കൃഷ്ണഗാഥ - രണ്ടാം ഭാഗം - രുക്മിണീസ്വയംവരം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1 ലീലയായ് നിന്നു നല്‍പാരിടമേഴിന്നും
2 പാലകന്മാരായ മാധവന്മാര്‍
3 വാരുറ്റുനിന്നൊരു യൗവനംപൂണ്ടു തന്‍
4 ദ്വാരകതന്നില്‍ വസിക്കുംകാലം
5 രൈവതനായുള്ള മന്നവന്തന്നുടെ
6 രേവതിയാകുന്ന നന്മകളേ
7 മേന്മ കലര്‍ന്നൊരു രാമന്നു നല്കിനാന്‍
8 നാന്മുഖന്തന്നുടെ ചൊല്ലിനാലേ.
9 . . . . . . . . . . . . . . . . . . . . . . .
10 ഭീഷ്മകനെന്നൊരു മന്നവനുണ്ടായാന്‍

11 ഗ്രീഷ്മമായ് നിന്നുള്ളോന്‍ വൈരികള്‍ക്കും.
12 കുണ്ഡിനമാകിന മന്ദിരംതന്നുടെ
13 മണ്ഡനമായി വിളങ്ങുംകാലം
14 രുക്മിതുടങ്ങിന മക്കളുമുണ്ടായി
15 രുക്മിണിയെന്നൊരു കന്യകയും.
16 കന്യകയുണ്ടായി ഭീഷ്മകനെന്നങ്ങു
17 മന്നവരെല്ലാരും കേട്ടനേരം
18 പ്രാജ്ഞന്മാരായുള്ള ലോകരെയെല്ലാമേ
19 പ്രാശ്നികന്മാരെയുംകൊണ്ടു ചെമ്മെ
20 ചോദിച്ചനേരത്തു ചൊല്ലിനാരെല്ലാരും:

21 "സാധിച്ചാന്‍ ഭീഷ്മകന്‍ വേണ്ടതെല്ലാം.
22 ഇങ്ങനെയുള്ളൊരു മംഗലജന്മത്തെ
23 എങ്ങുമേ കണ്ടീല ഞങ്ങളെന്നും.
24 ജാനകീദേവിയുമിങ്ങനെയുള്ളൊരു
25 നാളു പിറന്നീലയെന്നു ചൊല്ലാം.
26 ശീലങ്ങളൊന്നൊന്നേ ചിന്തിച്ചു കാണുമ്പോള്‍
27 പാലാഴിമാതോടു നേരായ് നില്ക്കും
28 കാന്തിയെ വാഴ്ത്തീടാമെന്നങ്ങു നണ്ണി നി
29 ന്നാന്ധ്യത്തെക്കോലേണ്ടയാരുമിപ്പോള്‍.
30 ബാലപ്പോര്‍കൊങ്കയിമ്മാറിടംതന്നിലേ

31 ചാലപ്പോയ്പൊങ്ങി വിളങ്ങുമന്നാള്‍
32 ദഗ്ദ്ധനായുള്ളൊരു മന്മഥന്താനുമി
33 മ്മുഗ്ദ്ധികമൂലമായ് മേലിലുണ്ടാം.
34 ഇന്നിവള്‍തന്നുടെ കാന്തനായ് മേവുന്ന
35 ധന്യനെക്കണ്ടീല മന്നിലെങ്ങും.
36 നാന്മുഖന്‍ നിര്‍മ്മിച്ചു പോരുന്നോരാരുമി
37 ന്നാരിക്കു കാന്തനായ് വന്നുകൂടാ;
38 ഈരേഴു ലോകങ്ങള്‍ പാലിച്ചുപോരുന്ന
39 വീരന്നു ഭാര്യയായ് വന്നുകൂടും
40 ഇങ്ങനെയുള്ളൊരു നേരത്തുതാനിവള്‍

41 മംഗലയായിപ്പിറന്നു മന്നില്‍."
42 എന്നങ്ങു ചൊന്നവര്‍ പോയൊരു നേരത്തു
43 മന്നവരെല്ലാരും തന്നുള്ളിലേ
44 "പാരാതെ ചെന്നു പറഞ്ഞിവള്‍തന്നെയെന്‍
45 ഭാര്യയായ്ക്കൊള്ളേണം മുമ്പിലേ നാം"
46 ഇങ്ങനെ നണ്ണിനാര്‍നല്ലതു കാണുമ്പൊ
47 ളങ്ങനെയല്ലൊതാന്‍ തോന്നി ഞായം.
48 മെല്ലെമെല്ലങ്ങു വളര്‍ന്നുതുടങ്ങിനാള്‍
49 ഉല്ലസിച്ചുള്ളൊരു കന്യകതാന്‍
50 ശ്വേതമായുള്ളൊരു പക്ഷത്തിലീടിന

51 നൂതനനായൊരു തിങ്കള്‍പോലെ.
52 കാമുകരായുള്ള മന്നവരെല്ലാരും
53 കോമളരായ് വന്നു കണ്ടു കണ്ടു
54 രുക്മിണീമേനി കൊതിച്ചുതുടങ്ങിനാര്‍
55 കഗ്മളം കണ്ടുള്ള വണ്ടുപോലെ.
56 അല്ലിനേ വെല്ലുവാന്‍ വല്ലുമാപ്പൂഞ്ചായാല്‍
57 വില്ലിനേ വെല്ലുവാന്‍ വല്ലും ചില്ലി.
58 മന്മഥന്തന്നുടെ ജന്മമായുള്ളൊരു
59 കണ്മുനതന്നിലേ മെല്ലെ മെല്ലെ
60 ചേണുറ്റു നിന്നൊരു നാണവും പ്രേമവും

61 കാണായിവന്നുതേ നാളില്‍നാളില്‍.
62 വായ്പോടു തഞ്ചിന പുഞ്ചിരിത്തൂമത
63 ന്നോപ്പക്കല്ലായൊരു ചോരിവായ്മേല്‍
64 വമ്പുപൊഴിഞ്ഞു നല്‍ക്കാമുകരുള്ളത്തില്‍
65 കമ്പം തുടങ്ങീതു മെല്ലെ മെല്ലെ.
66 താര്‍ത്തേനേ വെല്ലുന്ന വാര്‍ത്തതന്‍ വൈഭവം
67 വാഴ്ത്താവല്ലേതുമേ പാര്‍ത്തുകണ്ടാല്‍,
68 പങ്കജനേര്‍മുഖി തന്മുഖം കണ്ടിട്ടു
69 തിങ്കളെന്നുള്ളൊരു ശങ്കയാലേ
70 പീയുഷംചെന്നു നിറഞ്ഞു വഴിഞ്ഞതു

71 പെയ്യുന്നു പയ്യവേയെന്നു തോന്നും.
72 അംഗജന്‍കോലുന്ന കോദണ്ഡന്തന്നുടെ
73 ടങ്കാരംതാനെന്നും ചൊല്ലുന്നോര്‍ പൊല്‍
74 ആനനംതന്നുടെ കാന്തിയെ വാഴ്ത്തുവാന്‍
75 ആവോരില്ലാരുമിപ്പാരിലിപ്പോള്‍.
76 തിങ്കളേ നിര്‍മ്മിച്ചാന്‍ പങ്കജം നിര്‍മ്മിച്ചാന്‍
77 പങ്കജസംഭവന്‍ പണ്ടുപണ്ടേ
78 എന്തിതെന്നിങ്ങനെ ചിന്തിച്ചുനിന്നു ഞാ
79 നന്ധനായ്പോയിനേനിത്രനാളും;
80 രുക്മിണിതന്മുഖമിങ്ങനെ നിര്‍മ്മിപ്പാന്‍

81 അഭ്യസിച്ചാനെന്നതിന്നറിഞ്ഞു
82 കമ്രമായുള്ളൊരു കണ്ഠത്തെ ഞാനിന്നു
83 കംബുവെന്നിങ്ങനെ ചൊല്ലുന്നില്ലേ;
84 മാധവന്തന്മുഖചുംബനമേശിനാല്‍
85 പാരാതെ ചൊല്ലുന്നൂതുണ്ടു പിന്നെ
86 ബാലികതന്നുടെ ബാഹുക്കള്‍ രണ്ടുമോ
87 മാലോകര്‍മാനസം ബന്ധിപ്പാനായ്
88 മാരന്നു നല്ലൊരു വല്ലിയായ് നിന്നിട്ടു
89 പാരം വിളങ്ങുന്നൂതെന്നു ചൊല്ലാം.
90 വാരുറ്റു നിന്നൊരു ബാലികതന്നുടെ

91 ബാലപ്പോര്‍കൊങ്കകള്‍ കണ്ണെടുത്തൂ
92 എങ്ങളില്‍ ചേരുന്ന മാറെന്നും വന്നീല
93 തെന്തെന്നു നോക്കുവാനെന്നപോലെ.
94 കാമ്യമായുള്ളൊരു തൂനടുവിന്നൊരു
95 സാമ്യമില്ലെന്നതോ വന്നുകൂടാ:
96 നീവാരംതന്നുടെ ശൂകമെന്നാകിലാം.
97 ആകാശംതാനെന്നും ചൊല്ലുകിലാം.
98 ശൈശവം പോമ്മുമ്പേ യൗവനംതാന്‍ വന്നു
99 പേശിത്തുടങ്ങീതമ്മേനിതന്നില്‍,
100 കാമന്താനെന്നതു കണ്ടൊരു നേരത്തു

101 സീമയിട്ടീടിനാനെന്നപോലെ.
102 മംഗലയായൊരു രോമാളിതാന്‍ വന്നു
103 പൊങ്ങിത്തുടങ്ങീതു ഭംഗിയോടേ.
104 കാമുകന്മാരുടെ കണ്മുനയോരോന്നേ
105 കാമിച്ചു ചെന്നു തറയ്ക്കയാലേ
106 ഭിന്നമായെന്നകണക്കെ വിളങ്ങുന്നു
107 രമ്യമായുള്ള നിതംബബിംബം.
108 കാണുന്നോരെല്ലാര്‍ക്കും കൈകൊണ്ടു മെല്ലവേ
109 ലാളിപ്പാനായിട്ടു തോന്നുകയാല്‍
110 ഉള്‍ക്കമ്പം നല്കിനോരൂരുക്കള്‍തന്നെയോ

111 പൊല്‍കമ്പമെന്നല്ലോ ചൊല്ലേണ്ടുന്നു.
112 ചെങ്കല്‍തന്നോടു ചേര്‍ച്ച പൂണ്ടീടുന്നു
113 പങ്കജമെന്നതു ചേരുമിപ്പോള്‍
114 അംബോജലോചനനമ്പുറ്റ കൈകൊണ്ടു
115 സംഭാവിച്ചല്ലൊതാന്‍ പണ്ടേയുള്ളൂ,
116 ഇന്ദീരാനേരൊത്ത സുന്ദരിയിങ്ങനെ
117 മന്ദിരംതന്നിലിരിക്കുംകാലം
118 മാലോകരന്നന്നു വന്നുവന്നോതുന്ന
119 മാധവന്തന്നുടെ കാന്തിയെല്ലാം
120 കേട്ടുകേട്ടമ്പോടു മാനസം പോയങ്ങു

121 ചാട്ടം തുടങ്ങിതേ നാളില്‍ നാളില്‍.
122 ആരാലും വന്നതു കാണുന്ന നേരത്തു
123 പാരാതെ പോയ് ചെല്ലും ചാരത്തപ്പോള്‍.
124 കാര്‍മുകില്‍വര്‍ണ്ണന്റെ വാര്‍ത്തയെക്കേള്‍ക്കാമെ
125 ന്നാമോദമാവോളം പൂണ്ടു പൂണ്ട്
126 എങ്ങാനും പോകുന്ന പാന്ഥന്മാരോടെല്ലാം
127 ഇങ്ങു വന്നീടാമോയെന്നു ചൊല്ലും.
128 യാദവന്മാരെന്നുതന്നെയും കേള്‍ക്കുമ്പൊ
129 ളാദരം പൂണ്ടു ചിരിക്കും ചെമ്മേ
130 ബാലപ്പൂമേനി വളര്‍ന്നു തുടങ്ങുമ്പോള്‍

131 നീലക്കാര്‍വര്‍ണ്ണനില്‍ പ്രേമവായ്പും
132 കൂടിക്കലര്‍ന്നു വളര്‍ന്നുതുടങ്ങീത
133 ന്നീലക്കാര്‍വേണിക്കു മെല്ലെ മെല്ലെ.
134 മുല്ലപ്പൂബാണനുമെന്നതു കണ്ടിട്ടു
135 ചെല്ലത്തുടങ്ങീതു മെല്ലെ മെല്ലെ.
136 വില്ലു കുലച്ചു നല്ലമ്പും തൊടുത്തിട്ടു
137 മുല്ലപ്പൂവേണിതന്മുന്നില്‍ ചെമ്മേ
138 ശൈശവമായതു പോയീലയെന്നിട്ടു
139 യൗവനം പാര്‍ത്തുടന്‍ നിന്നു കാമന്‍.
140 നാലഞ്ചു മാസങ്ങളങ്ങനെ ചെന്നപ്പോള്‍

141 പാലഞ്ചും വാണിമാര്‍ മൗലിമാല
142 കേവലയായൊരു ദേവിയെപ്പൂജിച്ചു
143 സേവതുടങ്ങീനാളായവണ്ണം:
144 "അംബികേ! നിന്നുടെ ചെമ്പൊല്‍പ്പദങ്ങളെ
145 ക്കുമ്പിട്ടു കൂപ്പുന്നേന്‍ തണ്പെടായ്വാന്‍.
146 കാര്‍വര്‍ണ്ണന്തന്നെയെങ്കാന്തനായ് നല്കുന്ന
147 കാരുണ്യം പാരാതെ നല്കേണമേ."
148 ഇങ്ങനെ ചൊല്ലി നമസ്ക്കരിച്ചീടിനാള്‍
149 മംഗലയായുള്ള ദേവിതന്നെ.
150 അങ്ങനെ പോരുന്ന മംഗലാതങ്കലേ

