അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - സുന്ദരകാണ്ഡം - ലങ്കാമര്‍ദ്ദനം
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍

ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം

പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി-

പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍

സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ

സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ 750

നിജഹൃദയചതുരതയൊടപരമൊരു കാര്യവും

നീതിയോടേ ചെയ്തു പോമവനുത്തമന്‍

അതിനു മുഹുറഹമഖില നിശിചരകുലേശനെ-

യന്‍പോടു കണ്ടു പറഞ്ഞു പോയീടണം

അതിനു പെരുവഴിയുമിതു സുദൃഡമിതി ചിന്ത ചെ-

യതാരാമമൊക്കെപ്പൊടിച്ചു തുടങ്ങിനാന്‍

മിഥിലനൃപമകള്‍ മരുവുമതിവിമല ശിംശപാ-

വൃക്ഷമൊഴിഞ്ഞുളാതൊക്കെത്തകര്‍ത്തവന്‍

കുസുമദലഫലസഹിതഗുല്‍മവല്ലീതരു-

ക്കൂട്ടങ്ങള്‍ പൊട്ടിയലറി വീഴും വിധൌ 760

ജനനിവഹഹയ ജനന നാദഭേദങ്ങളും

ജംഗമജാതികളായ പതത്രികള്‍

അതിഭയമൊടഖിലദിശിദിശി ഖലു പറന്നുടന്‍

ആകാശമൊക്കെപ്പരന്നൊരു ശബ്ദവും

രജനിചരപുരി ഝടിതി കീഴ്മേല്‍ മറിച്ചിതു

രാമദൂതന്‍ മഹാവീര്യപരാക്രമന്‍

ഭയമൊടതു പൊഴുതു നിശിചരികളുമുണര്‍ന്നിതു

പാര്‍ത്തനേരം കപിവീരനെക്കാണായി

“ഇവനമിത ബലസഹിതനിടിനികരമൊച്ചയു-

മെന്തൊരു ജന്തുവിതെന്തിനു വന്നതും? 770

സുമുഖി! തവനികടഭുവി നിന്നു വിശേഷങ്ങള്‍

സുന്ദരഗാത്രി ! ചൊല്ലീലയോ ചൊല്ലെടോ!

മനസി ഭയമധികമിവനെക്കണ്ടു ഞങ്ങള്‍ക്കു

മര്‍ക്കടാകരം ധരിച്ചിരിക്കുന്നതും

നിശിതമസി വരുവതിനു കാരണമെന്തു ചൊല്‍

നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ”

“രജനിചരകുലരചിതമായകളൊക്കവേ

രാത്രിഞ്ചരന്മാര്‍ക്കൊഴിഞ്ഞറിയാവതോ?

ഭയമിവനെ നികടഭുവി കണ്ടുമന്മാനസേ

പാരം വളരുന്നതെന്താവതീശ്വരാ!” 780

അവനിമകളവരൊടിതു ചൊന്ന നേരത്തവ-

രാശു ലങ്കേശ്വരനോടു ചൊല്ലീടിനാര്‍

“ഒരു വിപിനചരനമിതബലനചലസന്നിഭ-

നുദ്യാനമൊക്കെപ്പൊടിച്ചു കളഞ്ഞിതു

പൊരുവതിനു കരുതിയവനപഗത ഭയാകുലം

പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ

മുസലധരനനിശമതു കാക്കുന്നവരെയും

മുല്‍പ്പെട്ടു തച്ചുകൊന്നീടിനാനശ്രമം

ഭുവനമതിലൊരുവരെയുമവനു ഭയമില്ലഹോ

പോയീലവനവിടുന്നിനിയും പ്രഭോ!” 790

ദശവദനനിതി രജനിചരികള്‍ വചനം കേട്ടു

ദന്ദശൂകോപമക്രോധവിവശനായ്

“ഇവനിവിടെ നിശിതമസി ഭയമൊഴിയെ വന്നവ-

നേതുമെളിയവനല്ലെന്നു നിര്‍ണ്ണയം

നിശിതശരകുലിശ മുസലാദ്യങ്ങള്‍ കൈക്കൊണ്ടു

നിങ്ങള്‍ പോകാശു നൂറായിരം വീരന്മാര്‍”

