ഉല്പത്തി പുസ്തകം

അദ്ധ്യായം 29

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50

29:1
പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി.

29:2
അവന്‍ വെളിന്‍ പ്രദേശത്തു ഒരു കിണറ് കണ്ടു. അതിന്നരികെ മൂന്നു ആട്ടിന്‍ കൂട്ടം കിടക്കുന്നു. ആ കിണറ്റില്‍നിന്നു ആയിരുന്നു ആട്ടിന്‍ കൂട്ടങ്ങള്‍ക്കു വെള്ളം കൊടുക്കുന്നതു; എന്നാല്‍ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു.

29:3
ആ സ്ഥലത്തു കൂട്ടങ്ങള്‍ ഒക്കെ കൂടുകയും അവര്‍ കിണറ്റിന്റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടി ആടുകള്‍ക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായക്ക്ല്‍ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും.

29:4
യാക്കോബ് അവരോടു: സഹോദരന്മാരേ, നിങ്ങള്‍ എവിടുത്തുകാര്‍ എന്നു ചോദിച്ചതിന്നു: ഞങ്ങള്‍ ഹാരാന്യര്‍ എന്നു അവര്‍ പറഞ്ഞു.

29:5
അവന്‍ അവരോടു: നിങ്ങള്‍ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്നു: അറിയും എന്നു അവര്‍ പറഞ്ഞു.

29:6
അവന്‍ അവരോടു: അവന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകള്‍ റാഹേല്‍ അതാ ആടുകളോടു കൂടെ വരുന്നു എന്നു അവര്‍ അവനോടു പറഞ്ഞു.

29:7
പകല്‍ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകള്‍ക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിന്‍ എന്നു അവന്‍ പറഞ്ഞതിന്നു

29:8
അവര്‍: കൂട്ടങ്ങള്‍ ഒക്കെയും കൂടുവോളം ഞങ്ങള്‍ക്കു വഹിയാ; അവര്‍ കിണറ്റിന്റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങള്‍ ആടുകള്‍ക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു.

29:9
അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ റാഹേല്‍ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു.

29:10
തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകള്‍ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കല്‍നിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകള്‍ക്കു വെള്ളം കൊടുത്തു.

29:11
യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.

29:12
താന്‍ അവളുടെ അപ്പന്റെ സഹോദരന്‍ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു.

29:13
ലാബാന്‍ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോള്‍ അവനെ എതിരേല്പാന്‍ ഓടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി; അവന്‍ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.

29:14
ലാബാന്‍ അവനോടു: നീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവന്‍ ഒരു മാസകാലം അവന്റെ അടുക്കല്‍ പാര്‍ത്തു.

29:15
പിന്നെ ലാബാന്‍ യാക്കോബിനോടു: നീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.

29:16
എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു: മൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍.

29:17
ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.

29:18
യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.

29:19
അതിന്നു ലാബാന്‍: ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു.

29:20
അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി.

29:21
അനന്തരം യാക്കോബ് ലാബാനോടു: എന്റെ സമയം തികഞ്ഞിരിക്കയാല്‍ ഞാന്‍ എന്റെ ഭാര്യയുടെ അടുക്കല്‍ ചെല്ലുവാന്‍ അവളെ തരേണം എന്നു പറഞ്ഞു.

29:22
അപ്പോള്‍ ലാബാന്‍ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.

29:23
എന്നാല്‍ രാത്രിയില്‍ അവന്‍ തന്റെ മകള്‍ ലേയയെ കൂട്ടി അവന്റെ അടുക്കല്‍ കൊണ്ടു പോയി ആക്കി; അവന്‍ അവളുടെ അടുക്കല്‍ ചെന്നു.

29:24
ലാബാന്‍ തന്റെ മകള്‍ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു.

29:25
നേരം വെളുത്തപ്പോള്‍ അതു ലേയാ എന്നു കണ്ടു അവന്‍ ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാന്‍ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു.

29:26
അതിന്നു ലാബാന്‍: മൂത്തവള്‍ക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കില്‍ നടപ്പില്ല.

29:27
ഇവളുടെ ആഴ്ചവട്ടം നിവര്‍ത്തിക്ക; എന്നാല്‍ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കല്‍ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങള്‍ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.

29:28
യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവര്‍ത്തിച്ചു; അവന്‍ തന്റെ മകള്‍ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.

29:29
തന്റെ മകള്‍ റാഹേലിന്നു ലാബാന്‍ തന്റെ ദാസി ബില്‍ഹയെ ദാസിയായി കൊടുത്തു.

29:30
അവന്‍ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാള്‍ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കല്‍ സേവചെയ്തു.

29:31
ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോള്‍ അവളുടെ ഗര്‍ഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.

29:32
ലേയാ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോള്‍ എന്റെ ഭര്‍ത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവള്‍ അവന്നു രൂബേന്‍ എന്നു പേരിട്ടു.

29:33
അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഞാന്‍ അനിഷ ്ടഎന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോന്‍ എന്നു പേരിട്ടു.

29:34
അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഇപ്പോള്‍ ഈ സമയം എന്റെ ഭര്‍ത്താവു എന്നോടു പറ്റിച്ചേരും; ഞാന്‍ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു ലേവി എന്നു പേരിട്ടു.

29:35
അവള്‍ പിന്നെയും ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോള്‍ ഞാന്‍ യഹോവയെ സ്തുതിക്കും എന്നു അവള്‍ പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവള്‍ക്കു പ്രസവം നിന്നു.