അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - യുദ്ധകാണ്ഡം - ദേവേന്ദ്രസ്തുതി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര-
സംഘേന സാര്‍ദ്ധം വണങ്ങി സ്തുതിച്ചിതു
'രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം
രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം
ഞങ്ങളെ രക്ഷിപ്പതിന്നു മറ്റാരുള്ള-
തിങ്ങനെ കാരുണ്യപീയൂഷവാരിധേ!
നിന്തിരുനാമാമൃതം ജപിച്ചീടുവാന്‍
സന്തതം തോന്നേണമെന്‍പോറ്റി മാനസേ
നിന്‍ ചരിതാമൃതം ചൊല്‌വാനുമെപ്പൊഴു-
മെന്‍ ചെവികൊണ്ടു കേള്‍പ്പാനുമനുദിനം
യോഗം വരുവാനനുഗ്രഹിച്ചീടണം
യോഗമൂര്‍ത്തേ! ജനകാത്മജാവല്ലഭ!
ശ്രീമഹാദേവനും നിന്തിരുനാമങ്ങള്‍
രാമരാമേതി ജപിയ്ക്കുന്നിതന്വഹം
ത്വല്‍പാദതീര്‍ത്ഥം ശിരസി വഹിയ്ക്കുന്നി-
തെപ്പോഴുമാത്മശുദ്ധിയ്ക്കുമാവല്ലഭന്‍'
ഏവം പലതരം ചൊല്ലി സ്തുതിച്ചോരു
ദേവേന്ദ്രനോടരുള്‍ചെയ്തിതു രാഘവന്‍
'മൃത്യു ഭവിച്ച കപികുലവീരരെ-
യത്തല്‍ക്കളഞ്ഞു ജീവിപ്പിക്കയും വേണം
പക്വഫലങ്ങള്‍ കപികള്‍ ഭക്ഷിയ്ക്കുമ്പോ-
ളൊക്കെ മധുരമാക്കിച്ചമച്ചീടുക
വാനരന്മാര്‍ക്കു കുടിപ്പാന്‍ നദികളും
തേനായൊഴുകേണ'മെന്നു കേട്ടിന്ദ്രനും
എല്ലാമരുള്‍ചെയ്തവണ്ണം വരികെന്നു
കല്യാണമുള്‍ക്കൊണ്ടനുഗ്രഹിച്ചീടിനാന്‍
നന്നായുറങ്ങിയുണര്‍ന്നവരെപ്പോലെ
മന്നവന്‍തന്നെത്തൊഴുതാരവര്‍കളും
ചന്ദ്രചൂഡന്‍ പരമേശ്വരനും രാമ-
ചന്ദ്രനെ നോക്കിയരുള്‍ചെയ്തിതന്നേരം
'നിന്നുടെ താതന്‍ ദശരഥന്‍ വന്നിതാ
നിന്നു വിമാനമമര്‍ന്നു നിന്നെക്കാണ്മാന്‍
ചെന്നു വണങ്ങുകെ'ന്നന്‍പോടു കേട്ടഥ
മന്നവന്‍ സംഭ്രമം പൂണ്ടു വണങ്ങിനാന്‍
വൈദേഹിതാനും സുമിത്രാതനയനു-
മാദരവോടു വന്ദിച്ചു ജനകനെ
ഗാഢം പുണര്‍ന്നു നിറുകയില്‍ ചുംബിച്ചു
ഗൂഢനായോരു പരമപുരുഷനെ
സൗമിത്രിതന്നെയും മൈഥിലിതന്നെയും
പ്രേമപൂര്‍ണ്ണം പുണര്‍ന്നാനന്ദമഗ്നനായ്‌
ചിന്മയനോടു പറഞ്ഞു ദശരഥ-
നെന്മകനായി പിറന്ന ഭവാനെ ഞാന്‍
നിര്‍മ്മലമൂര്‍ത്തേ! ധരിച്ചതിന്നാകയാല്‍
ജന്മമരാണാദി ദുഃഖങ്ങള്‍ തീര്‍ന്നിതു
നിന്മഹാമായ മോഹിപ്പിയായ്കെന്നെയും
കല്‍മഷനാശന! കാരുണ്യവാരിധേ!
താതവാക്യം കേട്ടു രാമചന്ദ്രന്‍ തദാ
മോദേന പോവാനനുവദിച്ചീടിനാന്‍
ഇന്ദ്രാദിദേവകളോടും ദശരഥന്‍
ചെന്നമരാവതി പുക്കു മരുവിനാന്‍
സത്യസന്ധന്‍തന്നെ വന്ദിച്ചനുജ്ഞയാ
സത്യലോകം ചെന്നു പുക്കു വിരിഞ്ചനും
കാത്യായനീദേവിയോടും മഹേശ്വരന്‍
പ്രീത്യാ വൃഷാരൂഢനായെഴുന്നള്ളിനാന്‍
ശ്രീരാമചന്ദ്രനിയോഗേന പോയിതു
നാരദനാദി മഹാമുനിവൃന്ദവും
പുഷ്കരനേത്രനെ വാഴ്ത്തി നിരാകുലം
പുഷ്കരചാരികളും നടന്നീടിനാര്‍