അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - യുദ്ധകാണ്ഡം - വിഭീഷണന്റെ ശരണപ്രാപ്തി
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

രാവണന്‍‌തന്‍നിയോഗേന വിഭീഷണന്‍
ദേവദേവേശപാദാബ്ജസേവാര്‍ത്ഥമായ്
ശോകം വിനാ നാലമാത്യരുമായുട-
നാകാശമാര്‍ഗ്ഗേ ഗമിച്ചാനതിദ്രുതം
ശ്രീരാമദേവനിരുന്നരുളുന്നതിന്‍
നേരേ മുകളില്‍‌നിന്നുച്ചൈസ്തരമവന്‍
വ്യക്തവര്‍ണ്ണേനചൊല്ലീടിനാനെത്രയും
ഭക്തിവിനയവിശുദ്ധമതിസ്ഫുടം:
‘രാമ! രമാരമണ! ത്രിലോകീപതേ!
സ്വാമിന്‍ജയ ജയ! നാഥ! ജയ ജയ!
രാജീവനേത്ര! മുകുന്ദ! ജയ ജയ!
രാജശിഖാമണേ! സീതാപതേ! ജയ!
രാവണന്‍‌തന്നുടെ സോദരന്‍ഞാന്‍തവ
സേവാര്‍ത്ഥമായ് വിടകൊണ്ടേന്‍ദയാനിധേ!
ആമ്നായമൂര്‍ത്തേ! രഘുപതേ! ശ്രീപതേ!
നാമ്നാ വിഭീഷണന്‍ത്വല്‍‌ഭക്തസേവകന്‍
‘ദേവിയെക്കട്ടതനുചിതം നീ’യെന്നു
രാവണനോടു ഞാന്‍നല്ലതു ചൊല്ലിയേന്‍.
ദേവിയെ ശ്രീരാമനായ്കൊണ്ടു നല്‍കുകെ-
ന്നാവോലമേറ്റം പറഞ്ഞേന്‍പലതരം
വിജ്ഞാനമാര്‍ഗ്ഗമെല്ലാമുപദേശിച്ച-
തജ്ഞാനിയാകയാലേറ്റതില്ലേതുമേ.
പഥ്യമായുള്ളതു ചൊല്ലിയതേറ്റമ-
പഥ്യമായ് വന്നിതവന്നു വിധിവശാല്‍.
വാളുമായെന്നെ വധിപ്പാനടുത്തിതു
കാളഭുജംഗവേഗേന ലങ്കേശ്വരന്‍
മൃത്യുഭയത്താലടിയനുമെത്രയും
ചിത്താകുലതയാ പാഞ്ഞുപാഞ്ഞിങ്ങിഹ
നാലമാത്യന്മാരുമായ് വിടകൊണ്ടേനൊ-
രാലംബനം മറ്റെനിക്കില്ല ദൈവമേ!
ജന്മമരണമോക്ഷാര്‍ത്ഥം ഭവച്ചര-
ണാംബുജം മേ ശരണം കരുണാംബുധേ!’
ഇത്ഥം വിഭീഷണവാക്യങ്ങള്‍കേട്ടള-
വുത്ഥായ സുഗ്രീവനും പറഞ്ഞീടിനാന്‍:
‘വിശ്വേശ! രാക്ഷസന്‍മായാവിയെത്രയും
വിശ്വാസയോഗ്യനല്ലെന്നതു നിര്‍ണ്ണയം.
പിന്നെ വിശേഷിച്ചു രാവണരാക്ഷസന്‍
തന്നുടെ സോദരന്‍വിക്രമമുള്ളവന്‍
ആയുധപാണിയായ് വന്നാനമാത്യരും
മായാവിശാരദന്മാരെന്നു നിര്‍ണ്ണയം.
ഛിദ്രം കുറഞ്ഞൊന്നു കാണ്‍കിലും നമ്മുടെ
നിദ്രയിലെങ്കിലും നിഗ്രഹിച്ചീടുമേ.
ചിന്തിച്ചുടന്‍നിയോഗിക്ക കപികളെ
ഹന്തവ്യനിന്നിവനില്ലൊരു സംശയം.
