കൃഷ്ണഗാഥ - രണ്ടാം ഭാഗം - കുമാരഷള്‍ക്കാനയനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1 ദീനത നീക്കി വസിച്ചുനിന്നീടുന്നൊ
2 രാനകദുന്ദുഭിയന്നൊരുനാള്‍
3 വന്ദിച്ചുനിന്നുള്ള നന്ദനന്മാരെക്ക
4 ണ്ടുന്നിച്ചു നിന്നവര്‍ കര്‍മ്മമെല്ലാം
5 ശാശ്വതവാക്കുകളാശ്രയിച്ചീടുന്നൊ
6 രീശ്വരന്മാരെന്ന ബോധത്താലേ
7 പുത്രരെന്നുള്ളൊരു ചിത്തവും കൈവിട്ടു
8 ഭക്തിയെപ്പൂണ്ടു പുകണ്ണുനിന്നാന്‍.
9 ഉണ്മയെക്കണ്ടുള്ളൊരച്ഛനോടന്നേരം
10 തന്മകനാകിന നിര്‍മ്മലന്താന്‍

11 വന്മോഹം പോക്കുന്ന വാക്കുകള്‍ ചൊന്നവ
12 ന്നുന്മേഷം പൊങ്ങിച്ചാനുള്ളിലേറ്റം.
13 നന്ദനന്‍ ചൊന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കയാല്‍
14 മന്ദത നീക്കിയുണര്‍ന്നു പിന്നെ
15 ആനന്ദംപൂണ്ടുള്ളൊരാനകദുന്ദുഭി
16 ദീനത തീര്‍ത്തു തെളിഞ്ഞുനിന്നാന്‍.
17 പാവനയായിട്ടു മേവിനിന്നീടുന്ന
18 ദേവകിദേവിതാനന്നൊരുനാള്‍
19 പാതകമാണ്ടൊരു മാതുലമ്പണ്ടുതാന്‍
20 ചേതന പോക്കിന പൈതങ്ങളേ

21 ചിന്തിച്ചു ചിന്തിച്ചു സന്തതമങ്ങനെ
22 വെന്തുവെന്തീടുന്നൊരുള്ളവുമായ്
23 കാര്‍വര്‍ണ്ണന്തന്നോടു ചൊല്ലിനിന്നീടിനാള്‍
24 കാതരയായിക്കനിഞ്ഞു തിണ്ണം:
25 "ദേശികന്തന്നുടെ പൈതലെപ്പണ്ടു നീ
26 കൂശാതെ കൊണ്ട്വന്നു നല്കിനാന്‍പോല്‍.
27 നിന്നുടെ മാതുലന്‍ കൊന്നുകളഞ്ഞുള്ളൊ
28 രെന്നുടെ ബാലകന്മാരെക്കാണ്മാന്‍
29 ഏറിയിരുന്നുള്ളൊരാശയുണ്ടാകുന്നു
30 ഏതുമൊന്നാവതോയില്ലയല്ലൊ.

31 നിങ്കനിവുണ്ടാകിലെങ്കലെഴുന്നൊരു
32 വാങ്കൊതി തീര്‍ത്തുകൊള്ളായിരുന്നു."
33 അമ്മതാനിങ്ങനെ ചൊന്നതു കേട്ടുള്ളൊ
34 രംബുജലോചനനന്നടേ പോയ്
35 സീരിയും താനുമായ് പാതാളലോകത്തു
36 പാരാതെ ചെന്നങ്ങു നിന്നനേരം
37 വന്നതു കണ്ടു മഹാബലിതാനപ്പോള്‍
38 വന്ദിച്ചുനിന്നു പുകണ്ണു പിന്നെ
39 വന്നതിങ്കാരണമെന്തെന്നു ചോദിച്ചാന്‍
40 എന്നതു കേട്ടു മുകുന്ദന്‍ ചൊന്നാന്‍:

41 മാതാവിന്‍വേദന പോക്കുവാനായിട്ടി
42 പ്പാതാളലോകത്തു പോന്നുവന്നു
43 വഞ്ചകനായൊരു കഞ്ചന്തങ്കോപത്താല്‍
44 പഞ്ചത പൂണ്ടുള്ള പൈതങ്ങളേ
45 അഞ്ചാതെ കൊണ്ടുപോയമ്മതങ്കൈയിലേ
46 ചെഞ്ചെമ്മേ നല്കേണമിന്നുതന്നെ.
47 നാന്മുഖന്തന്നുടെ ശാപത്തെക്കൊണ്ടവര്‍
48 ചാമ്മാറു വന്നു പിറന്നു പണ്ടേ.
49 താപംത്തത്തൂകുന്നൊരാപത്തായുള്ളൊരു
50 ശാപത്തെത്തീര്‍ക്കയും വേണമിപ്പോള്‍."

51 ഇങ്ങനെ ചൊന്നവന്‍ പൈതങ്ങളാറോടും
52 ഇങ്ങു പോന്നീടുവിനെന്നു ചൊല്ലി
53 സീരിയും താനുമായ് പാരാതെ പോന്നു താന്‍
54 ദ്വാരകതന്നിലേ വന്നു പിന്നെ
55 കൈതവം കൈവിട്ടു പൈതങ്ങളാറുമ
56 മ്മാതാവിങ്കൈയിലേ നല്കിനിന്നാന്‍.
57 തന്നുടെ പൈതങ്ങള്‍ വന്നതു കണ്ടപ്പോള്‍
58 ധന്യയായുള്ളൊരു ദേവകിതാന്‍
59 നന്മുഖംതന്നിലേ ചുബിച്ചുനിന്നു തന്‍
60 നന്മുലതന്നെയും നല്കിനിന്നാള്‍.

61 മൂര്‍ക്ക്വനായുള്ളൊരു കംസനെച്ചിന്തിച്ചു
62 ദീര്‍ഘമായ് വീര്‍ത്തു പൂണര്‍ന്നു പിന്നെ
63 കാണാഞ്ഞുനിന്നുള്ള വേദനതന്നെയും
64 ക്ഷീണമാക്കീടിനാള്‍ പേടി നീക്കി
65 കന്മഷവൈരിയായ് നിന്നു വിളങ്ങിനോ
66 രംബുജനേത്രനെക്കാണ്കയാലേ
67 നന്മുലയുണ്ണുന്ന ബാലകരെല്ലാരും
68 നല്ലരായ് വന്നതും കാണായ്യപ്പോള്‍.
69 ചാരത്തുനിന്നൊരു വാരിജലോചനന്‍
70 വാരുറ്റ പാദങ്ങള്‍ കൂപ്പിപ്പിന്നെ

71 സ്വര്‍ഗ്ഗത്തില്‍ പോകുന്നായെന്നങ്ങു ചൊന്നുടന്‍
72 നിര്‍ഗ്ഗമിച്ചീടിനാരഗ്രജന്മാര്‍.
73 സ്വര്‍ഗ്ഗതരായുള്ള ബാലരെക്കണ്ടു നിര്‍
74 വ്യഗ്രയായുള്ളൊരു ദേവകിതാന്‍
75 വിഷ്ണുവിന്‍ മായയെന്നിങ്ങനെ ചിന്തിച്ചു
76 വിസ്മിതയായി വിളങ്ങിനിന്നാള്‍.