1 കാര്വര്ണ്ണനായൊരു പാദപംതങ്കീഴേ
2 മേവി വിളങ്ങിന നല് തണലില്‍
3 നിന്നു വിളങ്ങുന്ന ഗോപാലരെല്ലാരും
4 ഒന്നൊത്തുകൂടിനിന്നന്നൊരുനാള്
5 ദേവിയെ പൂജിക്കവേണമെന്നെന്നിട്ടു
6 കാവിലകംപൂക്കാര് കാന്തിയോടെ
7 പൂജയ്ക്കു വേണുന്ന സാധനമോരോന്നേ
8 പൂരിച്ചു പൂരിച്ചു വന്നനേരം
9 അംബികതന്നുടെ പൂജ തൂടങ്ങിനാര്
10 അംബുജലോചനനോടുംകൂടി.
11 ദാനങ്ങളെക്കൊണ്ടു ഭൂദേവന്മാരുടെ
12 ദീനത പോക്കിനാരായവണ്ണം.
13 അംബികാപൂജ കഴിഞ്ഞുതുടങ്ങുമ്പോള്
14 അന്തിയായ് വന്നിതക്കാലം നേരേ.
15 അന്നു രാവെല്ലാമക്കാനനംതന്നിലേ
16 നിന്നു വിളങ്ങിനാര്‍ വല്ലവന്മാര്.
17 പാതിരാനേരത്തുറങ്ങിനിന്നീടുമ്പോള്
18 പാപിയായുള്ളോരു പാമ്പു വന്ന്
19 നിദ്രയെപ്പൂണ്ടുള്ള നന്ദന്തന് പാദത്തെ
20 സത്വരം ചെന്നു വിഴുങ്ങീതപ്പോള്.
21 നന്ദന്റെ രോദനം കേട്ടുള്ള ഗോപന്മാര്
22 സന്നദ്ധരായങ്ങുണര്ന്നുടനെ
23 കൊള്ളികൊണ്ടെല്ലാരും പാമ്പിനെത്തല്ലിനാര്
24 തള്ളി വിടുര്പ്പതിന്നായീലാര്ക്കും.
25 അച്ഛന്റെ രോദനം കേട്ടൊരു നേരത്ത
26 ങ്ങച്യുതന്താനുമങ്ങോടിച്ചെന്നാന്.
27 പാവനമായൊരു പാദംകൊണ്ടന്നേരം
28 പാമ്പിനെച്ചെന്നു ചവിട്ടിനാന്‍ താന്‍
29 പാപമായുള്ളോരു കൂരിരുട്ടിന്നൊരു
30 ദീപമായ്നിന്നൊരു പാദം മെയ്യില്‍
31 തട്ടിയനേരത്തു പെട്ടന്നപ്പാമ്പുതാന്
32 മറ്റൊരു രൂപത്തെപ്പൂണ്ടു നിന്നു.
33 "ആര് നീ"യെന്തിങ്ങനെ ചോദിച്ചുനിന്നൊരു
34 കാര്വര്ണ്ണന്തന്നോടു ചൊന്നാന്‍ പിന്നെ:
35 "മുന്നം ഞാന്‍ നല്ലൊരു വിദ്യാധരനായി
36 മന്നിടമെങ്ങും നടന്നകാലം
37 മാമുനിമാരേ വരുന്നതു കണ്ടിട്ടു
38 മാപാപമേല്പ്പാന് ചിരിച്ചേനേറ്റം.
39 "എല്ലും ഞരമ്പുമെഴുന്നുനിന്നങ്ങനെ
40 യല്ലൊയിന്നമ്മുടെ മേനിയുള്ളു
41 എന്നതു കണ്ടു ചിരിക്കയോ ചെയ്യുന്നൂ
42 തിന്നിവനെ"ന്നങ്ങു ചൊല്ലിപ്പിന്നെ
43 മാപാര്ന്നുനിന്നുള്ള മാമുനിമാരെല്ലാം
44 "പാമ്പായിപ്പോക നീ" എന്നു ചൊന്നാര്.
45 അന്നുതുടങ്ങിയിക്കാനനംതന്നില് ഞാ
46 നിങ്ങനെ നിന്നു കഴിച്ചേന് കാലം.
47 ഇന്നു നിന് കാല്‍പ്പൊടി മേനിയിലേല്ക്കയാല്‍
48 നന്നായിവന്നതും കണ്ടേന് നാഥാ!