151 ശൃംഗാരംവന്നങ്ങു വേരുറച്ചു:
152 കാമുകരുള്ളമക്കാമിനിമൂലമായ്
153 കാമമാല്‍ പൂണ്ടതു ചൊല്ലവേണ്ടാ.
154 രുക്മിണിതന്നുടെ കാന്തിയെക്കണ്ടുള്ള
155 മൈക്കണ്ണിമാരെല്ലാം മാഴ്കി മാഴ്കി
156 ആണുങ്ങളായാവൂ നാമെല്ലാമെന്നുള്ളൊ
157 രാശയെപ്പൂണ്ടാരേ വേണ്ടുംവണ്ണം.
158 സ്വര്‍വേശ്യമാരായ് നിന്നുവര്‍ശിമുമ്പായി
159 ഗര്‍വ്വിതമാരായ മാതരെല്ലാം
160 മാനിനിതന്നുടെ കാന്തിയെക്കണ്ടിട്ടു

161 മാനുഷിമാരായ നാരിമാരില്‍
162 മേന്മേലെ നിന്നൊരു കൂറുണ്ടിവന്നെന്നു
163 നാന്മുഖനോടു വഴക്കു പൂണ്ടാര്‍.
164 ലാവണ്യംതന്നുടെ സാരമായ്നിന്നുള്ളൊ
165 രോമനയായൊരു ബാലികതാന്‍
166 കാണുന്നോരെല്ലാര്‍ക്കും കണ്ണിന്നു നല്ലൊരു
167 പീയൂഷമായിട്ടേ മേവുംകാലം
168 പണ്ഡിതനായൊരു നാരദനന്മുനി
169 കുണ്ഡിനംതന്നിലെഴുന്നള്ളിനാന്‍.
170 മാമുനി വന്നതു കണ്ടൊരു നേരത്തു

171 മന്നവന്‍ ചെന്നങ്ങു വന്ദിച്ചപ്പോള്‍
172 വിഷ്ടരംമുമ്പായ പൂജയെച്ചെയ്തിട്ടു
173 തുഷ്ടിയെച്ചേര്‍ത്തു വണങ്ങിച്ചൊന്നാന്‍:
174 "ചേവടി കണ്ടു തൊഴേണമെന്നിങ്ങനെ
175 കേവലം നണ്ണി ഞാന്‍ നിന്നുതിപ്പോള്‍
176 എന്നുടെ കന്യകയായോരു ബാലിക
177 തന്നുടെ മംഗലം ചിന്തിപ്പാനായ്.
178 ഭോഗ്യമായുള്ളൊരു ഭാഗ്യമിയന്നിട്ടു
179 യോഗ്യനായുള്ളതിവള്‍ക്കിന്നാര്‍ പോല്‍?"
180 എന്നങ്ങു ചൊല്ലുമ്പോള്‍ കന്യക മെല്ലവേ

181 വന്നങ്ങു നിന്നാള്‍താന്‍ വന്ദിപ്പാനായ്.
182 തങ്കഴല്‍ കൂപ്പിന കന്യകതന്നുടെ
183 മംഗലമായുളെളാരംഗംതന്നെ
184 കാരുണ്യമാണ്ടൊരു കകൊണ്ടു നോക്കീട്ടു
185 നാരദന്‍ പാരാതെ ചൊന്നാനപ്പോള്‍
186 "ഭാഗ്യമിയന്ന നിങ്കന്യകതന്നുടെ
187 യോഗ്യനായുള്ളോനെച്ചൊല്ലുന്നേന്‍ ഞാന്‍,
188 കാമ്യമായുള്ളൊരു മാണിക്യക്കല്ലുതാന്‍
189 കാഞ്ചനംതന്നോടു ചേരുംപോലെ
190 കാര്‍വര്‍ണ്ണന്തന്നോടു പാരാതെ ചേരേണം

191 കാന്തിയെപ്പൂണുമിക്കന്യകയും."
192 നാരദനിങ്ങനെ ചൊന്നൊരുനേരത്തു
193 നാരികള്‍മൗലിയാം ബാലികതാന്‍
194 ഭൂതലംതന്നില്‍ വരച്ചു ചമച്ചുള്ള
195 രേഖകളെണ്ണിനാള്‍ മെല്ലെ മെല്ലെ,
196 നന്മയായുള്ള പൊഴുതിനെക്കാണായി
197 നന്മയെപ്പൂണ്ടുള്ളോര്‍ക്കെന്നു ഞായം.
198 കോള്‍മയിര്‍ക്കൊണ്ടതു കാണുമെന്നോര്‍ത്തിട്ടു
199 തോഴിയെത്തേടി നടന്നാള്‍ പിന്നെ.
200 മാമുനി ചൊല്ലിന തൂമൊഴി മന്നവന്‍

201 മാനിച്ചു ചൊല്ലിനാനെല്ലാരോടും.
202 രുക്മിണിതന്നുടെ സോദരനായൊരു
203 രുക്മിതാന്‍ ചൊല്ലിനാനെന്നനേരം:
204 "മാതുലന്തന്നെയും കൊന്നങ്ങു നിന്നിട്ടു
205 പാതകമാണ്ടൊരു പാഴനെന്നും,
206 പാവനമായൊരു വൈദികമന്ത്രത്തെ
207 പ്പാദജന്മാവിന്നു നല്കുംപോലെ,
208 സോദരിയായൊരു രുക്മിണിതന്നെ ഞാന്‍
209 ആദരവോടു കൊടുക്കയില്ലേ;
210 നിര്‍മ്മലനായൊരു ചൈദ്യനു നല്കേണം

211 സന്മതിയാളുമിക്കന്യതന്നെ."
212 ഇങ്ങനെ ചൊന്നുടന്‍ ചേദിപന്തങ്കലേ
213 തങ്ങിനിന്നിടും ഗുണങ്ങളെല്ലാം
214 മുഗ്ദ്ധവിലോചന കേള്‍ക്കവേ പിന്നെയും
215 ചിത്തവിലോഭനമായിച്ചൊന്നാന്‍:
216 "വേദ്യങ്ങളായുള്ള സല്‍ഗുണമെല്ലാമേ
217 ചേദ്യനിലല്ലൊ വിളങ്ങുന്നിപ്പോള്‍.
218 ബന്ധുവായുള്ളതു മാഗധന്താനല്ലൊ
219 ദന്തവക്ത്രാദികളുണ്ടു പിന്നെ.
220 വീരതകൊണ്ടു മറ്റാരുമില്ലിങ്ങനെ

221 ശൂരതകൊണ്ടുമങ്ങവ്വണ്ണമേ.
222 കാന്തിയെക്കാണുമ്പോള്‍ കാമനുമഞ്ചിടും,
223 പൂന്തേനേ വെല്ലുമത്തൂമൊഴിയും.
224 വിത്തങ്കൊണ്ടോര്‍ക്കുമ്പോള്‍ വിത്തേശന്‍താനല്ലോ
225 ഇത്തരമാര്‍ക്കുമേയെത്തിക്കൂടാ.
226 വഞ്ചകനായൊരു നാരദന്‍ചൊല്ലാലെ
227 വഞ്ചിതരാകൊല്ല നിങ്ങളാരും.
228 ശാന്തന്മാരല്ലാത യാദവന്മാരോടു
229 ബാന്ധവമില്ല നമുക്കു പണ്ടേ."
230 ഇത്തരം ചൊല്ലിനാന്‍ മുഗ്ദ്ധികതന്നുടെ

231 ചിത്തമച്ചേദിപന്തങ്കലാവാന്‍.
232 രുക്മിതാനിങ്ങനെ ചൊന്നുള്ള വാര്‍ത്തകള്‍
233 രുക്മിണി കേട്ടങ്ങു നിന്നനേരം
234 ഉജ്ജ്വലിച്ചീടുന്നൊരുന്മുകജാലങ്ങള്‍
235 നല്‍ച്ചെവി പൂകുന്നൂതെന്നു തോന്നി,
236 ഭീഷ്മകന്തന്നുടെ ചിത്തവുമന്നേരം
237 ഊഷ്മമായ് വന്നുതേ മെല്ലെ മെല്ലെ,
238 മറ്റുള്ള ലോകര്‍ക്കും പറ്റിത്തുടങ്ങീതു
239 ചുറ്റുമവന്തങ്കലുള്ളതെല്ലാം.
240 മന്നവന്താനും മറ്റുള്ളവരെല്ലാരും

241 ഖിന്നന്മാരായ്പിന്നെപ്പോയനേരം
242 സോദരന്‍ ചൊല്ലാലങ്ങോരോരോ നാരിമാര്‍
243 ആദരമോടു പറഞ്ഞു നന്നായ്
244 ചൈദ്യനിലങ്ങവള്‍മാനസം പൂകിപ്പാന്‍
245 വൈദ്യം തുടങ്ങിനാര്‍ വാക്കുകൊണ്ടേ
246 കീഴ്പെട്ടു ചാടുന്ന വന്‍നദീവെള്ളത്തെ
247 മേല്പെട്ടു പോക്കുവാനെന്നപോലെ.
248 നാരിമാര്‍ചൊല്ലെല്ലാം ബാലികതാനപ്പോള്‍
249 ചാരത്തുനിന്നങ്ങു കേട്ടതോറും
250 കൊണ്ടല്‍നേര്‍വ്വര്‍ണ്ണനില്‍ ചെല്ലുന്ന മാനസം

251 പണ്ടേതിലേറ്റവുമുണ്ടായ്വന്നു
252 കല്പകപ്പൂമലര്‍ നണ്ണിന വണ്ടുതാന്‍
253 മറ്റൊരു പൂവില്‍ മെരിങ്ങുമോതാന്‍.
254 സാധിച്ചുകൂടാതെ കാരിയമെന്നവര്‍
255 ബോധിച്ചുനിന്നങ്ങു പോയനേരം
256 മന്നിടമെങ്ങുമേ ചൊല്ലിയന്നീടുമ
257 ക്കന്യകതന്നുള്ളിലോര്‍ച്ച പുക്കു;
258 കാമനും വന്നു കതിര്‍ത്തുതുടങ്ങിനാന്‍
259 കാമിനിതന്നോടു പിന്നെപ്പിന്നെ
260 മുറ്റുമിക്കണ്ണനെച്ചിന്തിക്കയെന്നിയേ

261 മറ്റുള്ള ചിന്തകള്‍ മാറിക്കൂടി.
262 കന്യകതന്നുള്ളില്‍ കാമമാല്‍ പൂണ്ടിട്ടു
263 ഖിന്നതയുണ്ടെന്നു കണ്ടനേരം
264 ചങ്ങാതിമാരായ മങ്കമാരെല്ലാരും
265 തങ്ങളില്‍ക്കൂടി പറഞ്ഞാരപ്പോള്‍:
266 "ബാലികതന്നുടെ മാനസംതന്നിലേ
267 മാലിന്നു മൂലമറിഞ്ഞായോ നീ?
268 നാലഞ്ചു നാളുണ്ടു പാലഞ്ചുംവാണിതന്‍
269 കോലം മെലിഞ്ഞുതുടങ്ങീതിപ്പോള്‍.
270 രമ്യങ്ങളായുള്ളതൊന്നുമേ കാണുമ്പോള്‍

271 ഉന്മേഷം കാണുന്നൂതില്ല ചെമ്മേ.
272 വീണയെക്കൊണ്ടുള്ള ഗാനവും മാറിതാ
273 യൂണും കുറഞ്ഞു തുടങ്ങിതായി.
274 കണ്ണാടി വെന്ന കവിള്‍ത്തടംതന്നെയും
275 തിണ്ണം വിളര്‍ത്തിന്നു കാണാകുന്നു.
276 നീളത്തില്‍വന്നുള്ള വീര്‍പ്പുകളേല്ക്കയാല്‍
277 മേളത്തെപ്പോക്കുന്നു ചോരിവായും
278 ചൂടുപൊഴിഞ്ഞുള്ളൊരാതപമേല്ക്കയാല്‍
279 വാടുന്ന ചെന്തളിരെന്നപോലെ.
280 ഭൂഷണംതന്നിലും ഭാഷണംതന്നിലും

281 ദ്വേഷമായ്ക്കാണുന്നു നാളില്‍ നാളില്‍.
282 ചെഞ്ചെമ്മേ നാം ചെന്നു നര്‍മ്മങ്ങളോതുമ്പോള്‍
283 പുഞ്ചിരിതൂകുന്നോളല്ല ചെമ്മേ.
284 കോണിലങ്ങെങ്ങാനും താനേ പോയ് നിന്നിട്ടു
285 കേണുതുടങ്ങുന്നോള്‍ മെല്ലെ മെല്ലെ.
286 മാനിനിതന്നുടെ മാനസംതന്നെയി
287 മ്മാരനിന്നാരാനും തീനിട്ടാരേ.
288 നാരദന്‍ വന്നിങ്ങു പോയതില്‍പ്പിന്നെയി
289 ന്നാരിക്കു മാനസം വേറൊന്നായി.
290 കണ്ണടച്ചീടുകില്‍ തന്നിലേ മെല്ലവേ

291 കണ്ണാ! എന്നിങ്ങനെ ചൊല്ലിക്കേള്‍ക്കാം.
292 നീണ്ടുള്ള കൈകൊണ്ടു കൊങ്കകള്‍തന്മീതെ
293 പൂണ്ടുകൊള്ളുന്നതും കാണാമപ്പോള്‍.
294 തൂവിയര്‍പ്പേന്തിന പൂമേനിതന്നിലേ
295 കോള്‍മയിര്‍ക്കൊണ്ടതും കാണാം ചെമ്മേ.
296 പൂഞ്ചേലതാനുമയഞ്ഞു ചമഞ്ഞതും
297 കാഞ്ചി മുറിഞ്ഞതും കാണാം ചെമ്മേ.
298 മറ്റുമുണ്ടിങ്ങനെ കാണുന്നൂ"തെപ്പോള്‍
299 മറ്റൊരു മാനിനി ചെല്ലിനാള്‍താന്‍:
300 "മാനിനിതന്നുടെ മാലിന്നു വന്നൊരു

