1 ബാലകന്മാരുമായ് കന്നുമേച്ചിങ്ങനെ
2 നാലഞ്ചുമാസം കഴിഞ്ഞകാലം
3 ഗോവിന്ദരാമന്മാര്‍ ഗോക്കളെ മേച്ചങ്ങു
4 മേവിത്തുടങ്ങിനാര്‍ മെല്ലെ മെല്ലെ.
5 ഭൂമിക്കുഭൂഷണമായി വിളങ്ങുന്നൊ
6 രോമനച്ചേവടി രണ്ടുകൊണ്ടും
7 കാനനംതന്നിലെക്കല്ലിനും പുല്ലിനും
8 ആനന്ദമേറ്റം വളര്‍ത്തിനിന്നാര്‍.
9 ബാലകന്മാരുടെ യാചനം തന്നാലെ
10 താലവനന്തന്നില്‍ ചെന്നു പിന്നെ
11 രാസഭനായ് വന്ന ധേനുകനായൊരു
12 വാസവവൈരിയെക്കൊന്നുടനെ
13 താഫലങ്ങളെബ്ബാലകന്മാര്‍ക്കുമ
14 മ്മാപോകരെല്ലാര്‍ക്കുമായ്ക്കൊടുത്താര്‍.
15 കാലി തെളിക്കുന്ന ബാലകന്മാരുമായ്
16 ആലയംതന്നിലകത്തുപുക്കു
17 വല്ലവിമാരുടെ കണ്ണിനുമുള്ളിനും
18 ഉല്ലാസം നല്കിനാരല്ലല്‍ നീക്കി.
19 കാലികള്‍ മേപ്പാനക്കാനനം പൂകിന
20 ബാലകന്മാരെല്ലാമന്നൊരു നാള്
21 ആതപമേറ്റുള്ള താപംകൊണ്ടേറ്റവും
22 ദാഹിച്ചു ചെന്നു നല് കാളിന്ദിയില്‍
23 കാളിയനായൊരു കാളഭുജുംഗത്തിന്‍
24 ക്ഷ്വേളമിയന്നൊരു വെള്ളംതന്നെ
25 കോരിക്കുടിച്ചു, തദ്ദാഹത്തെത്തീര്‍ത്തുടന്‍
26 തീരത്തു ചെന്നങ്ങുനിന്നനേരം
27 ക്ഷ്വേളത്തില്‍ വേഗത്താല്‍ വീണുതുടങ്ങിനാര്‍
28 കാലികളും പിന്നെയവ്വണ്ണമേ
29 കാര്‍മുകില്‍ വര്‍ണ്ണന്താന്‍ കാലിതെളിച്ചു നല്
30 കാനനകാന്തിയെക്കണ്ടു കണ്ട്
31 മെല്ലവേ വന്നിങ്ങു നിന്നൊരു നേരത്തു
32 വല്ലവബാലികന്മാരെക്കണ്ടാന്‍,
33 ജീവനും കൂടാതെ കേവലം ഭൂമിയില്‍
34 പാവകള്‍ വീണു കിടക്കുംപോലെ.
35 കണ്ടൊരു നേരത്തു കൊണ്ടല്നേവര്ണ്ണന്താന്
36 ഇണ്ടലായ് നിന്നു നുറുങ്ങു നേരം
37 വാമമായുള്ളൊരു ലോചനംകൊണ്ടു തന്
38 ബാലകന്മാരെക്കുളുര്‍ക്ക നോക്കി
39 പീയൂഷം കൊണ്ടു തളിച്ചു തളിച്ചു നി
40 ന്നായാസം പോക്കിനാന്‍ മെല്ലെ മെല്ലെ.
41 ബാലകന്മാരുമക്കാലിക്കുലങ്ങളും
42 ആലസ്യം നീക്കിയെഴുന്നനേരം
43 കാര്‍മുകില്‍വര്‍ണ്ണന്താനുള്ളിലേ ചിന്തിച്ചാന്‍:
44 "കാളിയന്തന്നെ ഞാനിന്നുതന്നെ
45 കാളിന്ദിതന്നില്‍നിന്നാട്ടിക്കളയായ്കില്‍
46 നാളെയുമിങ്ങനെ വന്നുകൂടും."
