1 ദ്വാരകതന്നിലേ നിന്നു വിളങ്ങിന
2 സീരവരായുധനന്നൊരുനാള്‍
3 ബന്ധുക്കളായോരെക്കാണ്മതിനായിട്ടു
4 നന്ദന്റെ മന്ദിരം തന്നില്‍ ചെന്നാന്‍.
5 രാമനേ വന്നതു കണ്ടൊരു നന്ദന്താന്
6 ആമോദം പൂണ്ടു പിടിച്ചു പൂണ്ടാന്‍;
7 അമ്മയായുള്ള യശോദയുമങ്ങനെ
8 തന്മനം ചെമ്മേ കുളുര്‍ക്കുംവണ്ണം.
9 ചങ്ങാതിമാരായ വല്ലവന്മാരെല്ലാം
10 മംഗലമായ് വന്നു കണ്ടന്നേരം
11 കണ്ണനെക്കാണാഞ്ഞു വേദനപൂണ്ടുള്ളം
12 തിണ്ണമഴന്നുള്ള വല്ലവിമാര്‍
13 രാമന്റെ ചാരത്തുവന്നവര് ചോദിച്ചാര്‍
14 കാര്‍മുകില്‍വര്‍ണ്ണന്റെ വാര്‍ത്തയെല്ലാം:
15 "പൗരമാരായുള്ള നാരിമാരാര്‍ക്കുമേ
16 വൈരസ്യമേതുമിന്നില്ലയല്ലീ?
17 കാര്‍മുകില്‍ വര്ണ്ണന്നു വേണുന്നതിന്നിന്നു
18 കാമിനിമാരുടെ സൗഖ്യമല്ലൊ;
19 എന്നതുകൊണ്ടങ്ങള് മുമ്പിനാല്‍ ചോദിച്ചു
20 സുന്ദരിമാരുടെ സൗഖ്യമെല്ലാം.
21 വഞ്ചനയാണ്ടുള്ളൊരഞ്ചനവര്ണ്ണന്നു
22 ചഞ്ചലമായൊരു നെഞ്ചിലിപ്പോള്‍
23 അച്ഛനുമമ്മയും വേഴ്ച തുടര്ന്നോരും
24 കച്ചുതേയിഞ്ഞങ്ങളെന്നപോലെ;
25 ഞങ്ങളെക്കാണേണമെന്നതുകൊണ്ടല്ലൊ
26 ഇങ്ങവന്‍ വാരാതെ നിന്നുകൊണ്ടു.
27 മങ്ങാതെ വന്നു തന്നച്ഛനെക്കണ്ടാലും
28 ഞങ്ങളോ മെല്ലെ മറഞ്ഞുകൊള്ളാം.
29 ഉറ്റോരെയും മറ്റു പെറ്റോരെയും പിന്നെ
30 ച്ചുറ്റമാണ്ടോരെയും കൈവെടിഞ്ഞ്
31 ഉറ്റോരായുള്ളതും മറ്റാരുമല്ലെന്നേ
32 മുറ്റുമിഞ്ഞങ്ങളോ നണ്ണി ചെമ്മേ.
33 പുഞ്ചിരിതൂകിനോരഞ്ചനവര്‍ണ്ണന്റെ
34 വഞ്ചനവാക്കുകളൊന്നൊന്നേതാന്
35 പട്ടാങ്ങെന്നിങ്ങനെ ചിന്തിച്ചുനിന്നുള്ളില്‍
36 പൊട്ടുപിരണ്ടുള്ള ഞങ്ങളിപ്പോള്‍
37 ചേണുറ്റു തങ്ങളില്‍ കെട്ടുപെട്ടീടുന്ന
38 തോണികള്‍ പാഴിലേ നീരായ് വന്നു.
39 ഗോകുലംകൊണ്ടുള്ള വാര്‍ത്തകളിന്നെല്ലാം
40 ഏതാനുമുണ്ടോ പറഞ്ഞുകേള്പ്പൂ?
41 "എന്നുടെ പിന്നലെ സന്തതം പാഞ്ഞിടും
42 ഖിന്നമാരായുള്ള നാരിമാരേ
43 നന്നായി വഞ്ചിച്ചു പോന്നോര്നിന്നിങ്ങു ഞാന്‍"
44 എന്നതു മിണ്ടുമാറില്ലയോ ചൊല്.
