അദ്ധ്യാത്മരാമായണം കിളിപ്പാട്ട് - ബാലകാണ്ഡം - കൗസല്യാസ്തുതി
"നമസ്തേ ദേവദേവ! ശംഖചക്രാബ്‌ജധര!
നമസ്തേ വാസുദേവ! മധുസൂദന! ഹരേ!
നമസ്തേ നാരായണ! നമസ്തേ നരകാരേ!
സമസ്തേശ്വര! ശൌരേ! നമസ്തേ ജഗല്‍പതേ!
നിന്തിരുവടി മായാദേവിയെക്കൊണ്ടു വിശ്വം
സന്തതം സൃഷ്ടിച്ചു രക്ഷിച്ചു സംഹരിക്കുന്നു.
സത്വാദിഗുണത്രയമാശ്രയിച്ചെന്തിന്നിതെ-
ന്നുത്തമന്മാര്‍ക്കുപോലുമറിവാന്‍ വേലയത്രേ. 620
പരമന്‍ പരാപരന്‍ പരബ്രഹ്‌മാഖ്യന്‍ പരന്‍
പരമാത്മാവു പരന്‍പുരുഷന്‍ പരിപൂര്‍ണ്ണന്‍
അച്യുതനന്തനവ്യക്തനവ്യയനേകന്‍
നിശ്ചലന്‍ നിരുപമന്‍ നിര്‍വാണപ്രദന്‍ നിത്യന്‍
നിര്‍മ്മലന്‍ നിരാമയന്‍ നിര്‍വികാരാത്മാ ദേവന്‍
നിര്‍മ്മമന്‍ നിരാകുലന്‍ നിരഹങ്കാരമൂര്‍ത്തി
നിഷ്‌കളന്‍ നിരഞ്ജനന്‍ നീതിമാന്‍ നിഷ്‌കല്‍മഷന്‍
നിര്‍ഗ്ഗുണന്‍ നിഗമാന്തവാക്യാര്‍ത്ഥവേദ്യന്‍ നാഥന്‍
നിഷ്‌ക്രിയന്‍ നിരാകാരന്‍ നിര്‍ജ്ജരനിഷേവിതന്‍
നിഷ്‌കാമന്‍ നിയമിനാം ഹൃദയനിലയനന്‍ 630
അദ്വയനജനമൃതാനന്ദന്‍ നാരായണന്‍
വിദ്വന്മാനസപത്മമധുപന്‍ മധുവൈരി
സത്യജ്ഞാനാത്നാ സമസ്തേശ്വരന്‍ സനാതനന്‍
സത്വസഞ്ചയജീവന്‍ സനകാദിഭിസ്സേവ്യന്‍
തത്വാര്‍ത്ഥബോധരൂപന്‍ സകലജഗന്മയന്‍
സത്താമാത്രകനല്ലോ നിന്തിരുവടി നൂനം.
നിന്തിരുവടിയുടെ ജഠരത്തിങ്കല്‍ നിത്യ-
മന്തമില്ലാതോളം ബ്രഹ്‌മാണ്ഡങ്ങള്‍ കിടക്കുന്നു.
അങ്ങനെയുളള ഭവാനെന്നുടെ ജഠരത്തി-
ലിങ്ങനെ വസിപ്പതിനെന്തു കാരണം പോറ്റീ! 640
ഭക്തന്മാര്‍വിഷയമായുളെളാരു പാരവശ്യം
വ്യക്തമായ്‌ക്കാണായ്‌വന്നു മുഗ്‌ദ്ധയാമെനിക്കിപ്പോള്‍.
ഭര്‍ത്തൃപുത്രാര്‍ത്ഥാകുലസംസാരദുഃഖാംബുധൌ
നിത്യവും നിമഗ്നയായത്യര്‍ത്ഥം ഭ്രമിക്കുന്നേന്‍.
നിന്നുടെ മഹാമായതന്നുടെ ബലത്തിനാ-
ലിന്നു നിന്‍ പാദാംഭോജം കാണ്മാനും യോഗം വന്നു.
ത്വല്‍ക്കാരുണ്യത്താല്‍ നിത്യമുള്‍ക്കാമ്പില്‍ വസിക്കേണ-
മിക്കാണാകിയ രൂപം ദുഷ്‌കൃതമൊടുങ്ങുവാന്‍.
വിശ്വമോഹിനിയായ നിന്നുടെ മഹാമായ
വിശ്വേശ! മോഹിപ്പിച്ചീടായ്‌ക മാം ലക്ഷ്മീപതേ! 650
കേവലമലൌകികം വൈഷ്ണവമായ രൂപം
ദേവേശ! മറയ്‌ക്കേണം മറ്റുളേളാര്‍ കാണുംമുമ്പേ.
ലാളനാശ്ലേഷാദ്യനുരൂപമായിരിപ്പോരു
ബാലഭാവത്തെ മമ കാട്ടേണം ദയാനിധേ!
പുത്രവാത്സല്യവ്യാജമായൊരു പരിചര-
ണത്താലേ കടക്കേണം ദുഃഖസംസാരാര്‍ണ്ണവം."
