കൃഷ്ണഗാഥ - രണ്ടാം ഭാഗം - സാല്വവധം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1 കാരണനായൊരു വാരിജലോചനന്‍
2 ദ്വാരകനോക്കി വരുന്നനേരം
3 കോപിച്ചുനിന്നൊരു സാല്വനെന്നിങ്ങനെ
4 പേര്‍പെറ്റു നിന്നൊരു മന്നവന്താന്‍
5 പോര്‍ക്കായിച്ചെന്നിട്ടു യാദവന്മാരില്‍ത്ത
6 ന്നൂക്കിനെക്കാട്ടിനാന്‍ മേല്ക്കുമേലേ.
7 വൈരസ്യം പൂണ്ടൊരു വൈദര്‍ഭിനന്ദനന്‍
8 വൈകാതെ ചെന്നു പിണഞ്ഞനേരം
9 വൈകല്യം വാരാതെ വൈരിയും താനുമായ്
10 വൈദഗ്ദ്ധ്യം കാട്ടുന്ന നേരത്തപ്പോള്‍

11 ചേണുറ്റു നിന്നൊരു ചേദിപന്തന്നുടെ
12 ചേതന പോക്കിന മാധവന്താന്‍
13 പെട്ടെന്നു ചെന്നങ്ങു രുഷ്ടനായ് നിന്നൊരു
14 ദുഷ്ടനും താനും പിണങ്ങിപ്പിന്നെ
15 മായകള്‍കൊണ്ടെങ്ങും തൂകിനിന്നേറ്റവും
16 മാനിയായ്മേവുമമ്മന്നവന്റെ
17 മാറിടംതന്നിലേ സായകംമുമ്പായു
18 ള്ളായുധമേല്പിച്ചങ്ങായവണ്ണം
19 വാനില്‍ നിന്നീടുന്ന മാനിനിമാരുടെ
20 വാര്‍കൊങ്ക പുല്‍കുമാറാക്കിവച്ചാന്‍.

21 മന്ദനായ് നിന്നൊരു മന്നവന്തന്നുടെ
22 ബന്ധുവായുള്ളൊരു ദന്തവക്ത്രന്‍
23 കോപിച്ചു ചെന്നു പിണങ്ങിനിന്നീടിനാന്‍
24 വേപിച്ചുനിന്നൊരു മെയ്യുമായി.
25 മണ്ടിവരുന്നൊരു വൈരിയെക്കാണ്കയാല്‍
26 ഇണ്ടലെക്കൈവിട്ടു കൊണ്ടല്‍വര്‍ണ്ണന്‍
27 ചണ്ഡമായുള്ള ചക്രമെടുത്തവന്‍
28 കണ്ഠത്തെക്കണ്ടിച്ചു തുണ്ടിച്ചപ്പോള്‍
29 ചേദിപന്‍ പോയൊരു നല്‍വഴിതന്നൂടെ
30 ചൊവ്വോടെ പോകുമാറാക്കിവച്ചാന്‍.

31 വേദനപൂണ്ടു പിണങ്ങിനിന്നീടുന്ന
32 സോദരന്തന്നെയും കൊന്നു പിന്നെ
33 വാഴ്ത്തിനിന്നീടുന്ന വാനവര്‍ കാണവേ
34 വാട്ടമകന്നു തന്‍ കോട്ട പുക്കാന്‍.