49 ശാപംപിണഞ്ഞതു നന്നായിവന്നിതെന്
50 പാപങ്ങള്‍ വേരറ്റുപോയിതല്ലോ:
51 നിന്നുടെ കാല്പ്പൊടിയേല്ക്കതിന്നല്ലായ്കില്
52 പുണ്യം നമുക്കുണ്ടോ വന്നുകൂടൂ?
53 കേവലനായ് നിന്നു മേവുന്ന നിന്നുടെ
54 ചേവടിപ്പൂമ്പൊടിയേല്ക്കയാലെ
55 ഏറ്റം പുളച്ചുള്ള പാപങ്ങളെല്ലാമേ
56 തോറ്റുടനോടിനാരെന്നൊടെന്നാല്
57 എന്നുടെ ലോകത്തു പോവാന്‍ തുടങ്ങുന്നേന്"
58 എന്നങ്ങു ചൊല്ലി മുതിര്‍ന്നു പിന്നെ.
59 കണ്ണന്റെ ചേവടി കുമ്പിട്ടു പിന്നെയും
60 വിണ്ണിനെ നോക്കി നടന്നാന്‍ തിണ്ണം.
61 വല്ലവന്മാരെല്ലാമന്നു രാവങ്ങനെ
62 മെല്ലെക്കിടന്നു പുലര്‍ന്നനേരം
63 ദേവിതന്‍ ചേവടി കുമ്പിട്ടു നിന്നിട്ടു
64 പോവതിനായിത്തുനിഞ്ഞു പിന്നെ
65 മാനിച്ചുനിന്നോരോ ഗാഥകളോതിക്കൊ
66 ണ്ടാനായച്ചേരിയില് ചെന്നു പുക്കാര്‍.
67 പിന്നെയൊരുദിനം കണ്ണനും രാമനും
68 പെണ്ണുങ്ങളോടു കലര്‍ന്നു നന്നായ്
69 ദീനത കൈവിട്ടു മാനിച്ചുനിന്നു നല്
70 ക്കാനനംതന്നില്‍ കളിക്കുംനേരം
71 വിത്തേശന്തന്നുടെ ഭൃത്യനായുള്ളൊരു
72 വീരന്താന്‍ വന്നു കതിര്ത്തുടനെ
73 കാട്ടിലകംപുക്ക കാമിനിമാരെത്താ
74 നാട്ടിയരട്ടി നടന്നാന്‍ ചെമ്മെ.
75 കാമിനിമാരുടെ ദീനത കണ്ടിട്ടു
76 കാര്വര്ണ്ണന്താനും കതിര്ത്തുനിന്നു.
77 ഓടിയണഞ്ഞവന്‍ ദേഹത്തെപ്പീഡിച്ച
78 കേടുവരുത്തിനാന് കേശവന്താന്‍.
79 ഗാഢം പിടിച്ചു ഞെരിച്ചുടനക്ഷണം
80 ഗൂഢമായ്പിന്നെയുമൊന്നു ചെയ്താന്‍
81 മൂര്ദ്ധാവില്നിന്നൊരു രത്നത്തെക്കൊണ്ടന്നു
82 മൂത്തവന്‍കൈയില്‍ കൊടുത്തുടനെ
83 കോകിലവാണിമാരോടു കലര്ന്നുതാന്
84 ഗോകുലംതന്നിലകത്തു പുക്കാന്‍.
85 മാനിനിമാരുടെ മാനസമായൊരു
86 മാനസത്തിന്നൊരു ഹംസമായി
87 നന്ദഗൃഹംതന്നില് നിന്നു വിളങ്ങിന
88 നന്ദകുമാരകനന്നൊരുനാള്
89 കാലിയെ മേപ്പാനായ്ക്കാലം പുലര്‍ന്നപ്പോള്‍
90 കാനനംതന്നിലേ പോയനേരം
91 വല്ലവിമാരെല്ലാം കണ്ണന് പിരിഞ്ഞുള്ളൊ
92 രല്ലലെപ്പോക്കുവാനൊത്തുകൂടി
93 വാരിജലോചനന്വേണുവിന്ഗാനത്തേ
94 വാഴ്ത്തിനാരെല്ലാരും മെല്ലെ മെല്ലെ:
95 "വാമമായുള്ള കവിള്‍ത്തടംതന്നെയും
96 വാമമായ്മേവിന തോളില്‍ വച്ച്
97 വാരുറ്റെഴുന്നൊരു വേണുവെത്തന്നെയും
98 ചോരിവാതന്നോടണച്ചു ചെമ്മെ
99 തൂമ കലര്‍ന്നുള്ള രന്ധ്രങ്ങളോരോന്നില്
100 കോമളക്കൈവിരല് ചേര്‍ത്തുകൊണ്ട്
101 ഉല്ലസിച്ചുള്ളൊരു ചില്ലികളെക്കൊണ്ടു
102 മെല്ലവേ താളമായൊത്തിയൊത്തി
103 നാഥനായുള്ളൊരു പാഥോജലോചനന്‍
104 നാദത്തെക്കൊണ്ടുകൊണ്ടൂതുംനേരം
105 അംബരംതന്നില്‍ നടന്നു വിളങ്ങിനോ
106 രംബുജലോചനമാരെല്ലാരും
107 കേട്ടോരു നേരത്തു കാമശരം നട്ടു
108 വാട്ടം തുടങ്ങി മയങ്ങിച്ചെമ്മെ
109 വേണിയഴിഞ്ഞതും നീവി കിഴിഞ്ഞതും
110 കോള്‍മയിര്‍ക്കൊണ്ടതു തൂവിയര്പ്പും
111 ഒന്നുമങ്ങോരാതെ പാവകളെപ്പോലെ
112 നിന്നല്ലീ മേവുന്നു നീള നീളെ?