301 കാരണം കണ്ടുതായെങ്കിലിപ്പോള്‍.
302 മംഗലമല്ലോതാനിങ്ങനെ വന്നതു
303 മങ്കമാര്‍മൗലിയാം ബാലയ്ക്കിപ്പോള്‍;
304 ചൊല്പെറ്റു നിന്നൊരു മുല്ല പോയ് ചേരുവാന്‍
305 കല്പകദാരുവോടല്ലൊ വേണ്ടു.
306 വീരനായ്പോരുന്ന സോദരന്‍ ചൊല്ലാലെ
307 ചേരോടു ചേരുമാറാക്കൊല്ലാതെ."
308 ഇങ്ങനെ ചൊന്നുള്ള തോഴിമാരെല്ലാരും
309 കന്യകതന്നുടെ മുന്നില്‍ ചെന്ന്
310 മാലിന്നു കാരണം ചോദിച്ചുനിന്നാര

311 മ്മാനിനിതന്നൊടു ഖിന്നമാരായ്:
312 "മാലിനിതന്നുള്ളില്‍ മാലുണ്ടെന്നിങ്ങനെ
313 മാലോകരെല്ലാരും ചൊല്ലുന്നിപ്പോള്‍.
314 മാരമാലെന്നതു തോഴിമാരായിട്ടു
315 പോരുന്ന ഞങ്ങള്‍ക്കു തോന്നിക്കൂടീ.
316 ധന്യനായുള്ളൊരു സുന്ദരന്തന്നിലേ
317 നിന്നുടെ മാനസം ചെന്നുതായി
318 ആരിതെന്നുള്ളതു പാരാതെ ചൊല്ലണം
319 പാരിലെ നാരിമാര്‍നായികേ! നീ."
320 തോഴിമാരിങ്ങനെ ചോദിച്ചനേരത്തു

321 കോഴപൂണ്ടീടുന്ന കോമളതാന്‍
322 ധീരത ഭാവിച്ചു ചൊല്ലിനിന്നീടിനാള്‍
323 ചാരത്തുനിന്നുള്ളോരെല്ലാരോടും:
324 "ഈശ്വരന്തന്നെയൊഴിഞ്ഞു മന്മാനസം
325 ആശ്രയിച്ചില്ല മറ്റാരെയുംതാന്‍.
326 രാപ്പകലുള്ളൊരു പാഴ്പനികൊണ്ടു ഞാന്‍
327 വായ്പു കുറഞ്ഞു മെലിഞ്ഞുതിപ്പോള്‍.
328 എന്നതുകൊണ്ടല്ലീ മന്മഥമാലെന്നു
329 നിങ്ങള്‍ നിനയ്ക്കുന്നു തോഴിമാരേ?"
330 മാരമാല്‍തന്നെയും മൂടിനിന്നിങ്ങനെ

331 മാനിനി മന്ദമായ് ചൊല്ലുംനേരം
332 കൂട്ടില്‍ കിടന്നൊരു ശാരികപ്പൈതല്‍താന്‍
333 പാട്ടായിച്ചൊന്നതു കേള്‍ക്കായപ്പോള്‍:
334 "ദൈവമേ നിങ്കഴല്‍ കൈതൊഴുന്നീടുന്നേന്‍
335 കൈവെടിഞ്ഞീടൊല്ലായെന്നെയെന്നും
336 ദേവകീനന്ദനന്തന്നുടെ മെയ്യോടു
337 കേവലം ചേര്‍ക്കണമെന്നെയും നീ."
338 ഇങ്ങനെ കേട്ടോരു തോഴിമാരെല്ലാരും
339 തങ്ങളില്‍ നോക്കിച്ചിരിച്ചു ചൊന്നാര്‍:
340 "കേളാതതെല്ലാമേ ചൊല്ലിത്തുടങ്ങീതേ

341 മേളത്തില്‍ നമ്മുടെ ശാരികതാന്‍.
342 ശാരികപ്പൈതല്ക്കു കാര്‍വര്‍ണ്ണന്തന്നിലേ
343 മാരമാലുണ്ടായിതെന്നേ വേണ്ടു."
344 ശാരികപ്പൈതലെക്കോപിച്ചു നോക്കിനാള്‍
345 വാരിജലോചന പാരമപ്പോള്‍.
346 കന്യകതന്നുടെ കോപത്തെക്കൊള്ളാതെ
347 പിന്നെയും നിന്നതു ചൊല്ലീതപ്പോള്‍:
348 "കാണുന്നോര്‍ കണ്ണിന്നു പീയൂഷമായൊരു
349 കാര്‍വര്‍ണ്ണന്തന്നുടെ മേനിതന്നെ
350 കകൊണ്ടു കണ്ടു ഞാനെന്നുപോലെന്നുടെ

351 സങ്കടം പോക്കുന്നു തമ്പുരാനേ!"
352 ചങ്ങാതിമാരായ മങ്കമാരെല്ലാരും
353 മങ്ങാതെ നിന്നങ്ങു ചൊന്നാരപ്പോള്‍:
354 "പാഴമപൂണ്ടൊരു ശാരികപ്പൈതലേ!
355 പാരാതെ പോകേണം ദൂരത്തിപ്പോള്‍;
356 എങ്ങാനും പോകുന്ന കാര്‍വണ്ണന്തന്നെക്കൊ
357 ങ്ങിങ്ങനെ ചൊല്ലുവാനെന്തു ഞായം
358 ഇല്ലാതതിങ്ങനെ ചൊല്ലിത്തുടങ്ങിനാള്‍
359 ഉള്ളതെന്നിങ്ങനെ തോന്നുമല്ലൊ."
360 കാര്‍വര്‍ണ്ണനെന്നൊരു നാമത്തെക്കേട്ടപ്പോള്‍

361 വേറൊന്നായ്ക്കാണായി ഭാവമെല്ലാം
362 കാമിനിതന്നുടെ കോമളമേനിയില്‍
363 കോള്‍മയിര്‍ക്കൊണ്ടുതുടങ്ങി ചെമ്മേ.
364 "പാഴ്പനികൊണ്ടല്ലീ കോള്‍മയിര്‍ക്കൊള്ളുന്നു
365 വായ്പെഴുന്നീടുമിമ്മെയ്യിലിപ്പോള്‍?
366 രോമങ്ങള്‍തന്നോടു കോപിക്ക വേണ്ടാതോ
367 ശാരികപ്പൈതലോടെന്നപോലെ?"
368 പുഞ്ചിരിതൂകിനാരിങ്ങനെ ചൊന്നവര്‍
369 അഞ്ചാതെനിന്നവള്‍തന്നെ നോക്കി.
370 ചഞ്ചലലോചനതാനുമന്നേരത്തു

371 പുഞ്ചിരി കിഞ്ചന തൂകിനിന്നാള്‍.
372 പിന്നെയും ചൊല്ലിനാര്‍ തോഴിമാരെല്ലാരും
373 കന്യകതന്മുഖംതന്നെ നോക്കി:
374 "ചൊല്ലേണ്ടതെല്ലാമേ ചെല്ലിതായല്ലൊ നാം
375 നല്ലതു ചിന്തിപ്പൂവെന്നേ വേണ്ടു.
376 താര്‍ത്തേന്താന്‍ ചെന്നിട്ടു പീയൂഷംതന്നോടു
377 ചേര്‍ച്ച തുടങ്ങുന്നുതെന്നപോലെ
378 കാര്‍വര്‍ണ്ണന്തന്നോടു നിന്നുടെ ചേര്‍ച്ചയും
379 കാണ്മതിന്നെങ്ങള്‍ക്കു വാഞ്ഛയുണ്ടേ."
380 തോഴിമാരിങ്ങനെ ചൊന്നൊരു നേരത്തു

381 തോഷത്തെപ്പൂണ്ടൊരു ബാലികതാന്‍
382 പെട്ടെന്നു ചെന്നു പിടിച്ചങ്ങു പുല്കിനാള്‍
383 ഇഷ്ടത്തെക്കേള്‍ക്കുമ്പൊളെന്നു ഞായം.
384 പിന്നെയുമെല്ലാരും ധന്യയായുള്ളൊരു
385 കന്യകതന്നോടു ചൊന്നാരപ്പോള്‍:
386 "നിന്നുടെ കാന്തിയെക്കേട്ടൊരു കാര്‍വര്‍ണ്ണന്‍
387 പിന്നെയിന്നെന്നെ വെടിഞ്ഞുപോമോ?
388 പൂമണം കേട്ടൊരു കാര്‍വണ്ടു പിന്നെയ
389 പ്പൂമലരെന്നിയേ തീണ്ടുമോതാന്‍?"
390 ഇങ്ങനെ ചൊല്ലിയക്കന്യകതന്നുടെ

391 പൊങ്ങിന വേദന പോക്കിനിന്നാര്‍.
392 കണ്ണനെത്തിണ്ണംതന്നുള്ളിലേ നണ്ണിയ
393 ക്കന്യകയിങ്ങനെ മേവുംകാലം
394 "ചേദിപനായൊരു വീരന്നു ഞാനിന്നു
395 ചൊവ്വോടെ നല്കേണമെന്മകളേ"
396 എന്നങ്ങു ചൊല്ലി മുതിര്‍ന്നുതുടങ്ങിനാന്‍
397 കുണ്ഡിനപാലകനായ വീരന്‍.
398 എന്നതു കേട്ടൊരു കന്യകതാനപ്പോള്‍
399 മുന്നേതിലേറ്റവും ഖിന്നയായി
400 എന്തിനി നല്ലതെന്നിങ്ങനെ ചിന്തിച്ചു

401 സന്താപംപൂണ്ടങ്ങു നിന്നു പിന്നെ
402 ആപ്തനായ്നിന്നുള്ളൊരാരണന്തന്നോട
403 ങ്ങാത്തവിഷാദയായ് നിന്നു ചൊന്നാള്‍:
404 "ചേദിപനായൊരു കാലന്തന്‍ കൈപുക്കു
405 വേദന പൂണുമാറായി ഞാനോ
406 നീണ്ടൊരു വേഴ്ചയെപ്പൂണ്ടൊരു നീയിന്നു
407 വീണ്ടുകൊള്ളേണമേയെന്നെയിപ്പോള്‍.
408 പാരാതെ ചൊല്ലേണം ദ്വാരകതന്നിലേ
409 കാര്‍വര്‍ണ്ണന്തന്നോടു ചൊല്‍വൂ പിന്നെ
410 തന്നുടെ കാന്തയാമെന്നയിമ്മന്നിലേ

411 മന്നവര്‍ തീണ്ടൊല്ലായെന്നിങ്ങനെ.
412 മറ്റുള്ളതെല്ലാമേ ചിന്തിച്ചു ചിന്തിച്ചു
413 മുറ്റുമിന്നീതാനേ ചൊല്കേ വേണ്ടൂ.
414 അന്നന്നു കണ്ടുകണ്ടെന്നുടെ വേദന
415 നിന്നുള്ളംതന്നിലങ്ങായിതല്ലോ;
416 പാരാതെ പോകെങ്കില്‍" എന്നതു കേട്ടുള്ളൊ
417 രാരണന്‍ പോയങ്ങു വേഗത്താലേ.
418 ദ്വാരകതന്നിലേ പാരാതെ ചെന്നിട്ടു
419 കാര്‍വര്‍ണ്ണന്തന്നെയും കണ്ടാമ്പിന്നെ.
420 കാരണനായൊരു കാര്‍മുകില്‍വര്‍ണ്ണന്താ

421 നാരണന്‍ വന്നതു കണ്ടനേരം
422 തുഷ്ടനായ് നിന്നങ്ങു പെട്ടെന്നു ചെന്നുതാന്‍
423 വിഷ്ടരം നല്കിയിരുത്തിപ്പിന്നെ
424 പോരുവാനെന്തിങ്ങു കാരണമെന്നപ്പോള്‍
425 പാരാതെ ചൊല്ലിനാനാരണനും:
426 "രുക്മിണിതന്നെ ഞാന്‍ ദുഃഖമാം വാരിയില്‍
427 മഗ്നയായ് വീണതു കണ്ടു പോന്നു
428 സ്നിഗ്ദ്ധനായുള്ള നീ പാരാതെ ചെന്നു നി
429 ന്നുദ്ധരിക്കേണമേയെന്നു ചൊല്‍വാന്‍.
430 ചൈദ്യനായുള്ളൊരു വാരിദം വന്നിട്ടു

431 ദൗര്‍ദ്ദിന്യമാകയാലെന്നപോലെ
432 നിര്‍ഗ്ഗുണനായിട്ടു നിന്നൊരു നിന്നുടെ
433 സല്‍ഗുണമായുള്ള ഹംസമെല്ലാം
434 മാനിനിതന്നുടെ മാനസമായൊരു
435 മാനസംതന്നിലേ ചെന്നു പുക്കൂ:
436 നിര്‍മ്മലനായൊരു നിന്നുടെ മേനിയും
437 തന്മനംതന്നിലേ ചെന്നുതായി
438 പങ്കമില്ലാതൊരു കണ്ണാടിതങ്കലേ
439 തിങ്കള്‍താന്‍ ചെന്നങ്ങു പൂകുംപോലെ.
440 വീരനായുള്ളൊരു മാരനുമന്നേരം

441 പോരു തുടങ്ങിനാന്‍ മെല്ലെ മെല്ലെ.
442 വമ്പുപൊഴിഞ്ഞുള്ളൊരമ്പുകള്‍ കൊണ്ടവന്‍
443 നമ്പുകലര്‍ന്നുനിന്നെയ്കയാലേ
444 ബാലികതന്നുടെ മാനസമിന്നിപ്പോള്‍
445 ചാലകമായിച്ചമഞ്ഞുകൂടി
446 വൈദര്‍ഭിതന്നുടെ വൈരസ്യം ചൊല്ലുവാന്‍
447 വൈദഗ്ദ്ധ്യമില്ലേയെന്‍ നാവിന്നിപ്പോള്‍;
448 എങ്കിലുമിങ്ങനെ നിഞ്ചെവി പൂകിപ്പാന്‍
449 പങ്കജലോചന! ചൊല്ലുന്നേന്‍ ഞാന്‍.
450 കോമളമായൊരു മേനിയിലെയ്തുമ

