- താടകാവനം പ്രാപിച്ചീടിനോരനന്തരം
- ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രന്‍ഃ 900
- "രാഘവ! സത്യപരാക്രമവാരിധേ! രാമ!
- പോകുമാറില്ലീവഴിയാരുമേയിതുകാലം.
- കാടിതു കണ്ടായോ നീ? കാമരൂപിണിയായ
- താടക ഭയങ്കരി വാണിടും ദേശമല്ലൊ.
- അവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീല
- ഭൂവനവാസിജനം ഭൂവനേശ്വര! പോറ്റീ!
- കൊല്ലണമവളെ നീ വല്ലജാതിയുമതി-
- നില്ലൊരു ദോഷ"മെന്നു മാമുനി പറഞ്ഞപ്പോള്‍
- മെല്ലവേയൊന്നു ചെറുഞ്ഞാണൊലിചെയ്തു രാമ,-
- നെല്ലാലോകവുമൊന്നു വിറച്ചിതതുനേരം. 910
- ചെറുഞ്ഞാണൊലി കേട്ടു കോപിച്ചു നിശാചരി
- പെരികെ വേഗത്തോടുമടുത്തു ഭക്ഷിപ്പാനായ്.
- അന്നേരമൊരു ശരമയച്ചു രാഘവനും
- ചെന്നു താടകാമാറില്‍ കൊണ്ടിതു രാമബാണം.
- പാരതില്‍ മല ചിറകറ്റുവീണതുപോലെ
- ഘോരരൂപിണിയായ താടക വീണാളല്ലോ.
- സ്വര്‍ണ്ണരത്നാഭരണഭൂഷിതഗാത്രിയായി
- സുന്ദരിയായ യക്ഷിതന്നെയും കാണായ്വന്നു.
- ശാപത്താല്‍ നക്തഞ്ചരിയായോരു യക്ഷിതാനും
- പ്രാപിച്ചു ദേവലോകം രാമദേവാനുജ്ഞയാ. 920
- കൌശികമുനീന്ദ്രനും ദിവ്യാസ്ത്രങ്ങളെയെല്ലാ-
- മാശു രാഘവനുപദേശിച്ചു സലക്ഷ്മണം.
- നിര്‍മ്മലന്മാരാം കുമാരന്മാരും മുനീന്ദ്രനും
- രമ്യകാനനേ തത്ര വസിച്ചു കാമാശ്രമേ.
- രാത്രിയും പിന്നിട്ടവര്‍ സന്ധ്യാവന്ദനംചെയ്തു
- യാത്രയും തുടങ്ങിനാരാസ്ഥയാ പുലര്‍കാലേ.
- പുക്കിതു സിദ്ധാശ്രമം വിശ്വാമിത്രനും മുനി-
- മുഖ്യന്മാരെതിരേറ്റു വന്ദിച്ചാരതുനേരം.
- രാമലക്ഷ്മണന്മാരും വന്ദിച്ചു മുനികളെ
- പ്രേമമുള്‍ക്കൊണ്ടു മുനിമാരും സല്ക്കാരംചെയ്താര്. 930
- വിശ്രമിച്ചനന്തരം രാഘവന്‍തിരുവടി
- വിശ്വാമിത്രനെ നോക്കി പ്രീതിപൂണ്ടരുള്‍ചെയ്തുഃ
- "താപസോത്തമ, ഭവാന് ദീക്ഷിക്ക യാഗമിനി
- താപംകൂടാതെ രക്ഷിച്ചീടുവനേതുചെയ്തും.
- ദുഷ്ടരാം നിശാചരേന്ദ്രന്മാരെക്കാട്ടിത്തന്നാല്‍
- നഷ്ടമാക്കുവന്‍ ബാണംകൊണ്ടു ഞാന്‍ തപോനിധേ!"
- യാഗവും ദീക്ഷിച്ചിതു കൌശികനതുകാല-
- മാഗമിച്ചിതു നക്തഞ്ചരന്മാര് പടയോടും.
- മദ്ധ്യാഹ്നകാലേ മേല്‍ഭാഗത്തിങ്കല്‍നിന്നുമത്ര
- രക്തവൃഷ്ടിയും തുടങ്ങീടിനാരതുനേരം. 940
- പാരാതെ രണ്ടു ശരം തൊടുത്തു രാമദേവന്
- മാരീചസുബാഹുവീരന്മാരെ പ്രയോഗിച്ചാന്.