47 എന്നങ്ങു നണ്ണിനിന്നന്നേരംതന്നെയ
48 ന്നിന്നൊരു നീലക്കടമ്പുതന്മേല്‍
49 പാഞ്ഞുകരേറിനാന്‍ പാവനമായുള്ള
50 പാദങ്ങള്‍കൊണ്ടു ചവിട്ടിച്ചെമ്മെ,
51 പാരിച്ചു ചാടിനാന്‍ ചാരത്തെ വാരിയില്‍
52 വേരറ്റ മേരുക്കുന്നെന്നപോലെ.
53 കാമിനിമാരോടുകൂടിക്കളിക്കുന്ന
54 കാളിയന്‍താനും തന് പൈതങ്ങളും
55 പെട്ടെന്നു ഞെട്ടിനാരെന്തെന്നു ചിന്തിച്ചു
56 വട്ടത്തില്‍നിന്നങ്ങുഴന്നാര്‍ പിന്നെ.
57 ഘോരനായുള്ളൊരു കാളിയന്നേരം
58 പാരിച്ച കോപത്തെപ്പൂണ്ടു ചൊന്നാന്‍:
59 "ആരിന്നു വന്നതെന്നാലയംതന്നിലേ
60 ധീരനായ് കേവലം ചാവതിന്നായ്"
61 ഇങ്ങനെ ചൊല്ലിത്തന്‍ മസ്തകമെല്ലാമേ
62 പൊങ്ങിച്ചുനിന്നങ്ങുയര്‍ന്നനേരം
63 ശ്വാസങ്ങളേറ്റു തികന്നു തുടങ്ങിതേ
64 ചാരത്തുനിന്നുള്ള വെള്ളമെല്ലാം
65 വാരിതന്‍ മീതേ നികന്നവന്‍ നോക്കുമ്പോള്‍
66 ദൂരവേ കാണായി കണ്ണന്തന്നെ
67 മേളമെഴുന്നോരു മേചകവാരിയില്‍
68 നീളവേ നീന്തുന്നതെ,ന്നനേരം
69 തിങ്കളെക്കണ്ടൊരു രാഹുവെപ്പോലെ താന്‍
70 ശങ്ക കളഞ്ഞങ്ങടുത്തുപിന്നെ
71 അല്ലിത്താര്‍മാതുതന്‍ മല്ലക്കരംകൊണ്ടു
72 മെല്ലെത്തലോടുന്ന പാദങ്ങളില്‍
73 പാരിച്ചു ദംശിച്ചാന്‍അങ്ങനെയല്ലൊ താന്‍
74 പാപികളായോര്‍ക്കു തോന്നി ഞായം.
75 എന്നതിന്നേതുമേ പീഡയെക്കാണാഞ്ഞു
76 മുന്നേതിലേറ്റം കതിര്‍ത്തുപിന്നെ
77 മര്‍മ്മങ്ങള്‍തോറും കടിച്ചുതുടങ്ങിനാന്‍
78 നിര്‍മ്മലനായൊരു പൈതല്‍തന്നെ.
79 ഇത്തരമോരോരോ യുദ്ധങ്ങള്‍ ചെയ്തിട്ടു
80 മസ്തകം കൊണ്ടങ്ങടിച്ചു ചെമ്മേ.
81 വറ്റാത കാന്തി കലര്‍ന്നൊരു കണ്ണനെ
82 തെറ്റെന്നു ചുറ്റിനാന്‍ മുറ്റ മുറ്റെ.
83 കാളിയന്‍തന്നോടു നേരിട്ടു കാര്വര്ണ്ണന്
84 കാളിന്ദിതന്നില്‍ കളിക്കുന്നേരം
85 നിച്ചലും ചെല്ലുന്നനേരത്തു ചെല്ലാഞ്ഞി
86 ട്ടച്ഛനുമമ്മയുമോര്‍ത്തുനിന്നാര്‍:
87 "എന്മകനെന്തുപോല്‍ വാരാഞ്ഞു തോഴീ! ചൊല്
88 ഇന്ന ലയിന്നേരം വന്നാനല്ലോ.
