സെഫന്യാവു

അദ്ധ്യായം 1

1 2 3

1:1
യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, ഹിസ്കീയാവിന്റെ മകനായ അമര്‍യ്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിന്നുണ്ടായ യഹോവയുടെ അരുളപ്പാടു.

1:2
ഞാന്‍ ഭൂതലത്തില്‍നിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.

1:3
ഞാന്‍ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാന്‍ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടര്‍ച്ചകളെയും സംഹരിക്കും; ഞാന്‍ ഭൂതലത്തില്‍ നിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.

1:4
ഞാന്‍ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാന്‍ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും

1:5
മേല്‍പുരകളില്‍ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മല്‍ക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും

1:6
യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.

1:7
യഹോവയായ കര്‍ത്താവിന്റെ സന്നിധിയില്‍ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താന്‍ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.

1:8
എന്നാല്‍ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തില്‍ ഞാന്‍ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദര്‍ശിക്കും.

1:9
അന്നാളില്‍ ഞാന്‍ ഉമ്മരപ്പടി ചാടിക്കടക്കുന്ന ഏവരെയും സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറെക്കുന്നവരെയും സന്ദര്‍ശിക്കും.

1:10
അന്നാളില്‍ മത്സ്യഗോപുരത്തില്‍നിന്നു ഉറക്കെയുള്ളോരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തില്‍നിന്നു ഒരു മുറവിളയും കുന്നുകളില്‍നിന്നു ഒരു ത്സടത്സടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.

1:11
മക്തേശ് നിവാസികളെ, മുറയിടുവിന്‍; വ്യാപാരിജനം ഒക്കെയും നശിച്ചുപോയല്ലോ; സകല ദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.

1:12
ആ കാലത്തു ഞാന്‍ യെരൂശലേമിനെ വിളക്കു കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേല്‍ ഉറെച്ചുകിടന്നു: യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തില്‍ പറയുന്ന പുരുഷന്മാരെ സന്ദര്‍ശിക്കയും ചെയ്യും.

1:13
അങ്ങനെ അവരുടെ സമ്പത്തു കവര്‍ച്ചയും അവരുടെ വീടുകള്‍ ശൂന്യവും ആയ്തീരും; അവര്‍ വീടു പണിയും, പാര്‍ക്കയില്ലതാനും; അവര്‍ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.

1:14
യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരന്‍ അവിടെ കഠിനമായി നിലവിളിക്കുന്നു.

1:15
ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,

1:16
ഉറപ്പുള്ള പട്ടണങ്ങള്‍ക്കും ഉയരമുള്ള കൊത്തളങ്ങള്‍ക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.

1:17
മനുഷ്യര്‍ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാന്‍ അവര്‍ക്കു കഷ്ടത വരുത്തും; അവര്‍ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും.

1:18
യഹോവയുടെ ക്രോധദിവസത്തില്‍ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാന്‍ കഴികയില്ല; സര്‍വ്വഭൂമിയും അവന്റെ തീക്ഷണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികള്‍ക്കും അവന്‍ ശീഘ്രസംഹാരം വരുത്തും.