സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 91
91:1
അത്യുന്നതന്റെ മറവില്‍ വസിക്കയും സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍ പാര്‍ക്കയും ചെയ്യുന്നവന്‍
91:2
യഹോവയെക്കുറിച്ചു: അവന്‍ എന്റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
91:3
അവന്‍ നിന്നെ വേട്ടക്കാരന്റെ കണിയില്‍ നിന്നും നാശകരമായ മഹാമാരിയില്‍നിന്നും വിടുവിക്കും.
91:4
തന്റെ തൂവലുകള്‍കൊണ്ടു അവന്‍ നിന്നെ മറെക്കും; അവന്റെ ചിറകിന്‍ കീഴില്‍ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
91:5
രാത്രിയിലെ ഭയത്തെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും
91:6
ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
91:7
നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
91:8
നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാര്‍ക്കു വരുന്ന പ്രതിഫലം കാണും.
91:9
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
91:10
ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
91:11
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവന്‍ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
91:12
നിന്റെ കാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
91:13
സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
91:14
അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ ഞാന്‍ അവനെ വിടുവിക്കും; അവന്‍ എന്റെ നാമത്തെ അറികയാല്‍ ഞാന്‍ അവനെ ഉയര്‍ത്തും.
91:15
അവന്‍ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
91:16
ദീര്‍ഘായുസ്സുകൊണ്ടു ഞാന്‍ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.