89 കാലികള്‍ കാണാഞ്ഞു കാട്ടില്‍ നടക്കുമ്പോള്‍
90 കാല്‍തന്നില്‍ മുള്ളു തറച്ചില്ലല്ലീ.
91 കായ്കളെക്കൊള്ളുവാന്‍ പാഴ്മരമേറീട്ടു
92 കാനനംതന്നിലേ വീണാനോതാന്‍.
93 ചാലത്തടുത്തു തെളിക്കുന്ന നേരത്തു
94 കാലികള്‍ കുത്തിക്കുതിര്‍ന്നില്ലല്ലീ,
95 കാനനം തന്നിലേ നല്‍വഴി കാണാഞ്ഞു
96 ദീനനായ് നിന്നങ്ങുഴന്നാനോ താന്‍.
97 സഞ്ചരിച്ചീടുമ്പോള് വന്‍പുലിതന്നാലേ
98 വഞ്ചിതനായാനോ ചൊല്ലു തോഴീ!
99 പിള്ളരുമായിപ്പിടിച്ചു കളിക്കുമ്പോള്‍
100 അല്ലലായ് വീണു കിടന്നാനോ താന്‍.
101 ചോറെല്ലാമാറിച്ചമഞ്ഞുതുടങ്ങുന്നു
102 നീറുന്നൂതുള്ളവും പിന്നെപ്പിന്നെ
103 മക്കളെപ്പെറ്റുള്ളോരമ്മമാരാര്‍ക്കുമേ
104 ഉള്‍ക്കാമ്പില്‍ വേദനയെന്നിയില്ലേ.
105 പോരായിപ്പണ്ടു കഴിഞ്ഞൊരു ജന്മത്തില്
106 വൈരംകലര്‍ന്നുള്ള ലോകരെല്ലാം
107 മക്കളായ് വന്നു പിറന്നു ചമഞ്ഞിട്ടു
108 ദുഖമിയറ്റുന്നൂതെന്നു തോന്നും;
109 വായ്പോടു നിന്നൊരു കണ്ണനെ നണ്ണി ഞാന്‍
110 രാപ്പകല്‍ വേകുമാറായിതല്ലോ.
111 കാലിക്കഴുത്തിലെ നന്മണിയൊച്ചയും
112 ചാരത്തു കേള്‍ക്കായിതില്ലേയൊന്നും
113 പൂതനതന്നുടെ തോഴിമാരാരേലും
114 ചേതന പോക്കിക്കളഞ്ഞാരോ താന്‍.
115 കാളിന്ദിതന്നില്‍ കളിക്കുന്ന നേരത്തു
116 കാളിയന് ചെന്നു കടിച്ചാനോതാന്‍"
117 എന്നങ്ങു ചൊല്ലുമ്പോഴംബരംതന്നില്‍നി
118 "ന്നങ്ങനെ"യെന്നൊരു വാക്കുണ്ടായി.
119 എന്നതു കേട്ടുടനെല്ലാരും നോക്കുമ്പേള്‍
120 ദുര്‍നിമിത്തങ്ങളും കാണായ്വന്നു.
121 അച്ഛനുമമ്മയും മറ്റുള്ള ലോകരും
122 തെറ്റെന്നു ചാടിനാര്‍ കാടുനോക്കി
123 കാര്വര്ണ്ണന്തന്നുടെ കാല്‍ച്ചുവടാരാഞ്ഞു
124 കാനനംതന്നൂടെ പാഞ്ഞു പാഞ്ഞു
125 കാളിന്ദിതന്നുടെ തീരത്തു ചെല്ലുമ്പോള്‍
126 കാണായി കേഴുന്ന ബാലന്മാരെ.
127 "എന്മകനെങ്ങോനെ"ന്നിങ്ങനെ ചോദിച്ചാള്
128 അമ്മതാന്‍ പൈതങ്ങളെല്ലാരോടും
129 എന്നതുകേട്ടുള്ള ബാലന്മാരാരുമേ
130 ഏതുമേ മിണ്ടുവാന്‍ വല്ലീലപ്പോള്‍.