- കോന്നിതു സുബാഹുവാമവനെയൊരു ശര-
- മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാന്‍.
- ചെന്നിതു രാമബാണം പിന്നാലെ കൂടെക്കൂടെ
- ഖിന്നനായേറിയൊരു യോജന പാഞ്ഞാനവന്‍.
- അര്‍ണ്ണവംതന്നില്‍ ചെന്നു വീണിതു, രാമബാണ-
- മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്.
- പിന്നെ മേറ്റ്ങ്ങുമൊരു ശരണമില്ലാഞ്ഞവ-
- നെന്നെ രക്ഷിക്കേണമെന്നഭയം പുക്കീടിനാന്‍. 950
- ഭക്തവത്സലനഭയംകൊടുത്തതുമൂലം
- ഭക്തനായ്വന്നാനന്നുതുടങ്ങി മാരീചനും.
- പറ്റലര്‍കുലകാലനാകിയ സൌമിത്രിയും
- മറ്റുളള പടയെല്ലാം കോന്നിതു ശരങ്ങളാല്‍.
- ദേവകള്‍ പുഷ്പവൃഷ്ടിചെയ്തിതു സന്തോഷത്താല്‍
- ദേവദുന്ദുഭികളും ഘോഷിച്ചിതതുനേരം.
- യക്ഷകിന്നരസിദ്ധചാരണഗന്ധര്വന്മാര്
- തല്‍ക്ഷണേ കൂപ്പി സ്തുതിച്ചേറ്റവുമാനന്ദിച്ചാര്‍.
- വിശ്വാമിത്രനും പരമാനന്ദംപൂണ്ടു പുണര്-
- ന്നശ്രുപൂര്‍ണ്ണാര്‍ദ്രാകുലനേത്രപത്മങ്ങളോടും 960
- ഉത്സംഗേ ചേര്‍ത്തു പരമാശീര്‍വാദവുംചെയ്തു
- വത്സന്മാരെയും ഭുജിപ്പിച്ചിതു വാത്സല്യത്താല്‍.
- ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങള്‍
- പറഞ്ഞു രസിപ്പിച്ചു കൌശികനവരുമായ്.
- അരുള്‍ചെയ്തിതു നാലാംദിവസം പിന്നെ മുനിഃ
- "അരുതു വൃഥാ കാലം കളകെന്നുളളതേതും.
- ജനകമഹീപതിതന്നുടെ മഹായജ്ഞ-
- മിനി വൈകാതെ കാണ്മാന് പോക നാം വത്സന്മാരേ!
- ചൊല്ലെഴും ത്രൈയംബകമാകിന മാഹേശ്വര-
- വില്ലുണ്ടു വിടേഹരാജ്യത്തിങ്കലിരിക്കുന്നു. 970
- ശ്രീമഹാദേവന്‍തന്നെ വച്ചിരിക്കുന്നു പുരാ
- ഭൂമിപാലേന്ദ്രന്മാരാലര്‍ച്ചിതമനുദിനം.
- ക്ഷോണിപാലേന്ദ്രകുലജാതനാകിയ ഭവാന്
- കാണണം മഹാസത്വമാകിയ ധനൂരത്നം."
- താപസേന്ദ്രന്മാരോടുമീവണ്ണമരുള്‍ചെയ്തു
- ഭൂപതിബാലന്മാരും കൂടെപ്പോയ് വിശ്വാമിത്രന്
- പ്രാപിച്ചു ഗംഗാതീരം ഗൌതമാശ്രമം തത്ര
- ശോഭപൂണ്ടൊരു പുണ്യദേശമാനന്ദപ്രദം
- ദിവ്യപാദപലതാകുസുമഫലങ്ങളാല്‍
- സര്‍വമോഹനകരം ജന്തുസഞ്ചയഹീനം
- കണ്ടു കൌതുകംപൂണ്ടു വിശ്വാമിത്രനെ നോക്കി- 980
- പ്പുണ്ഡരീകേക്ഷണനുമീവണ്ണമരുള്‍ചെയ്തുഃ
- "ആശ്രമപദമിദമാര്‍ക്കുളള മനോഹര-
- മാശ്രയയോഗ്യം നാനാജന്തുസംവീതംതാനും.
- എത്രയുമാഹ്ലാദമുണ്ടായിതു മനസി മേ
- തത്ത്വമെന്തെന്നതരുള്‍ചെയ്യേണം താപോനിധേ!"