451 ക്കോദണ്ഡംകൊണ്ടങ്ങു തല്ലിയുംതാന്‍
452 ഓമനയായൊരു പൈതലെന്നേതുമേ
453 ഓര്‍ക്കുന്നോനല്ലയിമ്മാരനിപ്പോള്‍.
454 മാലിന്നു ഭാജനമായൊരു ബാലയ്ക്കു
455 കോലവും ശീലവും വേറൊന്നായി:
456 "വമ്പനി പൂണ്ടൊരു ശീതംകൊണ്ടെന്മെയ്യില്‍
457 കമ്പത്തെക്കണ്ടാലും" എന്നുചൊല്ലും;
458 "പാരമായുള്ളൊരു ചൂടൊണ്ടു പൊങ്ങുന്നു
459 വാരിയിലാക്കുവിന്‍" എന്നും പിന്നെ.
460 വക്ഷസ്സിലിന്നിന്നു ബാഷ്പങ്ങളായുള്ള

461 മുത്തുകള്‍ ഭൂഷണമായിവന്നു.
462 നിന്മൂലമുണ്ടായ മന്മഥമാല്‍കൊണ്ടു
463 തന്മനം വെന്തങ്ങു നീറുകയാല്‍
464 പങ്കജകോകിലം തിങ്കളെന്നേതുമേ
465 തന്‍ ചെവി കേള്‍ക്കവേ മിണ്ടരുതേ.
466 പൂന്തെന്നലേറ്റീടില്‍ താന്തയായ് നിന്നിടും;
467 ഭ്രാന്തെന്നേ ചൊല്ലാവൂ പിന്നേതെല്ലാം.
468 വണ്ടന്മാര്‍ പാടിന പാട്ടിനെക്കേള്‍ക്കുമ്പൊ
469 ളിണ്ടലും പൂണ്ടങ്ങു മണ്ടിപ്പിന്നെ
470 "അന്തകമ്പോത്തിന്റെ വന്മണക്കൂറ്റിതാ

471 ചന്തത്തില്‍ കേള്‍ക്കായിതെ"ന്നു ചൊല്ലും
472 ആഴമാണ്ടീടുന്നൊരാതങ്കം പൂണ്ടുള്ള
473 തോഴിമാരെല്ലാരും കോഴയായി
474 "എന്തിനി നാം നല്ലു"തെന്നങ്ങു ചിന്തിച്ചു
475 സന്തതം വെന്തുവെന്തായിക്കൂടി
476 പാണികള്‍കൊണ്ടു തന്മാറിടംതന്നെയും
477 പാരം മുറുക്കിക്കിടന്നുകൊള്ളും
478 "പ്രാണങ്ങളോടു കലര്‍ന്നൊരു നീയിന്നി
479 പ്രാണങ്ങള്‍ പോകുമ്പോള്‍ പോകൊല്ലാതെ"
480 എന്നങ്ങു ചൊല്ലിത്തന്നുള്ളിലിരുന്നൊരു

481 നിന്നെച്ചെറുക്കുന്നോളെന്നപോലെ
482 ഭദ്രയായുള്ളൊരു മാനിനി തന്നെത്താന്‍
483 നിദ്രയെപ്പൂണ്ടു കിടക്കിലപ്പോള്‍
484 തല്പത്തിലെങ്ങുമേ തപ്പിത്തുടങ്ങുന്നോള്‍
485 ഉല്പന്നജാഗരയായിപ്പിന്നെ
486 ഗോവിന്ദന്‍ മാധവന്‍ കേശവനെന്നെല്ലാം
487 മേവുന്ന നാമങ്ങളൊന്നൊേന്നതാന്‍
488 മാനിനിക്കിന്നിന്നു മന്മഥന്തന്നുടെ
489 ആവേശമന്ത്രമായ് വന്നുകൂടി.
490 ചിത്രത്തിലുണ്ടല്ലൊ വാരിജമെന്നിട്ടു

491 ഭിത്തിമേല്‍ നോക്കുന്നോളല്ലയിപ്പോള്‍.
492 കേകികള്‍ പീലികള്‍ ചിന്തിക്കുമെന്നിട്ടു
493 വാര്‍കൂന്തല്‍ ചീന്തുന്നോളല്ല ചെമ്മേ.
494 "വാരിജംതന്നില കൊണ്ടന്നു തോഴീ! നീ
495 പാരാതെ വീയെന്നെ"യെന്നു ചൊല്ലും;
496 മാനിച്ചു നിന്നവള്‍ വീതു തുടങ്ങുമ്പോള്‍
497 "മാപാപീ! വീയൊല്ലാ"യെന്നും പിന്നെ.
498 കുങ്കുമച്ചാറെല്ലാം നീറായിപ്പോകുന്നു
499 കൊങ്കകള്‍തങ്കലേ ചെല്ലുംനേരം;
500 പങ്കജകോരകം ചങ്ങാതിയായുള്ള

501 കൊങ്കകള്‍ രണ്ടിനും പണ്ടുപണ്ടേ
502 എന്നതുമിന്നിന്നു ചേരാതെയാകുന്നു
503 പങ്കജമൊട്ടില്‍ തണുപ്പുണ്ടല്ലൊ.
504 മേനിയിലുള്ളൊരു നീലക്കളങ്കംകൊ
505 ണ്ടാനനതുല്യത വന്നുകൂടാ
506 എന്നല്ലേ തിങ്കളെച്ചൊല്ലുന്നിതെല്ലാരും
507 എന്നതുമിന്നിന്നു പൊയ്യാകുന്നു.
508 കജ്ജളമാണ്ടൊരു കണ്ണുനീര്‍തന്നിലേ
509 മജ്ജനംചെയ്ത കിടക്കയാലേ.
510 മാനിനിതന്നുടെ ലോചനംതന്നോടു

511 നേരൊത്തു നിന്നതും വാരിജങ്ങള്‍
512 മാപുറ്റു നിന്നൊരു രാവെല്ലാം തങ്ങളേ
513 കൂമ്പാതെ കൊള്ളുവാന്‍ വല്ലുമാകില്‍.
514 പുഞ്ചിരി തൂകുമ്പോള്‍ വെണ്ണിലാവെന്നുതാന്‍
515 നെഞ്ചകംതന്നിലേ തോന്നുകയാല്‍
516 പുഞ്ചിരി തൂകുന്നോളല്ല താന്‍ ചെഞ്ചെമ്മേ
517 കൊഞ്ചലും കിഞ്ചില്‍ കുറഞ്ഞുതായി;
518 കൊഞ്ചല്‍ തുടങ്ങുമ്പോള്‍ കോകിലംതന്നുടെ
519 പഞ്ചമരാഗമെന്നോര്‍ത്തുകൊള്ളും.
520 ചന്തമായ് നിന്നങ്ങു കണ്ണാടി നോക്കുമ്പോള്‍

521 കുന്തളമാണ്ടൊരു തന്മുഖത്തെ
522 വണ്ടിണ്ട ചേര്‍ന്നുള്ളൊരംബുജമെന്നോര്‍ത്തി
523 ട്ടിണ്ടല്‍ പൊഴിക്കുന്നോളുള്ളിലെങ്ങും.
524 കണ്ണുനീര്‍തന്നാലേ നിര്‍മ്മിച്ചുകൂട്ടുന്നോള്‍
525 തിണ്ണം വളര്‍ന്നുള്ള തോടുമാറും.
526 ധൂളിയാക്കുന്നോള്‍തന്നാനനംതങ്കലേ
527 നീളത്തില്‍ വന്നൊരു വാതംകൊണ്ടേ.
528 ആതപംതാനെന്നും വെണ്ണിലാവെന്നുംതാന്‍
529 ഭേദത്തെക്കാണുന്നോളല്ലയിപ്പോള്‍,
530 തിണ്ണമെഴുന്നുള്ളൊരാതപമേറ്റീടും

531 വെള്ളിലാവെന്നുതാനുള്ളില്‍ നണ്ണി.
532 തീക്കനല്‍ വാരിത്തന്മേനിയില്‍ തേയ്ക്കുമ്പോള്‍
533 വായ്ക്കുന്ന മാലേയമെന്നും ചൊല്ലി.
534 പാമ്പുകള്‍ കാണുമ്പോള്‍ മാലയെന്നോര്‍ത്തിട്ടു
535 പൂപായിച്ചേര്‍ക്കും തന്മേനിതന്നില്‍.
536 മംഗലതന്നുടെ വേലകളെല്ലാമി
537 ന്നിങ്ങനെ ചൊല്ലിനാല്‍ ചൊല്ലിക്കൂടാ.
538 മല്ലവിലോചനാചൊല്ലെല്ലാം കേട്ടിട്ടു
539 നല്ലതു ചെയ്ക നീയെന്നേ വേണ്ടു.
540 രുക്മിണിതന്നുടെ ചൊല്ലിനെക്കേള്‍ക്ക നീ

541 പത്മവിലോചനാ! പാരാതിപ്പോള്‍,
542 "നീയായി നിന്നൊരു പീയൂഷംതന്നിലേ
543 പോയങ്ങു ചാടുമെന്മാനസത്തേ
544 ആയാസമായൊരു തീയിലേ പായിച്ചു
545 പേയായിപ്പോകുമാറാക്കൊല്ലാതെ.
546 എന്നെക്കാള്‍ വേണ്ടുന്നോരുണ്ടായി വന്നുതാ
547 യെന്നെ നിനക്കേതും വേണ്ടീതില്ലേ?"
548 എന്നങ്ങു ചൊല്ലിക്കൊണ്ടെന്നുടെ ജീവിതം
549 എന്നെ വെടിഞ്ഞങ്ങു പോകുംമുമ്പേ
550 കാലത്തു വന്നു നീ പാലിച്ചുകൊള്ളേണം

551 ആലംബം നീയൊഴിഞ്ഞാരുമില്ലേ.
552 "ധൃഷ്ടയായുള്ളൊരു പാഴിതാനിന്നിവള്‍
553 ഒട്ടേറുമെന്നോടു ചൊന്നതെല്ലാം"
554 എന്നുള്ളതേതുമേ ചിന്തിക്കയൊല്ലാതെ
555 യെന്നുടെ ജീവിതമായതു നീ.
556 മന്മഥമാല്‍കൊണ്ടു ചൊന്നുള്ള വാക്കില്‍ നീ
557 സമ്മതിയായതേ കൊള്ളവേണ്ടു
558 പാലില്‍ കലര്‍ന്നൊരു നീരിനേ വേറിട്ടു
559 പാല്‍ കുടിച്ചീടുന്നൊരന്നംപോലെ.
560 ഓര്‍ക്കില്‍ ഞാന്‍ ചൊന്നതു യോഗ്യമായ്വന്നീടും;

561 പോക്കറ്റ വന്‍പുലി പുല്ലു മേയും."
562 നാരിമാര്‍മൗലിതന്‍ ദൂതനായ് നിന്നുള്ളൊ
563 രാരണനിങ്ങനെ ചൊന്നനേരം
564 ഇന്ദിരാനേരൊത്ത സുന്ദരിതന്നുടെ
565 സന്ദേശമായുള്ള നന്മൊഴികള്‍
566 നിര്‍മ്മലനായുള്ളൊരംബുജലോചനന്‍
567 തന്മനംതന്നിലേ ചെന്നു പുക്കു
568 സ്ഫാടികഭൂതലംതന്നിലേ പായുന്ന
569 പാതംഗപാദങ്ങളെന്നപോലെ.
570 കന്യകതന്നുടെ ഖിന്നതയെല്ലാമേ

571 തന്നിലേ ചിന്തിച്ചു നിന്നു പിന്നെ
572 ആരണന്‍തന്നോടങ്ങാദരം പൂണ്ടിട്ടു
573 പാരാതെ ചൊന്നാനന്നാരായണന്‍
574 എന്നുടെ മാനസംതന്നെയുമിങ്ങനെ
575 ഖിന്നമായ്പോകുന്നൂതെന്നു നണ്ണി:
576 "ദോഷവാനായുള്ള സോദരന്തന്നുള്ളില്‍
577 ദ്വേഷമുണ്ടെന്നതും കണ്ടു ചെമ്മേ,
578 എങ്കിലുമിന്നു ഞാന്‍ വങ്കനിവാണ്ടുള്ള
579 പങ്കജലോചനതന്നെ നേരെ
580 കൊണ്ടിങ്ങു പോരുന്നതുണ്ടെന്നു നിര്‍ണ്ണയം

581 കണ്ടങ്ങു നിന്നാലും കാമുകന്മാര്‍.
582 പാരാതെ പോക നാം" എന്നങ്ങു ചൊല്ലിനി
583 ന്നാരണന്തന്നെയും തേരിലാക്കി
584 വേഗത്തില്‍ പോയങ്ങു വേലപ്പെണ്കാന്തനും
585 വേലപ്പെടാതെയും ചെന്നു കൂടി.
586 മേളമാണ്ടീടുന്ന ചേദിപനുണ്ടുപോല്‍
587 വേളിയെന്നിങ്ങനെ കേട്ടു കേട്ട്
588 തന്നുടെ തന്നുടെ സേനയുമായിട്ടു
589 മന്നവരെല്ലാരും വന്നാരപ്പോള്‍.
590 ചേദിപന്താനും തന്‍ ചേര്‍ച്ചപൂണ്ടുള്ളോരും

591 ചെഞ്ചെമ്മേ വന്നാരമ്മന്ദിരത്തില്‍.
592 ഭേരികള്‍തന്നുടെ നാദംകൊണ്ടെങ്ങുമേ
593 പൂരിച്ചു നിന്നുടനാശയെല്ലാം,
594 ചേദിപന്‍ വന്നതു കണ്ടങ്ങു നിന്നപ്പോള്‍
595 ആദരം പൂണ്ടൊരു മന്നവന്താന്‍
596 മംഗലദീപവും പുണ്ടങ്ങു ചെന്നിട്ടു
597 സംഗമിച്ചീടിനാന്‍ ഭംഗിയോടെ.
598 മന്ദമായ് വന്നിങ്ങു സുന്ദരമായൊരു
599 മന്ദിരംതന്നിലങ്ങാക്കിപ്പിന്നെ
600 വന്നുള്ള മന്നോരേ മാനിപ്പാനായിട്ടു

