ഉല്പത്തി പുസ്തകം
അദ്ധ്യായം 2
2:1
ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
2:2
താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്തശേഷം താന്‍ ചെയ്ത സകലപ്രവൃത്തിയില്‍നിന്നും ഏഴാം ദിവസം നിവൃത്തനായി
2:3
താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
2:4
യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയില്‍ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
2:5
യഹോവയായ ദൈവം ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല.
2:6
ഭൂമിയില്‍ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു.
2:7
യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.
2:8
അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.
2:9
കാണ്മാന്‍ ഭംഗിയുള്ളതും തിന്മാന്‍ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.
2:10
തോട്ടം നനെപ്പാന്‍ ഒരു നദി ഏദെനില്‍നിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.
2:11
ഒന്നാമത്തേതിന്നു പീശോന്‍ എന്നു പേര്‍; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.
2:12
ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു.
2:13
രണ്ടാം നദിക്കു ഗീഹോന്‍ എന്നു പേര്‍; അതു ക്രുശ്‌ദേശമൊക്കെയും ചുറ്റുന്നു.
2:14
മൂന്നാം നദിക്കു ഹിദ്ദേക്കെല്‍ എന്നു പേര്‍; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.
2:15
യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന്‍ തോട്ടത്തില്‍ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.
2:16
യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്‍: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
2:17
എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും.
2:18
അനന്തരം യഹോവയായ ദൈവം: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.
2:19
യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര്‍മ്മിച്ചിട്ടു മനുഷ്യന്‍ അവെക്കു എന്തു പേരിടുമെന്നു കാണ്മാന്‍ അവന്റെ മുമ്പില്‍ വരുത്തി; സകല ജീവജന്തുക്കള്‍ക്കും മനുഷ്യന്‍ ഇട്ടതു അവെക്കു പേരായി;
2:20
മനുഷ്യന്‍ എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും എല്ലാ കാട്ടുമൃഗങ്ങള്‍ക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.
2:21
ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.
2:22
യഹോവയായ ദൈവം മനുഷ്യനില്‍നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു.
2:23
അപ്പോള്‍ മനുഷ്യന്‍; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.
2:24
അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏക ദേഹമായി തീരും.
2:25
മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്കു നാണം തോന്നിയില്ലതാനും.