113 നാമെല്ലാമിങ്ങനെ കാമിക്കുന്നൂതെന്നു
114 നാണിക്കവേണമോ? നാരിമാരേ!"
115 ഇങ്ങനെയോരോന്നേ ചൊന്നുടന്‍ വാഴ്ത്തിനാര്‍
116 മംഗലമാരായ മാനിനിമാര്‍.
117 കാര്‍മുകില്‍വര്‍ണ്ണനും കാമിനിമാരുടെ
118 കാമത്തെപ്പൂരിച്ചു നിന്നു പിന്നെ
119 കാളയായ് വന്നൊരു ദാനവന്തന്നെയും
120 കാലപുറംതന്നിലാക്കിനാന്താന്.
121 നാരദനന്നേരം ഭോജഗൃഹംതന്നില്
122 പാരാതെ പോയ് ചെന്നു കംസനോട്
123 ചൊല്ലിത്തുടങ്ങിനാന്‍ മെല്ലെമെല്ലുള്ളത്തില്
124 അല്ലലും കോപവും പൊങ്ങുംവണ്ണം:
125 "കാസാ! നിന്മാനസം വേറൊന്നായ്പോയിതോ
126 സംസാരിയെന്നല്ലൊ ചൊല്വൂ നിന്നെ.
127 ഉണ്മയായുള്ളതു കേട്ടീലയാഞ്ഞല്ലീ
128 തണ്മ വരുന്നതു കാണായിന്നു?
129 കേട്ടുകൊള്ളെങ്കില് ഞാന്‍ ചൊല്വതു പാരാതെ
130 കേട്ടിട്ടു വേണ്ടതു ചെയ്ക പിന്നെ.
131 നിന്നുടെ വൈരിയായുള്ളൊരു കാര്വര്ണ്ണന്
132 നിന്നു വിളങ്ങുന്നോനമ്പാടിയില്
133 ദേവകിതന്നുടെയഷ്ടമഗര്‍ഭത്തില്‍
134 മേവിപ്പിറന്നതിവന്താനത്രെ.
135 പേടിച്ചു നിന്നെയന്നാനകദുന്ദുഭി
136 കേടറ്റ ഗോകുലംതന്നിലാക്കി
137 നന്ദന്റെ കൈയില്‍ വളര്പ്പതിന്നായിട്ടു
138 നന്നായി നല്കിത്താനിങ്ങു പോന്നാന്‍.
139 പൂതനതന്നുടെ വന്മുലയുണ്ടുണ്ടു
140 ചേതനകൊണ്ടതോ പണ്ടിവന്താന്.
141 നിന്നുടെ ബന്ധുക്കളായോരെയെല്ലാമേ
142 കൊന്നതും പാര്‍ക്കില്‍ മറ്റാരുമല്ലേ.
143 നിന്നെയും കൊല്ലണമെന്നുണ്ടവന്നൊരു
144 തള്ളുടനിന്നിന്നു പാര്ക്കുംനേരം
145 മുമ്പിലേ നീ ചെന്നു കൊല്ലുന്നോനല്ലായ്കില്
146 തപെടുമെന്നുള്ളതോര്ക്കേണമേ.
147 നിന്നിലെഴുന്നുള്ളൊരമ്പുകൊണ്ടിങ്ങനെ
148 നിന്നോടു ചൊല്ലിനേന്‍ മെല്ലെക്കംസാ!
