സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 147
147:1
യഹോവയെ സ്തുതിപ്പിന്‍. യഹോവയെ സ്തുതിപ്പിന്‍; നമ്മുടെ ദൈവത്തിന്നു കീര്‍ത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
147:2
യഹോവ യെരൂശലേമിനെ പണിയുന്നു; അവന്‍ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേര്‍ക്കുന്നു.
147:3
മനംതകര്‍ന്നവരെ അവന്‍ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
147:4
അവന്‍ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേര്‍ വിളിക്കുന്നു.
147:5
നമ്മുടെ കര്‍ത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.
147:6
യഹോവ താഴ്മയുള്ളവനെ ഉയര്‍ത്തുന്നു; അവന്‍ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.
147:7
സ്തോത്രത്തോടെ യഹോവെക്കു പാടുവിന്‍; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീര്‍ത്തനം ചെയ്‍വിന്‍;
147:8
അവന്‍ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു ഭൂമിക്കായി മഴ ഒരുക്കുന്നു; അവന്‍ പര്‍വ്വതങ്ങളില്‍ പുല്ലു മുളപ്പിക്കുന്നു.
147:9
അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കകൂഞ്ഞുങ്ങള്‍ക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
147:10
അശ്വബലത്തില്‍ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളില്‍ പ്രസാദിക്കുന്നതുമില്ല.
147:11
തന്നെ ഭയപ്പെടുകയും തന്റെ ദയയില്‍ പ്രത്യാശ വെക്കുകയും ചെയ്യുന്നവരില്‍ യഹോവ പ്രസാദിക്കുന്നു.
147:12
യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;
147:13
അവന്‍ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
147:14
അവന്‍ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.
147:15
അവന്‍ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു.
147:16
അവന്‍ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
147:17
അവന്‍ നീര്‍ക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിര്‍ സഹിച്ചു നില്ക്കുന്നവനാര്‍?
147:18
അവന്‍ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
147:19
അവന്‍ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
147:20
അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല.