അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - യുദ്ധകാണ്ഡം - കാലനേമിയുടെ പുറപ്പാട്
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മാരുതനന്ദനനൌഷധത്തിന്നങ്ങു
മാരുതവേഗേന പോയതറിഞ്ഞൊരു
ചാരവരന്മാര്‍നിശാചരാധീശനോ-
ടാരുമറിയാതെ ചെന്നു ചൊല്ലീടിനാര്‍‌.
ചാരവാക്യം കേട്ടു രാത്രിഞ്ചരാധിപന്‍
പാരം വിചാരം കലര്‍ന്നു മരുവിനാന്‍
ചിന്താവശനായ് മുഹൂര്‍ത്തമിരുന്നള-
വന്തര്‍ഗൃഹത്തിങ്കല്‍നിനു പുറപ്പെട്ടു
രാത്രിയിലാരും സഹായവും കൂടാതെ
രാത്രിഞ്ചരാധിപന്‍കലനേമീഗൃഹം
പ്രാപിച്ചളവധി വിസ്മയം പൂണ്ടവ-
നാമോദപൂര്‍ണ്ണം തൊഴുതു സന്ത്രസ്തനായ്
അര്‍ഘ്യാദികള്‍കൊണ്ടു പൂജിച്ചു ചോദിച്ചാ-
‘നര്‍ക്കോദയം വരും മുമ്പേ ലഘുതരം
ഇങ്ങെഴുന്നള്ളുവാനെന്തൊരു കാരണ-
മിങ്ങനെ മറ്റുള്ളകമ്പടി കൂടാതെ?’
ദു:ഖനിപീഡിതനാകിയ രാവണ-
നക്കാലനേമിതന്നോടു ചൊല്ലീടിനാന്‍:
‘ഇക്കാലവൈഭവമെന്തു ചൊല്ലാവതു-
മൊക്കെ നിന്നോടു ചൊല്‍‌വാനത്ര വന്നതും
ശക്തിമാനാകിയ ലക്ഷ്മണനെന്നുടെ
ശക്തിയേറ്റാശു വീണിടിനാന്‍ഭൂതലേ
പിന്നെ വിരിഞ്ചാസ്ത്രമെയ്തു മമാത്മജന്‍
മന്നവന്മാരെയും വാനരന്മാരെയും
കൊന്നു രണാങ്കണം തന്നില്‍വീഴ്ത്തീടിനാന്‍.
വെന്നിപ്പറയുമടിപ്പിച്ചിതാത്മജന്‍.
ഇന്നു ജീവിപ്പിച്ചുകൊള്ളുവാന്‍മാരുത-
നന്ദനനൌഷധത്തിന്നു പോയീടിനാന്‍.
ചെന്നു വിഘ്നം വരുത്തേണമതിന്നു നീ.
നിന്നോടുപായവും ചൊല്ലാമതിന്നെടോ!
താപസനായ് ചെന്നു മാര്‍ഗ്ഗമദ്ധ്യേ പുക്കു
പാപവിനാശനമായുള്ള വാക്കുകള്‍
ചൊല്ലി മോഹിപ്പിച്ചു കാലവിളംബനം
വല്ല കണക്കിലും നീ വരുത്തീടണം.
താമസവാക്കുകള്‍കേട്ടനേരം കാല-
നേമിയും രാവണന്‍‌തന്നോടു ചൊല്ലിനാന്‍:
സാമവേദജ്ഞ! സര്‍വ്വജ്ഞ! ലങ്കേശ്വര!
സാമമാന്നുടെ വാക്കു കേള്‍ക്കേണമേ!
നിന്നെക്കുറിച്ചു മരിപ്പതിനിക്കാല-
മെന്നുള്ളിലേതും മടിയില്ല നിശ്ചയം.
മാരീചനെക്കണക്കെ മരിപ്പാന്‍മന-
താരിലെനിക്കേതുമില്ലൊരു ചഞ്ചലം.
മക്കളും തമ്പിമാരും മരുമക്കളും
മക്കളുടെ നല്ല മക്കളും ഭൃത്യരും
ഒക്കെ മരിച്ചു നീ ജീവിച്ചിരുന്നിട്ടു
ദു:ഖമൊഴിഞ്ഞെന്തൊരു ഫലമുള്ളതും?
എന്തു രാജ്യം കൊണ്ടും പിന്നെയൊരു ഫലം?
എന്തു ഫലം തവ ജാനകിയെക്കൊണ്ടും?
