ഉല്പത്തി പുസ്തകം

അദ്ധ്യായം 48

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50

48:1
അനന്തരം യോസേഫിന്നു: നിന്റെ അപ്പന്‍ ദീനമായി കിടക്കുന്നു എന്നു വര്‍ത്തമാനം വന്നു; ഉടനെ അവന്‍ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു:

48:2
നിന്റെ മകന്‍ യോസേഫ് ഇതാവരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോള്‍ യിസ്രായേല്‍ തന്നെത്താന്‍ ഉറപ്പിച്ചു കട്ടിലിന്മേല്‍ ഇരുന്നു.

48:3
യാക്കോബ് യോസേഫിനോടു പറഞ്ഞതു: സര്‍വ്വശക്തിയുള്ള ദൈവം കനാന്‍ ദേശത്തിലെ ലൂസ്സില്‍വെച്ചു എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,

48:4
എന്നോടു: ഞാന്‍ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്കു ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്നു അരുളിച്ചെയ്തു.

48:5
മിസ്രയീമില്‍ നിന്റെ അടുക്കല്‍ ഞാന്‍ വരുംമുമ്പെ നിനക്കു മിസ്രയീംദേശത്തുവെച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവര്‍ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവര്‍ എനിക്കുള്ളവരായിരിക്കട്ടെ.

48:6
ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവര്‍ തങ്ങളുടെ അവകാശത്തില്‍ തങ്ങളുടെ സഹോദരന്മാരുടെ പേരിന്‍ പ്രകാരം വിളിക്കപ്പെടട്ടെ.

48:7
ഞാന്‍ പദ്ദനില്‍നിന്നു വരുമ്പോള്‍, കനാന്‍ ദേശത്തു എഫ്രാത്തില്‍ എത്തുവാന്‍ അല്പം ദൂരം മാത്രമുള്ളപ്പോള്‍ വഴിയില്‍വെച്ചു റാഹേല്‍ മരിച്ചു; ഞാന്‍ അവളെ അവിടെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നുള്ള വഴിയരികെ അടക്കം ചെയ്തു.

48:8
യിസ്രായേല്‍ യോസേഫിന്റെ പുത്രന്മാരെ കണ്ടുപ്പോള്‍: ഇവര്‍ ആരെന്നു ചോദിച്ചു.

48:9
ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാര്‍ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്റെ അടുക്കല്‍ കൊണ്ടുവരിക; ഞാന്‍ അവരെ അനുഗ്രഹിക്കും എന്നു അവന്‍ പറഞ്ഞു.

48:10
എന്നാല്‍ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാന്‍ വഹിയാതിരുന്നു; അവരെ അടുക്കല്‍ കൊണ്ടുചെന്നപ്പോള്‍ അവന്‍ അവരെ ചുംബിച്ചു ആലിംഗനം ചെയ്തു.

48:11
യിസ്രായേല്‍ യോസേഫിനോടു: നിന്റെ മുഖം കാണുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല; എന്നാല്‍ നിന്റെ സന്തതിയെയും കാണ്മാന്‍ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു.

48:12
യോസേഫ് അവരെ അവന്റെ മുഴങ്കാലുകള്‍ക്കിടയില്‍ നിന്നു മാറ്റി സാഷ്ടാംഗം നമസ്കരിച്ചു.

48:13
പിന്നെ യോസേഫ് എഫ്രയീമിനെ വലങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ ഇടങ്കൈക്കു നേരെയും മനശ്ശെയെ ഇടങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ വലങ്കൈക്കു നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കല്‍ കൊണ്ടുചെന്നു.

48:14
യിസ്രായേല്‍ വലങ്കൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണെച്ചുവെച്ചു.

48:15
പിന്നെ അവന്‍ യോസേഫിനെ അനുഗ്രഹിച്ചു: എന്റെ പിതാക്കന്മാരായ അബ്രാഹാമും യിശ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാന്‍ ജനിച്ച നാള്‍മുതല്‍ ഇന്നുവരെയും എന്നെ പുലര്‍ത്തിയിരിക്കുന്ന ദൈവം,

48:16
എന്നെ സകലദോഷങ്ങളില്‍നിന്നും വിടുവിച്ച ദൂതന്‍ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരില്‍ നിലനില്ക്കുമാറാകട്ടെ; അവര്‍ ഭൂമിയില്‍ കൂട്ടമായി വര്‍ദ്ധിക്കട്ടെ എന്നു പറഞ്ഞു.

48:17
അപ്പന്‍ വലങ്കൈ എഫ്രയീമിന്റെ തലയില്‍വെച്ചു എന്നു യോസേഫ് കണ്ടപ്പോള്‍ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയില്‍നിന്നു മനശ്ശെയുടെ തലയില്‍ മാറ്റിവെപ്പാന്‍ പിടിച്ചു.

48:18
യോസേഫ് അപ്പനോടു: അങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതന്‍; ഇവന്റെ തലയില്‍ വലങ്കൈ വെക്കേണം എന്നു പറഞ്ഞു.

48:19
എന്നാല്‍ അവന്റെ അപ്പന്‍ സമ്മതിക്കാതെ എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വര്‍ദ്ധിക്കും; എങ്കിലും അനുജന്‍ അവനെക്കാള്‍ അധികം വര്‍ദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു.

48:20
അങ്ങനെ അവന്‍ അന്നു അവരെ അനുഗ്രഹിച്ചു: ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ട എന്നു യിസ്രായേല്യര്‍ നിന്റെ പേര്‍ ചൊല്ലി അനുഗ്രഹിക്കും. എന്നു പറഞ്ഞു എഫ്രയീമിനെ മനശ്ശെക്കു മുമ്പാക്കി.

48:21
യോസേഫിനോടു യിസ്രായേല്‍ പറഞ്ഞതു: ഇതാ, ഞാന്‍ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.

48:22
എന്റെ വാളും വില്ലുംകൊണ്ടു ഞാന്‍ അമോര്‍യ്യരുടെ കയ്യില്‍ നിന്നു പിടിച്ചടക്കിയ മലഞ്ചരിവു ഞാന്‍ നിന്റെ സഹോദരന്മാരുടെ ഓഹരിയില്‍ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.