കൃഷ്ണഗാഥ - രണ്ടാം ഭാഗം - ജരാസന്ധയുദ്ധം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

1 കംസന്റെ കാലം കഴിഞ്ഞൊരു നേരത്തു
2 വൈധവ്യംവന്നുള്ള ബാലികമാര്‍
3 താതനായുള്ളൊരു മാഗധന്തന്നോടു
4 കാതരമാരായിച്ചെന്നു ചൊന്നാര്‍.
5 മാനിയായുള്ളൊരു മാഗധനെന്നപ്പോള്‍
6 ദീനനായ് നിന്നു നുറുങ്ങുനേരം
7 യാദവന്മാരുടെ വംശമേ പോക്കുവാ
8 നാദരവോടു മുതിര്‍ന്നു പിന്നെ:
9 വാട്ടമില്ലാതൊരു വമ്പടകൊണ്ടവന്‍
10 കോട്ടയെച്ചെന്നു ചുഴന്നാന്‍ ചെമ്മേ.

11 വീരന്മാരായുള്ള യാദവന്മാരെല്ലാം
12 പാരാതെ ചെന്നു തുടര്‍ന്നാരപ്പോള്‍
13 വീരനായുള്ളോരു മാഗധന്‍ ചൊല്ലിനാന്‍
14 വീരന്മാരെല്ലാരും കേള്‍ക്കവേതാന്‍:
15 "കംസനെക്കൊന്നൊരു ഗോപാലന്തന്നെ ഞാന്‍
16 കംസന്നു ചങ്ങാതമാക്കുവാനായ്
17 വന്നുതെന്നുള്ളതു നിര്‍ണ്ണയിച്ചാലുമെന്‍
18 കമുന്നലെങ്ങാനും കാകിലിപ്പോള്‍,"
19 ആഗതനായൊരു മാധവന്‍ ചൊല്ലിനാന്‍
20 മാഗധന്തന്മുഖം നോക്കിയപ്പോള്‍:

21 "കംസനെക്കൊന്നതു ഞാനിതാ കണ്ടാലും
22 സംശയമില്ലേതും ചൊല്ലാം ചെമ്മേ.
23 ചങ്ങാതം പോവാനോ ചാര്‍ച്ചപൂണ്ടീടുന്ന
24 നിങ്ങളങ്ങാകിലേ ചേര്‍ച്ചയുള്ളു."
25 എന്നതു കേട്ടൊരു മാഗധന്താനപ്പോള്‍
26 നിന്നൊരു നന്ദജന്മേനിതന്നില്‍
27 അസ്ത്രങ്ങള്‍കൊണ്ടു തൊഴിച്ചുതുടങ്ങിനാന്‍
28 ശസ്ത്രങ്ങള്‍കൊണ്ടുമങ്ങവ്വണ്ണമേ.
29 രോഹിണീനന്ദനനെന്നതു കണ്ടപ്പോള്‍
30 രോഷത്തെപ്പൂണ്ടുതൂനിഞ്ഞു ചെമ്മേ

31 മുന്നല്‍ വരുന്നൊരു വമ്പടയെല്ലാമേ
32 കൊന്നങ്ങു വീഴ്ത്തിനാന്‍ പാര്‍ത്തലത്തില്‍.
33 ആര്‍ത്തുനിന്നീടുന്ന മാഗധന്തന്നുടെ
34 തേര്‍ത്തടംതന്നെയും വീഴ്ത്തിപ്പിന്നെ
35 മാഗധന്തന്നെയും ബന്ധിച്ചു വേഗത്തില്‍
36 മാധവന്തന്മുന്നില്‍ ചെന്നനേരം
37 കൊല്ലൊല്ലാ നീയെന്ന മാധവന്‍തന്നുടെ
38 ചൊല്ലാലെ മെല്ലെന്നയച്ചു പിന്നെ
39 അക്ഷതനായൊരു കണ്ണനും താനുമാ
40 യക്ഷണം മന്ദിരംതന്നില്‍ പൂക്കാന്‍.

41 വേഗവാനായുള്ള മാഗധമ്പിന്നെയും
42 ആഗതനായ് പതിനേഴുവട്ടം
43 ക്രുദ്ധനായ് നിന്നങ്ങു യുദ്ധങ്ങള്‍ ചെയ്കയും
44 ബദ്ധനായ്പോകയുമാചരിച്ചാന്‍.
45 അന്ത്യമായുള്ളൊരു യുദ്ധമണഞ്ഞപ്പൊ
46 ളന്തകന്നൊത്ത യവനന്‍നേരേ
47 നാരദന്തന്നുടെ ചൊല്ലാലെ വന്നിട്ടു
48 കാര്‍വര്‍ണ്ണന്തന്നോടു പോര്‍ പൊരുവാന്‍
49 അന്തമില്ലാതൊരു സേനയെക്കൊണ്ടവ
50 ന്മന്ദിരം തന്നെച്ചുഴന്നു നിന്നാന്‍.

