ഉല്പത്തി പുസ്തകം

അദ്ധ്യായം 37

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50

37:1
യാക്കോബ് തന്റെ പിതാവു പരദേശിയായി പാര്‍ത്ത ദേശമായ കനാന്‍ ദേശത്തു വസിച്ചു.

37:2
യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാല്‍: യോസേഫിന്നു പതിനേഴുവയസ്സായപ്പോള്‍ അവന്‍ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബില്‍ഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.

37:3
യോസേഫ് വാര്‍ദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേല്‍ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചുകൊടുത്തു.

37:4
അപ്പന്‍ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാര്‍ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

37:5
യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവര്‍ അവനെ പിന്നെയും അധികം പകെച്ചു.

37:6
അവന്‍ അവരോടു പറഞ്ഞതു: ഞാന്‍ കണ്ട സ്വപ്നം കേട്ടുകൊള്‍വിന്‍.

37:7
നാം വയലില്‍ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോള്‍ എന്റെ കറ്റ എഴുന്നേറ്റു നിവിര്‍ന്നുനിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു.

37:8
അവന്റെ സഹോദരന്മാര്‍ അവനോടു: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങള്‍ നിമത്തവും അവന്റെ വാക്കുനിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.

37:9
അവന്‍ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാന്‍ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.

37:10
അവന്‍ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോള്‍ അപ്പന്‍ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന്‍ വരുമോ എന്നു പറഞ്ഞു.

37:11
അവന്റെ സഹോദരന്മാര്‍ക്കു അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സില്‍ സംഗ്രഹിച്ചു.

37:12
അവന്റെ സഹോദരന്മാര്‍ അപ്പന്റെ ആടുകളെ മേയ്പാന്‍ ശെഖേമില്‍ പോയിരുന്നു.

37:13
യിസ്രായേല്‍ യോസേഫിനോടു: നിന്റെ സഹോദരന്മാര്‍ ശെഖേമില്‍ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാന്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കും എന്നു പറഞ്ഞതിന്നു അവന്‍ അവനോടു: ഞാന്‍ പോകാം എന്നു പറഞ്ഞു.

37:14
അവന്‍ അവനോടു: നീ ചെന്നു നിന്റെ സഹോദരന്മാര്‍ക്കു സുഖം തന്നേയോ? ആടുകള്‍ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോന്‍ താഴ്വരയില്‍ നിന്നു അവനെ അയച്ചു; അവന്‍ ശെഖേമില്‍ എത്തി.

37:15
അവന്‍ വെളിന്‍ പ്രദേശത്തു ചുറ്റിനടക്കുന്നതു ഒരുത്തന്‍ കണ്ടു: നീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു.

37:16
അതിന്നു അവന്‍: ഞാന്‍ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവര്‍ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു.

37:17
അവര്‍ ഇവിടെ നിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവര്‍ പറയുന്നതു ഞാന്‍ കേട്ടു എന്നു അവന്‍ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനില്‍വെച്ചു കണ്ടു.

37:18
അവര്‍ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവന്‍ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു:

37:19
അതാ, സ്വപ്നക്കാരന്‍ വരുന്നു; വരുവിന്‍, നാം അവനെ കൊന്നു ഒരു കുഴിയില്‍ ഇട്ടുകളക;

37:20
ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങള്‍ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.

37:21
രൂബേന്‍ അതു കേട്ടിട്ടു: നാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യില്‍ നിന്നു വിടുവിച്ചു.

37:22
അവരുടെ കയ്യില്‍ നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കല്‍ കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേന്‍ അവരോടു: രക്തം ചൊരിയിക്കരുതു; നിങ്ങള്‍ അവന്റെമേല്‍ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയില്‍ അവനെ ഇടുവിന്‍ എന്നു പറഞ്ഞു.

37:23
യേസേഫ് തന്റെ സഹോദരന്മാരുടെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ ഉടുത്തിരുന്ന നിലയങ്കി അവര്‍ ഊരി, അവനെ എടുത്തു ഒരു കുഴിയില്‍ ഇട്ടു.

37:24
അതു വെള്ളമില്ലാത്ത പൊട്ടകൂഴി ആയിരുന്നു.

37:25
അവര്‍ ഭക്ഷണം കഴിപ്പാന്‍ ഇരുന്നപ്പോള്‍ തലപൊക്കി നോക്കി, ഗിലെയാദില്‍നിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.

37:26
അപ്പോള്‍ യെഹൂദാ തന്റെ സഹോദരന്മാരോടു: നാം നമ്മുടെ സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം?

37:27
വരുവിന്‍, നാം അവനെ യിശ്മായേല്യര്‍ക്കു വില്ക്കുക; നാം അവന്റെ മേല്‍ കൈ വെക്കരുതു; അവന്‍ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാര്‍ അതിന്നു സമ്മതിച്ചു.

37:28
മിദ്യാന്യകച്ചവടക്കാര്‍ കടന്നുപോകുമ്പോള്‍ അവര്‍ യോസേഫിനെ കുഴിയില്‍നിന്നു വലിച്ചു കയറ്റി, യിശ്മായേല്യര്‍ക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

37:29
രൂബേന്‍ തിരികെ കുഴിയുടെ അടുക്കല്‍ ചെന്നപ്പോള്‍ യോസേഫ് കുഴിയില്‍ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,

37:30
സഹോദരന്മാരുടെ അടുക്കല്‍ വന്നു: ബാലനെ കാണുന്നില്ലല്ലോ; ഞാന്‍ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു.

37:31
പിന്നെ അവര്‍ ഒരു കോലാട്ടുകൊറ്റനെ കൊന്നു, യോസേഫിന്റെ അങ്കി എടുത്തു രക്തത്തില്‍ മുക്കി.

37:32
അവര്‍ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കല്‍ കൊടുത്തയച്ചു: ഇതു ഞങ്ങള്‍ക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു.

37:33
അവന്‍ അതു തിരിച്ചറിഞ്ഞു: ഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.

37:34
യാക്കോബ് വസ്ത്രം കീറി, അരയില്‍ രട്ടുശീല ചുറ്റി ഏറിയനാള്‍ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു

37:35
അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാന്‍ വന്നു; അവനോ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതെ: ഞാന്‍ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കല്‍ പാതാളത്തില്‍ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പന്‍ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.

37:36
എന്നാല്‍ മിദ്യാന്യര്‍ അവനെ മിസ്രയീമില്‍ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫറിന്നു വിറ്റു.