131 കേവലം കേണുതുടങ്ങിനാര്‍ പിന്നെയും
132 ആവതോ മറ്റേതുമില്ലയല്ലോ
133 നീളെ വിളിക്കുന്നോരച്ഛനുമമ്മയും
134 കാളിന്ദിതന്നിലേ നോക്കുന്നേരം
135 കാളിയന്‍തന്നാലെ കെട്ടുപെട്ടുള്ളൊരു
136 കാര്‍വര്‍ണ്ണന്തന്നെയും കാണായപ്പോള്‍.
137 മണ്ടിനാരന്നേരം വെള്ളത്തില്‍ തുള്ളുവാന്‍
138 ഇണ്ടല്‍കൊണ്ടുള്ളിലേ മൂടുകയാല്‍
139 പേടിയേ വേര്‍വിട്ട രോഹിണീനന്ദനന്‍
140 ഓടിച്ചെന്നങ്ങു തടുത്താനപ്പോള്‍
141 കേടുറ്റുനിന്നൊരു നന്മൊഴികൊണ്ടവര്‍
142 പേടിയുമൊട്ടു തളര്‍ത്തുനിന്നാന്‍
143 കാളിയന്തന്നോടുകൂടിക്കളിക്കുന്ന
144 കാര്വര്ണ്ണന് തിണ്ണമെഴുന്നുപിന്നെ
145 മസ്തകംതന്നില്‍ ചവിട്ടിനിന്നന്നേരം
146 നൃത്തംതുടങ്ങിനാന്‍ മെല്ലെ മെല്ലെ.
147 വാനവരെല്ലാരും മാനിപ്പാനായിട്ടു
148 മാനത്തു വന്നു നിറഞ്ഞാരപ്പോള്‍.
149 വാദ്യങ്ങളെല്ലാമങ്ങൊക്ക മുഴങ്ങിച്ചി
150 ട്ടാദ്യനായുള്ളോനെ വാഴ്ത്തിനിന്നാര്‍.
151 കാര്വര്ണ്ണന്തന്നുടെ കോമളപാദങ്ങള്‍
152 കാളിയന്മേനിയിലേല്ക്കുന്നേരം
153 വമ്പുറ്റുനിന്നൊരു വങ്കുന്നു വന്നിട്ടു
154 തങ്കലേ വീഴുന്നൂതെന്നു തോന്നി.
155 വീരനായുള്ളോരു കാളിയന്‍വായീന്നു
156 ചോര ചൊരിഞ്ഞുതുടങ്ങീതപ്പോള്‍.
157 ക്ഷീണനായ് നിന്നങ്ങു കേണു തുടങ്ങിനാന്‍
158 പ്രാണങ്ങള്‍ പോവോളമായിക്കൂടി.
159 വേദങ്ങളുള്ളിലെക്കാതലായ് നിന്നുള്ള
160 പാദങ്ങള്‍ തങ്കലങ്ങേല്ക്കയാലെ
161 ദുര്‍മ്മദം പോയങ്ങു നിര്‍മ്മലനായ് വന്നാന്‍
162 കല്മഷം നീങ്ങിനാലെന്നു ഞായം.
163 ആരിതെന്നിങ്ങനെ പാരാതെ ചിന്തിച്ചു
164 നാരായണന്‍താനെന്നുള്ളില്‍ നണ്ണി
165 പാദങ്ങള്‍ കുമ്പിട്ടു "പാലിച്ചുകൊള്ളേണം
166 വേദത്തിന് കാതലേ!" എന്നുചൊന്നാന്‍
167 കാളിയന്‍തന്നുടെ കാമിനിമാരെല്ലാം
168 ബാലകന്മാരെയും കൊണ്ടുവന്നു
169 കേശവന്തന്നുടെ പാദങ്ങള്‍ കുമ്പിട്ടു
170 കേണുതുടങ്ങിനാര്‍ വീണു ചെമ്മേ.
171 എന്നതു കണ്ടൊരു കാര്വര്ണ്ണന് ചൊല്ലിനാന്‍:
172 "ഇന്നിലം കൈവിട്ടുപോകണം നീ."