51 ആഹവം വന്നതു കണ്ടൊരു കാര്‍വര്‍ണ്ണന്‍
52 രോഹിണീനന്ദനോടു ചൊന്നാന്‍:
53 "സങ്കടം വന്നതു കണ്ടാലും വമ്പട
54 വങ്കടല്‍പോലെ പരന്നുതല്ലൊ.
55 മാഗധന്താനുമിന്നാഗമിച്ചീടുമേ
56 മാഴ്കാതെനിന്നൊരു സേനയുമായ്.
57 ആപത്തുകൂടാതെ യാദവന്മാരെ നാം
58 പാലിച്ചുകൊള്ളുന്നൂതെങ്ങനെ ചൊല്‍."
59 തങ്ങളിലിങ്ങനെ കൂടി നിരൂപിച്ചു
60 മംഗലനാകിന കണ്ണനപ്പോള്‍

61 സാഗരംതന്നോടു ചെന്നങ്ങു യാചിച്ചാന്‍
62 ദ്വാദശയോജനഭൂമിതന്നെ.
63 രാമനായ് പണ്ടവന്‍ ചെയ്തു ചിന്തിച്ചു
64 സാഗരംതാനപ്പോള്‍ വേഗത്താലേ
65 ദ്വാരകയാകിന നല്‍പുരിതന്നെയും
66 പാരാതെ നിര്‍മ്മിച്ചു നല്കിനിന്നാന്‍.
67 ദ്വാരകതന്നെയും മാനിച്ചു വാങ്ങിന
68 വാരിജലോചനനെന്നനേരം
69 യോഗബലംകൊണ്ടു യാദവന്മാരെയും
70 വേഗത്തിലാമ്മാറു തന്നിലാക്കി

71 വന്നങ്ങു നിന്നൊരു വൈരിതന്മുന്നലേ
72 ചെന്നങ്ങു ചാടിനാന്‍ ചെവ്വിനോടെ.
73 "എന്നുടെ കൈകൊണ്ടു കൊല്‍വതിനായൊരു
74 പുണ്യമില്ലാതൊരു പാപനിവന്‍
75 എന്നുടെ കൈകളിമ്മേനിയില്‍ കൊള്ളാതെ
76 ഇന്നിവന്‍ ചാകേണം" എന്നു നണ്ണി
77 പാഞ്ഞു തുടങ്ങിനാന്‍ പങ്കജലോചനന്‍
78 ചാഞ്ഞൊരു നല്‍വഴിതന്നിലൂടെ.
79 പാഞ്ഞതു കണ്ടൊരു വൈരിയും പിന്നാലെ
80 പാഞ്ഞുതുടങ്ങിനാന്‍ പാരമപ്പോള്‍.

81 "പായാതെ പായാതെ കാര്‍മുകില്‍വര്‍ണ്ണരേ !
82 പേയായിപ്പോയി നീയെന്തിങ്ങനെ ?
83 ചൊല്പെറ്റു നിന്നൊരു വംശത്തിലല്ലൊ പ
84 ണ്ടുല്‍പ്പന്നനായി നീ പാര്‍ത്തു കണ്ടാല്‍:
85 കൊല്ലുന്നൂതില്ലയിന്നിന്നെ ഞാനെന്നുമേ
86 നില്ലു നീ നമ്മില്‍പ്പറഞ്ഞുപോവാന്‍."
87 വൈരിതാനിങ്ങനെ ചൊന്നതു കേട്ടൊരു
88 വൈകുണ്ഠന്‍ പിന്നെയുമോടിയോടി
89 പാരിച്ചുനിന്നൊരു പര്‍വതം തന്നുടെ
90 പാതാളം തന്നില്‍ മറഞ്ഞുകൊണ്ടാന്‍.