നിശിചരകുലാധിപാജ്ഞാകാരന്മാരതി

നിര്‍ഭയം ചെല്ലുന്നതുകണ്ടു മാരുതി

ശിഖരികുലമൊടുമവനി മുഴുവനിളകുംവണ്ണം

സിംഹനാദം ചെയ്തതു കേട്ടു രാക്ഷസര്‍ 800

സഭയതരഹൃദയമഥ മോഹിച്ചുവീണിതു

സംഭ്രമത്തോടടുത്തീടിനാര്‍ പിന്നെയും

ശിതവിശിഖ മുഖനിഖില ശസ്ത്രജാലങ്ങളെ

ശീഖ്രം പ്രയോഗിച്ചനേരം കപീന്ദ്രനും

മുഹുരുപരി വിരവിനൊടുയര്‍ന്നു ജിതശ്രമം

മുദ്ഗരം കൊണ്ടു താഡിച്ചൊടുക്കീടിനിനാന്‍

നിയുതനിശിചരനിധനനിശമന ദശാന്തരേ

നിര്‍ഭരം ക്രുദ്ധിച്ചു നക്തഞ്ചരേന്ദ്രനും

അഖിലബലപതിവരരിലൈവരെച്ചെല്ലുകെ-

ന്നത്യന്തരോഷാല്‍ നിയോഗിച്ചനന്തരം

പരമരണ നിപുണനൊടെതിര്‍ത്തു പഞ്ചത്വവും 810

പഞ്ചസ്നേനാധിപന്മാര്‍ക്കും ഭവിച്ചിതു

തദനുദശവദനുനുദിതക്രുധാ ചൊല്ലിനാന്‍

“തദ്ബലമത്ഭുതം മദ്ഭയോദ്ഭൂതിതം

പരിഭവമൊടമിതബല സഹിതമപി ചെന്നൊരു

പഞ്ചസേനാധിപന്മാര്‍ മരിച്ചീടിനാര്‍

ഇവനെ മമനികട ഭുവിഝടിതിസഹജീവനോ-

ടിങ്ങു ബന്ധിച്ചു കൊണ്ടന്നു വച്ചീടുവാന്‍

മഹിതമതിബല സഹിതമെഴുവരൊരുമിച്ചുടന്‍

മന്ത്രിപുത്രന്മാര്‍ പുറപ്പെടുവിന്‍ ഭൃശം” 820

ദശവദനവച നിശമനബല സമന്വിതം

ദണ്ഡമുസലഖഡ്ഗേഷു ചാപാദികള്‍

കഠിനതരമലറി നിജകരമതിലെടുത്തുടന്‍

കര്‍ബുരേന്ദ്രന്മാരെടുത്താര്‍ കപീന്ദ്രനും

ഭുവനതലമുലയെ മുഹുരലറി മരുവും വിധൌ

ഭൂരിശസ്ത്രം പ്രയോഗിച്ചാരനുക്ഷണം

അനിലജനുമവരെ വിരവോടു കൊന്നീടിനാ-

നാശുലോഹസ്തംഭ താഡനത്താലഹോ!

നിജസചിവതനയരെഴുവരുമമിത സൈന്യവും

നിര്‍ജ്ജരലോകം ഗമിച്ചതു കേള്‍ക്കയാല്‍ 830

മനസിദശമുഖനുമുരുതാപവും ഭീതയും

മാനവും ഖേദവും നാണവും തേടിനാന്‍

“ഇനിയൊരുവനിവനൊടു ജയിപ്പതിനില്ലമ-

റ്റിങ്ങനെ കണ്ടീല മറ്റു ഞാനാരെയും

ഇവരൊരുവരെതിരിടുകിലസുരസുരജാതിക-

ളെങ്ങുമേനില്‍ക്കുമാറില്ല ജഗത്ത്രയേ

അവര്‍ പലരുമൊരു കപിയൊടേറ്റു മരിച്ചിത-

ങ്ങയ്യോ! സുകൃതം നശിച്ചിതുമാമകം”

പലവുമിതി കരുതിയൊരു പരവശത കൈക്കൊണ്ടു

പാരം തളര്‍ന്നൊരു താതനോടാദരാല്‍ 840

വിനയമൊടു തൊഴുതിളയമകനുമുരചെയ്തിതു

വീരപുംസാമിദം യോഗ്യമല്ലേതുമേ

അലമമലമിതറികിലനുചിതമഖില ഭൂഭൃതാ-

മാത്മഖേദം ധൈര്യശൌര്യതേജോഹരം

അരിവരനെ നിമിഷമിഹ കൊണ്ടുവരുവനെ”-

ന്നക്ഷകുമാരനും നിര്‍ഗ്ഗമിച്ചീടിനാന്‍

കപിവരനുമതുപൊഴുതു തോരണമേറിനാന്‍

കാണായിതക്ഷകുമാരനെസ്സന്നിധൌ

ശരനികരശകലിത ശരീരനായ് വന്നിതു

ശാഖാമൃഗാധിപന്‍ താനുമതുനേരം 850

മുനിവിനൊടു ഗഗനഭുവി നിന്നു താണാശു ത-

ന്മൂര്‍ദ്ധനി മുദ്ഗരം കൊണ്ടെറിഞ്ഞീടിനാന്‍

ശക്തനാമക്ഷകുമാരന്‍ മനോഹരന്‍

വിബുധകുലരിപു നിശിചരാധിപന്‍ രാവണന്‍

വൃത്താന്തമാഹന്ത കേട്ടു ദുഃഖാര്‍ത്തനായ്

അമരപതിജിതമമിതബലസഹിതമാത്മജ-

മാത്മഖേദത്തോടണച്ചു ചൊല്ലീടിനാന്‍

“പ്രിയതനയ! ശൃണുവചനമിഹ തവ സഹോദരന്‍

പ്രേതാധിപാലയം പുക്കിതു കേട്ടീലേ 860

മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെ

മാര്‍ത്താണ്ഡജാലയത്തിന്നയച്ചീടുവാന്‍

ത്വരിതമഹതുല ബലമോടു പോയീടുവന്‍

ത്വല്‍ കനിഷ്ഠോദകം പിന്നെ നല്‍കീടുവന്‍”