1 ദേവകിതന്നുടെ സൂനുവായ്മേവുന്ന
2 കേവലനായൊരു വാസുദേവന്‍
3 മംഗലമെങ്ങുമേ പൊങ്ങിനിന്നീടും തന്
4 മന്ദിരംതന്നിലേ നിന്നകാലം
5 ഭാര്യമാരായുള്ള നാരിമാര്‍ ചൂഴുറ്റു
6 വാരിവിഹാരങ്ങളാചരിപ്പാന്
7 താമരപ്പൊയ്കയില്ച്ചെന്നിറിങ്ങീടിനാന്
8 വാമവിലോചനമാരുമായി.
9 ക്ഷ്വേളിതമാളുന്ന ബാലികമാരപ്പോള്
10 കേളികളോരോന്നയാചരിച്ചാര്.
11 കാന്തനും തങ്ങളും വാശി പറഞ്ഞിട്ടു
12 നീന്തിനിന്നീടിനാരൊട്ടുനേരം
13 തേകിനിന്നീടിനാര് കോമളക്കൈകൊണ്ടു
14 തൂകിനിന്നീടിനാര് പൂഞ്ചിരിയും
15 ആണ്ണൊരുവാരിയില് മുങ്ങിനാര്‍ പിന്നെയ
16 ങ്ങാനന്ദമായൊരു വാരിയിലും.
17 ഇങ്ങനെയോരോരോ ലീലകള്ചെയ്തുള്ളൊ
18 രംഗനമാരുടെ മാനസത്തേ
19 അംഗജന്തന്നുടെ മന്ദിരമാക്കിനാന്
20 പങ്കജലോചനന്‍ തങ്കലാക്കി.
21 ചിത്തത്തില്നിന്നൊരു ചിത്തജന് ചൊല്ലാലെ
22 മത്തമാരായുള്ള മാനിനിമാര്‍
23 അന്നം തുടങ്ങിന പക്ഷികളോടെല്ലാം
24 ചെന്നു പിണഞ്ഞു തെളിഞ്ഞുനിന്നാര്‍.
25 വാരിനിഹാരങ്ങളാചരിച്ചീടിന
26 ഭാര്യമാരോടു കലര്‍ന്നു പിന്നെ
27 രമ്യങ്ങളായുള്ള ഹര്മ്മ്യങ്ങളേറിയും
28 നര്മ്മങ്ങളോരോന്നേയാചരിച്ചാന്.
29 എണ്ണുരണ്ടായിരത്തെണ്മരെന്നിങ്ങനെ
30 എണ്ണമാണ്ടീടുന്ന ഭാര്യമാരില്‍
31 ചൊല്പെറ്റുനിന്നുള്ള പുത്രരേയോരോന്നില്
32 ഉല്പാദിപ്പിച്ചു പുതുപ്പത്തവന്
33 ശുദ്ധമായുള്ളൊരു യാദവവംശത്തെ
34 വര്ദ്ധിപ്പിച്ചീടിനാന് വാഞ്ഛയോടെ.
35 പിന്നെയും പിന്നെയും ജാതരായിങ്ങനെ
36 എണ്ണമില്ലാതോളമുണ്ടായ് വന്ന
37 യാദവന്മാരുടെ സംഖ്യയെച്ചൊല്ലുവാ
38 നായിരംനാവന്നുമാവതല്ലേ:
39 വല്ലാതെ പോകുമിന്നാവുകൊണ്ടിന്നു നാം
40 ചൊല്ലിനിന്നീടുന്നു പിന്നെയല്ലൊ.
41 സന്താനം കൊണ്ടു തഴച്ചുനിന്നീടുമ
42 ച്ചെന്താരില്മാതുതന് കാന്തമ്പിന്നെ
43 യജ്ഞങ്ങള്‍കൊണ്ടു യജിച്ചുനിന്നെല്ലാര്ക്കും
44 വിത്തങ്ങള്കൊണ്ടു വിതച്ചുനിന്നാന്.