91 പിന്നാലെ പാഞ്ഞൊരു വൈരിയുമന്നേരം
92 തന്നിലേ ചെന്നങ്ങു നോക്കുന്നപ്പോള്‍.
93 മാനിയായുള്ളൊരു മാന്ധാതാവിന്നൊരു
94 സൂനുവായുള്ള മുചുകുന്ദനേ
95 നിദ്രയുംപൂണ്ടു കിടന്നതു കണ്ടിട്ടു
96 നീലക്കാര്‍വര്‍ണ്ണന്താനെന്നു നണ്ണി
97 കോപിച്ചു നിന്നവന്‍ പാരിച്ച കാല്‍കൊണ്ടു
98 മാറത്തു തിണ്ണം ചവിട്ടിനാന്താന്‍.
99 ഞെട്ടിനിന്നങ്ങവന്‍ പെട്ടെന്നുണര്‍ന്നിട്ടു
100 തുഷ്ടനായ് നിന്നങ്ങു നോക്കുംനേരം

101 കണ്ണിലെഴുന്നൊരു പാവകന്തന്നാലേ
102 വെണ്ണീറായ് പോയാനപ്പാപനപ്പോള്‍.
103 അമ്പു പൊഴിഞ്ഞൊരു കാര്‍മുകില്‍വര്‍ണ്ണന്താന്‍
104 മുമ്പിലും ചെന്നങ്ങു നിന്നനേരം
105 കാരണമാനുഷനായൊരു കാര്‍വര്‍ണ്ണന്‍
106 താനിതെന്നിങ്ങനെ ചിന്തിച്ചപ്പോള്‍
107 താര്‍ത്തേനേ വെല്ലുന്ന വാര്‍ത്തകള്‍കൊണ്ടവന്‍
108 വാഴ്ത്തിനിന്നീടിനാനാസ്ഥയോടെ.
109 മോദത്തെപ്പൂണ്ടൊരു കാര്‍വര്‍ണ്ണന്‍ചൊല്ലാലെ
110 മോഹത്തെപ്പോക്കിന മന്നവന്താന്‍

111 ഉത്തരയായൊരു ദിക്കിനെ നോക്കീട്ട്
112 അത്തലും തീര്‍ത്തു നടന്നാന്‍ ചെമ്മേ.
113 വൈരിയെക്കൊന്നൊരു വൈകുണ്ഠന്താനപ്പോള്‍
114 വൈകാതെകണ്ടിങ്ങു വന്നു പിന്നെ
115 മന്ദിരം ചൂഴുന്ന വമ്പടതന്നെയും
116 കൊന്നങ്ങു വീഴ്ത്തിനാന്‍ കോപത്താലേ.
117 ചത്തുകിടന്നുള്ള വൈരികള്‍കൊണ്ടന്നൊ
118 രര്‍ത്ഥങ്ങളെല്ലാമേ മെല്ലെമെല്ലെ
119 ദ്വരകതന്നിലങ്ങാക്കുന്ന നേരത്തു
120 വൈരിയായുള്ളൊരു മാഗധന്താന്‍

121 സന്നദ്ധനായൊരു സേനയുമായിട്ടു
122 പിന്നെയും പോന്നിങ്ങു വന്നണഞ്ഞാന്‍.
123 മാഗധന്തന്നുടെ സാഹസം കണ്ടിട്ടു
124 മാനിച്ചുനിന്നുള്ള മാധവന്മാര്‍
125 നാമല്ലിവനിന്നു മൃത്യുവാക്കേണ്ടതു
126 ഭീമനെന്നിങ്ങനെയുള്ളില്‍ നണ്ണി
127 ഓടിത്തുടങ്ങിനാര്‍ കേടറ്റ കാല്‍കൊണ്ടു
128 പേടിച്ചുനിന്നുള്ളോരോടുംപോലെ.
129 ഓടുന്നനേരത്തു മാഗധന്താനുമ
130 ങ്ങോടിത്തുടങ്ങിനാന്‍ കൂടിപ്പിമ്പേ.

131 മാഴ്കാതെപായുന്ന മാധവന്മാരൊരു
132 മാമലതന്മുകളേറി നിന്നാര്‍.
133 മാഗധന്താനുമമ്മാമല ചൂഴവും
134 പാവകന്തന്നെപ്പരത്തി നിന്നാന്‍.
135 പാവകന്‍ വന്നു ചുഴന്നതു കണ്ടൊരു
136 ദേവകിതന്നുടെ നന്ദനന്മാര്‍
137 വൈരികള്‍ കാണാതെ ചാടിനിന്നന്നേരം
138 ദ്വാരകതന്നിലങ്ങായിക്കൊണ്ടാര്‍.
139 പര്‍വ്വതം വെന്തങ്ങു കൂടിനനേരത്തു
140 ഗര്‍വ്വിതനായൊരു മാഗധന്താന്‍

141 വെന്തങ്ങു പോയാരിമ്മാധവന്മാരെന്നു
142 ചിന്തിച്ചു നിന്നു ചിരിച്ചു തിണ്ണം
143 ഭേരികളോരോന്നേ പാരം മുഴങ്ങിച്ചു
144 പാരാതെ തന്നുടെ കോട്ട പുക്കാന്‍.