1 സാംബന്തുടങ്ങിന ബാലകന്മാരെല്ലാം
2 മാപുറ്റു നിന്നൊരു കാവുതന്നില്
3 ഈടിക്കലര്ന്നു കളിപ്പതിനായിച്ചെ
4 ന്നോടിക്കളിച്ചു തുടങ്ങുംനേരം
5 ആണ്ണുകിടന്നൊരു പാങ്കുഴിതന്നിലേ
6 വീണ്ണുകിടന്നൊള്ളൊരോന്തെക്കണ്ടാര്.
7 കണ്ടൊരുനേരത്തു പാശവുമായിട്ടു
8 മണ്ടിയണഞ്ഞു കുടുക്കി നേരേ
9 പാരം വലിച്ചങ്ങു തീരത്തു കൊള്ളുവാന്‍
10 ആരുമേ വല്ലീലയെന്നനേരം.
11 പാരാതെ ചെന്നങ്ങു കാരുണ്യപൂരമാം
12 വാരിജലോചനനോടു ചൊന്നാര്.
13 വാരിജലോചനന്‍ പാരാതെ ചെന്നപ്പോള്‍
14 തീരത്തു ചെമ്മേ വലിച്ചുകൊണ്ടാന്.
15 പാപമായുള്ളൊരു പാഴ്മരത്തിന്നൊരു
16 പാവകനാകിന കാര്‍വര്‍ണ്ണന്താന്‍
17 പാണിതലം കൊണ്ടു തൊട്ടൊരു നേരത്തു
18 പാരം വിളങ്ങിനാന്‍ മെയ്യുമായി
19 സ്വര്‍ഗ്ഗത്തില്‍ നിന്നങ്ങു നിര്‍ഗ്ഗതന്മാരായ
20 സ്വര്ഗ്ഗികളാരാനുമെന്നപോലെ.
21 പങ്കജലോചനന്പാദങ്ങള് കുമ്പിട്ടു
22 സങ്കടം തീര്ത്തവന് നിന്നനേരം
23 "നീയാരെ"ന്നിങ്ങനെ ചോദിച്ചു നിന്നൊരു
24 നീരജലോചനനോടു ചൊന്നാന്‍:
25 "ഇക്ഷ്വാകുതന്നുടെ സോദരനായൊരു
26 ചൊല്ക്കൊണ്ടുനിന്ന നൃഗന്താനിഞ്ഞാന്.
27 ദാനങ്ങള്കൊണ്ടെന്നെ മേല്മണ്ടിനിന്നുള്ള
28 മാനവന്മാരില്ലയെന്നു ചൊല്വൂ.
29 പുണ്യങ്ങളാണ്ടുള്ളൊരാരണര്ക്കന്നന്നേ
30 എണ്ണമില്ലാതോളം ധേനുക്കളേ
31 മങ്ങാതെ മാനിച്ചു നല്കിനിന്നീടിനേന്;
32 ഇങ്ങനെ പോരുമ്പൊളന്നൊരുനാള്
33 ദത്തയായുള്ളൊരു ധേനുതാന് പോന്നങ്ങു
34 സത്വരമെന്നുടെ വീടു പുക്കു.
35 അന്യനായ് നിന്നുള്ളൊരാരണന്നോരാതെ
36 വന്നൊരു ധേനുവേ നല്കിനേന് ഞാന്‍.
37 തുഷ്ടനായ് നിന്നവമ്പോകുന്നനേരത്തു
38 പെട്ടെന്നു ചെന്നതിന് നാഥനായോന്‍
39 "എന്നുടെ ധേനുവെക്കൊണ്ടങ്ങു പോകൊല്ലാ"
40 എന്നങ്ങു ചൊല്ലിത്തടുത്താനപ്പോള്.
41 "എന്നുടെ കൈയിലോ മന്നവന്തന്നുതെ"
42 ന്നന്യനായുള്ളവന് ചൊന്നാനപ്പോള്‍.
43 തങ്ങിളിലിങ്ങനെ പേശിനിന്നന്നേരം
44 ഇങ്ങു പോന്നെന്നുടെ മുമ്പില്‍ വന്നാര്.
