സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 65
65:0
സംഗീതപ്രമാണിക്കു ഒരു സങ്കീര്‍ത്തനം; ദാവീദിന്റെ ഒരു ഗീതം.
65:1
ദൈവമേ, സീയോനില്‍ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നേ നേര്‍ച്ച കഴിക്കുന്നു.
65:2
പ്രാര്‍ത്ഥന കേള്‍ക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.
65:3
എന്റെ അകൃത്യങ്ങള്‍ എന്റെ നേരെ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങള്‍ക്കു പരിഹാരം വരുത്തും.
65:4
നിന്റെ പ്രാകാരങ്ങളില്‍ പാര്‍ക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; ഞങ്ങള്‍ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
65:5
ഭൂമിയുടെ എല്ലാഅറുതികള്‍ക്കും ദൂരത്തുള്ള സമുദ്രത്തിന്നും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാല്‍ നീതിയോടെ ഞങ്ങള്‍ക്കു ഉത്തരമരുളുന്നു.
65:6
അവന്‍ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാല്‍ പര്‍വ്വതങ്ങളെ ഉറപ്പിക്കുന്നു.
65:7
അവന്‍ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
65:8
ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങള്‍ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമനത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
65:9
നീ ഭൂമിയെ സന്ദര്‍ശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയില്‍ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യം കൊടുക്കുന്നു.
65:10
നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാല്‍ നീ അതിനെ കുതിര്‍ക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
65:11
നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകള്‍ പുഷ്ടിപൊഴിക്കുന്നു.
65:12
മരുഭൂമിയിലെ പുല്പുറങ്ങള്‍ പുഷ്ടിപൊഴിക്കുന്നു; കുന്നുകള്‍ ഉല്ലാസം ധരിക്കുന്നു.
65:13
മേച്ചല്പുറങ്ങള്‍ ആട്ടിന്‍ കൂട്ടങ്ങള്‍കൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവര്‍ ആര്‍ക്കുകയും പാടുകയും ചെയ്യുന്നു.