സങ്കീര്‍ത്തനങ്ങള്‍
അദ്ധ്യായം 96
96:1
യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിന്‍; സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിന്‍.
96:2
യഹോവെക്കു പാടു അവന്റെ നാമത്തെ വാഴ്ത്തുവിന്‍; നാള്‍തോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍.
96:3
ജാതികളുടെ ഇടയില്‍ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയില്‍ അവന്റെ അത്ഭുതങ്ങളും വിവരിപ്പിന്‍.
96:4
യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവന്‍ സകലദേവന്മാരെക്കാളും ഭയപ്പെടുവാന്‍ യോഗ്യന്‍.
96:5
ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂര്‍ത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
96:6
ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
96:7
ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിന്‍; മഹത്വവും ബലവും യഹോവെക്കു കൊടുപ്പിന്‍.
96:8
യഹോവെക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിന്‍; തിരുമുല്‍കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളില്‍ ചെല്ലുവിന്‍.
96:9
വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിന്‍; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പില്‍ നടുങ്ങുവിന്‍.
96:10
യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍; ഭൂലോകവും ഇളകാതെ ഉറെച്ചുനില്ക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും.
96:11
ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.
96:12
വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോള്‍ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
96:13
യഹോവയുടെ സന്നിധിയില്‍ തന്നേ; അവന്‍ വരുന്നുവല്ലോ; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; അവന്‍ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.