149 മറ്റാരും നിന്നോടു ചൊല്കയില്ലിങ്ങനെ
150 മുറ്റുമറിഞ്ഞാനേ കേള് ചൊല്വാനുള്ളു."
151 നാരദനിങ്ങനെ ചൊന്നൊരു നേരത്തു
152 വീരനായുള്ളൊരു കംസനപ്പോള്‍
153 കോപിച്ചുനിന്നു വസുദേവര്തന്നെയും
154 കോമളയായൊരു ഭാര്യയേയും
155 ഘോരനായ് ചെന്നങ്ങു കൊല്ലുവാനോങ്ങുമ്പോള്
156 നാരദന് ചെന്നു ചെറുത്തു പിന്നെ
157 വീണയും വായിച്ചു പോയിത്തുടങ്ങിനാന്
158 വിഷ്ണുവിന് നാമങ്ങളോതിയോതി.
159 ചിന്ത പുലമ്പിന കംസന്താനന്നേരം
160 മന്ത്രികളായുള്ളോരെല്ലാരെയും
161 ചാരത്തുകൊണ്ടു ചരതിച്ചു ചൊല്ലിനാന്‍
162 നാരദന് തന്നോടു ചൊന്നതെല്ലാം.
163 മാഴ്കാതെനിന്നുള്ള മന്ത്രികളന്നേരം
164 മാനിച്ചു ചൊല്ലിനാര്‍ കംസനോട്:
165 "പേടിച്ചു പോരുന്ന മാമുനിമാരെല്ലാം
166 പേയെന്നിയുണ്ടോ പറഞ്ഞു കേള്‍പ്പൂ?
167 ആഭാസനായൊരു ഗോപാലബാലകന്
168 വ്യാപാദിക്കും നമ്മെയെന്നോ ചൊന്നു?
169 ഗോമായു കൊല്ലുന്നു സിംഹത്തെയെന്നതി
170 പ്പാര്‍മേലെങ്ങെങ്ങാനുമുണ്ടോ കേള്‍പ്പൂ.
171 മാഗധന്താനുണ്ടു സന്തതം ബന്ധുവായ്
172 മാഴ്കാതെ ഭൗമനുമുണ്ടു പിന്നെ
173 ചേണുറ്റെഴുന്നൊരു ബാണനുമുണ്ടല്ലൊ
174 ചാണൂരമുഷ്ടികന്മാരുമുണ്ട്.
175 പാരേഴും വെല്ലുന്ന വീരന്മാരോരോരോ
176 ബന്ധുക്കളുണ്ടവയോര്ത്തുകണ്ടാല്
177 കാലിയും മേച്ചു നടക്കും ചെറുപ്പിള്ളര്‍
178 കാലനായ്വന്നതു ചേരുവോന്നോ?
179 വമ്പനല്ലായ്കിലുമിന്നിവന്തന്നെ നാം
180 തമ്പന്നമാക്കണം മൂക്കുംമുമ്പേ.
181 വൈരിയായുള്ളവന് വീരനല്ലായ്കിലും
182 വൈരസ്യമാര്ക്കുമേ പാര്‍ക്കുംതോറും
183 കണ്ടകംതന്നുടെയങ്കുരമാകിലും
184 ഇണ്ടലാക്കീടുമെന്നുണ്ടു ഞായം."
185 മന്ത്രികളിങ്ങനെ ചൊന്നോരു നേരത്തു
186 മല്ലന്മാരോടുടന് ചൊന്നാന്‍ കംസന്:
187 "ദുര്വൃത്തരായുള്ള നന്ദജന്മാരുടെ
188 ഗര്വത്തെപ്പോക്കണം നിങ്ങളിപ്പോള്‍
189 മല്ലുകൊണ്ടിന്നു കളിക്കേണമെന്നിട്ടു
190 മെല്ലെ വിളിച്ചങ്ങടുത്തുകൊള്വൂ.
191 കൈക്കല്വരുന്നേരമൊക്കെ ഞെരിക്കണം
192 ചക്കിലകപ്പെട്ടൊരിക്ഷുപോലെ."
193 മല്ലരായുള്ളോരോടിങ്ങനെ ചൊല്ലീട്ടു
194 ചൊല്ലിനാനാനതന് പാവാനോടും:
195 "നമ്മുടെ വൈരികളായിപ്പുളയ്ക്കുന്ന
196 നന്ദകുമാരകന്മാരെ നേരേ
197 കണ്ടൊരുനേരത്തു മണ്ടിയണഞ്ഞുചെ
198 ന്നിണ്ടല്‍ പൊഴിക്കുമാറുള്ളിലെങ്ങും
199 കുത്തിപ്പിളര്‍ന്നവര്‍ മാറിടംതന്നിലേ
200 മെത്തിയെഴുന്നൊരു ചോരതന്നേ
201 ദൂഷണം വേറായ ദന്തിതന്‍ കൊമ്പിന്നു
202 ഭൂഷണമാക്കണമൂക്കുകൊണ്ട്."