ശത്രുപക്ഷത്തിങ്കലുള്ള ജനങ്ങളെ
മിത്രമെന്നോര്‍ത്തുടന്‍വിശ്വസിക്കുന്നതില്‍
ശത്രുക്കളെത്തന്നെ വിശ്വസിച്ചീടുന്ന-
തുത്തമമാകുന്നതെന്നതോര്‍ക്കേണമേ.
ചിന്തിച്ചു കണ്ടിനി നിന്തിരുവുള്ളത്തി-
ലെന്തെന്നഭിമതമെന്നരുള്‍ചെയ്യണം‘
മറ്റുള്ള വാനരവീരരും ചിന്തിച്ചു
കുറ്റംവരായ്‌വാന്‍പറഞ്ഞാര്‍പലതരം
അന്നേരമുത്ഥായ വന്ദിച്ചു മാരുതി
ചൊന്നാന്‍‘വിഭീഷണനുത്തമനെത്രയും
വന്നു ശരണം ഗമിച്ചവന്‍തന്നെ നാം
നന്നു രക്ഷിക്കുന്നതെന്നെന്നുടെ മതം
നക്തഞ്ചരാന്വയത്തിങ്കല്‍ജനിച്ചവര്‍
ശത്രുക്കളേവരുമെന്നു വന്നീടുമോ?
നല്ലവരുണ്ടാമവരിലുമെന്നുള്ള-
തെല്ലാവരും നിരൂപിച്ചുകൊള്ളേണമേ!
ജാതിനാമാദികള്‍ക്കല്ല ഗുണഗണ-
ഭേദമെന്നത്രേ ബുധന്മാരുടെ മതം
ശാശ്വതമായുള്ള ധര്‍മ്മം നൃപതികള്‍
ക്കാശ്രിതരക്ഷണമെന്നു ശാസ്ത്രോക്തിയും.’
ഇത്ഥം പലരും പലവിധം ചൊന്നവ
ചിത്തേ ധരിച്ചരുള്‍ചെയ്തു രഘുപതി:
‘മാരുതി ചൊന്നതുപപന്നമെത്രയും
വീര! വിഭാകരപുത്ര! വരികെടോ
ഞാന്‍പറയുന്നതു കേള്‍പ്പിനെല്ലാവരും
ജാംബവദാദി നീതിജ്ഞവരന്മാരേ!
ഉര്‍വ്വീശനായാലവനാശ്രിതന്മാരെ
സര്‍വ്വശോ രക്ഷേച്ഛുനശ്ശ്വപചാനപി
രക്ഷിയാഞ്ഞാലവന്‍ബ്രഹ്മഹാ കേവലം
രക്ഷിതാവശ്വമേധം ചെയ്ത പുണ്യവാന്‍
എന്നു ചൊല്ലുന്നിതു വേദശാസ്ത്രങ്ങളില്‍
പുണ്യപാപങ്ങളറിയരുതേതുമേ
മുന്നമൊരു കപോതം നിജ പേടയോ-
ടൊന്നിച്ചൊരു വനം‌തന്നില്‍മേവീടിനാന്‍.
ഉന്നതമായൊരു പാദപാഗ്രേ തദാ
ചെന്നൊരു കാട്ടാളനെയ്തു കൊന്നീടിനാന്‍
തന്നുടെ പക്ഷിണിയെസ്സുരതാന്തരേ
വന്നൊരു ദു:ഖം പൊറാഞ്ഞു കരഞ്ഞവന്‍
തന്നെ മറന്നിരുന്നീടും ദശാന്തരേ
വന്നിതു കാ‍റ്റും മഴയും, ദിനേശനും
ചെന്നു ചരമാബ്ധിതന്നില്‍മറഞ്ഞിതു,
ഖിന്നനായ്‌വന്നു വിശന്നു കിരാതനും
താനിരിക്കുന്ന വൃക്ഷത്തിന്‍മുരടതില്‍
ദീനതയോടു നില്‍ക്കുന്ന കാട്ടാളനെ-
കണ്ടു കരുണകലര്‍ന്നു കപോതവും
കൊണ്ടുവന്നാശു കൊടുത്തിതു വഹ്നിയും
തന്നുടെ കൈയിലിരുന്ന കപോതിയെ
വഹ്നിയ്യിലിട്ടു ചുട്ടാശു തിന്നീടിനാന്‍
എന്നതു കൊണ്ടു വിശപ്പടങ്ങീടാഞ്ഞു
പിന്നെയും പീഡിച്ചിരിക്കും കിരാതനു
തന്നുടെ ദേഹവും നല്‍കിനാനമ്പോടു
വഹ്നിയില്‍വീണു കിരാതാശനാര്‍ത്ഥമായ്.
