1 നോറ്റുകിടന്നൊരു നന്ദന്താന്മെല്ലെമെ
2 ല്ലാറ്റിലേ മുങ്ങുവാന്‍ പോയനേരം
3 കാലം പുലര്ന്നുതുടങ്ങുന്നതിന്മുമ്പേ
4 ചാലപ്പോയ് ചെന്നതു കണ്ടുകൊണ്ട്
5 പാശിതന്‍ ദൂതനായുള്ളൊരു ദാനവന്‍
6 പാരാതെ ബന്ധിച്ചു കൊണ്ടുപോയാന്‍
7 നന്ദനെക്കാണാഞ്ഞു നിന്നൊരു ഗോപന്മാര്
8 നന്ദനനാകിയ കണ്ണനോട്
9 ചെന്നങ്ങു ചൊല്ലിനാര്‍ "മുങ്ങിന നേരത്തു
10 നന്ദനെക്കണ്ടില്ല"യെന്നിങ്ങനെ
11 അച്യുതന്താനും തന്നച്ഛനെക്കാണ്മാനാ
12 യിച്ഛപൂണ്ടന്നേരം കാളിന്ദിയില്‍
13 വേഗത്തില്‍ ചെന്നങ്ങു തേടിത്തുടങ്ങിനാന്
14 വേദത്തെപ്പണ്ടുതാനെന്നപോലെ
15 വാരിയിലെങ്ങുമേ കാണാഞ്ഞനേരത്തു
16 വാരിധിപാലകനുള്ളിടത്തും
17 നേരേ പോയ് ചെന്നു തുടങ്ങിനാന്‍ മെല്ലവേ
18 കാരുണ്യവാരിധിയായവന്താന്
19 വാരിജലോചനന്‍ വന്നതു കണ്ടപ്പോള്‍
20 വാരിധിപാലകന് പാരാതെതാന്‍
21 മുമ്പിലെ നല്കിനാന് നന്ദനെത്തന്നെയും
22 കുമ്പിട്ടുകൂപ്പിനിന്നമ്പില് ചൊന്നാന്‍:
23 "നിന്നുടെ ചേവടി ചാരത്തു കാണ്മാനായ്
24 നന്ദനെ ഞാനിങ്ങു കൊണ്ടുപോന്നു
25 അച്ഛനെക്കൊണ്ടുപോന്നത്തല്പിണച്ചായെ
26 ന്നിച്ഛ പിഴയ്ക്കൊല്ലാ തമ്പുരാനെ!"
27 ഇങ്ങനെ ചൊല്ലി നന്മുത്തുകളെക്കൊണ്ടും
28 പൊങ്ങിന രത്നങ്ങള്‍കൊണ്ടും പിന്നെ
29 പൂജിച്ചുനിന്നവനുള്ളിലേ മോദത്തെ
30 പ്പൂരിച്ചാന് പാശിയുമായവണ്ണം.
31 പൂജിതനായൊരു ദേവകിനന്ദനന്‍
32 പോവതിനായിത്തുനിഞ്ഞു പിന്നെ.
33 അച്ഛനും താനുമായാദരവോടുടന്
34 ഇച്ഛയില്‍ പോന്നിങ്ങു വന്നനേരം
35 ഗോപന്മാരെല്ലാരുമത്ഭുതമായ് നന്ദ
36 ഗോപരെച്ചെന്നങ്ങു കണ്ടാരപ്പോള്‍.
37 ദീനയായുള്ള യശോദയുമന്നേരം
38 മാനിച്ചു നോക്കിനാള്‍ നന്ദന്തന്നെ
39 തോയത്തില്‍ കണ്ടുള്ളവസ്ഥകളോരോന്നേ
40 തോയേശന്തന്റെ സമൃദ്ധിയേയും
41 വല്ലവനാഥനാം നന്തന്താന് നന്നായി
42 ചൊല്ലിനാന്മെല്ലെമെല്ലെല്ലാരോടും
43 വിഘ്നമകന്നുള്ള ഗോപന്മാരെല്ലാരും
44 വിസ്മയമാണ്ടുനിന്നൊട്ടുനേരം
45 കാര്വര്ണ്ണന്തന്നോടു കൂടിക്കലര്ന്നുതന്
46 കാരിയമോരോന്നില് കൈതുടര്ന്നാര്