601 പിന്നെയും പോന്നിങ്ങു വന്നുനിന്നാന്‍.
602 മാധവദ്വേഷികളായി വിളങ്ങുന്ന
603 മാഗധന്മുമ്പായ മന്നോരെല്ലാം
604 "മാധവന്‍ വന്നു പിണങ്ങുന്നൂതാകിലോ
605 രോധിക്കവേണം നാം" എന്നു ചൊല്ലി
606 ഘോരമായുള്ളൊരു സേനയുമായിട്ടു
607 പൂരിലകംപുക്കാര്‍ ഭൂഷിതരായ്.
608 എന്നതു കേട്ടൊരു രോഹിണീനന്ദനന്‍
609 തന്നുടെ സേനയുമായിപ്പിന്നെ
610 ഓടിവന്നീടിനാന്‍ മാധവഞ്ചാരത്തു

611 കൂടിപ്പിറന്നവരെന്നു ഞായം.
612 മന്നിടംതന്നിലേ മാലോകരെല്ലാരും
613 ഒന്നിച്ചു നന്നായി വന്നാരപ്പോള്‍.
614 കമുനകൊണ്ടോരോ കാമുകരുള്ളത്തില്‍
615 കമ്പത്തേ മേന്മേലേ നല്കി നല്കി
616 വന്നു വന്നീടുന്ന സുന്ദരിമാരുമ
617 മ്മന്ദിരം പൂകിനാര്‍ മന്ദമന്ദം.
618 വാജികള്‍തന്നുടെ ഹേഷങ്ങള്‍കൊണ്ടുമ
619 മ്മാലോകര്‍ കോലുന്ന ഘോഷംകൊണ്ടും
620 ആനകള്‍തന്നുടെ നാദങ്ങള്‍കൊണ്ടുമ

621 ങ്ങാശകള്‍ പൂരിച്ചു നിന്നുതെങ്ങും.
622 കാരണരായുള്ളൊരാരണരെല്ലാരും
623 പാരാതെ വന്നുനിന്നെന്നനേരം
624 കന്യകതന്നുടെ മംഗലമായുള്ള
625 കര്‍മ്മങ്ങളെല്ലാമങ്ങാരംഭിച്ചാര്‍.
626 ചേദിപന്തന്നുടെ മംഗലകര്‍മ്മവും
627 വേദിയര്‍ ചെന്നുനിന്നവ്വണ്ണമേ.
628 ദാനങ്ങള്‍കൊണ്ടുള്ളൊരാരണരെല്ലാരും
629 ആശിയും ചൊന്നങ്ങു നിന്നനേരം
630 കന്യകതന്നുടെ മണ്ഡനംചെയ്വാനായ്

631 കാമിനിമാരെല്ലാം വന്നുനിന്നാര്‍.
632 നീടുറ്റു നിന്നുള്ള ചേടിമാരെല്ലാരും
633 ഓടിത്തുടങ്ങിനാരങ്ങുമിങ്ങും.
634 മണ്ഡിതയായൊരു മാനിനിതന്നിലേ
635 നണ്ണിത്തുടങ്ങിനാള്‍ മെല്ലെ മെല്ലെ:
636 "പാരാതെ വന്നുണ്ടു ഞാനെന്നു ചൊല്ലിനോ
637 രരാണന്‍ വന്നുതില്ലെന്നുമിപ്പോള്‍;
638 കാരണമെന്തുപോലാരണനെന്നുടെ
639 മാരണമായിട്ടു വന്നില്ലല്ലീ?
640 ആശ്രയമില്ലാതെ പോരുന്നോരെന്നെയി

641 ന്നീശ്വരന്‍ കൈവെടിഞ്ഞീടുന്നോനോ?
642 കാരുണ്യംപൂണ്ടൊരു ഗൗരിക്കുമെന്നോടു
643 കാരുണ്യമില്ലാതെയാകുന്നിതോ?
644 ഭാഗ്യമില്ലാതൊരു ഞാനിനിയാര്‍ക്കുമേ
645 യോഗ്യയായ് വന്നങ്ങു പോരവേണ്ട
646 കുറ്റമില്ലാതൊരു മറ്റൊരു ജന്മത്തില്‍
647 തെറ്റെന്നു കണ്ണനെയേശിക്കൊള്‍വൂ."
648 ഇങ്ങനെ നണ്ണുമ്പോള്‍ ചേദിപന്തന്നുടെ
649 മംഗലഘോഷങ്ങള്‍ കര്‍ണ്ണങ്ങളില്‍
650 ചെന്നുചെന്നന്നേരം ദുഃഖമായുള്ളിലേ

651 നിന്നൊരു തീക്കൊരു കാറ്റായ് വന്നു.
652 തള്ളിയെഴുന്നൊരു കണ്ണുനീര്‍തന്നെയും
653 ഉള്ളിലേ ബന്ധിച്ചു നിന്നനേരം
654 ആരണന്തന്നെയും വന്നതു കാണായി
655 ദൂരത്തുനിന്നങ്ങു ചാരത്തപ്പോള്‍.
656 നാരികള്‍മൗലിയാം ബാലയെക്കണ്ടപ്പൊ
657 ളാരണന്തന്മുഖം മെല്ലെ മെല്ലെ
658 തേമ്പാതെനിന്നൊരു തിങ്കളെക്കണ്ടുള്ളൊ
659 രാമ്പലെപ്പോലെ ചമഞ്ഞുകൂടീ.
660 രുക്മിണിതന്നുടെ ലോചനമാലകള്‍

661 വിപ്രവരങ്കല്‍ പതിച്ചുതപ്പോള്‍
662 കൂമ്പി മയങ്ങിന വാരിജന്തങ്കല്‍നി
663 ന്നാമ്പലില്‍ ചാടുന്ന വണ്ടുപോലെ.
664 ദീനതപൂണ്ടൊരു മാനിനിതന്നുടെ
665 മാനസന്താനുമുഴന്നുനിന്നു
666 കല്യമായുള്ളൊരു കാറ്റിനെയേറ്റൊരു
667 മുല്ലതമ്പല്ലവമെന്നപോലെ.
668 എണ്ണമില്ലാതൊരു കൗതുകംപൂണ്ടിട്ടു
669 കര്‍ണ്ണങ്ങള്‍ തിണ്ണം വിരിഞ്ഞുതപ്പോള്‍.
670 ഭൂതലംതന്നില്‍നിന്നാതങ്കം പൂണ്ടൊരു

671 പൂമേനി താനേയെഴത്തുടങ്ങി:
672 ദൃഷ്ടികള്‍ ചെന്നവന്‍ നാവിന്തലയ്ക്കലേ
673 പെട്ടെന്നുറച്ചു തറച്ചു നിന്നു
674 എന്തിവന്‍ചൊല്ലുന്നതെന്നങ്ങു ചിന്തിച്ചു
675 വെന്തുവെന്തങ്ങവള്‍ നിന്നനേരം
676 തന്മുഖമായുള്ളൊരംബുജംതന്നുള്ളില്‍
677 നന്മൊഴിയായൊരു തേനെഴുന്നു:
678 "ചിന്തപൂണ്ടുള്ളൊരു സന്താപം വേര്‍വിട്ടു
679 സന്തോഷംപൂണ്ടാലുമായവണ്ണം.
680 ഏറെപ്പറഞ്ഞിട്ടു കാലം കഴിക്കേണ്ട

681 തേറുകേ വേണ്ടു ഞാന്‍ ചൊന്നതെല്ലാം.
682 കാലത്തു വന്നു നിന്‍ പാണിതലംതന്നെ
683 ച്ചാലപ്പിടിക്കുമമ്മാധവന്താന്‍."
684 ആരണന്തന്നുടെ തൂമൊഴിയിങ്ങനെ
685 നാരികള്‍മൗലിതാന്‍ കേട്ടനേരം
686 ഉള്ളില്‍ നിറഞ്ഞൊരു സന്തോഷംതന്നിലേ
687 കൊള്ളാഞ്ഞു നിന്നു വഴിഞ്ഞു പിന്നെ
688 പുഞ്ചിരിയായിട്ടും കണ്ണുനീരായിട്ടും
689 ചെഞ്ചെമ്മേ തൂകിത്തുടങ്ങീതപ്പോള്‍.
690 ആനന്ദമായൊരു വാരിയില്‍ മുങ്ങിനി

691 ന്നാരണന്തന്നോടു ചൊന്നാള്‍ പിന്നെ:
692 "പട്ടാങ്ങുതന്നെ നീ ചൊന്നതെന്നാകിലും
693 പട്ടാങ്ങെന്നിങ്ങനെ തോന്നീതില്ലേ
694 ഇങ്ങനെയുള്ളൊരു ഭാഗ്യത്തിന്‍ഭാജനം
695 എങ്ങനെ ഞാനാവൂതെന്നു നണ്ണി.
696 ഇന്നു കവിഞ്ഞേ ഞാന്‍ നിര്‍ണ്ണയിച്ചീടുന്നു
697 നിന്നുടെ ചൊല്ലെല്ലാം" എന്നു ചൊല്ലി
698 മാധവന്തന്നുടെ മേനിയും ചിന്തിച്ചി
699 ട്ടാതങ്കം പോക്കിനാള്‍ മെല്ലെ മെല്ലെ.
700 മാധവന്താനപ്പോള്‍ യാദവന്മാരുമായ്

701 മന്ദിരംതന്നിലേ ചെന്നു പുക്കാന്‍
702 താരകജാലകങ്ങളോടു കലര്‍ന്നൊരു
703 വാര്‍തിങ്കളാകാശം പൂകുംപോലെ.
704 വാരിജലോചനന്‍ വന്നതു കേട്ടൊരു
705 നാരിമാരെല്ലാരുമോടിയോടി
706 ചെന്നു തുടങ്ങിനാര്‍ ചെന്താരില്‍മാതുതന്‍
707 പുണ്യമായുള്ളൊരു മേനി കാണ്മാന്‍,
708 കുണ്ഡിനവാസികളായുള്ളോരെല്ലാരും
709 ചെന്നുതുടങ്ങിനാരവ്വണ്ണമേ.
710 വന്നുവന്നീടുമമ്മന്നവര്‍ കണ്ണുമ

711 ക്കണ്ണന്മെയ്തന്നിലേ ചെന്നുതപ്പോള്‍.
712 പ്രാസാദംതന്നിലേ വാതായനങ്ങളും
713 വാതിലുമെല്ലാം തുറക്കയാലേ
714 മണ്ഡനംകൊണ്ടെങ്ങും മണ്ഡിതമായൊരു
715 കുണ്ഡിനമാകിന മന്ദിരവും
716 കാര്‍വര്‍ണ്ണന്തന്നുടെ കാന്തിയെക്കാണ്മാനായ്
717 കണ്മിഴിക്കുന്നുതോയെന്നു തോന്നും.
718 കാര്‍വര്‍ണ്ണന്‍ വന്നതു കേട്ടൊരു ചേദിപ
719 ന്നാനനം വാടിത്തുടങ്ങീതപ്പോള്‍.
720 ബന്ധുവായ് വന്നുള്ള മന്നവന്മാരുമായ്

721 മന്ത്രം തുടങ്ങിനാന്‍ വെന്തുവെന്ത്.
722 കുണ്ഡിനംതന്നിലേ മന്ദിരമായുള്ള
723 സുന്ദരിമാരെല്ലാമെന്നനേരം
724 കാര്‍മുകില്‍വര്‍ണ്ണന്തങ്കാന്തിയെക്കണ്ടിട്ടു
725 കാമിച്ചുനിന്നു പറഞ്ഞാരപ്പോള്‍:
726 "ഇങ്ങനെയുള്ളൊരു കാന്തിക്കു നേരായൊ
727 രംഗനയാരെന്നു ചൊല്ലൂ തോഴീ!"
728 "പത്മദലായതലോചനയായൊരു
729 രുക്മിണിതാനൊഴിച്ചാരുമില്ലേ."
730 "കാര്‍മുകില്‍പോലെയിമ്മേനിതാന്‍ കാണുമ്പോള്‍:

731 തൂമിന്നല്‍പോലെയിന്നാരിയുള്ളൂ,
732 എന്നതു കാണുമ്പോള്‍ പങ്കജയോനിക്കു
733 മുന്നമേ ചിന്തയുണ്ടെന്നു തോന്നും."
734 "ആതങ്കം വേറിട്ട രോഹിണിതന്നോടു
735 വാര്‍തിങ്കള്‍താന്‍ ചെന്നു ചേരുംപോലെ
736 കാര്‍വര്‍ണ്ണന്താനുമിമ്മാനിനിതന്നോടു
737 പാരാതെ ചേര്‍ന്നതു കാണ്മാനോ നാം?"
738 തിങ്ങിവിളങ്ങിന സുന്ദരിമാരെല്ലാം
739 തങ്ങളിലിങ്ങനെ ചൊല്ലുംനേരം
740 ഗൗരിതമ്പാദങ്ങള്‍ കൂപ്പുവാനായങ്ങു

741 ഗൗരവം പൂണ്ടു നല്‍ക്കന്യകതാന്‍
742 പോകത്തുടങ്ങിനാള്‍ പോര്‍കൊങ്ക ചീര്‍ക്കയാ
743 ലാകുലമായ് നിന്നു മെല്ലെ മെല്ലെ
744 മംഗലദീപങ്ങള്‍ കണ്ണാടി പൂണ്ടുള്ള
745 മന്നവകന്യകമാരുമായി.
746 എന്നതു കണ്ടുള്ള തോഴിമാര്‍ വന്നുവ
747 ന്നെണ്ണമില്ലാതോളമായിക്കൂടി.
748 ആഗതരായുള്ളൊരാരണരെല്ലാരും
749 ആശിയും ചൊല്ലി നടന്നാര്‍ പിമ്പേ.
750 വീരന്മാരായുള്ള ചേവകരെല്ലാരും

