അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - യുദ്ധകാണ്ഡം - രാവണവധം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

രാഘവന്‍ മാതലിയോടരുളിച്ചെയ്തി-
'താകുലമെന്നിയേ തേര്‍ നടത്തീടു നീ'
മാതലി തേരതിവേഗേന കൂട്ടിനാ-
നേതുമേ ചഞ്ചലമില്ല ദശാസ്യനും
മൂടി പൊടികൊണ്ടു ദിക്കുമുടനിട-
കൂടി ശരങ്ങളുമെന്തൊരു വിസ്മയം.
രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു
ധാത്രിയിലിട്ടു ദശരഥപുത്രനും
യാധുധാനാധിപന്‍ വാജികള്‍ തമ്മെയും
മാതലിതന്നെയുമേറെയെയ്തീടിനാന്‍
ശൂലം മുസലം ഗദാദികളും മേല്‍ക്കു-
മേലേ പൊഴിച്ചിതു രാക്ഷസരാജനും
സായകജാലം പൊഴിച്ചവയും മുറി-
ച്ചായോധനത്തിന്നടുത്തിനു രാമനും
ഏറ്റമണഞ്ഞുമകന്നും വലംവച്ചു-
മേറ്റുമിടംവച്ചുമൊട്ടു പിന്‍വാങ്ങിയും
സാരഥിമാരുടെ സൗത്യകൗശല്യവും
പോരാളികളുടേ യുദ്ധകൗശല്യവും
പണ്ടുകീഴില്‍ കണ്ടതില്ല നാമീവണ്ണ-
മുണ്ടാകയുമില്ലിവണ്ണമിനി മേലില്‍
എന്നു ദേവാദികളും പുകഴ്ത്തീടിനാര്‍
നന്നുനന്നെന്നു തെളിഞ്ഞിതു നാരദന്‍
പൗലസ്ത്യരാഘവന്മാര്‍തൊഴില്‍ കാണ്‍കയാല്‍
ത്രൈലോക്യവാസികള്‍ ഭീതിപൂണ്ടീടിനാര്‍
വാതമടങ്ങി മറഞ്ഞിതു സൂര്യനും
മേദിനിതാനും വിറച്ചിതു പാരമായ്‌
പാഥോനിധിയുമിളകി മറിഞ്ഞിതു
പാതാളവാസികളും നടുങ്ങീടിനാര്‍
'അംബുധി അംബുധിയോടെന്നെതിര്‍ക്കിലു-
മംബരമംബരത്തോടെതിര്‍ത്തീടിലും
രാഘവരാവണയുദ്ധത്തിനു സമം
രാഘവരാമണയുദ്ധമൊഴിഞ്ഞില്ല'
കേവലമിങ്ങനെ നിന്നു പുകഴ്ത്തിന്നര്‍
ദേവാദികളുമന്നേരത്തു രാഘവന്‍
രാത്രിഞ്ചരന്റെ തലയൊന്നറുത്തുടന്‍
ധാത്രിയിലിട്ടാനതുനേരമപ്പൊഴേ
കൂടെ മുളച്ചുകാണായിതവന്‍തല
കൂടെ മുറിച്ചുകളഞ്ഞു രണ്ടാമതും
ഉണ്ടായിതപ്പോളതും പിന്നെ രാഘവന്‍
ഖണ്ഡിച്ചു ഭൂമിയിലിട്ടാലരക്ഷണാല്‍
ഇത്ഥം മുറിച്ചു നൂറ്റൊന്നു തലകളെ
പൃത്ഥ്വിയിലിട്ടു രഘുകുലസത്തമന്‍
പിന്നെയും പത്തു തലയ്ക്കൊരു വാട്ടമി-
ല്ലെന്നേ വിചിത്രമേ നന്നുനന്നെത്രയും
ഇങ്ങനെ നൂറായിരം തല പോകിലു-
മെങ്ങും കുറവില്ലവന്‍തല പത്തിനും
രാത്രിഞ്ചരാധിപന്‍തന്റെ തപോബലം
ചിത്രം വിചിത്രം വിചിത്രമത്രേ തുലോം
കുംഭകര്‍ണ്ണന്‍ മകരാക്ഷന്‍ ഖരന്‍ ബാലി
വമ്പനാം മാരീചനെന്നിവരാദിയാം
ദുഷ്ടരെക്കൊന്ന ബാണത്തിനിന്നെന്തതി-
നിഷ്ഠൂരനാമിവനെക്കൊല്ലുവാന്‍ മടി-
യുണ്ടായതിദ്ദശകണ്ഠനെക്കൊല്ലുവാന്‍
കണ്ടീലുപായവുമേതുമൊന്നീശ്വരാ!