45 ചൊല്ലിനാര്‍ പിന്നെയങ്ങല്ലാരും കേള്‍ക്കവേ
46 വല്ലായ്മയെന്നിലങ്ങാകുംവണ്ണം:
47 "തന്നതു കൊള്ളുന്ന നിന്നുടെ ദാനങ്ങള്‍
48 നന്നെന്നേ നാമിന്നു ചൊല്ലേണ്ടുന്നു.
49 ഇങ്ങനെ ദാനങ്ങള്‍ ചെയ്തുതുടങ്ങുകില്
50 എന്നുമേ സങ്കടം വന്നുകൂടാ."
51 എന്നതു കേട്ടു നടുങ്ങിന ഞാനുമെന്‍
52 മുന്നല്നിന്നാരണരോടു ചൊന്നാന്‍:
53 "ഓരാതെ വന്നൊരു വല്ലായ്മയെല്ലാമേ
54 പാരാതെ നിങ്ങള്‍ പൊറുക്കേണമേ.
55 മുപ്പതിനായിരം നല്പ്പശു നല്കുവന്
56 ഇപ്പശുതന്നെയയ്ക്കേണമേ."
57 അപ്പൊഴുതാരണര്‍ ചൊല്ലിനാരിങ്ങനെ:
58 "ഇപ്പശുവെന്നിയേ മറ്റു വേണ്ട."
59 എന്നങ്ങു ചൊന്നുടനെന്നുടെയുള്ളത്തില്
60 ഖിന്നത ചേര്‍ത്തു നടന്നാര്‍ ചെമ്മെ.
61 ആരണരിങ്ങനെ പോയൊരുനേരത്തു
62 പാരിച്ച വേദന പൂണ്ടു ഞാനും
63 കള്ളനായല്ലൊ ഞാനെന്തിനി വേണ്ടതെ
64 ന്നുള്ളിലേ നണ്ണി നടന്നനേരം
65 അന്തകന്തന്നുടെ കിങ്കരന്മാര് വന്നി
66 ട്ടന്ധനാമെന്നയും കൊണ്ടുപോയാര്‍.
67 അന്തകമന്ദിരംതന്നിലും ചെന്നപ്പോള്‍
68 ചിന്തിച്ചു ചൊല്ലിനാന്തകന്താന്:
69 "കന്മഷംകൂടാത നിങ്ങളെക്കാണുമ്പോള്‍
70 സമ്മാനമല്ലൊ നാം വേണ്ടുതപ്പോള്
71 ഓരാതെങ്കിലും നിങ്കൈയിലായല്ലൊ
72 ആരണര്ക്കുള്ളൊരു ധേനുവെന്നാല്
73 പുണ്യവാനെങ്കിലും ധര്മ്മങ്ങളോര്ക്കുമ്പോള്
74 ദണ്ഡ്യനെന്നുള്ളതു വന്നുകൂടും.
75 പുണ്യങ്ങള്‍ പൂണ്ടിപ്പോള്‍ വിണ്ണിലെ വാസത്തി
76 ന്നെണ്ണമില്ലെന്നതേ ചൊല്ലാവു താന്‍.
77 അല്പമായുള്ളൊരു പാപത്തെയാവൂ നീ
78 മുല്പാടു നിന്നു ലഭിപ്പതെന്നാല്."
79 അന്തകനിങ്ങനെ ചൊന്നതു കേട്ടപ്പോള്‍
80 അന്ധമായ് മേവുമിപ്പാങ്കുഴിയില്
81 ഇങ്ങനെ വീണു കിടന്നതു കണ്ടു ഞാന്‍
82 അങ്ങനെയല്ലൊ വമ്പാപമുള്ളു.
83 തന്നില്നിന്നിങ്ങു കരേറുവാനായിട്ടു
84 പിന്നെയും പിന്നെയും പൊങ്ങിപ്പൊങ്ങി
85 ഒട്ടു കരേറുമ്പോള് മുട്ടവരും മുമ്പെ
86 പെട്ടെന്നു കീഴ്പെട്ടുപോരും പിന്നെ.
87 പാറമേല്‍ വീണുടന്‍ മെയ്യും പൊളിഞ്ഞു നി
88 ന്നേറിന വേദന പൂണുമ്പിന്നെ.
89 ഘേരമായ് നിന്നുള്ളൊരാതപം മേനിയില്‍
90 പാരിച്ചു മേന്മേലങ്ങേല്ക്കയാലേ
91 ദാഹിച്ചു നിന്നു വറണ്ടു വശംകെട്ടു
92 മോഹത്തെപ്പൂണ്ടു കിടപ്പന്‍ പിന്നെ.
93 എണ്ണമില്ലാതൊരു വേദന പൂണ്ടുടന്
94 കണ്ണുനീര് വീഴ്ത്തുവാനോര്ത്തു പിന്നെ.
95 അല്ലല് പിണഞ്ഞവയൊന്നൊന്നേ ചിന്തിക്കില്‍
96 ചൊല്ലാവതല്ലേതും തമ്പുരാനേ!
97 പണ്ടങ്ങു ചെയ്തുള്ള പുണ്യങ്ങള്കൊണ്ടത്രെ
98 ഇണ്ടല്‍പൂണ്ടിങ്ങനെ തെണ്ടിച്ചു ഞാന്‍.
99 അല്ലായ്കിലുണ്ടോ നിന് ചേവടിത്താരിണ
100 വല്ലുന്നൂതിങ്ങനെ കണ്ടുകൊള്‍വാന്‍?
101 ഏറ്റം തിമിര്‍ത്തുള്ള പാപങ്ങളെല്ലാമേ
102 തോറ്റോടിപ്പോയല്ലൊ ദൂരത്തിപ്പോള്‍."
103 മാധവന്തന്നോടു മന്നവനിങ്ങനെ
104 മാഴ്കാതെ വാര്‍ത്തകള്‍ ചൊന്നനേരം
105 വ്യോമത്തില്നിന്നങ്ങു വന്നതു കാണായി
106 തൂമുത്തുകൊണ്ടൊരു യാനമപ്പോള്.
107 മാനിച്ചുനിന്നൊരു മാധവന്ചൊല്ലാലെ
108 യാനത്തില്ച്ചെന്നു കരേറി നേരേ
109 എണ്ണമില്ലാതൊരു പുണ്യങ്ങള്‍ പൂണ്ടവന്
110 വിണ്ണിലും ചെന്നു വിളങ്ങിനിന്നാന്‍.
111 ഇക്ഷ്വാകുസോദരമ്പോയൊരു നേരത്തു
112 ശിക്ഷയായ് ചൊല്ലിനാന്മല്ലവൈരി
113 തന്മക്കളായുള്ള ബാലകന്മാരോടു
114 ധര്മ്മമെന്നുള്ളതു തേറുവാനായ്:
115 "വേണുന്നതെല്ലാമേ സാധിച്ചുകൊള്ളുവാന്‍
116 വേദിയരെന്നിയേയാരുമില്ലേ.
117 മേന്മ കലര്‍ന്നോരു ദൈവതമായതു
118 ബ്രാഹ്മണരെന്നതു തേറിനാലും.
119 ബ്രാഹ്മണനുള്ള ധനങ്ങളെയേതുമേ
120 കാണ്മതിന്നായിട്ടും കാമിക്കൊല്ലാ.
121 താനറിയാതെയീ മന്നവനിന്നിപ്പോള്
122 ദീനത വന്നതും കണ്ടുതല്ലീ?
123 ഇങ്ങനെയുള്ള നല് വേദിയരായുള്ള
124 മംഗലദൈവതം ബാലന്മാരേ!
125 അബുജലോചനനിങ്ങനെയോരോരോ
126 ധര്മ്മങ്ങളായതു ചൊല്ലിപ്പിന്നെ
127 ശിക്ഷിതരായുള്ള മക്കളും താനുമാ
128 യക്ഷണം പൂകിനാനാലയത്തില്‍.