751 നാരികള്‍ ചൂഴവും ചെന്നു പുക്കാര്‍.
752 ഗായകന്മാരും നല്‍വീണയുമായിട്ടു
753 ഗാനം തുടങ്ങിനാര്‍ മാനിച്ചപ്പോള്‍.
754 അത്തല്‍ കളഞ്ഞുള്ള നര്‍ത്തകന്മാരെല്ലാം
755 നൃത്തം തുടങ്ങിനാര്‍ മെല്ലെ മെല്ലെ.
756 കാഹളമൂതിനാര്‍ ഭേരിയുമെല്ലാമ
757 ങ്ങാഹനിച്ചീടിനാരായവണ്ണം.
758 അങ്ങനെ പോയുള്ളൊരംഗനതാനപ്പോള്‍
759 അംബികാമന്ദിരംതന്നില്‍ പുക്കാള്‍.
760 ആരണനാരിമാര്‍ ചൊന്നതു കേട്ടുകേ

761 ട്ടംബികതന്നെയും കൂപ്പിനിന്നാള്‍.
762 ഉത്തമമായൊരു ഭക്തി പൊഴിഞ്ഞവള്‍
763 ചിത്തമലിഞ്ഞു തുടങ്ങീതപ്പോള്‍;
764 ചന്ദ്രികയേറ്റങ്ങു നിന്നു വിളങ്ങിന
765 ചന്ദ്രശിലാമണിയെന്നപോലെ
766 കണ്ണുനീരായിട്ടു തന്മുന്നല്‍ നിന്നോര്‍ക്കു
767 തിണ്ണമെഴുന്നതു കാണായപ്പോള്‍.
768 താവുന്ന രോമങ്ങള്‍ നിന്നു വിളങ്ങിതേ
769 ദേവിയെക്കൂപ്പുവാനെന്നപോലെ.
770 കാണുന്ന ലോകര്‍ക്കുമാനന്ദബാഷ്പങ്ങള്‍

771 വീണുതുടങ്ങീതു കാണുംതോറും.
772 ദേവിയായ്മേവിന പൂമലര്‍തന്നിലേ
773 താവുന്നൊരാനന്ദത്തേറലെല്ലാം
774 ഉണ്ടുണ്ടു നിന്നവള്‍ മാനസമായൊരു
775 വണ്ടുതാന്‍ പോന്നിങ്ങു വന്നു പിന്നെ
776 ആരണനാരിമാരായുള്ള പൂക്കളില്‍
777 ആദരവോടു നടന്നുതെങ്ങും.
778 ദാനങ്ങള്‍കൊണ്ടവര്‍മാനസംതന്നില
779 ങ്ങാനന്ദം നല്കിനാള്‍ മാനിനിതാന്‍.
780 ആരണനാരിമാരാശിയായന്നേരം

781 "വീരനായുള്ളോരു കാന്തനുമായ്
782 സന്താപം വേര്‍വിട്ടു സന്തതിയുണ്ടായി
783 സന്തതം വാഴ്ച നീ" എന്നു ചൊന്നാര്‍.
784 പത്നിമാര്‍ ചൊന്നുള്ളൊരാശിയും പൂണ്ടിട്ടു
785 ഭക്തയായ് നിന്നൊരു കന്യകതാന്‍
786 ദേവിതന്മന്ദിരംതന്നില്‍നിന്നന്നേരം
787 പോവതിന്നായിത്തുടങ്ങുന്നപ്പോള്‍
788 ചേദിപന്‍താനങ്ങു ദാനവുംചെയ്തു നല്‍
789 ചേലയും പൂണ്ടു ചമഞ്ഞു നന്നായ്
790 കന്യക വന്നൊരു നല്‍വഴിതന്നെയേ

791 പിന്നെയും പിന്നെയും നോക്കിനിന്നാന്‍.
792 ധന്യയായുള്ളൊരു കന്യകയന്നേരം
793 തന്നുടെ തോഴിമാരോടും കൂടി
794 ചങ്ങാതിയായൊരു ബാലികതങ്കൈയില്‍
795 ചന്തത്തില്‍ ചേര്‍ത്തു തങ്കൈയുമപ്പോള്‍
796 മന്നവന്മാരുടെ മുന്നലങ്ങാമ്മാറു
797 വന്നുതുടങ്ങിനാള്‍ ഭംഗിയോടേ.
798 മാലോകര്‍ക്കുള്ളൊരു കണ്ണുകളെല്ലാമ
799 മ്മാനിനിമേനിയില്‍ ചാടീതപ്പോള്‍
800 മാപുറ്റു നിന്നൊരു മാലതിതങ്കലേ

801 തേമ്പാതെ വണ്ടുകള്‍ ചാടുംപോലെ.
802 എണ്ണമറ്റീടുന്ന കണ്ണുകള്‍ മേന്മേലേ
803 തിണ്ണം തന്മേനിയില്‍ പാഞ്ഞനേരം
804 പാരില്‍ വിളങ്ങുന്ന നാരിമാര്‍മൗലിക്കു
805 ഭാരം പൊഴിഞ്ഞുനിന്നെന്നപോലെ
806 മന്ദമായുള്ളൊരു യാനവുമായിട്ടു
807 ചെന്നുതുടങ്ങിനാള്‍ ചെവ്വിനോടെ.
808 "കാര്‍വര്‍ണ്ണന്തന്നുടെ കാമിനിയായ ഞാന്‍
809 കാല്‍നടപൂണ്ടു നടക്കവേണ്ടാ"
810 എന്നങ്ങു നണ്ണിനിന്നെന്നകണക്കെയ

811 ന്നിന്നുള്ള മന്നവര്‍മാനസത്തില്‍
812 ചെന്നു കരേറി വിളങ്ങിനിന്നീടിനാള്‍
813 ഇന്ദുതാന്‍ പൊയ്കയിലെന്നപോലെ.
814 തൂമ കലര്‍ന്നോരു കാമിനിതന്നുടെ
815 പൂമേനി കണ്ടൊരു കാമുകന്മാര്‍
816 കാമശരങ്ങള്‍ മനങ്ങളിലേല്ക്കയാല്‍
817 പ്രേമമിയന്നു മയങ്ങിനിന്നാര്‍
818 കണ്ണിണകൊണ്ടവള്‍കാന്തിയെത്തന്നെയേ
819 പിന്നെയും പിന്നെയുമുള്ളിലാക്കി.
820 പാര്‍ക്കുന്നതോറുമങ്ങാക്കമിയന്നുള്ള

821 ലേഖ്യങ്ങള്‍പോലെ ചമഞ്ഞുകൂടി.
822 വീടിക വാങ്ങുവാനോങ്ങുന്ന മന്നവന്‍
823 വീടിക തങ്കൈയില്‍ വാങ്ങുംനേരം
824 കേടറ്റ നാരിതന്നാനനം കാകയാല്‍
825 കേവലമങ്ങനേ നിന്നുപോയാന്‍.
826 ചേലതാന്‍ പൂണ്ടതു ചെവ്വല്ലയാഞ്ഞിട്ടു
827 ചാലത്തുനിഞ്ഞങ്ങു പൂണ്മതിന്നായ്
828 ചേല ഞെറിഞ്ഞു തുടങ്ങിനനേരത്തു
829 ബാലിക വന്നതു കാകയാലേ
830 കൈക്കൊണ്ടുനിന്നൊരു ചേലയുമായിട്ടു

831 മൈക്കണ്ണിതന്നെയും നോക്കി നോക്കി
832 നിന്നുവിളങ്ങിനാനന്യനായുള്ളോരു
833 മന്നവമ്പണ്ടു പിറന്നപോലെ.
834 വീണയും വായിച്ചു നിന്നൊരു മന്നവന്‍
835 മാനിനി വന്നതു കണ്ടനേരം
836 വീണങ്ങുപോയൊരു വീണയെക്കാണാതെ
837 കോണംകൊണ്ടോങ്ങിനാനങ്ങുമിങ്ങും
838 അമ്മാനയാടുന്ന മന്നവനന്നേരം
839 പെണ്മൗലി വന്നതു കണ്ടനേരം
840 നര്‍ത്തകന്തന്നുടെയമ്മാനയായ്വന്നു

841 ഹസ്തങ്ങള്‍ തങ്ങളേ കോലുകയാല്‍.
842 പാടുവാനായിട്ടു വാ പിളര്‍ന്നീടിനാന്‍
843 കേടറ്റു നിന്നൊരു മന്നവന്താന്‍;
844 നീടുറ്റു നിന്നൊരു നാരിയെക്കാകയാല്‍
845 നീളത്തില്‍ പാടുമാറായിവന്നു.
846 ആനമേലേറുവാന്‍ കാല്‍കളാലൊന്നെടു
847 ത്താനതന്മേനിയിലായനേരം
848 മാനിനിതന്നുടെയാനനം കണ്ടിട്ടു
849 മാഴ്കിനിന്നീടിനാനവ്വണ്ണമേ.
850 മന്ത്രിപ്പാന്‍ ചെന്നങ്ങു മറ്റൊരു മന്നവന്‍

851 മന്ത്രിച്ചുനിന്നു തുടങ്ങുംനേരം
852 ബന്ധുരഗാത്രിതന്‍ ചന്തത്തെക്കാകയാല്‍
853 അന്ധനായങ്ങനെ നിന്നുപോയാന്‍.
854 വാജിമേലേറിന മന്നവന്തന്നോടു
855 വാരിജലോചന വന്നനേരം
856 "വാഹനം കൂടാതെ ബാലികമുന്നില്‍ നീ
857 വാജിമേല്‍ നിന്നതു ഞായമല്ലേ"
858 എന്നങ്ങു ചൊല്ലി നിന്നെന്നകണക്കെയ
859 മ്മന്മഥനാക്കിനാന്‍ ഭൂതലത്തില്‍
860 വാരണമേറിന മന്നോരുമങ്ങനെ,

861 തേരില്‍നിന്നുള്ളോരുമവ്വണ്ണമേ.
862 ഇങ്ങനെയോരോരോ ചാപലം കാട്ടിനാര്‍
863 മംഗലയായുള്ള മന്നോരെല്ലാം.
864 മാനിനിമാരുടെ മൗലിയായുള്ളൊരു
865 മാലികയായൊരു ബാലികതാന്‍
866 കാമനെപ്പെറ്റു വളര്‍ത്തങ്ങുനിന്നൊരു
867 കോമളകണ്മുനകൊണ്ടു മെല്ലെ
868 ഭൂമിപന്മാരുടെ മേനിയില്‍ നല്ലൊരു
869 ഭൂഷണഭേദത്തേ നല്കിനിന്നാള്‍.
870 എന്മെയ്യിലെന്മെയ്യില്‍ നോക്കുന്നൂതെന്നിട്ടു

871 മന്നവരെല്ലാരുമുന്നതരായ്
872 തന്നുടെ തന്നുടെ മേന്മയേ മേന്മേലേ
873 തന്നിലേ തന്നിലേ വാഴ്ത്തിനിന്നാര്‍.
874 കാമശരങ്ങള്‍ തറച്ചുള്ളതെല്ലാം തന്‍
875 കോമളമെയ്യില്‍ പരന്നപോലെ
876 കാമുകരായുള്ള മന്നവരെല്ലാര്‍ക്കും
877 കോള്‍മയിര്‍ക്കൊണ്ടു തുടങ്ങീതപ്പോള്‍.
878 മാരന്നു നല്ലൊരു ബാണമായ് നിന്നൊരു
879 മാനിനിതന്നുടെ കാന്തിതന്നെ
880 ക്കണ്ടു കണ്ടീടുന്ന മന്നവരെല്ലാരും

881 ഇണ്ടലും പൂണ്ടു പുകണ്ണാരപ്പോള്‍:
882 "ഇങ്ങനെയുള്ളൊരു സുന്ദരിതന്നെ നാം
883 എങ്ങുമേ കണ്ടതില്ലെന്നു ചൊല്ലാം.
884 ആരുപോലിങ്ങനെ പാരിടംതന്നിലി
885 ന്നാരിയേ നിര്‍മ്മിച്ചു നിന്നതിപ്പോള്‍
886 നന്മുനിമാരെയുമോതിച്ചുപോരുന്ന
887 നാന്മുഖന്താനല്ലയെന്നു ചൊല്ലാം;
888 മന്മഥന്‍തന്നുടെ കൗശലം കാട്ടുവാന്‍
889 നിര്‍മ്മിച്ചുവെന്നാകില്‍ ചേരുമൊട്ടേ.
890 മന്മഥന്നുള്ളത്തില്‍ മാരമാലുണ്ടാമി

891 ന്നിര്‍മ്മലമേനിയെക്കാണുംനേരം.
892 ഇങ്ങനെയുള്ളൊരു നന്മുഖം കാണുമ്പോ
893 ളിന്ദ്രനായ്വന്നാവൂ നാമെല്ലാരും.
894 കാമ്യമായ് നിന്നുള്ളൊരിമ്മുഖംതന്നുടെ
895 സാമ്യമായുള്ളതിന്നെന്തു പാര്‍ത്താല്‍;
896 വാര്‍തിങ്കളെങ്കിലോ വാരിജംതന്നുള്ളില്‍
897 ആതങ്കമുണ്ടായി വന്നുകൂടും.
898 ആതങ്കം കോലുന്നു വാരിജമെങ്കിലും
899 വാര്‍തിങ്കളെന്നതേ ചേരുന്നൂതും
900 ഹാരമായുള്ളൊരു താരകജാലങ്ങള്‍

901 ചാരത്തു ചെന്നങ്ങു പൂകയാലേ.
902 മല്ലപ്പോര്‍കൊങ്കയാം പങ്കജക്കോരകം
903 ഉല്ലസിക്കുന്നൂതുമല്ലയല്ലൊ.
904 പുഞ്ചിരിയായിട്ടു നിന്ന നിലാവുമു
905 ണ്ടഞ്ചിതമായിട്ടു കാണാകുന്നു.
906 കണ്ഠത്തോടേറ്റിട്ടു തോറ്റങ്ങു പോയിതേ
907 കംബുക്കളെല്ലാമതുള്ളതത്രേ;
908 എന്നതുകൊണ്ടല്ലൊയിന്നുമക്കൂട്ടങ്ങള്‍
909 ഏറ്റം കരഞ്ഞു നടക്കുന്നെങ്ങും.
910 ശങ്കയുണ്ടെന്നുള്ളില്‍ പങ്കജനേര്‍മുഖീ

