ഉല്പത്തി പുസ്തകം
അദ്ധ്യായം 28
28:1
അനന്തരം യിസ്ഹാൿ യാക്കോബിനെ വിളിച്ചു, അവനെ അനുഗ്രഹിച്ചു, അവനോടു ആജ്ഞാപിച്ചു പറഞ്ഞതു: നീ കനാന്യ സ്ത്രീകളില്‍നിന്നു ഭാര്യയെ എടുക്കരുതു.
28:2
പുറപ്പെട്ടു പദ്ദന്‍-അരാമില്‍ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടില്‍ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരില്‍ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക.
28:3
സര്‍വ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും
28:4
ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാര്‍ക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.
28:5
അങ്ങനെ യിസ്ഹാൿ യാക്കോബിനെ പറഞ്ഞയച്ചു; അവന്‍ പദ്ദന്‍-അരാമില്‍ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കല്‍ പോയി.
28:6
യിസ്ഹാൿ യാക്കോബിനെ അനുഗ്രഹിച്ചു പദ്ദന്‍-അരാമില്‍നിന്നു ഒരു ഭാര്യയെ എടുപ്പാന്‍ അവനെ അവിടെക്കു അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോള്‍: നീ കനാന്യസ്ത്രീകളില്‍നിന്നു ഭാര്യയെ എടുക്കരുതെന്നു അവനോടു കല്പിച്ചതും
28:7
യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദന്‍-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോള്‍,
28:8
കനാന്യസ്ത്രീകള്‍ തന്റെ അപ്പനായ യിസ്ഹാക്കിന്നു ഇഷ്ടമുള്ളവരല്ല എന്നു കണ്ടു
28:9
ഏശാവ് യിശ്മായേലിന്റെ അടുക്കല്‍ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
28:10
എന്നാല്‍ യാക്കോബ് ബേര്‍-ശേബയില്‍ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.
28:11
അവന്‍ ഒരു സ്ഥലത്തു എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിക്കകൊണ്ടു അവിടെ രാപാര്‍ത്തു; അവന്‍ ആ സ്ഥലത്തെ കല്ലുകളില്‍ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി.
28:12
അവന്‍ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയില്‍ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വര്‍ഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാര്‍ അതിന്മേല്‍കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.
28:13
അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാന്‍ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാന്‍ നിനക്കും നിന്റെ സന്തതിക്കും തരും.
28:14
നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
28:15
ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാന്‍ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവര്‍ത്തിക്കും.
28:16
അപ്പോള്‍ യാക്കോബ് ഉറക്കമുണര്‍ന്നു: യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു.
28:17
അവന്‍ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തന്നേ എന്നു പറഞ്ഞു.
28:18
യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിര്‍ത്തി, അതിന്മേല്‍ എണ്ണ ഒഴിച്ചു.
28:19
അവന്‍ ആ സ്ഥലത്തിന്നു ബേഥേല്‍ എന്നു പേര്‍വിളിച്ചു; ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു.
28:20
യാക്കോബ് ഒരു നേര്‍ച്ചനേര്‍ന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും എനിക്കു തരികയും
28:21
എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കില്‍ യഹോവ എനിക്കു ദൈവമായിരിക്കും.
28:22
ഞാന്‍ തൂണായി നിര്‍ത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാന്‍ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.