45 പണ്ടവന് ചെയ്തുള്ള വേലകളോര്‍ക്കുമ്പോള്‍
46 ഇണ്ടലാകുന്നുതേ പാരമുള്ളില്‍.
47 കാളിന്ദിതീരത്തെക്കാവുകള് കാണുമ്പോള്‍
48 ഓളം തുളുമ്മുന്നു വേദനകള്‍.
49 കാലത്തേ പോന്നു മുളച്ചുതേയുള്ളുതി
50 ക്കോലപ്പോര്കൊങ്കകളെങ്ങള്മാറില്;
51 ചാലക്കിടന്നുതെളിഞ്ഞു വളര്‍ന്നതി
52 ന്നീലക്കാര്വ്വണ്ണന്റെ മാറിലത്രെ.
53 പണ്ടുപണ്ടുണ്ടായ പുണ്യങ്ങളോര്‍ക്കയാല്‍
54 ഇണ്ടലാണ്ടീടുമിക്കൈകള്‍ രണ്ടും
55 മാതാവിങ്കണ്ഠം പിരിഞ്ഞതില്‍പ്പിന്നെയി
56 മ്മാധവന്കണ്ഠമേ താനറിഞ്ഞു
57 ശൃംഗാരമിങ്ങനെയുള്ളൂതെന്നുള്ളതും
58 അംഗജനിങ്ങനെയുള്ളൂതെന്നും
59 മറ്റാരുമല്ലയിഞ്ഞങ്ങള്‍ക്കു ചൊന്നതോ
60 മുറ്റുമിക്കാര്‍മുകില്‍വര്‍ണ്ണനത്രെ.
61 അങ്ങനെ നിന്നുള്ളൊരെങ്ങളേയിന്നിപ്പോള്
62 ഇങ്ങനെയല്ലൊതാനാക്കിവച്ചു.
63 രാപ്പകലിങ്ങനെ വന്നതു പാര്‍ത്തിതാ
64 ബാഷ്പവും വാര്‍ത്തു കിടന്നു ഞങ്ങള്‍."
65 ഇങ്ങനെചൊന്നുടന് കണ്ണൂനീര്‍ തൂകിനാര്‍
66 മംഗലമാരായ മാതരെല്ലാം.
67 രേവതീകാമുകനെന്നതു കണ്ടിട്ടു
68 പൂവേണിമാരുടെ ഖേദമെല്ലാം
69 വാക്കുകള്കൊണ്ടുടന് പോക്കിനിന്നീടിനാന്‍
70 വാഗ്മിയായുള്ളവരെന്നു ഞായം.
71 അല്ലലെത്തീര്ത്തുള്ള വല്ലവിമാരുമായ്
72 നല്ല നിലാവുള്ള രാവുകളില്‍
73 അമ്പോടു പിന്നെക്കളിച്ചുതുടങ്ങിനാന്
74 അമ്പാടി തന്നിലേ രണ്ടു മാസം.
75 വാരുണിയാകിന മാധ്വിയെസ്സേവിച്ചു
76 വാരണംപോലെ മദിച്ചു പിന്നെ
77 മന്ദം നടന്നു കളിച്ചൊരു നേരത്തു
78 സുന്ദരിമാരുമായന്നൊരുനാള്‍
79 മേളത്തില്‍ നിന്നു കളിപ്പതിന്നായിട്ടു
80 കാളിന്ദിതന്നെ വിളിച്ച നേരം
81 വാരാതെനിന്നപ്പോളേറിയ കോപത്താല്‍
82 സീരത്തെക്കൊണ്ടു വലിപ്പതിന്നായ്
83 ഓങ്ങിന നേരത്തു പേടിച്ചു നിന്നവള്‍.
84 ഓടിച്ചെന്നീടിനാള്‍ ചാരത്തപ്പോള്‍.
85 തന്നിലിറങ്ങി നല്ക്കാമിനിമാരുമായ്
86 ഒന്നൊത്തുനിന്നു കളിച്ചു പിന്നെ
87 ചാലക്കരയേറി നീലമായുള്ളൊരു
88 ചേലയും പൂണ്ടു വിളങ്ങി നന്നായ്
89 കാമിനിമാരുടെ വാഞ്ഛിതം പൂരിച്ചു
90 കാവുകള്‍തോറും വിളങ്ങിനിന്നാന്‍.