911 കൊങ്കകള്‍ വാഴ്ത്തുവാനോര്‍ത്തുകണ്ടാല്‍;
912 ലാവണ്യമായൊരു വാപികതങ്കലേ
913 താവുന്ന കോരകമെന്നോ ചൊല്‍വൂ?
914 ശൃംഗാരംവന്നതിനംഗജനുള്ളൊരു
915 മംഗലകുംഭങ്ങളെന്നോ ചൊല്‍വൂ?
916 തൊട്ടങ്ങു കാണുമ്പോള്‍ തൂനടുവെന്നതും
917 പട്ടാങ്ങെന്നിങ്ങനെ വന്നുകൂടും
918 സുന്ദരമായുള്ള കൊങ്കകളാകിന
919 കുന്നുകള്‍തന്മീതേ തങ്ങുകയാല്‍.
920 "പോര്‍കൊങ്കയാകിന പൊല്ക്കുടംതന്നുള്ളില്‍

921 പേര്‍പെറ്റുനിന്ന ധനത്തിനുടെ
922 വായോലതന്നിലേ വര്‍ണ്ണങ്ങള്‍താനല്ലൊ
923 രോമാളിയായിട്ടു കണ്ടുതിപ്പോള്‍."
924 എന്നങ്ങു ചൊല്ലുന്നു വന്നുള്ളോരെല്ലാരും
925 എന്മതമങ്ങനെയല്ല ചൊല്ലാം:
926 പാര്‍വ്വതീനാഥനെപ്പണ്ടു താന്‍ പേടിച്ചു
927 പാഞ്ഞൊരു മന്മഥങ്കൈയില്‍നിന്നു
928 വല്ലാതെ വീണു മുറിഞ്ഞങ്ങു പോയൊരു
929 ചില്ലിയായുള്ളൊരു വില്ലുതന്റെ
930 വേര്‍വിട്ടുപോയൊരു ഞാണത്രെ കണ്ടതി

931 ച്ചേണുറ്റ രോമാളിയെന്നു ചൊല്ലി.
932 നാഭിയെക്കൊണ്ടു നല്ലാവര്‍ത്തംതന്നുടെ
933 ശോഭയും വെന്നങ്ങു നിന്നു പിന്നെ
934 ശ്രോണിയെക്കൊണ്ടു മണത്തിട്ടതന്നെയും
935 ചേണുറ്റുനിന്നവള്‍ വെല്‍കയാലേ
936 ഊര്‍മ്മികളാകുന്ന ചില്ലിതന്‍ ഭംഗത്തേ
937 മേന്മേലേ കോലുന്നു വന്നദികള്‍.
938 രംഭയിമ്മാതരില്‍ നല്ലതെന്നിങ്ങനെ
939 കിംഫലം നിന്നു പുകണ്ണെല്ലാരും?
940 ഊരുക്കള്‍ കൊണ്ടേതാന്‍ രംഭതങ്കാന്തിയെ

941 പ്പാരം പഴിച്ചവള്‍ വെന്നാളല്ലൊ.
942 "എന്നുടെ യാനത്തെക്കണ്ടുകൊള്ളേണം നീ
943 അന്നത്തിന്‍ പൈതലേ!" എന്നിങ്ങനെ
944 മങ്ങാതെ നിന്നുള്ള മഞ്ജീരം തന്നുടെ
945 ശിഞ്ജിതം കൊണ്ടവള്‍പാദമിപ്പോള്‍
946 ചെല്ലുന്നൂതെന്നല്ലൊ ചൊല്ലുന്നൂതെല്ലാരു
947 മെന്നുള്ളിലെന്നല്ല തോന്നി ചെമ്മേ:
948 "കോരകമായുള്ളൊരഞ്ജലി പൂണ്ടിട്ടു
949 വാരിജം മേവുന്നു രാവുതോറും
950 നിന്നുടെ കാന്തിയെക്കിട്ടുമെന്നിങ്ങനെ

951 തന്നുള്ളില്‍നിന്നുള്ളൊരാശയാലേ,
952 യാചിച്ചുപോരുന്ന വാരിജത്തിന്നു നിന്‍
953 പാരിച്ച കാന്തിയെ നല്കവേണം."
954 പാദത്തോടിങ്ങനെ നൂപുരംതാന്‍ ചെന്നു
955 യാചിക്കചെയ്യുന്നതെന്നിങ്ങനെ.
956 മാര്‍ത്തിലെങ്ങുമിടര്‍ച്ച വരായല്ലോ
957 മാര്‍ദ്ദവങ്കോലുമിപ്പാദങ്ങള്‍ക്കോ
958 ദീധിതി പൂണ്ടുള്ള തൂനഖജാലങ്ങള്‍
959 ദീപമായ് മുമ്പില്‍ വിളങ്ങുകയാല്‍.
960 ബന്ധുരഗാത്രിതന്‍ ചന്തത്തെ വാഴ്ത്തുവാന്‍

961 ചിന്തിച്ചതോറുമിന്നാവതല്ലേ.
962 രാശികള്‍കൊണ്ടു തിരിഞ്ഞു ചമച്ചോന്നി
963 പ്പേശലമേനിതാനെന്നു തോന്നും;
964 ചാപമായുള്ളതിച്ചില്ലികള്‍ രണ്ടുമോ
965 ലോചനമായതോ മീനമല്ലൊ.
966 കൊങ്കകള്‍ രണ്ടുമോ കുംഭമെന്നിങ്ങനെ
967 ശങ്കയെക്കൈവിട്ടു ചൊല്ലാമല്ലൊ.
968 മന്നവന്തന്നുടെ ബാലികയാമിവള്‍
969 കന്നിയായല്ലൊതാന്‍ പണ്ടേയുള്ളൂ.
970 സമ്മോദംപൂണ്ടു മിഥുനത്വംതന്നെയും

971 ചെമ്മു കലര്‍ന്നു ലഭിക്കുമിപ്പോള്‍.
972 പാവനമായുള്ള തീര്‍ത്ഥവും ദേശവും
973 കേവലമിന്നിവള്‍മെയ്യിലും കാ;
974 ഹാരമായുള്ളൊരു ഗംഗയുമുണ്ടല്ലൊ
975 രോമാളിയായൊരു കാളിന്ദിയും
976 മാലോകരുള്ളത്തിലാനന്ദം നല്കുന്ന
977 ബാലപ്പോര്‍കൊങ്ക നല്‍കുംഭകോണം.
978 കാഞ്ചനം വെല്ലുമിക്കാമിനിമേനിയില്‍
979 കാഞ്ചിയും കണ്ടാലും കാന്തിയോടെ."
980 ഇത്തരമിങ്ങനെ ചൊല്ലിനിന്നീടിനാര്‍

981 അത്തല്‍പിണഞ്ഞുള്ള മന്നവന്മാര്‍.
982 അംഗനതന്നുടെയംഗങ്ങളെല്ലാമേ
983 ഭംഗിയില്‍ കാണേണമെന്നു നണ്ണി
984 "ചെല്ലു നീ" എന്നവര്‍ ചൊല്ലുന്ന ചൊല്ലാലെ
985 ചെല്ലത്തുടങ്ങിന കണ്ണിണതാന്‍
986 മുറ്റുംതാന്‍ ചെന്നുള്ളൊരംഗത്തെക്കൈവിട്ടു
987 മറ്റൊന്നില്‍ ചെല്ലുവാന്‍ വല്ലീലപ്പോള്‍.
988 മുഗ്ദ്ധവിലോചനതാനുമന്നേരത്തു
989 ബദ്ധവിലാസയായ്മെല്ലെ മെല്ലെ
990 ചെന്നുതുടങ്ങിനാള്‍ ചേണുറ്റുനിന്നൊരു

991 നന്ദകുമാരകന്‍ നിന്ന ദിക്കില്‍
992 ചാരത്തു നിന്നൊരു വാരിധി കണ്ടിട്ടു
993 വാരുറ്റ വന്‍നദിയെന്നപോലെ.
994 കാര്‍മുകില്‍വര്‍ണ്ണന്താന്‍ കാമുകര്‍ ചൂഴുറ്റു
995 കാമിനിതന്നെയണഞ്ഞാനപ്പോള്‍
996 വണ്ടുകള്‍ ചൂഴുറ്റ വാരിജം കണ്ടിട്ടു
997 മണ്ടിയടുക്കുന്ന ഹംസംപോലെ.
998 ബാലികതന്നുടെ പാണിയെ മെല്ലവേ
999 ചാലത്തങ്കൈകൊണ്ടു പൂണ്ടാമ്പിന്നെ
1000 വാരണവീരന്‍തങ്കാമിനീകൈതന്നെ

1001 ച്ചാരത്തു ചെന്നങ്ങു പൂണുംപോലെ.
1002 തേരിലങ്ങായ്ക്കൊണ്ടു പാഞ്ഞുതുടങ്ങിനാന്‍
1003 വീരന്മാരെല്ലാരും നോക്കിനില്ക്കെ.
1004 എന്നതു കണ്ടുള്ള മന്നവരെല്ലാരും
1005 ഒന്നൊത്തുകൂടിക്കതിര്‍ത്താരപ്പോള്‍.
1006 വില്ലെടുത്തീടിനാര്‍ വാളെടുത്തീടിനാര്‍
1007 "ചെല്ലുവിമ്പിന്നാലെ" എന്നു ചൊന്നാര്‍.
1008 ഭൂമിപന്മാരുടെ മൗലിയായുള്ളൊരു
1009 ചേദിപന്തന്നുടെ കന്യകയെ
1010 കൊണ്ടങ്ങു മണ്ടുന്നോനെന്നൊരു ഘോഷവും

1011 ഉണ്ടായിവന്നുതമ്മന്ദിരത്തില്‍.
1012 ചേദിപന്തന്നുടെ ചേവകരന്നേരം
1013 ചെല്ലത്തുടങ്ങിനാര്‍ ചെവ്വിനോടെ.
1014 മാഗധന്താനും മറ്റുള്ളവരെല്ലാരും
1015 മാനിച്ചുനിന്നു പറഞ്ഞാരപ്പോള്‍:
1016 "നമ്മുടെ മുന്നലെക്കന്യകതന്നെയി
1017 ന്നമ്മെയുമിങ്ങനെ നാരിയാക്കി
1018 കൊണ്ടങ്ങു പോയാനേ കൊണ്ടല്‍നേവര്‍ണ്ണന്താന്‍
1019 കണ്ടിങ്ങു നില്പായ്വിന്‍ നിങ്ങളാരും.
1020 കന്യകതന്നുടെ കള്ളനായുള്ളോനെ

1021 ക്കണ്ടു കതിര്‍ത്തു പിടിച്ചു നേരേ
1022 കൊണ്ടിങ്ങുപോരുവിനിണ്ടലും കൈവിട്ടു
1023 മണ്ടുവിമ്പിന്നാലെ വീരന്മാരേ!"
1024 എന്നങ്ങു ചൊന്നുള്ള മന്നവരെല്ലാരും
1025 തന്നുടെ തന്നുടെ സേനയുമായ്
1026 വാരണമേറിനാര്‍ വാജിയുമേറിനാര്‍
1027 വാരുറ്റ തേരിലുമേറിപ്പിന്നെ
1028 വാരിജലോചനന്തന്നുടെ പിന്നാലെ
1029 പാരാതെ ചെന്നു ചെറുത്താരപ്പോള്‍.
1030 പിന്നാലെ ചെല്ലുന്ന വൈരിയെക്കണ്ടിട്ടു

1031 സന്നദ്ധരായുള്ള യാദവന്മാര്‍
1032 തേരും തിരിച്ചു മടങ്ങിനിന്നീടിനാര്‍
1033 വീരന്മാരങ്ങനെ ചെയ്തു ഞായം.
1034 വീരന്മാരായുള്ള മന്നവര്‍ കേള്‍ക്കവേ
1035 ധീരന്മാരായ് നിന്നു ചൊന്നാര്‍ പിന്നെ:
1036 "ചേദിപന്തന്നുടെ പെണ്ണിനെച്ചെവ്വോടെ
1037 യാദവന്മാരായ ഞങ്ങളിപ്പോള്‍
1038 കൊണ്ടങ്ങു പോകുന്നതെല്ലാരും കണ്ടാലും
1039 മണ്ടിവന്നീടുവിനാകില്‍ നിങ്ങള്‍."
1040 വീരന്മാരായുള്ള മന്നവരെന്നപ്പോള്‍

1041 ഘോരങ്ങളായുള്ള ബാണങ്ങള്‍ക്ക്
1042 പാരണം നല്കിനാര്‍ യാദവന്മാരുടെ
1043 മാറിലെഴുന്നൊരു ചോരവെള്ളം,
1044 യാദവന്മാരുടെ ബാണവുമന്നേരം
1045 ചേദിപന്മുമ്പായ മന്നോരുടെ
1046 ചോരയായുള്ളൊരു വെള്ളത്തില്‍ മുങ്ങീട്ടു
1047 പാരം കുളിച്ചുതുടങ്ങീതപ്പോള്‍
1048 ഭീതിയെപ്പൂണ്ടൊരു കാമിനിതന്മുഖം
1049 കാതരമായിട്ടു കണ്ടനേരം
1050 കാര്‍മുകില്‍നേര്‍വര്‍ണ്ണന്‍ ചൊല്ലിനിന്നീടിനാന്‍

