സങ്കീര്‍ത്തനങ്ങള്‍

അദ്ധ്യായം 72

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150

72:0
ശലോമോന്റെ ഒരു സങ്കീര്‍ത്തനം.

72:1
ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ.

72:2
അവന്‍ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.

72:3
നീതിയാല്‍ പര്‍വ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.

72:4
ജനത്തില്‍ എളിയവര്‍ക്കു അവന്‍ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവന്‍ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകര്‍ത്തുകളകയും ചെയ്യട്ടെ;

72:5
സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവര്‍ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.

72:6
അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവന്‍ ഇറങ്ങിവരട്ടെ.

72:7
അവന്റെ കാലത്തു നീതിമാന്മാര്‍ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.

72:8
അവന്‍ സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങള്‍വരെയും ഭരിക്കട്ടെ.

72:9
മരുഭൂമിയില്‍ വസിക്കുന്നവര്‍ അവന്റെ മുമ്പില്‍ വണങ്ങട്ടെ; അവന്റെ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ.

72:10
തര്‍ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാര്‍ കപ്പം കൊടുക്കട്ടെ.

72:11
സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.

72:12
അവന്‍ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.

72:13
എളിയവനെയും ദരിദ്രനെയും അവന്‍ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവന്‍ രക്ഷിക്കും.

72:14
അവരുടെ പ്രാണനെ അവന്‍ പീഡയില്‍ നിന്നും സാഹസത്തില്‍നിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.

72:15
അവന്‍ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാര്‍ത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.

72:16
ദേശത്തു പര്‍വ്വതങ്ങളുടെ മുകളില്‍ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള്‍ ഭൂമിയിലെ സസ്യംപോലെ തഴെക്കും.

72:17
അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യന്‍ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യര്‍ അവന്റെ പേര്‍ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാന്‍ എന്നു പറയും.

72:18
താന്‍ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.

72:19
അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന്‍, ആമേന്‍.

72:20
യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാര്‍ത്ഥനകള്‍, അവസാനിച്ചിരിക്കുന്നു.