1 പാല്ക്കടല്മാനിനിതന്നുടെ കണ്ണിന്നു
2 പാല്ക്കുഴമ്പായുള്ളൊരായര്പൈതല്
3 പാര്‍ക്കൊരു ഭൂഷണമായി വിളങ്ങുമ്പോള്‍
4 കാര്‍ക്കാലം പോന്നിങ്ങു വന്നുതായി.
5 മേചകകാന്തി കലര്‍ന്നു തുടങ്ങിതേ
6 മേഘങ്ങളെല്ലാമേ മെല്ലെ മെല്ലെ
7 വല്ലവീവല്ലഭന്തന്നുടെ കാന്തിയെ
8 വെല്ലേണമിന്നു നാമെന്നപോലേ
9 ഡംബരമാണ്ടു മുഴങ്ങിത്തുടങ്ങീത
10 ങ്ങംബരംതന്നിലേ മെല്ലെ മെല്ലെ.
11 അംബുദജാലങ്ങളംബുധിതന്നിലും
12 അംബരംതന്നിലും പാകിനിന്നൂ.
13 ഹംസങ്ങള്‍ മെല്ലവേ പാഞ്ഞുതുടങ്ങിതേ
14 കംസന്തന് ജീവിതമെന്നപോലെ.
15 പാരിച്ചു നിന്നൊരു പേമഴ തൂകീട്ടു
16 പാരിടമെങ്ങുമേ മുങ്ങിക്കൂടീ.
17 വര്ഷത്തെക്കണ്ടുള്ള കര്ഷകന്മാരെല്ലാം
18 ഹര്ഷത്തെപ്പൂണ്ടുതുടങ്ങീതെങ്ങും.
19 കാന്തപിരിഞ്ഞോര്ക്കു ശാന്തിയെ നല്കുവാന്
20 കാന്തളുമെങ്ങും നിറഞ്ഞൂതായി.
21 കച്ചുകിടക്കുന്ന മച്ചകമോരോന്നില്
22 ഇച്ഛ തുടങ്ങീ പലര്‍ക്കുമപ്പോള്‍,
23 പച്ചോടമില്ലാഞ്ഞിട്ടുള്ചൂടുമുണ്ടായി
24 പിച്ചയായുള്ളോന്നിക്കാലലീല
25 ചീര്‍ത്തുള്ള മേഘത്തിന്ചാര്ത്തു പരന്നപ്പോള്‍
26 മാര്‍ത്താണ്ഡബിംബം മറഞ്ഞുപോയി
27 മായയാല്‍ മൂടിന മാനസം തന്നിലേ
28 ജ്ഞാനം മറഞ്ഞങ്ങു പോകുമ്പോലെ.
29 നീപങ്ങള് പൂത്തതു കണ്ടൊരു വണ്ടുകള്‍
30 നീളവേ പാഞ്ഞുതുടങ്ങി തന്നില്‍
31 നന്മകുറഞ്ഞൊരു നെന്മേനി വേണ്ടീല
32 കല്മഷമാണ്ടുള്ളോര്ക്കെന്നേയുള്ളൂ
33 വാരികലര്ന്നൊരു വാതം വരുന്നേരം
34 വാതിലടച്ചുതുടങ്ങീതെങ്ങും
35 ജാള്യമാണ്ടിങ്ങനെ പോരുന്നോരെങ്ങുമേ
36 മാന്യരായെന്നുമേ വന്നുകൂടാ.
37 ശോഷിച്ചുപോയുള്ള തോയങ്ങളെല്ലാമേ
38 പോഷിച്ചുനിന്നുതായെങ്ങുമപ്പോള്
39 കാര്മുകില്നേരായ പൈതല്‍താന്‍ ചെന്നപ്പോള്‍
40 ആനായദേശന്താനെന്നപോലെ.
41 ചാതകമെല്ലാമേ ജാതസുഖങ്ങളായ്
42 വീതവിഷാദങ്ങളായിനിന്നു.
43 കേതകിപ്പൂവിലേ നന്മണംകൊണ്ടെങ്ങും
44 കേഴിച്ചു പാന്ഥരേ മേവുംകാലം
45 കാര്മുകിലായൊരു നീലപ്പടംകൊണ്ട
46 തൂമകലര്‍ന്നു വിതാനിച്ചെങ്ങും
47 ആക്കമിയന്ന വലാഹകളാകിയ
48 പൂക്കുല മേളത്തില്‍ തൂക്കിച്ചെമ്മേ
49 ശോഭകലര്‍ന്നൊരു തൂമിന്നലായുള്ള
50 ദീപങ്ങളെങ്ങും കൊളുത്തി മേന്മേല്
51 പാഴിടിയായൊരു ഭേരിയുമെങ്ങുമേ
52 പാരം മുഴങ്ങിച്ചു നിന്നു പിന്നെ
53 ഭൂതലമായൊരു തട്ടിലങ്ങിട്ടിട്ടു
54 ബാലശീലീന്ധ്രമാം വെള്ളരിയും
55 കീര്ത്തിപൂണ്ടെങ്ങുമേ കേകികളായുള്ള
56 വാഴ്ത്തികള്‍ വന്നങ്ങിരുന്നുതന്നില്
57 ലജ്ജ വെടിഞ്ഞുനിന്നുച്ചമെഴുംവണ്ണം
58 ഷഡ്ജമായുള്ളൊരു പാട്ടുതന്നെ
59 പാടിത്തുടങ്ങിനാര്‍; മന്മഥന്നെല്ലാരും
60 ആടിത്തുടങ്ങിനാരെന്നനേരം
61 കാമിനിമാരുടെ പോര്‍മുല വേറായ
62 കാമുകരെല്ലാരും കോമരമായ്.
63 കാര്ക്കാലന്തന്നുടെ കാന്തിയെക്കണ്ടിട്ടു
64 ചീര്‍ക്കുന്ന മോദത്തെപ്പൂണ്ടു കണ്ണന്
65 ഗോക്കളേ മേച്ചു നല് കാനനംതന്നിലെ
66 വായ്ക്കുന്ന ലീലകളാണ്ടു നിന്നാന്.
67 ജീവനമാകയാല് പീയൂഷമായിട്ടു
68 മേവുന്ന തോയത്തെത്തൂകിപ്പിന്നെ
69 ലോകങ്ങള്‍ക്കീടുന്ന താപങ്ങള് തീര്‍ത്തു നന്
70 മേഘങ്ങളെല്ലാം തളര്‍ന്നു നിന്നു.