173 കാളിയന്താനുമാക്കാര്വര്ണ്ണന്തന്നോടു
174 ലാളിച്ചുചൊല്ലിനാനെന്നനേരം:
175 "എങ്ങളെക്കാണുമ്പോള്‍ കൊന്നുടനന്നേരം
176 തിന്നുമുടിക്കുമേ വൈനതേയന്
177 എന്നുള്ള പേടികൊണ്ടിന്നിലംതന്നിലേ
178 എങ്ങള്‍വസിക്കുന്നു തമ്പുരാനെ.
179 സൗരഭിയായൊരു മാമുനിതന്നുടെ
180 ശാപംകൊണ്ടിങ്ങവന്‍ വാരായിന്നും."
181 കാളിയനിങ്ങനെ ചൊന്നതു കേട്ടൊരു
182 കാര്‍മുകില്‍വര്‍ണ്ണനും ചൊന്നാനപ്പോള്‍:
183 "എന്നുടെ പാദംകൊണ്ടങ്കിതനാം നിന്നെ
184 വന്നിനിത്തീണ്ടുമോ വൈനതേയന്?
185 വൈരിയായുള്ളൊരു വൈനതേയന്തന്നെ
186 വൈകാതെ ചെന്നിന്നു കണ്ടാലും നീ."
187 എന്നതു കേട്ടൊരു പന്നഗവീരന്താന്‍
188 നന്ദകുമാരനെക്കുമ്പിട്ടുടന്‍
189 ഉത്തമമായുള്ള രത്നങ്ങളെക്കൊണ്ടും
190 മുത്തുകളെക്കൊണ്ടും പൂജിച്ചപ്പോള്‍,
191 മുഗ്ദ്ധവിലോചനന്‍തന്നെയും തന്നുടെ
192 മസ്തകംതന്നിലെടുത്തു മെല്ലെ
193 ദൂരത്തുനിന്നൊരു തീരത്തു ചേര്‍ത്തിട്ടു
194 നേരത്തേ പോയാനക്കാളിയന്താന്‍.
195 കണ്ണുനീര് വീഴ്ത്തിനോരച്ഛനുമമ്മയും
196 കണ്ണനേ വന്നതു കണ്ടനേരം
197 കണ്ണുനീര് പിന്നെയും തൂകിത്തുടങ്ങിനാര്‍
198 കണ്ണനെക്കണ്ടുള്ള സന്തോഷത്താല്‍.
199 ഓടിയണഞ്ഞവന്‍ പൂമേനി തന്നുടെ
200 കേടറ്റ മേനിയില്‍ ചേര്‍ത്തു ചെമ്മേ
201 പൂണ്ടുതുടങ്ങിനാര്‍ പിന്നെയും പിന്നെയും
202 നീണ്ടുള്ള വീര്‍പ്പുകളാണ്ടു മേന്മേല്.
203 പല്ലവംപോലെ പതുത്തൊരു പൂമേനി
204 വല്ലവിമാരെല്ലാം പൂണ്ടുപിന്നെ
205 അല്ലലേ നീക്കിനാര്‍ തിങ്കളെപ്പൂണ്ടുപൂ
206 ണ്ടല്ലിനെ രാത്രികള്‍ നീക്കുമ്പോലെ.
207 ഒക്കവേ ചെന്നു തന് ചങ്ങാതിമാരെല്ലാം
208 തിക്കു തുടങ്ങിനാര്‍ പൂണ്ടുപൂണ്ടു.
209 കന്നുകിടാക്കളും നന്ദതനൂജനെ
210 ചുംബിച്ചുനിന്നു തുടങ്ങീതെല്ലാം.
211 വാരിയില്‍നിന്നങ്ങു വന്നോരു കാര്വര്ണ്ണന്
212 തീരത്തുനിന്നു വിളങ്ങുന്നേരം
213 വാരുറ്റുനിന്നൊരു സാഗരവാരിയില്‍
214 നേരേ പോയ് ചാടിനാന്‍ സൂര്യനപ്പോള്‍
215 കാളിന്ദീതന്നുടെ നീരെല്ലാം പൊങ്ങീട്ടു
216 നീളപ്പരന്നു ചമഞ്ഞപോലെ
217 പാരിച്ചുനിന്നൊരു കൂരിരുട്ടന്നേരം
218 പാരിടമെങ്ങും പരന്നുകൂടീ.