ഹന്ത! ജഡാത്മകമായ ദേഹം കൊണ്ടു-
മെന്തു ഫലം തവ ചിന്തിച്ചു കാണ്‍‌കെടോ!
സീതയെ രാമനു കൊണ്ടക്കൊടുത്തു നീ
സോദരനായ്ക്കൊണ്ടു രാജ്യവും നല്‍കുക.
കാനനം‌തന്നില്‍‌മുനിവേഷവും പൂണ്ടു
മാനസശുദ്ധിയോടും‌കൂടി നിത്യവും
പ്രത്യുഷസ്യുസ്ത്ഥായ ശുദ്ധതോയെ കുളി-
ച്ചത്യന്തഭക്തിയോടര്‍ക്കോദയം കണ്ടു
സന്ധ്യാനമസ്കാരവും ചെയ്തു ശീഘ്രമേ-
കാന്തേ സുഖാസനം പ്രാപിച്ചു തുഷ്ടനായ്
സര്‍വ്വവിഷയസംഗങ്ങളും കൈവിട്ടു
സര്‍‌വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചുടന്‍
ആത്മനി കണ്ടുകണ്ടാത്മാനമാത്മനാ
സ്വാത്മോദയംകൊണ്ടു സര്‍വ്വലോകങ്ങളും
സ്ഥാവരജംഗമജാതികളായുള്ള
ദേവതിര്യങ്മനുഷ്യാദി ജന്തുക്കളും
ദേഹബുദ്ധീന്ദ്രിയാദ്യങ്ങളും നിത്യനാം
ദേഹി സര്‍വ്വത്തിനുമാധാരമെന്നതും
ആബ്രഹ്മസ്തംബപര്യന്തമായെന്തോന്നു
താല്പര്യമുള്‍ക്കൊണ്ടു കണ്ടതും കേട്ടതും
ഒക്കെ പ്രകൃതിയെന്നത്രേ ചൊല്ലപ്പെടും
സല്‍‌ഗുരുമായയെന്നും പറഞ്ഞീടുന്നു.
ഇക്കണ്ട ലോകവൃക്ഷത്തിന്നനേകധാ
സര്‍ഗ്ഗസ്ഥിതിവിനാശങ്ങള്‍ക്കും കാരണം
ലോഹിതശ്വേതകൃഷ്ണാദി മയങ്ങളാം
ദേഹങ്ങളെ ജനിപ്പിക്കുന്നതും മായാ.
പുത്രഗണം കാമക്രോധാദികളെല്ലാം
പുത്രികളും തൃഷ്ണഹിംസാദികളെടോ.
തന്റെ ഗുണങ്ങളെക്കൊണ്ടു മോഹിപ്പിച്ചു
തന്റെ വശത്താക്കുമാത്മാവിനെയവള്‍‌.
കര്‍ത്തൃത്വഭോക്തൃത്വമുഖ്യഗുണങ്ങളെ
നിത്യമാത്മാവാകുമീശ്വരന്‍‌തങ്കലേ
ആരോപണം ചെയ്തു തന്റെ വശത്താക്കി
നേരേ നിരന്തരം ക്രീഡിച്ചുകൊള്ളുന്നു.
ശുദ്ധനാത്മാ പരനേകനവളോടു
യുക്തനായ് വന്നു പുറത്തു കാണുന്നിതു
തന്നുടെയാത്മാവിനെത്താന്‍‌മറക്കുന്നി-
തന്വഹം മായാഗുണവിമോഹത്തിനാല്‍.
‘ബോധസ്വരൂപനായോരു ഗുരുവിനാല്‍
ബോധിതനായാല്‍നിവൃത്തേന്ദ്രിയനുമായ്
കാണുന്നിതാത്മാവിനെ സ്പഷ്ടമായ് സദാ
വേണുന്നതെല്ലാമവനു വന്നൂ തദാ.
ദൃഷ്ട്വാ പ്രകൃതിഗുണങ്ങളോടാശു വേര്‍‌
പെട്ടു ജീവമുക്തനായ് വരും ദേഹിയും.
നീയുമേവം സദാത്മാനം വിചാരിച്ചു
മായാഗുണങ്ങളില്‍നിന്നു വിമുക്തനായ്
അദ്യപ്രഭൃതി വിമുക്തനാത്മാവിതി-
ജ്ഞാത്വാ നിരസ്താശയാ ജിതകാമനായ്
ധ്യാനനിരതനായ് വാഴുകെന്നാല്‍വരു-
മാനന്ദമേതും വികല്പ്മില്ലോര്‍ക്ക നീ.