203 മുന്നല്നിന്നുള്ളവരെല്ലാരും കേള്‍ക്കവേ
204 പിന്നെയും ചൊല്ലിനാന്‍ ഭോജനാഥന്:
205 "എന്തൊന്നു ചൊല്ലിയന്നന്ദജന്മാരെയി
206 മ്മന്ദിരംതന്നിലിങ്ങാക്കിക്കൊള്വൂ?
207 നമ്മുടെ ചാരത്തു വന്നിങ്ങു മേവുകില്‍
208 നന്നായിപ്പോകുന്നോരല്ല പിന്നെ
209 ചേണുറ്റ സിംഹത്തിന് ചാരത്തു ചെന്നുള്ളൊ
210 രേണത്തിന് പൈതങ്ങളെന്നപോലെ."
211 ഇങ്ങനെ ചൊല്ലീട്ടു പിന്നെയും ചൊല്ലിനാന്‍
212 ചിന്തിച്ചുനിന്നു നുറുങ്ങുനേരം:
213 "ചാപത്തിന് പൂജ തുടങ്ങണം നാമിപ്പോ
214 ളാപത്തു പോക്കുവാനെന്നു ചൊല്ലി.
215 വാരുറ്റുനിന്നുള്ളൊരുത്സവമുണ്ടെന്നി
216 പ്പാരിടമെങ്ങുമേ പൊങ്ങവേണം,
217 ഉത്സവം കേള്‍ക്കുമ്പോള്‍ സത്വരം പോരുവര്‍
218 ദുസ്സഹന്മാരായ നന്ദജന്മാര്‍."
219 മിക്കവരോടും പറഞ്ഞുനിന്നിങ്ങനെ
220 അക്രൂരനോടു പറഞ്ഞാന്‍ പിന്നെ:
221 "ഗോകുലംതന്നിലേ പാരാതെ ചെന്നു നീ
222 ഗോപാലന്മാരെക്കണ്ടു ചൊല്വൂ
223 മംഗലനായൊരു കംസന്റെ ചൊല്ലാലെ
224 നിങ്ങളെക്കാണ്മാനായ് വന്നുതിപ്പോള്‍
225 വില്ലിന്നു പൂജയാമുത്സവം കാണ്മാനായ്
226 എല്ലാരും നിങ്ങള്‍ മുതിര്‍ന്നു നന്നായ്
227 പാല് വെണ്ണ തൈരെല്ലാമാവോളമുണ്ടാക്കി
228 പ്പാരാതെ പോരേണ"മെന്നു ചൊല്വൂ.
229 കാലികള്‍പിന്നാലെ കാട്ടില്‍ നടക്കുന്ന
230 കാര്വര്ണ്ണരാമന്മാരോടു ചൊല്വൂ.
231 "സ്വാമിതാന്‍ നിങ്ങളെക്കാണ്മതിന്നായിട്ടു
232 കാമിച്ചുപോരുന്നു പണ്ടേയെന്നാല്‍
233 കാമ്യമായുള്ളൊരു കാര്മ്മുകയാഗത്തെ
234 ക്കാണ്മാനായ്പോരണം" എന്നിങ്ങനെ
235 തേറ്റം വരുംവണ്ണമേറ്റം പറഞ്ഞു മ
236 മ്മാറ്റാരായുള്ളോരെക്കൊണ്ടുപോരൂ.
237 മറ്റുള്ളോര് പോകിലോ കുറ്റമേയുണ്ടാവു
238 വറ്റാതൊരമ്പു നിനക്കേയുള്ളു.
239 കാര്യങ്ങളോരോന്നേ പാരാതെ സാധിപ്പാ
240 നാര്യനായുള്ളൊരു നീയേയുള്ളു."
241 എന്നങ്ങു ചൊല്ലിന കംസന്താന് തന്നുടെ
242 മന്ദിരംതന്നിലകത്തു പുക്കാന്‍.
243 മന്ത്രികളെല്ലാരും തന്നുടെ തന്നുടെ
244 മന്ദിരം നോക്കി നടന്നാരപ്പോള്‍.
245 അക്രൂരന്താനും തന്മന്ദിരംതന്നിലേ
246 പുക്കാനങ്ങെല്ലാരും പോയനേരം.