സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 2
2:1
ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?
2:2
യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാര്‍ എഴുന്നേല്‍ക്കുയും അധിപതികള്‍ തമ്മില്‍ ആലോചിക്കയും ചെയ്യുന്നതു:
2:3
നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.
2:4
സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ ചിരിക്കുന്നു; കര്‍ത്താവു അവരെ പരിഹസിക്കുന്നു.
2:5
അന്നു അവന്‍ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
2:6
എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ ഞാന്‍ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
2:7
ഞാന്‍ ഒരു നിര്‍ണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രന്‍; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
2:8
എന്നോടു ചോദിച്ചുകൊള്‍ക; ഞാന്‍ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
2:9
ഇരിമ്പുകോല്‍കൊണ്ടു നീ അവരെ തകര്‍ക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
2:10
ആകയാല്‍ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിന്‍; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്‍വിന്‍.
2:11
ഭയത്തോടെ യഹോവയെ സേവിപ്പിന്‍; വിറയലോടെ ഘോഷിച്ചുല്ലസിപ്പിന്‍.
2:12
അവന്‍ കോപിച്ചിട്ടു നിങ്ങള്‍ വഴിയില്‍വെച്ചു നശിക്കാതിരിപ്പാന്‍ പുത്രനെ ചുംബിപ്പിന്‍. അവന്റെ കോപം ക്ഷണത്തില്‍ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.