1 ഗോവിന്ദനായൊരു മന്ദരംതന്നാലെ
2 മേവുന്ന മന്ഥനംകൊണ്ടു ചെമ്മേ
3 പ്രദ്യുമ്നനായൊരു നല്‍ത്തിങ്കളുണ്ടായി
4 രുക്മിണിയായൊരു പാല്ക്കടലില്.
5 ശംബരനായൊരു ദാനവനെന്നപ്പോള്
6 നമ്മുടെ വൈരിയിതെന്നു നണ്ണി
7 പെറ്റൊരുനേരത്തു പെട്ടെന്നു വന്നിട്ടു
8 മറ്റാരും കാണാതെ കൊണ്ടുപോയി
9 പാല്ക്കടല്തന്നിലെറിഞ്ഞുനിന്നീടിനാന്
10 മുര്ക്ക്വരായുള്ളവരെന്നു ഞായം.
11 പൈതലെച്ചെന്നു മിഴുങ്ങിനിന്നീടിനാന്
12 പൈ പെരുത്തീടിന മീനനപ്പോള്‍.
13 വാരിധിചാരര് പിടിച്ചുകൊണ്ടന്നേരം
14 ബാലനെപ്പൂണുമമ്മീനന്തന്നെ
15 സര്പ്പത്തെപ്പൂണ്ടൊരു ഭാജനംപോലെ ചെ
16 ന്നപ്പൊഴേ നല്കിനാന് ശംബരന്ന്.
17 പാചകനന്നേരം വാള്കൊണ്ടമ്മീനനെ
18 പ്പാരാതെ ചെന്നങ്ങു കീറുന്നപ്പോള്
19 പേയില്ലയാതൊരു പൈതലെക്കണ്ടിട്ടു
20 മായാവതിക്കായി നല്കിനിന്നാന്
21 നാരന്തന്നുടെ വാര്ത്തയെക്കേട്ടു നി
22 ന്നാദരവോടവള് പൈതല്‍തന്നെ
23 തന്നുടെ കാന്തനാം കാമനെന്നിങ്ങനെ
24 നിര്ണ്ണയിച്ചമ്പില് വളര്ത്തുകൊണ്ടാള്.
25 മെല്ലെമെല്ലങ്ങു വളര്‍ന്നു വളര്ന്നവന്
26 നല്ലൊരു യൗവനം പൂണ്ടകാലം
27 കാമിച്ചുനിന്നൊരു കാമിനിതന്നോടു
28 നാണിച്ചുനിന്നു പറഞ്ഞാനപ്പോള്:
29 "അമ്മയായുള്ളൊരു നിന്നുടെ ഭാവങ്ങള്‍
30 സമ്മതികൂടാതെ കണ്ടതെന്തേ?"
31 എന്നങ്ങു കേട്ടവളിങ്ങനെ ചൊല്ലിനാള്‍:
32 "എന്നുടെ കാന്തനായ് നിന്നതു നീ;
33 കന്ദര്‍പ്പന്‍ നീയെന്നു നിര്‍ണ്ണയിച്ചാലുമി
34 ന്നിന്നുടെ കാന്തയായ് നിന്നതു ഞാന്‍.
35 നിന്നുടെ വൈരിയായുള്ളൊരു ശംബരന്
36 തന്നെ നീ കൊല്ലുവായെന്നു നണ്ണി
37 ശംബരന്തന്നുടെ മന്ദിരംതന്നിലേ
38 നിന്നു മുഷിഞ്ഞു ഞാനിത്രനാളും."
39 എന്നതു കേട്ടവനുള്ളിലങ്ങുണ്ടായി
40 തന്നുടെ വേല കഴിഞ്ഞതെല്ലാം.
41 ക്രുദ്ധനായ് നിന്നിട്ടു ശംബരന്തന്നോടു
42 യുദ്ധം തുടങ്ങിനാമ്പാരമപ്പോള്.
43 ഘോരനായുള്ളൊരു ശംബരന്തന്നെയും
44 ആദരം കൈവിട്ടു നേരെയപ്പോള്‍
45 അന്തകന്തന്നുടെ മന്ദിരം പൂകിച്ചു
46 ചന്തത്തില്‍ തന്നുടെ കാന്തയുമായ്
47 വാരുറ്റുനിന്നൊരു ദ്വാരകതന്നിലേ
48 പാരാതെ ചെന്നങ്ങു പൂകുംനേരം
49 കണ്ടുകണ്ടീടുന്ന കാമിനിമാരെല്ലാം
50 കൊണ്ടല്നേര്വര്ണ്ണന്താനെന്നു നണ്ണി
51 പേടിച്ചുപോയി മറഞ്ഞുതുടങ്ങിനാര്;
52 കേടറ്റു പിന്നെയും തേടിനിന്നാര്.
53 ആരിതെന്നിങ്ങനെ ശങ്കിച്ചുനിന്നാര
54 ദ്ദ്വാരകതന്നിലേ ലോകരെല്ലാം
55 "എന്നുടെ ബാലകന്താനിതെ"ന്നിങ്ങനെ
56 തന്നിലേ നണ്ണിയണഞ്ഞനേരം
57 വൈദര്‍ഭിതന്നുടെ വാര്‍മുലക്കോരകം
58 വൈകാതെ നിന്നു ചുരന്നുതപ്പോള്‍.
59 നാരദനന്മുനി പാരാതെ ചെന്നുടന്‍
60 ദ്വാരകയാകിന പൂരില്‍ നേരേ
61 കീഴില്ക്കഴിഞ്ഞുള്ളവസ്ഥകളോരോന്നേ
62 കോഴപ്പെടാതെനിന്നോതിയോതി
63 "നിന്നുടെ ബാലകന്താനിവന്" എന്നവള്‍
64 തന്നോടു നിന്നങ്ങു ചൊന്നനേരം
65 തന്നുടെ പൈതലിവനെന്നതങ്ങവള്
66 നിര്ണ്ണയിച്ചമ്പോടു പൂണ്ടുകൊണ്ടാള്‍.
67 അംഗജന്തന്നുടെ സംഗതി തന്നാലെ
68 മംഗലമായ്വന്നു മാലോകര്‍ക്കും.