219 പക്ഷികള്‍ കൂട്ടിലടങ്ങിതായന്നേരം
220 ദുഷ്ടമൃഗങ്ങള്‍ നടത്തംകൊണ്ടു,
221 ഗോകുലനാരിമാര്‍ കേഴാതെനിന്നപ്പോള്‍
222 കോകങ്ങള്‍ കേണുതുടങ്ങി ചെമ്മെ.
223 കൂമ്പിത്തുടങ്ങീതു ലോകര്‍ക്കു കണ്ണെല്ലാം
224 ആമ്പലുമെങ്ങും വിരിഞ്ഞുകൂടി.
225 നാരിമാര്‍ നന്മുഖം നന്നായ് വിരിഞ്ഞപ്പോള്‍
226 വാരിജം കൂമ്പിത്തുടങ്ങീതെങ്ങും.
227 മുത്തുകള്‍ പൂണ്ടൊരു കാര്‍വര്‍ണ്ണന്‍മെയ്തന്നോ
228 ടൊത്തങ്ങു നില്പാനായെന്നപോലെ
229 താരങ്ങളായൊരു ഹാരങ്ങള്‍ പൂണ്ടിട്ടു
230 പാരം വിളങ്ങി വിയത്തുമപ്പോള്‍.
231 രാത്രിയെക്കണ്ടൊരു ഗോപാലന്മാരെല്ലാം
232 യാത്രയ്ക്കു കാലമല്ലെന്നു ചൊല്ലി
233 കാളിന്ദിതന്നുടെ ചാരത്തുനിന്നൊരു
234 കാനനന്തന്നിലിരുന്നെല്ലാരും
235 പാഥോജലോചനന്താനുമായോരോരോ
236 ഗാഥകളോതിനിന്നൊട്ടുനേരം.
237 ഭദ്രമന്മാരായുള്ള ഗോപന്മാരെല്ലാരും
238 നിദ്രയെപ്പൂണ്ടു കിടന്നനേരം
239 മുറ്റെപ്പിടിച്ചൊരു കാട്ടുതീ കാണായി
240 ചുറ്റെ വരുന്നതു പറ്റപ്പറ്റി.
241 ബോധത്തെപ്പൂണ്ടുള്ള ഗോപന്മാരെല്ലാരും
242 ഭീതന്മാരായ് നിന്നു ചൊന്നാരപ്പോള്‍:
243 "കണ്ണാ! നീ കാണയ്യോ! കാട്ടുതീ വന്നതു
244 വെണ്ണീറായ്പോയിതു നാമെല്ലാരും."
245 ഇച്ചൊന്ന വാക്കിനെക്കേട്ടൊരു നേരത്തു
246 വിശ്വങ്ങളുള്ളില്‍ ധരിച്ചവന്‍താന്‍
247 ചാരത്തു വന്നൊരു പാവകന്തന്നെയും
248 നേരേ മിഴുങ്ങിനാന്‍ വെണ്ണപോലെ;
249 "ആച്ചിമാരന്നന്നു കാഴ്ചയായ് നല്കുന്ന
250 കാച്ച്യ പാല് വെണ്ണ പചിപ്പിപ്പാനായ്
251 ജാഠരനായുള്ള പാവകനേതുമേ
252 പാടവം പോരാ തനിക്കുതന്നെ
253 ഇന്നിവന് കൂടിത്തുണച്ചു കൊടുക്കേണം"
254 എന്നങ്ങു നണ്ണിനാനെന്നപോലെ
255 ആപത്തു പോയുള്ള ഗോപന്മാരെല്ലാരും
256 ആബദ്ധമോദന്മാരായിപ്പിന്നെ
257 കാലം പുലര്‍ന്നുതുടങ്ങുന്നനേരത്തു
258 കാര്‍വര്‍ണ്ണനോടു കലര്‍ന്നു ചെമ്മേ
259 ലീലകളോരോന്നേ ചാലപ്പറഞ്ഞുത
260 ന്നാലേയം പൂകിനാര്‍ കാലിയുമായ്.