പരിശുദ്ധ ഖുര്‍ആന്‍/ജാഥിയ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായങ്ങള്‍

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

1 ഹാമീം.

2 ഈ വേദഗ്രന്ഥത്തിന്റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

3 തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

4 നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവന്‍ വിന്യസിക്കുന്നതിലുമുണ്ട്‌ ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളും.

5 രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന്‌ ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക്‌ അതിന്റെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

6 അല്ലാഹുവിന്റെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക്‌ അവ ഓതികേള്‍പിക്കുന്നു. അല്ലാഹുവിനും അവന്റെ തെളിവുകള്‍ക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ്‌ അവര്‍ വിശ്വസിക്കുന്നത്‌?

7 വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം.

8 അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക്‌ ഓതികേള്‍പിക്കപ്പെടുന്നത്‌ അവന്‍ കേള്‍ക്കുകയും എന്നിട്ട്‌ അത്‌ കേട്ടിട്ടില്ലാത്തത്‌ പോലെ അഹങ്കാരിയായിക്കൊണ്ട്‌ ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന്‌ വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക.

9 നമ്മുടെ തെളിവുകളില്‍ നിന്ന്‌ വല്ലതും അവന്‍ അറിഞ്ഞാലോ അവനത്‌ ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ.

10 അവരുടെ പുറകെ നരകമുണ്ട്‌. അവര്‍ സമ്പാദിച്ചു വെച്ചിട്ടുള്ളതോ, അല്ലാഹുവിനു പുറമെ അവര്‍ സ്വീകരിച്ചിട്ടുള്ള രക്ഷാധികാരികളോ അവര്‍ക്ക്‌ ഒട്ടും പ്രയോജനം ചെയ്യുകയില്ല. അവര്‍ക്കാണ്‌ കനത്ത ശിക്ഷയുള്ളത്‌.

11 ഇത്‌ ഒരു മാര്‍ഗദര്‍ശനമാകുന്നു. തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക്‌ കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്‌.

12 അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക്‌ അധീനമാക്കി തന്നവന്‍. അവന്റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്റെ അനുഗ്രഹത്തില്‍നിന്ന്‌ നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി.

13 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവന്‍ നിങ്ങള്‍ക്ക്‌ അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

14 ( നബിയേ, ) നീ സത്യവിശ്വാസികളോട്‌ പറയുക: അല്ലാഹുവിന്റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക്‌ അവര്‍ മാപ്പുചെയ്ത്‌ കൊടുക്കണമെന്ന്‌. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച്‌ കൊണ്ടിരിക്കുന്നതിന്റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്‌.

15 വല്ലവനും നല്ലത്‌ പ്രവര്‍ത്തിച്ചാല്‍ അത്‌ അവന്റെ ഗുണത്തിന്‌ തന്നെയാകുന്നു. വല്ലവനും തിന്‍മ പ്രവര്‍ത്തിച്ചാല്‍ അതിന്റെ ദോഷവും അവന്‌ തന്നെ. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുന്നതാണ്‌.

16 ഇസ്രായീല്‍ സന്തതികള്‍ക്ക്‌ വേദഗ്രന്ഥവും വിജ്ഞാനവും പ്രവാചകത്വവും നാം നല്‍കുകയുണ്ടായി. വിശിഷ്ട വസ്തുക്കളില്‍ നിന്ന്‌ അവര്‍ക്ക്‌ ആഹാരം നല്‍കുകയും ലോകരെക്കാള്‍ അവര്‍ക്ക്‌ നാം ശ്രേഷ്ഠത നല്‍കുകയും ചെയ്തു.

17 അവര്‍ക്ക്‌ നാം ( മത ) കാര്യത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ ഭിന്നിച്ചത്‌ അവര്‍ക്കു അറിവ്‌ വന്നുകിട്ടിയതിന്‌ ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള മാത്സര്യം നിമിത്തമാണത്‌. ഏതൊരു കാര്യത്തില്‍ അവര്‍ ഭിന്നിച്ച്‌ കൊണ്ടിരിക്കുന്നുവോ അതില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കിടയില്‍ നിന്റെ രക്ഷിതാവ്‌ വിധികല്‍പിക്കുക തന്നെ ചെയ്യും.

18 ( നബിയേ, ) പിന്നീട്‌ നിന്നെ നാം ( മത ) കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്‌.

19 അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു കാര്യത്തിനും അവര്‍ നിനക്ക്‌ ഒട്ടും പ്രയോജനപ്പെടുകയേയില്ല. തീര്‍ച്ചയായും അക്രമകാരികളില്‍ ചിലര്‍ ചിലര്‍ക്ക്‌ രക്ഷാകര്‍ത്താക്കളാകുന്നു. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാകര്‍ത്താവാകുന്നു.

20 ഇത്‌ മനുഷ്യരുടെ കണ്ണ്‌ തുറപ്പിക്കുന്ന തെളിവുകളും ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു.

