തുഷ്ടനായ് നിന്നു കളിക്കുംനേരം

231 കാട്ടിലേ നിന്നുളള ജീവങ്ങള്‍ക്കെല്ലാമെ
232 കോട്ടനാളന്നു മുടിഞ്ഞുകൂടി.
233 പാണ്ഡവവീരന്‍െറ വമ്പിനാലിങ്ങനെ
234 ഖാണ്ഡവകാനനം വേകുംനേരം.
235 അക്ഷതനായൊരു തക്ഷകന്തന്നുടെ
236 രക്ഷകനായ പുരന്ദരന്താന്‍
237 മെല്ലവേ കേട്ടുനിന്നുളളിലറിഞ്ഞിട്ടു
238 തളളിയെഴുന്നൊരു കോപത്താലേ
239 വാരിദജാലങ്ങളോടു കലര്‍ന്നുടന്‍
240 മാരിയെപ്പെയ്യിച്ചു പോന്നുവന്നാന്‍.

241 ദീനത കൈവിട്ടു ദൂരത്തുനിന്നൊരു
242 കാനനം തന്നിലോ പാവകന്താന്‍,
243 വെന്തതു കാണ്ക പുരന്ദരമാനസം
244 ചിന്തിച്ചു കാകില്‍ വിചിത്രമത്രെ.
245 സ്ഫീതമായുളെളാരു വൃഷ്ടിയെക്കണ്ടിട്ടു
246 ഭീതനായ് ചൊല്ലിനാര്‍ വീതിഹോത്രന്‍:
247 "കഷ്ടമായ് വന്നതേ വൃഷ്ടിയെക്കണ്ടാലും
248 നഷ്ടമായ്പോകുന്നതുണ്ടു ഞാനോ."
249 എന്നതു കേട്ടൊരു പാണ്ഡവവീരന്താന്‍
250 ഏതുമേ പേടിയായ്കെന്നു ചൊല്ലി

251 ഉമ്പര്‍കോന്തന്നുടെ വമ്പിനെപ്പോക്കുവാന്‍
252 അമ്പുകള്‍കൊണ്ടു ഗൃഹം ചമച്ചാന്‍
253 പാരിച്ചു പെയ്യുന്ന മാരിതാനേതുമെ
254 ചോരാതവണ്ണമടച്ചു നന്നായ്.
255 എന്നതു കണ്ടു പിണങ്ങിനാമ്പിന്നെയ
256 ന്നിന്നൊരു മന്നവന്തന്നോടപ്പോള്‍.
257 വാനവര്‍നാഥനക്കാനനംതന്നുടെ
258 പാലനം വല്ലീലയൊന്നു കൊണ്ടും.
259 ദര്‍പ്പിതരായുളള ദാനവന്മാരുടെ
260 ശില്പിയായുളള മയന്താനപ്പോള്‍

261 പാവകന്തന്നില്‍ പതിച്ചൊരു നേരത്തു
262 പാലിച്ചുകൊണ്ടാനവ്വാസവിതാന്‍.
263 പാലിച്ചുകൊണ്ടതുമൂലമായങ്ങവന്‍
264 നീലക്കാര്‍വര്‍ണ്ണന്തന്‍ ചൊല്ലിനാലെ
265 വൈരികളായോര്‍ക്കു ഭൂതലമെല്ലാമേ
266 വാരിയെന്നിങ്ങനെ തോന്നുംവണ്ണം
267 ആശ്ചര്യമായുളെളാരാസ്ഥാനമന്ദിരം
268 കാഴ്ചയായ് നല്കിനാന്‍ ധര്‍മ്മജന്നും.
269 ചിന്തിച്ചതെല്ലാമേ ബന്ധിച്ചുനിന്നിട്ടു
270 സന്തുഷ്ടനായൊരു വഹ്നി പിന്നെ

271 പാണ്ഡരമായുളള വാജികള്‍തന്നെയും
272 ഗാണ്ഡീവമാകുന്ന ചാപത്തെയും
273 ശൗണ്ഡതതന്നാലെ ഖാണ്ഡവം നല്കിന
274 പാണ്ഡവനായിക്കൊടുത്താനപ്പോള്‍.
275 പാവകന്‍ നല്കുമപ്രാഭൃതംതന്നെയും
276 പാരാതെ വാങ്ങുമപ്പാര്‍ത്ഥനപ്പോള്‍
277 സുന്ദരമായൊരു നന്ദജമ്പിന്നാലെ
278 മന്ദിരംതന്നിലകത്തു പൂക്കാന്‍.