1051 തൂമന്ദഹാസത്തെത്തൂകിത്തൂകി:
1052 "താവകമായുള്ളൊരാനനം കണ്ടിട്ടു
1053 താപമുണ്ടാകുന്നു മാനസത്തില്‍;
1054 മാനിനിമാരുടെ മൗലിയായുള്ള നി
1055 ന്നാനനമേതുമേ വാടൊല്ലാതെ.
1056 എന്നുടെ ബാണങ്ങള്‍ ചെല്ലുന്ന നേരത്തി
1057 മ്മന്നവരാരുമേ നില്ലാരെങ്ങും.
1058 ആയിരം കാകന്നു പാഷാണമൊന്നേതാന്‍
1059 വേണുന്നൂതെന്നതോ കേള്‍പ്പുണ്ടല്ലൊ."
1060 ഇങ്ങനെ ചൊന്നവള്‍ പേടിയെപ്പോക്കീട്ടു

1061 വന്നുള്ള മന്നോരെ നോക്കിനാന്താന്‍.
1062 കാരുണ്യംപൂണ്ടൊരു കാര്‍വര്‍ണ്ണന്തന്മുഖം
1063 ആരുണ്യംപൂണ്ടു ചമഞ്ഞുതപ്പോള്‍
1064 നൂതനമായുള്ളൊരാതപം പൂണുന്ന
1065 പാതംഗമാകിന ബിംബംപോലെ.
1066 വാരിജലോചനനായി വിളങ്ങിന
1067 വാരിജവല്ലഭന്തങ്കല്‍നിന്ന്
1068 ബാണങ്ങളാകുന്ന ദീധിതിജാലങ്ങള്‍
1069 വാരുറ്റു മേന്മേലേ ചെല്ലുകയാല്‍
1070 നേരിട്ടു നിന്നൊരു വീരന്മാരായുള്ള

1071 കൂരിരുട്ടെങ്ങുമേ കണ്ടീലപ്പോള്‍.
1072 വീരനായുള്ളൊരു രുഗ്മിതാനന്നേരം
1073 തേരിലങ്ങേറി മുതിര്‍ന്നു ചൊന്നാന്‍:
1074 "ചോരനായ് വന്നുനിന്നാരുമേ കാണാതെ
1075 സോദരിതന്നെയും തേരിലാക്കി
1076 കൊണ്ടങ്ങു മണ്ടുന്ന കൊണ്ടല്‍നേര്‍വര്‍ണ്ണന്തന്‍
1077 കണ്ഠത്തെക്കണ്ടിച്ചു കൊന്നു പിന്നെ
1078 സോദരീതന്നെയുമ്മീണ്ടുകൊണ്ടിങ്ങു ഞാന്‍
1079 പോരുന്നതെല്ലാരും കണ്ടുകൊള്‍വിന്‍.
1080 നിശ്ചയമെന്നതു നിര്‍ണ്ണയിച്ചാലുമി

1081 ന്നിച്ചൊന്ന കാരിയം പൂരിയാതെ
1082 കുണ്ഡിനമാകിന മന്ദിരംതന്നില്‍ ഞാന്‍
1083 എന്നുമേ പൂകുന്നേനല്ല ചൊല്ലാം."
1084 ഇങ്ങനെയുള്ളൊരു സംഗരവാദത്തെ
1085 മംഗലദീപവും പൂണ്ടു ചൊന്നാന്‍.
1086 പാരാതെ പിന്നെയക്കാര്‍മുകില്‍വര്‍ണ്ണനെ
1087 നേരിട്ടുനിന്നു വിളിച്ചു ചൊന്നാന്‍:
1088 "മൂര്‍ക്ക്വന്‍തങ്കൈയിലേ നന്മണിതന്നെയും
1089 മൂഷികങ്കൊണ്ടങ്ങു മണ്ടുംപോലെ
1090 എന്നുടെ സോദരീതന്നെയും കൊണ്ടു നീ

1091 എന്തിത്തുടങ്ങുന്നു?"തെന്നു ചൊല്ലി
1092 ഘോരങ്ങളായുള്ള ബാണങ്ങള്‍ തൂകിനാന്‍
1093 വാരിദം വാരിയെത്തൂകുംപോലെ.
1094 കൊണ്ടല്‍നേര്‍വര്‍ണ്ണനും ബാണങ്ങളെല്ലാമേ
1095 കണ്ടിച്ചു കണ്ടിച്ചു വീഴ്ത്തി വീഴ്ത്തി
1096 സാരഥിതന്നെയും വാജികള്‍തന്നെയും
1097 തേരുമന്നേരത്തു വീഴ്ത്തിപ്പിന്നെ
1098 ചാലച്ചെന്നങ്ങവന്തന്നെയും ബന്ധിച്ചു
1099 കാലന്നു നല്കുവാനോങ്ങുംനേരം
1100 കാര്‍വര്‍ണ്ണന്തന്നുടെ കൈപുക്കു നിന്നിട്ടു

1101 കാതരനായൊരു വീരന്നപ്പോള്‍
1102 ബാലികതന്നുടെ ലോചനവാരികള്‍
1103 ആലംബമായിട്ടേ വന്നുകൂടീ.
1104 കാര്‍മുകില്‍വര്‍ണ്ണന്തന്നാനനംതന്നുടെ
1105 രാഗവും കിഞ്ചില്‍ കുറഞ്ഞുതായി.
1106 "കൊല്ലാതെ കൊല്ലണമിന്നിവന്തന്നെ"യെ
1107 ന്നുള്ളിലെ നണ്ണിന കാര്‍വര്‍ണ്ണന്താന്‍
1108 പേശലമായൊരു കേശവും മീശയും
1109 പേയായിപ്പോകുമാറാക്കിപ്പിന്നെ
1110 പോകെന്നു ചൊല്ലിയയച്ചുനിന്നീടിനാന്‍

1111 ആകുലനാകിന ഭൂപന്തന്നെ.
1112 നാണവുംപൂണ്ടു തന്നാനനം കുമ്പിട്ടു
1113 നാനാജനങ്ങളും കാണവേതാന്‍
1114 വേഗത്തില്‍ പോയിത്തന്മന്ദിരംതന്നുടെ
1115 ചാരത്തു ചെന്നങ്ങു നിന്നനേരം
1116 ഉറ്റവരെല്ലാരും കുറ്റമകന്നൊരു
1117 മറ്റൊരു മന്ദിരം നിര്‍മ്മിച്ചപ്പോള്‍
1118 ക്ഷീണനായുള്ളൊരു രുക്മിയെത്തന്നെയും
1119 ചേണുറ്റ മന്ദിരംതന്നിലാക്കി
1120 മന്നവന്മാരെല്ലാം മാനവും കൈവിട്ടു

1121 തന്നുടെ മന്ദിരംതന്നില്‍ പൂക്കാര്‍.
1122 കാമിനിതന്നോടു കൂടിക്കലര്‍ന്നൊരു
1123 കാര്‍വര്‍ണ്ണന്താനുമായ്മെല്ലെ മെല്ലെ
1124 ദ്വാരകയാകിന പൂരിലകംപൂക്കാര്‍
1125 ഭേരിയും താഡിച്ചു യാദവന്മാര്‍.
1126 വൈദികരായുള്ള വേദിയര്‍ ചൊല്ലാലെ
1127 വൈദര്‍ഭിതന്നുടെ പാണിതന്നെ
1128 നല്‍പ്പൊഴുതാണ്ടൊരു രാശികൊണ്ടന്നേരം
1129 പത്മവിലോചനന്‍ പൂണ്ടുകൊണ്ടാന്‍
1130 പാര്‍വ്വതിതന്നുടെ പാണിയെപ്പണ്ടു നല്‍

1131 പാവകലോചനനെന്നപോലെ.
1132 വാരുറ്റു നിന്നുള്ളൊരുത്സവമന്നേരം
1133 ദ്വാരകതന്നില്‍ പരന്നുതെങ്ങും.
1134 വാര്‍തിങ്കള്‍തന്നോടു തൂവെണ്ണിലാവുതാന്‍
1135 വാരുറ്റു നിന്നു കലര്‍ന്നപോലെ
1136 കാര്‍വര്‍ണ്ണന്തന്നോടു കാമിനിതാനുമ
1137 ക്കാലത്തു ചാലക്കലര്‍ന്നുനിന്നാള്‍
1138 ബാലികതന്നുടെ വാഞ്ഛിതം പൂരിപ്പാന്‍
1139 ചാലത്തുനിഞ്ഞു തുടങ്ങുംനേരം
1140 ചേദിപന്തന്നുടെ ചൊല്ലാലെ വന്നിട്ടു

1141 വേദന പൂകിപ്പാനെന്നപോലെ
1142 ലജ്ജതാന്‍ ചെന്നു ചെറുത്തു തുടങ്ങിനാള്‍
1143 ഇച്ഛയല്ലെന്നതു ചിന്തിയാതെ
1144 വാരിജലോചനന്‍കണ്ണിണ മെല്ലെയ
1145 ന്നാരിതന്നാനനം പൂകുംനേരം
1146 വാരിജലോചനതന്നുടെ കണ്ണിണ
1147 നേരേ മടങ്ങിത്തുടങ്ങുമപ്പോള്‍.
1148 "ഓമലേ! നിന്നുടെ കോമളമായൊരു
1149 പൂമേനി മെല്ലവേ പൂണ്ടുകൊള്‍വാന്‍
1150 കാമിച്ചു വന്നു ഞാന്‍ ദൂരത്തു നില്ലാതെ

1151 ചാരത്തു പോരിങ്ങു ബാലികേ ! നീ"
1152 എന്നങ്ങു ചൊല്ലുമ്പോളാനനം താഴ്ത്തുകൊ
1153 ണ്ടേതുമേ മിണ്ടാതെ നിന്നുകൊള്ളും.
1154 വാസത്തിനുള്ളൊരു മന്ദിരംതന്നില്‍ തന്‍
1155 നാഥനുമായിട്ടു മേവുംനേരം
1156 ചൂഴുംനിന്നോരോരോ ലീലകളോതിത്തന്‍
1157 തോഴിമാരെല്ലാരും പോകുന്നപ്പോള്‍
1158 കേവലനായൊരു കാന്തനെക്കാണ്കയാല്‍
1159 പോവതിനായിട്ടു ഭാവിക്കുമ്പോള്‍.
1160 ശയ്യയിലങ്ങു തിരിഞ്ഞു കിടന്നിട്ടു

1161 പയ്യവേ നോക്കീടുമിങ്ങുതന്നെ;
1162 കാര്‍മുകില്‍വര്‍ണ്ണന്താന്‍ കണ്ണടച്ചീടുകില്‍
1163 ആനനംതന്നിലേ നോക്കിനില്ക്കും.
1164 ചുംബനത്തിന്നു തുനിഞ്ഞുതുടങ്ങുകില്‍
1165 ചിമ്മിനിന്നീടും തങ്കണ്ണിണയും.
1166 കാര്‍മുകില്‍ വര്‍ണ്ണന്തന്മേനിയോടേശുകില്‍
1167 കോള്‍മയിര്‍ക്കൊള്ളും തന്മേനിതന്നില്‍.
1168 പങ്കജലോചനന്തന്നുടെ പാണികള്‍
1169 കൊങ്കയില്‍നിന്നു കളിക്കുംനേരം
1170 ചേണുറ്റ നീവിതന്‍ ചാരത്തു ചെല്ലുകില്‍

1171 പാണികള്‍ ചെന്നു പിണങ്ങുപ്പോള്‍.
1172 ഇങ്ങനെയോരോരോ ലീലകള്‍ തോഞ്ഞു തന്‍
1173 മംഗലകാന്തനും താനുമായി
1174 ചിത്തമിണങ്ങി മയങ്ങിനിന്നേഴെട്ടു
1175 പത്തു ദിനങ്ങള്‍ കഴിഞ്ഞ കാലം
1176 തോഴികള്‍തന്നുടെ ചാരത്തു ചെല്ലുമ്പോള്‍
1177 കോഴ തുടങ്ങീതു മെല്ലെ മെല്ലെ.
1178 ചോരിവാതന്നെയും മൂടിത്തുടങ്ങിനാള്‍
1179 വാരുറ്റ പാണിയെക്കൊണ്ടു മെല്ലെ.
1180 തോഴിമാരെല്ലാരുമെന്നതു കണ്ടപ്പോള്‍

1181 പാഴമപൂണ്ടു പറഞ്ഞുനിന്നാര്‍:
1182 "ചൊല്ലിയന്നീടിന ചൂതത്തിന്‍ചാരത്തു
1183 ചെല്ലത്തുടങ്ങീതു മുല്ല താനേ
1184 പണ്ടു താന്‍ കാമിച്ച പൂമരം ചാരത്തു
1185 കണ്ടുകണ്ടീടിനാലെന്നു ഞായം.
1186 ചൊല്പെറ്റു നിന്നൊരു ദാഡിമംതന്നുടെ
1187 നല്പഴം കണ്ടൊരു പൈങ്കിളിതാന്‍
1188 കൊത്തിപ്പിളര്‍ന്നതു മൂടുവാന്‍ തേടുന്നു
1189 പുത്തനായ് നിന്നുള്ള പല്ലവംതാന്‍.
1190 ചാലെ വിരിഞ്ഞൊരു വാരിജംതന്നിലെ

1191 ത്തേനുണ്ടു നിന്നുള്ളൊരന്നത്തിന്റെ
1192 വാര്‍നഖമേറ്റു പൊളിഞ്ഞതു കണ്ടാലും
1193 വാരിജംതന്നുടെ കോരകങ്ങള്‍."
1194 തോഴിമാരെല്ലാരുമെന്നതു ചൊന്നപ്പോള്‍
1195 തോഷത്തെപ്പൂണ്ടൊരു കോപവുമായ്
1196 നാണം ചുമന്നു കനത്ത കണക്കെ ത
1197 ന്നാനനം താഴ്ത്തിനാള്‍ മാനിനിതാന്‍.
1198 ഇങ്ങനെയോരോരോ മംഗലലീലകള്‍
1199 തങ്ങളില്‍ കൂടിക്കലര്‍ന്നു പിന്നെ
1200 കാര്‍മുകില്‍നേരൊത്ത കാന്തിയെപ്പൂണ്ടുള്ള

1201 കാമുകന്മേനിയും പൂണ്ടു ചെമ്മെ
1202 ഭംഗികള്‍ തങ്ങുന്ന ശൃംഗാരംതന്നുടെ
1203 മംഗലവാഴ്ചയും വാണുനിന്നാര്‍.