അത്രപോലും വേണമാശ്രിതരക്ഷണം
മര്‍ത്ത്യനെന്നാലോ പറയേണ്ടതില്ലല്ലോ
എന്നെശ്ശരണമെന്നോര്‍ത്തിങ്ങു വന്നവ-
നെന്നുമഭയം കൊടുക്കുമതേയുള്ളു.
പിന്നെ വിശേഷിച്ചുമൊന്നു കേട്ടീടുവി-
നെന്നെച്ചതിപ്പതിനാരുമില്ലെങ്ങുമേ.
ലോകപാലന്മാരെയും മറ്റു കാണായ
ലോകങ്ങളെയും നിമേഷമാത്രകൊണ്ടു
സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടുവാ-
നൊട്ടുമേ ദണ്ഡമെനിക്കില്ല നിശ്ചയം,
പിന്നെ ഞാനാരെബ്ഭയപ്പെടുന്നു മുദാ
വന്നീടുവാന്‍ചൊല്ലവനെ മടിയാതെ.
വ്യഗ്രിയായ്കേതുമിതു ചൊല്ലി മാനസേ
സുഗ്രീവ! നീ ചെന്നവനെ വരുത്തുക.
എന്നെശ്ശരണംഗമിക്കുന്നവര്‍ക്കു ഞാ-
നെന്നുമഭയം കൊടുക്കുമതിദ്രുതം.
പിന്നെയവര്‍ക്കൊരു സംസാരദു:ഖവും
വന്നുകൂടാ നൂനമെന്നുമറിക നീ.
ശ്രീരാമവാക്യാമൃതം കേട്ടു വാനര-
വീരന്‍വിഭീഷണന്‍‌തന്നെ വരുത്തിനാന്‍
ശ്രീരാമപാദാന്തികേ വീണു സാഷ്ടാംഗ-
മാരൂഢമോദം നമസ്കരിച്ചീടിനാന്‍.
രാമം വിശാലാക്ഷമിന്ദീവരദള-
ശ്യാമളം കോമളം ബാണധനുര്‍ദ്ധരം
സോമബിംബാഭപ്രസന്നമുഖാംബുജം
കാമദം കാമോപമം കമലാവരം
കാന്തം കരുണാകരം കമലേക്ഷണം
ശാന്തം ശരണ്യം വരേണ്യം വരപ്രദം
ലക്ഷ്മണസംയുതം സുഗ്രീവമാരുതി-
മുഖ്യകപികുലസേവിതം രാഘവം
കണ്ടുകൂപ്പിത്തൊഴുതേറ്റം വിനീതനാ-
യുണ്ടായ സന്തോഷമോടും വിഭീഷണന്‍
ഭക്തപ്രിയനായ ലോകൈകനാഥനെ
ഭക്തിപരവശനായ് സ്തുതിച്ചീടിനാന്‍:
‘ശ്രീരാമ! സീതാമനോഹര! രാഘവ!
ശ്രീരാമ! രാജേന്ദ്ര! രാജീവലോചന!
ശ്രീരാമരാക്ഷസവംശവിനാശന!
ശ്രീരാമപാദാംബുജേ നമസ്തേ സദാ.
ചണ്ഡാംശുഗോത്രോത്ഭവായ നമോനമ-
ശ്ചണ്ഡകോദണ്ഡധരായ നമോ നമ:
പണ്ഡിതഹൃല്‍‌പുണ്ഡരീകചണ്ഡാംശവേ
ഖണ്ഡപരശുപ്രിയായ നമോ നമ:
രാമായ സുഗ്രീവമിത്രായ കാന്തായ
രാമായ നിത്യമനന്തായ ശാന്തായ
രാമായ വേദാന്തവേദ്യായ ലോകാഭി-
രാമായ രാമഭദ്രായ നമോ നമ:
വിശ്വോത്ഭവസ്ഥിതിസംഹാരഹേതവേ
വിശ്വായ വിശ്വരൂപായ നമോ നമ:
നിത്യായ സത്യായ ശുദ്ധായതേ നമ:
ഭക്തപ്രിയായ ഭഗവതേ രാമായ
മുക്തിപ്രദായ മുകുന്ദായതേ നമ:
വിശ്വേശനാം നിന്തിരുവടിതാനല്ലോ
വിശ്വോത്ഭവസ്ഥിതിസംഹാരകാരണം
സന്തതം ജംഗമാജംഗമഭൂതങ്ങ-
ളന്തര്‍ബ്ബഹിര്‍വ്യാപ്തനാകുന്നതും ഭവാന്‍.