ധ്യാനിപ്പതിന്നു സമര്‍ത്ഥനല്ലെങ്കിലോ
മാനസേ പാവനേ ഭക്തിപരവശേ
നിത്യം സഗുണനാം ദേവനെയാശ്രയി-
ച്ചത്യന്തശുദ്ധ്യാ സ്വബുദ്ധ്യാ നിരന്തരം
ഹൃല്‍‌പത്മകര്‍ണ്ണികാമദ്ധ്യേ സുവര്‍ണ്ണ പീ-
ഠോല്‍‌പലേ രത്നഗണാഞ്ചിതേ നിര്‍മ്മലേ
ശ്ല്ഷ്ണേ മൃദുതരേ സീതയാസംസ്ഥിതം
ലക്ഷ്മണസേവിതം ബാണധനുര്‍ദ്ധരം
വീരാസനസ്ഥം വിശാലവിലോചന-
മൈരാവതീതുല്യപീതാംബരധരം
ഹാരകിരീടകേയൂരാംഗദാംഗുലീ-
യോരു രത്നാഞ്ചിത കുണ്ഡലനൂപുര
ചാരുകടക കടിസൂത്ര കൌസ്തുഭ
സാരസമാല്യവനമാലികാധരം
ശ്രീവത്സവക്ഷസം രാമം രമാവരം
ശ്രീവാസുദേവം മുകുന്ദം ജനാര്‍ദ്ദനം
സര്‍വ്വഹൃദിസ്ഥിതം സര്‍വേശ്വരം പരം
സര്‍വ്വവന്ദ്യം ശരണാഗതവത്സലം
ഭക്ത്യാ പരബ്രഹ്മയുക്തനായ് ധ്യാനിക്കില്‍
മുക്തനായ് വന്നുകൂടും ഭവാന്‍നിര്‍ണ്ണയം.
തച്ചരിത്രം കേട്ടുകൊള്‍കയും ചൊല്‍കയു-
മുച്ചരിച്ചും രാമരാമേതി സന്തതം
ഇങ്ങനെ കാലം കഴിച്ചുകൊള്ളുന്നാകി-
ലെങ്ങനെ ജന്മങ്ങള്‍പിന്നെയുണ്ടാകുന്നു?
ജന്മജന്മാന്തരത്തിങ്കലുമുള്ളോരു
കല്‍മഷമൊക്കെ നശിച്ചുപോം നിശ്ചയം.
വൈരം വെടിഞ്ഞതിഭക്തിസംയുക്തനായ്
ശ്രീരാമദേവനെത്തന്നെ ഭജിക്ക നീ
ദേവം പരിപൂര്‍ണ്ണമേകം സദാ ഹൃദി-
ഭാവിതം ഭാവരൂപം പുരുഷം പരം
നാമരൂപാദിഹീനം പുരാണം ശിവം
രാമമേവം ഭജിച്ചീടു നീ സന്തതം.’
രാക്ഷസേന്ദ്രന്‍കാലനേമി പറഞ്ഞൊരു
വാക്കുകള്‍പീയൂഷതുല്യങ്ങള്‍കേള്‍ക്കയാല്‍
ക്രോധതാമ്രാക്ഷനായ് വാളുമായ് തല്‍‌ഗളം
ഛേദിപ്പതിന്നൊരുമ്പെട്ടു ചൊല്ലീടിനാന്‍:
‘നിന്നെ വെട്ടിക്കളഞ്ഞിട്ടിനിക്കാര്യങ്ങള്‍‌
പിന്നെയെല്ലാം വിചാരിച്ചുകൊള്ളാമെടോ!’
കാലനേമിക്ഷണദാചരനന്നേരം
മൂലമെല്ലാം വിചരിച്ചു ചൊല്ലീടിനാന്‍:
‘രാക്ഷസരാജ! ദുഷ്ടാത്മന്‍‌! മതിമതി
രൂക്ഷതാഭാവമിതുകൊണ്ടു കിം ഫലം?
നിന്നുടെ ശാസനം ഞാനനുഷ്ഠിപ്പന-
തെന്നുടെ സല്‍‌ഗതിക്കെന്നു ധരിക്ക നീ.
സത്യസ്വരൂപത്തെ വഞ്ചിപ്പതിന്നു ഞാ-
നദ്യ സമുദ്യുക്തനായേന്‍മടിയാതെ.’
എന്നു പറഞ്ഞു ഹിമാദ്രിപാര്‍ശ്വേ ഭൃശം
ചെന്നിരുന്നാന്‍മുനിവേഷമായ് തല്‍‌ക്ഷണേ