45 വൃഷ്ടിയെപ്പെയ്യിച്ചു പുഷ്ടിയെപ്പൊങ്ങിച്ചു
46 തൂഷ്ടനായുള്ള മഹേന്ദ്രനപ്പോള്.
47 സസ്യങ്ങള്തന്നുടെ വൃദ്ധിയെക്കാണ്കയാ
48 ലുത്സവമായ് വന്നു കര്‍ഷകര്‍ക്കും;
49 ദസ്യുക്കളെന്നുള്ള വാര്‍ത്തയും മാഞ്ഞുത
50 ങ്ങത്യുഗ്രന്മാരെന്നുമവ്വണ്ണമേ.
51 ദുഃഖമെന്നുള്ളതോ ചിത്തവികാരമോ ?
52 ദുഷ്ടതയെന്തുപോലെന്നു കേള്‍പ്പൂ?
53 ഇങ്ങനെ തങ്ങളില്‍ ചോദിച്ചുനിന്നാര
54 മ്മംഗലംപൊങ്ങിന ലോകരെല്ലാം.
55 കെല്പോടു കൊണ്ടന്ന കല്പകശാഖിതന്
56 ചൊല്പൊങ്ങും കാറ്റുകളേല്ക്കയാലേ
57 കാരസ്കരങ്ങള്തന് കായ്കളുമന്നെല്ലാം
58 വാഴപ്പഴങ്ങളായ് വന്നുകൂടി.
59 നിംബങ്ങളായുള്ള വന്മരക്കൂട്ടവും
60 കമ്രങ്ങളായ് നിന്നു തേന്‍ ചൊരിഞ്ഞു.
61 ഇങ്ങനെയോരോരോ മംഗലജാലങ്ങള്‍
62 പൊങ്ങിനിന്നീടുമദ്ദ്വാരകയില്
63 ഉത്തമരായുള്ള പുത്രരുമായിട്ടു
64 ചിത്തവും ചാലെത്തെളിഞ്ഞു മേന്മേല്
65 ശോഷിച്ചു പോയൊരു ധര്മ്മജന്തന്നെയും
66 വാഴിച്ചുനിന്നു തന് നാട്ടില്‍ നന്നായ്
67 ദുഃസ്ഥിതിയെന്നതു ദൂരെവച്ചങ്ങനെ
68 സ്വസ്ഥനായ്മേവിനാന് ഗോവിന്ദന്താന്.
69 പാതകം പോക്കുവാന്മാധവന്തന്നുടെ
70 നൂതനക്രീഡകളുണ്ടല്ലൊതാന്‍.
71 കോലെടുത്തീടിനാല്‍ കൊല്‍കയാമെങ്കിലോ
72 വേലെടുത്തീടിനാല്‍ വേലയെന്ത് ?
73 പീലികളായൊരു പീയുഷവാരിയില്‍
74 മാനസം ചെന്നങ്ങു മുങ്ങുകയാല്‍
75 മാധവന്തന്നുടെ ലീലകള്‍ തന്നെയേ
76 മാനിച്ചു ചൊല്ലുന്നുതിന്നും ഞാനോ.
77 ദ്വാരകതന്നിലേ ഗേഹമായ്പോരുന്നോ
78 രാരണന്തന്നുടെ ദാരകന്മാര്‍
79 ജാതരായ് മേവുന്നു യാതൊരു ഭൂമിയില്‍
80 പ്രേതരായ്പോകുന്നോരന്നിലത്തേ.