നിന്മഹാമായയാ മൂടിക്കിടക്കുമാ-
നിര്‍മ്മലമാം പരബ്രഹ്മമജ്ഞാനിനാം
തന്മൂലമായുള്ള പുണ്യപാപങ്ങളാല്‍
ജന്മമരണങ്ങളുണ്ടായ്‌വരുന്നിതും
അത്രനാളേക്കും ജഗത്തൊക്കവേ ബലാല്‍
സത്യമായ് തോന്നുമതിനില്ല സംശയം
എത്രനാളേക്കറിയാതെയിരിക്കുന്നി-
തദ്വയമാം പരബ്രഹ്മം സനാതനം
പുത്രദാരാദി വിഷയങ്ങളിലതി-
സക്തികലര്‍ന്നു രമിക്കുന്നിതന്വഹം.
ആത്മാവിനെയറിയായ്കയാല്‍നിര്‍ണ്ണയ-
മാത്മനി കാണേണമാത്മാനമാത്മനാ
ദു:ഖപ്രദം വിഷയേന്ദ്രിയസംയോഗ-
മൊക്കെയുമോര്‍ത്താലൊടുക്കമനാത്മനാ
ആദികാലേ സുഖമെന്നു തോന്നിക്കുമ-
തേതും വിവേകമില്ലാതവര്‍മാനസേ.
ഇന്ദ്രാഗ്നിധര്‍മ്മരക്ഷോവരുണാനില-
ചന്ദ്രരുദ്രാജാഹിപാദികളൊക്കെയും.
ചിന്തിക്കിലോ നിന്തിരുവടി നിര്‍ണ്ണയ-
മന്തവുമാദിയുമില്ലാത ദൈവമേ!
കാലസ്വരൂപനായീടുന്നതും ഭവാന്‍
സ്ഥൂലങ്ങളില്‍വച്ചതിസ്ഥൂലനും ഭവാന്‍
നൂനമണുവിങ്കല്‍‌നിന്നണീയാന്‍ഭവാന്‍
മാനമില്ലാത മഹത്തത്ത്വവും ഭവാന്‍
സര്‍വലോകാനാം പിതാവായതും ഭവാന്‍
ദര്‍വ്വീകരേന്ദ്രശയന! ദയാനിധേ!
ആദിമ്ദ്ധ്യാന്തവിഹീനന്‍പരിപൂര്‍ണ്ണ-
നാധാരഭൂതന്‍പ്രപഞ്ചത്തിനീശ്വരന്‍
അച്യുതനവ്യയനവ്യക്തനദ്വയന്‍
സച്ചില്‍‌പുരുഷന്‍‌പുരുഷോത്തമന്‍പരന്‍
നിശ്ചലന്‍നിര്‍മ്മമന്‍നിഷ്കളന്‍നിര്‍ഗ്ഗുണന്‍
നിശ്ചയിച്ചാര്‍ക്കുമറിഞ്ഞുകൂടാതവന്‍.
നിര്‍വികാരന്‍നിരാകാരന്‍നിരീശ്വരന്‍
നിര്‍വികല്പന്‍നിരൂപാശ്രയന്‍ശാശ്വതന്‍
ഷഡ്ഭാവഹീനന്‍പ്രകൃതി പരന്‍‌പുമാന്‍.
സല്‍ഭാവയുക്തന്‍സനാതനന്‍സര്‍വ്വഗന്‍
മായാമനുഷ്യന്‍മനോഹരന്‍മാധവന്‍
മായാവിഹീനന്‍മധുകൈടഭാന്തകന്‍
ഞാനിഹ ത്വല്‍‌പാദഭക്തിനിശ്രേണിയെ-
സ്സാനന്ദമാശു സമ്പ്രാപ്യ രഘുപതേ!
