സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 135
135:1
യഹോവയെ സ്തുതിപ്പിന്‍; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിന്‍.
135:2
യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്‍ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,
135:3
യഹോവയെ സ്തുതിപ്പിന്‍; യഹോവ നല്ലവന്‍ അല്ലോ; അവന്റെ നാമത്തിന്നു കീര്‍ത്തനം ചെയ്‍വിന്‍; അതു മനോഹരമല്ലോ.
135:4
യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.
135:5
യഹോവ വലിയവന്‍ എന്നും നമ്മുടെ കര്‍ത്താവു സകലദേവന്മാരിലും ശ്രേഷ്ഠന്‍ എന്നും ഞാന്‍ അറിയുന്നു.
135:6
ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
135:7
അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
135:8
അവന്‍ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.
135:9
മിസ്രയീമേ, നിന്റെ മദ്ധ്യേ അവന്‍ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
135:10
അവന്‍ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
135:11
അമോര്‍യ്യരുടെ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.
135:12
അവരുടെ ദേശത്തെ അവന്‍ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.
135:13
യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
135:14
യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവന്‍ തന്റെ ദാസന്മാരോടു സഹതപിക്കും.
135:15
ജാതികളുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
135:16
അവെക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
135:17
അവെക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; അവയുടെ വായില്‍ ശ്വാസവുമില്ല.
135:18
അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെയാകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
135:19
യിസ്രായേല്‍ഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
135:20
ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിന്‍.
135:21
യെരൂശലേമില്‍ അധിവസിക്കുന്ന യഹോവ സിയോനില്‍നിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിന്‍.