81 പിന്നെയും പിന്നെയുമിങ്ങനെ കണ്ടപ്പോള്‍
82 ഖിന്നനായ് നിന്നുള്ളൊരാരണന്താന്‍
83 ചേതന പോയൊരു ബാലകന്തന്നെയും
84 വേദനപൂണ്ടങ്ങെടുത്തു മെല്ലെ
85 മാധവലീലകളായി വിളങ്ങുന്ന
86 പീയുഷവാരിതന്‍ പൂരംതന്നില്‍
87 മാനസം ചെന്നു തലപ്പെട്ടു നിന്നിട്ടു
88 പാരാതെ തങ്കലേ തങ്ങുകയാല്‍
89 രാജാവിന്‍കോയിക്കല്‍ പാരാതെ ചെന്നിട്ടു
90 രാജാവോടായിട്ടു ചൊന്നാന്‍ പിന്നെ
91 "പാലനം വല്ലാത രാജാവു വാഴുന്നാള്‍
92 കാലന്തന് കോയില്‍ പൂം ബാലകന്മാര്
93 എന്നുള്ള വാര്‍ത്തകള്‍ നിര്‍ണ്ണയമായ് വന്നു
94 തെന്നുടെ ബാലകര്‍ ചാകയാലേ.
95 ധര്‍മ്മിഷ്ഠനായുള്ള രാജാവിന്‍നാട്ടിലേ
96 നമ്മുടെ വാസത്തിന്‍ചേര്‍ച്ചയുള്ളൂ.
97 ഇന്നാടു കൈവെടിഞ്ഞെങ്കിലോ പോകുന്നേന്
98 നന്നായി വാഴുന്ന നാടു നോക്കി."
99 ആരണനിങ്ങനെ ചൊന്നതു കേട്ടപ്പോള്‍
100 വീരനാം പാര്‍ത്ഥനുമോര്‍ത്തുചൊന്നാന്‍
101 "നിന്നുടെ ബാലകന്തന്നുടെ പാലനം
102 എന്നോടു ചൊല്ലുകിലിന്നേ ചെയ്യാം.
103 ഇന്നാടു കൈവടിഞ്ഞന്യമാം നാട്ടിലി
104 ന്നെന്നതുകൊണ്ടു നീ പോകവേണ്ടാ."
105 ഇങ്ങനെ ചൊന്നവന്താനുമായ്പോയവന്‍
106 മന്ദിരംതന്നിലും ചെന്നു പിന്നെ
107 ആര്‍ത്തിയെപ്പോക്കുമക്കാലവും ചിന്തിച്ചു
108 പാര്‍ത്തുനിന്നീടിനാന്‍ പാര്‍ത്ഥനപ്പോള്‍.
109 സൂതികകാലങ്ങാഗമിച്ചീടുമ്പോള്‍
110 ഭീതനായ് ചൊല്ലിനാനാരണന്താന്‍:
111 "പാലിക്കവേണ്ടുന്ന കാലമോ വന്നുതേ
112 പാര്‍ത്തുനിന്നീടൊല്ല"യെന്നിങ്ങനെ.
113 പാണ്ഡവന്താനതു കേട്ടൊരുനേരത്തു
114 ഗാണ്ഡീവംവില്ലു തങ്കയ്യിലാക്കി
115 അസ്ത്രങ്ങള്‍ കൊണ്ടു ചെറുത്തുനിന്നീടിനാ
116 നക്ഷണം ചെന്നുനിന്നാശയെല്ലാം.
117 ബാണങ്ങള്‍കൊണ്ടൊരു പഞ്ജരം നിര്‍മ്മിച്ചാന്‍
118 ത്രാണത്തിനായിട്ടപ്പൈതല്‍തന്നെ.
119 ചാലെപ്പിറന്നു നിലത്തു വീണീടിനാന്‍
120 ബാലകന്താനുമക്കാലത്തപ്പോള്‍:
121 ചുറ്റും നിന്നീടുന്നോര്‍ നോക്കിനിന്നീടവേ
122 തെറ്റെന്നു കണ്ടില്ലയെന്നേയുള്ളു.