ജ്ഞാനയോഗാഖ്യസൌധം കരേറീടുവാന്‍
മാനസേ കാമിച്ചു വന്നേന്‍ജഗല്‍‌പതേ!
സീതാപതേ! രാമ! കാരുണികോത്തമ!
യാതുധാനാന്തക! രാവണാരേ! ഹരേ!
പാദാംബുജം നമസ്തേ ഭവസാഗര-
ഭീതനാമെന്നെ രക്ഷിച്ചുകൊള്ളേണമേ!’
ഭക്തിപരവശനായ് സ്തുതിച്ചീടിന
ഭക്തനെക്കണ്ടു തെളിഞ്ഞു രഘൂത്തമന്‍
ഭക്തപ്രിയന്‍പരമാനന്ദമുള്‍ക്കൊണ്ടു
മുഗ്ദ്ധസ്മിതപൂര്‍വ്വമേവമരുള്‍‌ചെയ്തു:
‘ഇഷ്ടമായുള്ള വരത്തെ വരിക്ക സ-
ന്തുഷ്ടനാം ഞാന്‍വരദാനൈകതല്‍‌പരന്‍
ഒട്ടുമേ താപമൊരുത്തനെന്നെക്കണ്ടു-
കിട്ടിയാല്‍പിന്നെയുണ്ടാകയില്ലോര്‍ക്ക നീ.’
രാമവാക്യാമൃതം കേട്ടു വിഭീഷണ-
നാമോദമുള്‍ക്കൊണ്ടുണര്‍ത്തിച്ചരുളിനാന്‍:
‘ധന്യനായെന്‍കൃതകൃത്യനായേനഹം
ധന്യാകൃതേ കൃതകാമനായേനഹം
ത്വല്‍‌പാദപത്മാവലോകനംകൊണ്ടു ഞാ-
നിപ്പോള്‍വിമുക്തനായേനില്ല സംശയം
മത്സമനായൊരു ധന്യനില്ലൂഴിയില്‍
മത്സമനായൊരു ശുദ്ധനുമില്ലഹോ!
മത്സമനായ് മറ്റൊരുവനുമില്ലിഹ
ത്വത്സ്വരൂപം മമ കാണായകാരണാല്‍.
കര്‍മ്മബന്ധങ്ങള്‍നശിപ്പതിനായിനി
നിര്‍മ്മലമാം ഭവദ്ജ്ഞാനവും ഭക്തിയും
ത്വദ്ധ്യാനസൂക്ഷ്മവും ദേഹി മേ രാഘവ!
ചിത്തേ വിഷയസുഖാശയില്ലേതുമേ.
ത്വല്‍‌പാദപങ്കജഭക്തിരേവാസ്തു മേ
നിത്യമിളക്കമൊഴിഞ്ഞു കൃപാനിധേ!’
ഇത്ഥമാകര്‍ണ്യ സമ്പ്രീതനാം രാഘവന്‍
നക്തഞ്ചരാധിപന്‍‌തന്നോടരുള്‍ചെയ്തു:
‘നിത്യം വിഷയവിരക്തരായ് ശാന്തരായ്
ഭക്തി വളര്‍ന്നതിശുദ്ധമതികളായ്
ജ്ഞാനികളായുള്ള യോഗികള്‍‌മാനസേ
ഞാനിരിപ്പൂ മമ സീതയുമായ് മുദാ.
ആകയാലെന്നെയും ധ്യാനിച്ചു സന്തതം
വാഴ്ക നീയെന്നാല്‍നിനക്കു മോക്ഷം വരും.
അത്രയുമല്ല നിന്നാല്‍കൃതമായൊരു
ഭക്തികരസ്ത്രോത്രമത്യന്തശുദ്ധനായ്
നിത്യവും ചൊല്‍കയും കേള്‍ക്കയും ചെയ്കിലും
മുക്തി വരുമതിനില്ലൊരു സംശയം.’