21 അതല്ല, തിന്‍മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കുകയാണോ; അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ, അതായത്‌ അവരുടെ ( രണ്ട്‌ കൂട്ടരുടെയും ) ജീവിതവും മരണവും തുല്യമായ നിലയില്‍ ആക്കുമെന്ന്‌? അവര്‍ വിധികല്‍പിക്കുന്നത്‌ വളരെ മോശം തന്നെ.

22 ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആള്‍ക്കും താന്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലം നല്‍കപ്പെടാന്‍ വേണ്ടിയുമാണ്‌ അത്‌. അവരോട്‌ അനീതി കാണിക്കപ്പെടുന്നതല്ല.

23 എന്നാല്‍ തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞ്‌ കൊണ്ട്‌ തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും, അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന്‌ മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിന്‌ പുറമെ ആരാണ്‌ അവനെ നേര്‍വഴിയിലാക്കുവാനുള്ളത്‌? എന്നിരിക്കെ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നില്ലേ?

24 അവര്‍ പറഞ്ഞു: ജീവിതമെന്നാല്‍ നമ്മുടെ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജീവിക്കുന്നു. നമ്മെ നശിപ്പിക്കുന്നത്‌ കാലം മാത്രമാകുന്നു. ( വാസ്തവത്തില്‍ ) അവര്‍ക്ക്‌ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിക്കുക മാത്രമാകുന്നു.

25 നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വ്യക്തമായി അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കപ്പെടുകയാണെങ്കില്‍ അവരുടെ ന്യായവാദം നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ ( ജീവിപ്പിച്ചു ) കൊണ്ട്‌ വരിക. എന്ന അവരുടെ വാക്ക്‌ മാത്രമായിരിക്കും.

26 പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു. പിന്നീട്‌ അവന്‍ നിങ്ങളെ മരിപ്പിക്കുകയും പിന്നീട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലേക്ക്‌ നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുകയും ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.

27 അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസമുണ്ടല്ലോ അന്നായിരിക്കും അസത്യവാദികള്‍ക്കു നഷ്ടം നേരിടുന്ന ദിവസം.

28 ( അന്ന്‌ ) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്‌. ഓരോ സമുദായവും അതിന്റെ രേഖയിലേക്ക്‌ വിളിക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‌ ഇന്ന്‌ നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുന്നതാണ്‌. ( എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും. )

29 ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത്‌ സത്യം തുറന്നുപറയുന്നതാണ്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു.

30 എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ അവരുടെ രക്ഷിതാവ്‌ തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്‌. അതു തന്നെയാകുന്നു വ്യക്തമായ ഭാഗ്യം.

31 എന്നാല്‍ അവിശ്വസിച്ചവരാരോ ( അവരോട്‌ പറയപ്പെടും: ) എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക്‌ ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേ? എന്നിട്ട്‌ നിങ്ങള്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ഒരു ജനതയാകുകയും ചെയ്തു.

32 തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്‌. ആ അന്ത്യസമയമാകട്ടെ അതിന്റെ കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്ന്‌ പറയപ്പെട്ടാല്‍ നിങ്ങള്‍ പറയും: എന്താണ്‌ അന്ത്യസമയമെന്ന്‌ ഞങ്ങള്‍ക്കറിഞ്ഞ്‌ കൂടാ. ഞങ്ങള്‍ക്ക്‌ ഒരു തരം ഊഹം മാത്രമാണുള്ളത്‌. ഞങ്ങള്‍ക്ക്‌ ഒരു ഉറപ്പുമില്ല.

33 തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ദൂഷ്യങ്ങള്‍ അവര്‍ക്കു വെളിപ്പെടുന്നതാണ്‌. അവര്‍ എന്തിനെയാണോ പരിഹസിച്ചു കൊണ്ടിരുന്നത്‌ അത്‌ അവരെ വലയം ചെയ്യുന്നതുമാണ്‌.

34 ( അവരോട്‌ ) പറയപ്പെടും: നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത്‌ നിങ്ങള്‍ മറന്നത്‌ പോലെ ഇന്ന്‌ നിങ്ങളെ നാം മറന്നുകളയുന്നു. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. നിങ്ങള്‍ക്ക്‌ സഹായികളാരും ഇല്ലതാനും.

35 അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ഐഹികജീവിതം നിങ്ങളെ വഞ്ചിക്കുകയും ചെയ്തത്‌ കൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്‌. ആകയാല്‍ ഇന്ന്‌ അവര്‍ അവിടെ നിന്ന്‌ പുറത്തയക്കപ്പെടുന്നതല്ല. അവരോട്‌ പ്രായശ്ചിത്തം ആവശ്യപ്പെടുകയുമില്ല.

36 അപ്പോള്‍ ആകാശങ്ങളുടെ രക്ഷിതാവും ഭൂമിയുടെ രക്ഷിതാവും ലോകരുടെ രക്ഷിതാവുമായ അല്ലാഹുവിനാണ്‌ സ്തുതി.

37 ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെയാകുന്നു മഹത്വം. അവന്‍ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>