123 സജ്ജനായ് നിന്നുള്ളൊരര്‍ജ്ജുനന്താനപ്പോള്‍
124 ലജ്ജയും പൂണ്ടു പുറപ്പെട്ടുടന്‍
125 പാരിടമെങ്ങുമേയാരാഞ്ഞുനിന്നിട്ട
126 ദ്ദാരകന്തന്നെയകപ്പെടാതെ
127 പിന്നെയും പോന്നിങ്ങു ഖിന്നനായ് നിന്നിട്ടു
128 തന്നെയും നിന്ദിച്ചു ചൊല്ലീടിനാന്‍
129 സാകൂതമായിച്ചിരിച്ചു ചൊല്ലീടിനാന്‍
130 മാഴ്കാതെന്നിങ്ങനെ മാധവന്താന്.
131 ആര്‍ത്തിയെപ്പോക്കുവാന്തേര്‍ത്തടം തന്നിലായ്
132 പാര്‍ത്ഥനും താനുമായ്മെല്ലെ മെല്ലെ
133 പശ്ചിമയായൊരു ദിക്കിനേ മുന്നിട്ടു
134 നിശ്ചയം പൂണ്ടുള്ളൊരുള്ളവുമായ്
135 പോകുന്ന നേരത്തു കുരിരുട്ടായിട്ടു
136 പോകരുതാതെയങ്ങായനേരം
137 ചക്രത്തെക്കൊണ്ടു ശമിപ്പിച്ചുനിന്നുട
138 നുഗ്രമായ്മേവുമക്കുരിട്ടും.
139 പാരാതെ പിന്നെയും, പോകുന്നനേരത്തു
140 പാലാഴിതന്നെയും കാണായ് വന്നു.
141 രത്നങ്ങളാളുമദ്വീപിന്മേല്‍ കാണായി
142 തുത്തമമായൊരു മന്ദിരത്തേ.
143 തന്നിലും ചെന്നപ്പളുന്നതമായൊരു
144 പന്നഗനായകന്തന്നുടെമേല്‍
145 വേദങ്ങള്‍തന്നുടെ കാതലായ്മേവുന്ന
146 ദേവനെത്തന്നെയും കാണായ്യപ്പോള്‍
147 ശ്രീഭൂമിമാരായ ദേവിമാര്‍പൂണ്ടുള്ള
148 ശോഭയെപ്പൂണ്ടൊരു മെയ്യുമായി.
149 കൂപ്പിനനേരത്തു വായ്പോടു ചൊല്ലിനാന്‍
150 കേള്‍പ്പിനിന്നിങ്ങളെന്നങ്ങവന്താന്‍:
151 നിങ്ങളെക്കാണ്മാനിദ്ദാരകന്മാരെയി
152 ന്നിങ്ങനെ നിന്നു ഞാന്‍ കൊണ്ടുപോന്നു.
153 പാരിടംതന്നുടെ പാലനമെല്ലാമേ
154 പാഴായിപ്പോകാതെ ചെയ്യേണമെ.
155 ഭൂഭാരംതന്നെയും വ്യാപാദിച്ചീടിനാല്‍
156 പാരാതെ പോന്നിങ്ങു വന്നുകൊള്‍വൂ."
157 ഇങ്ങനെ ചൊന്നൊരു വാര്‍ത്തയെക്കേട്ടവ
158 രങ്ങനെയാകെന്നു ചൊല്ലിപ്പിന്നെ
159 ബാലകന്മാരെയും പാരാതെ കൊണ്ടന്നി
160 ട്ടാരണനായിട്ടുനല്കിനിന്നാര്‍.
161 ദാരകന്മാരെത്തന്‍ ചാരത്തു കണ്ടുള്ളൊ
162 രാരണന്‍ ചൊന്നുള്ളൊരാശിക്കെല്ലാം
163 ചീര്‍ത്തൊരു മോദത്താലാര്‍ത്തിയും തീര്‍ത്തങ്ങു
164 പാത്രമായുള്ളൊരു പാര്‍ത്ഥനുമായ്
165 ധന്യമായുള്ളൊരു തന്നുടെ മന്ദിരം
166 തന്നിലും ചെന്നു സുഖിച്ചു പിന്നെ
167 ആര്യനായുള്ളൊരു രാമനും താനുമായ്
168 കാര്യവിചാരങ്ങളാചരിച്ചാര്‍.