ഇത്ഥമരുള്‍ചെയ്തു ലക്ഷ്മണന്‍തന്നോടു
ഭക്തപ്രിയനരുള്‍ചെയ്തിതു സാദരം:
‘എന്നെക്കനിവോടുകണ്ടതിന്റെ ഫല-
മിന്നു തന്നെ വരുത്തേണമതിന്നു നീ
ലങ്കാധിപനിവനെന്നഭിഷേകവും
ശങ്കാവിഹീനമന്‍പോടു ചെയ്തീടുക
സാഗരവാരിയും കൊണ്ടുവന്നീടുക
ശാഖാമൃഗാധിപന്മരുമായ് സത്വരം
അര്‍ക്കചന്ദ്രന്മാരുമാകാശഭൂമിയും
മല്‍‌ക്കഥയും ജഗത്തിങ്കലുള്ളന്നിവന്‍
വാഴ്ക ലങ്കാരാജ്യമേവം മമാജ്ഞയാ
ഭാഗവതോത്തമനായ വിഭീഷണന്‍.’
പങ്കജനേത്രവാക്യം കേട്ടു ലക്ഷ്മണന്‍
ലങ്കാപുരാധിപത്യാര്‍ത്ഥമഭിഷേക-
മന്‍‌പോടു വാദ്യഘോഷേണ ചെയ്തീടിനാന്‍.
വമ്പരാം വാനരാധീശ്വരന്മാരുമായ്
സാധുവാദേന മുഴങ്ങി ജഗത്ത്രയം
സാധുജനങ്ങളും പ്രീതിപൂണ്ടീടിനാര്‍.
ആദിതേയോത്തമന്മാര്‍പുഷ്പവൃഷ്ടിയു-
മാധിവേറിട്ടു ചെയ്തീടിനാരാദരാല്‍.
അപ്സരസ്ത്രീകളും നൃത്തഗീതങ്ങളാ-
ലപ്പുരുഷോത്തമനെബ്ഭജിച്ചീടിനാര്‍.
ഗന്ധര്‍വകിന്നരകിം‌പുരുഷന്മാരു-
മന്തര്‍മ്മുദാ സിദ്ധവിദ്യാധരാദിയും
ശ്രീരാമചന്ദ്രനെ വാഴ്ത്തിസ്തുതിച്ചിതു
ഭേരീനിനാദം മുഴക്കിനാരുമ്പരും.
പുണ്യജനേശ്വരനായ വിഭീഷണന്‍
തന്നെപ്പുണര്‍ന്നു സുഗ്രീവനും ചൊല്ലിനാന്‍:
പാരേഴു രണ്ടിനും നാഥനായ് വാഴുമീ
ശ്രീരാമകിങ്കരന്മാരില്‍മുഖ്യന്‍ഭവാന്‍.
രാവണനിഗ്രഹത്തിന്നു സഹായവു-
മാവോളമാശു ചെയ്യേണം ഭവാനിനി.
കേവലം ഞങ്ങളും മുന്‍‌‌നടക്കുന്നുണ്ടു
സേവയാ സിദ്ധിക്കുമേറ്റമനുഗ്രഹം.’
സുഗ്രീവവാക്യമാകര്‍ണ്യ വിഭീഷണ-
നഗ്രേ ചിരിച്ചവനോടു ചൊല്ലീടിനാന്‍:
‘സാക്ഷാല്‍ജഗന്മയനാമഖിലേശ്വരന്‍
സാക്ഷിഭൂതന്‍സകലത്തിന്നുമാകയാല്‍
എന്തു സഹായേന കാര്യമവിടേക്കു
ബന്ധുശത്രുക്കളെന്നുള്ളതുമില്ല കേള്‍.
ഗൂ‍ഢ്സ്ഥനാനന്ദപൂര്‍ണ്ണനേകാത്മകന്‍
കൂടസ്ഥനാശ്രയം മറ്റാരുമില്ലെടോ!
മൂഢ്ത്വമത്രേ നമുക്കു തോന്നുന്നതു
ഗൂഢത്രിഗുണഭാവേന മായാബലാല്‍
തദ്വശന്മാരൊക്കെ നാമെന്നറിഞ്ഞുകൊ‌
ണ്ടദ്വയഭാവേന സേവിച്ചുകൊള്‍ക നാം.‘
നക്തഞ്ചരപ്രവരോക്തികള്‍കേട്ടൊരു
ഭക്തനാം ഭാനുജനും തെളിഞ്ഞീടിനാന്‍.