ചിന്തിച്ചു രാഘവന്‍ പിന്നെയുമദ്ദശ-
കന്ധരന്‍മെയ്യില്‍ ബാണങ്ങള്‍ തൂകീടിനാന്‍
രാവണനും പൊഴിച്ചീടിനാന്‍ ബാണങ്ങള്‍
ദേവദേവന്‍തിരുമേനിമേലാവോളം
കൊണ്ട ശരങ്ങളെക്കൊണ്ടു രഘുവര-
നുണ്ടായിതുള്ളിലൊരു നിനവന്നേരം
പുഷ്പസമങ്ങളായ്‌ വന്നു ശരങ്ങളും
കെല്‍പുകുറഞ്ഞു ദശാസ്യനും നിര്‍ണ്ണയം
ഏഴുദിവസം മുഴുവനീവണ്ണമേ
രോഷേണനിന്നു പൊരുതോരനന്തരം
മാതലിതാനും തൊഴുതു ചൊല്ലീടിനാ-
'നേതും വിഷാദമുണ്ടാകായ്ക മാനസേ
മുന്നമഗസ്ത്യതപോധനനാദരാല്‍
തന്ന ബാണം കൊണ്ടു കൊല്ലാം ജഗല്‍പ്രഭോ!
പൈതാമഹാസ്ത്രമതായതെ'ന്നിങ്ങനെ
മാതലി ചൊന്നതു കേട്ടു രഘുവരന്‍
'നന്നു പറഞ്ഞതു നീയിതെന്നോടിനി-
ക്കൊന്നീടുവന്‍ ദശകണ്ഠനെ നിര്‍ണ്ണയം'
എന്നരുളിച്ചെയ്തു വൈരിഞ്ചമസ്ത്രത്തെ
നന്നായെടുത്തു തൊടുത്തിതു രാഘവന്‍
സൂര്യാനലന്മാരതിന്നു തരം തൂവല്‍
വായുവും മന്ദരമേരുക്കള്‍ മദ്ധ്യമായ്‌
വിശ്വമെല്ലാം പ്രകാശിച്ചൊരു സായകം
വിശ്വാസഭക്ത്യാ ജപിച്ചയച്ചീടിന്നന്‍
രാവണന്‍തന്റെ ഹൃദയം പിളര്‍ന്നു ഭൂ-
ദേവിയും ഭേദിച്ചു വാരിധിയില്‍ പുക്കു
ചോരകഴുകി മുഴുകി വിരവോടു
മാരുതവേഗേന രാഘവന്‍ തന്നുടെ
തൂണിയില്‍ വന്നിങ്ങു വീണു തെളിവോടെ
ബാണവുമെന്തൊരു വിസ്മയ,മന്നേരം
തേരില്‍ നിന്നാശു മറിഞ്ഞുവീണീടിനാന്‍
പാരില്‍ മരാമരം വീണപോലെ തദാ
കല്‍പകവൃക്ഷപ്പുതുമലര്‍ തൂകിനാ-
രുല്‍പന്നമോദേന വാനരരേവരും
അര്‍ക്കകുലോത്ഭവന്‍ മൂദ്ധനി മേല്‍ക്കുമേല്‍
ശക്രനും നേത്രങ്ങളൊക്കെ തെളിഞ്ഞിതു
പുഷ്കരസംഭവനും തെളിഞ്ഞീടിനാ-
നര്‍ക്കനും നേരെയുദിച്ചാനതുനേരം
മന്ദമായ്‌ വീശിത്തുടങ്ങി പവനനും
നന്നായ്‌ വിളങ്ങീ ചതുര്‍ദ്ദശലോകവും
താപസന്മാരും ജയജയ ശബ്ദേന
താപമകന്നു പുകഴ്‌ന്നുതുടങ്ങിനാര്‍
ശേഷിച്ച രാക്ഷസരോടിയകംപുക്കു
കേഴത്തുടങ്ങിനാരൊക്കെ ലങ്കാപുരേ
അര്‍ക്കജന്‍ മാരുതി നീലാംഗദാദിയാം
മര്‍ക്കടവീരരുമാര്‍ത്തു പുകഴ്ത്തിനാര്‍