ഉല്പത്തി പുസ്തകം

അദ്ധ്യായം 45

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50

45:1
അപ്പോള്‍ ചുറ്റും നില്ക്കുന്നവരുടെ മുമ്പില്‍ തന്നെത്താന്‍ അടക്കുവാന്‍ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കല്‍ നിന്നു പുറത്താക്കുവിന്‍ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാര്‍ക്കു തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആരും അടുക്കല്‍ ഉണ്ടായിരുന്നില്ല.

45:2
അവന്‍ ഉച്ചത്തില്‍ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.

45:3
യോസേഫ് സഹോദരന്മാരോടു: ഞാന്‍ യോസേഫ് ആകുന്നു; എന്റെ അപ്പന്‍ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാര്‍ അവന്റെ സന്നിധിയില്‍ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.

45:4
യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിന്‍ എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്നപ്പോള്‍ അവന്‍ പറഞ്ഞതു; നിങ്ങള്‍ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരന്‍ യോസേഫ് ആകുന്നു ഞാന്‍.

45:5
എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങള്‍ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പെ അയച്ചതാകുന്നു.

45:6
ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോള്‍ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.

45:7
ഭൂമിയില്‍ നിങ്ങള്‍ക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാല്‍ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പെ അയച്ചിരിക്കുന്നു.

45:8
ആകയാല്‍ നിങ്ങള്‍ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവന്‍ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.

45:9
നിങ്ങള്‍ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കല്‍ വരേണം.

45:10
നീ ഗോശെന്‍ ദേശത്തു പാര്‍ത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ.

45:11
നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാന്‍ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും.

45:12
ഇതാ, ഞാന്‍ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജന്‍ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.

45:13
മിസ്രയീമില്‍ എനിക്കുള്ള മഹത്വവും നിങ്ങള്‍ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തില്‍ ഇവിടെ കൊണ്ടുവരികയും വേണം.

45:14
അവന്‍ തന്റെ അനുജന്‍ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീന്‍ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.

45:15
അവന്‍ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാര്‍ അവനുമായി സല്ലാപിച്ചു.

45:16
യോസേഫിന്റെ സഹോദരന്മാര്‍ വന്നിരിക്കുന്നു എന്നുള്ള കേള്‍വി ഫറവോന്റെ അരമനയില്‍ എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാര്‍ക്കും സന്തോഷമായി.

45:17
ഫറവോന്‍ യോസേഫിനോടു പറഞ്ഞതു: നിന്റെ സഹോദരന്മാരോടു നീ പറയേണ്ടതു എന്തെന്നാല്‍: നിങ്ങള്‍ ഇതു ചെയ്‍വിന്‍: നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി പുറപ്പെട്ടു കനാന്‍ ദേശത്തു ചെന്നു നിങ്ങളുടെ

45:18
അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങള്‍ക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങള്‍ അനുഭവിക്കും.

45:19
നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങള്‍ ചെയ്യേണ്ടതു: നിങ്ങളുടെ പൈതങ്ങള്‍ക്കും ഭാര്യമാര്‍ക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങള്‍ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.

45:20
നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങള്‍ക്കുള്ളതു ആകുന്നു.

45:21
യിസ്രായേലിന്റെ പുത്രന്മാര്‍ അങ്ങനെ തന്നേ ചെയ്തു; യേസേഫ് അവര്‍ക്കു ഫറവോന്റെ കല്പന പ്രകാരം രഥങ്ങള്‍ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.

45:22
അവരില്‍ ഓരോരുത്തന്നു ഓരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.

45:23
അങ്ങനെ തന്നേ അവന്‍ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷ സാധനങ്ങളും പത്തു പെണ്‍കഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു.

45:24
അങ്ങനെ അവന്‍ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവര്‍ പുറപ്പെടുമ്പോള്‍: നിങ്ങള്‍ വഴിയില്‍ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു.

45:25
അവര്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടു കനാന്‍ ദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കല്‍ എത്തി.

45:26
അവനോടു: യോസേഫ് ജീവനോടിരിക്കുന്നു; അവന്‍ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോള്‍ യാക്കോബ് സ്തംഭിച്ചുപോയി; അവര്‍ പറഞ്ഞതു വിശ്വസിച്ചതുമില്ല.

45:27
യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവര്‍ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാന്‍ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോള്‍ അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു.

45:28
മതി; എന്റെ മകന്‍ യേസേഫ് ജീവനോടിരിക്കുന്നു; ഞാന്‍ മരിക്കുംമുമ്പെ അവനെ പോയി കാണും എന്നു യിസ്രായേല്‍ പറഞ്ഞു.