ഭക്തിപൂണ്ടിത്ഥം വീണുവണങ്ങിസ്തുതിച്ചപ്പോള്‍
ഭക്തവത്സലന്‍ പുരുഷോത്തമനരുള്‍ചെയ്തുഃ


"മാതാവേ! ഭവതിക്കെന്തിഷ്ടമാകുന്നതെന്നാ-
ലേതുമന്തരമില്ല ചിന്തിച്ചവണ്ണം വരും. 660
ദുര്‍മ്മദം വളര്‍ന്നോരു രാവണന്‍തന്നെക്കൊന്നു
സമ്മോദം ലോകങ്ങള്‍ക്കു വരുത്തിക്കൊള്‍വാന്‍ മുന്നം
ബ്രഹ്‌മശങ്കരപ്രമുഖാമരപ്രവരന്മാര്‍
നിര്‍മ്മലപദങ്ങളാല്‍ സ്തുതിച്ചു സേവിക്കയാല്‍
മാനവവംശത്തിങ്കല്‍ നിങ്ങള്‍ക്കു തനയനായ്‌
മാനുഷവേഷം പൂണ്ടു ഭൂമിയില്‍ പിറന്നു ഞാന്‍.
പുത്രനായ്‌ പിറക്കണം ഞാന്‍തന്നെ നിങ്ങള്‍ക്കെന്നു
ചിത്തത്തില്‍ നിരൂപിച്ചു സേവിച്ചു ചിരകാലം
പൂര്‍വജന്മനി പുനരതുകാരണമിപ്പോ-
ളേവംഭൂതകമായ വേഷത്തെക്കാട്ടിത്തന്നു. 670
ദുര്‍ല്ലഭം മദ്ദര്‍ശനം മോക്ഷത്തിനായിട്ടുളേളാ,-
ന്നില്ലല്ലോ പിന്നെയൊരു ജന്മസംസാരദുഃഖം.
എന്നുടെ രൂപമിദം നിത്യവും ധ്യാനിച്ചുകൊള്‍-
കെന്നാല്‍ വന്നീടും മോക്ഷ,മില്ല സംശയമേതും.
യാതൊരു മര്‍ത്ത്യനിഹ നമ്മിലേ സംവാദമി-
താദരാല്‍ പഠിക്കതാന്‍ കേള്‍ക്കതാന്‍ ചെയ്യുന്നതും
സാധിക്കുമവനു സാരൂപ്യമെന്നറിഞ്ഞാലും;
ചേതസി മരിക്കുമ്പോള്‍ മല്‍സ്മരണയുമുണ്ടാം."


ഇത്തരമരുള്‍ചെയ്തു ബാലഭാവത്തെപ്പൂണ്ടു
സത്വരം കാലും കൈയും കുടഞ്ഞു കരയുന്നോന്‍ 680
ഇന്ദ്രനീലാഭപൂണ്ട സുന്ദരരൂപനര-
വിന്ദലോചനന്‍ മുകുന്ദന്‍ പരമാനന്ദാത്മാ
ചന്ദ്രചൂഡാരവിന്ദമന്ദിരവൃന്ദാരക-
വൃന്ദവന്ദിതന്‍ ഭൂവി വന്നവതാരംചെയ്താന്‍.
നന്ദനനുണ്ടായിതെന്നാശു കേട്ടൊരു പങ്‌ക്തി-
സ്യന്ദനനഥ പരമാനന്ദാകുലനായാന്‍
പുത്രജന്മത്തെച്ചൊന്ന ഭൃത്യവര്‍ഗ്ഗത്തിനെല്ലാം
വസ്‌ത്രഭൂഷണാദ്യഖിലാര്‍ത്ഥദാനങ്ങള്‍ചെയ്താന്‍.
പുത്രവക്ത്രാബ്‌ജം കണ്ടു തുഷ്ടനായ്‌ പുറപ്പെട്ടു
ശുദ്ധനായ്‌ സ്നാനംചെയ്തു ഗുരുവിന്‍ നിയോഗത്താല്‍ 690
ജാതകകര്‍മ്മവുംചെയ്തു ദാനവുംചെയ്തു; പിന്നെ-
ജ്ജാതനായിതു കൈകേയീസുതന്‍ പിറ്റേന്നാളും.
സുമിത്രാപുത്രന്മാരായുണ്ടായിതിരുവരു-
മമിത്രാന്തകന്‍ ദശരഥനും യഥാവിധി
ചെയ്തിതു ജാതകര്‍മ്മം ബാലന്മാര്‍ക്കെല്ലാവര്‍ക്കും
പെയ്തിതു സന്തോഷംകൊണ്ടശ്രുക്കള്‍ ജനങ്ങള്‍ക്കും.
സ്വര്‍ണ്ണരത്നൌഘവസ്‌ത്രഗ്രാമാദിപദാര്‍ത്ഥങ്ങ-
ളെണ്ണമില്ലാതോളം ദാനംചെയ്തു ഭൂദേവാനാം
വിണ്ണവര്‍നാട്ടിലുമുണ്ടായിതു മഹോത്സവം
കണ്ണുകളായിരവും തെളിഞ്ഞു മഹേന്ദ്രനും. 700
സമസ്തലോകങ്ങളുമാത്മാവാമിവങ്കലേ
രമിച്ചീടുന്നു നിത്യമെന്നോര്‍ത്തു വസിഷ്‌ഠനും
ശ്യാമളനിറംപൂണ്ട കോമളകുമാരനു
രാമനെന്നൊരു തിരുനാമവുമിട്ടാനല്ലോ;
ഭരണനിപുണനാം കൈകേയീതനയനു
ഭരതനെന്നു നാമമരുളിച്ചെയ്തു മുനി;
ലക്ഷണാന്വിതനായ സുമിത്രാതനയനു
ലക്ഷ്മണനെന്നുതന്നെ നാമവുമരുള്‍ചെയ്തു;
ശത്രുവൃന്ദത്തെ ഹനിച്ചീടുകനിമിത്തമായ്‌
ശത്രുഘ്നനെന്നു സുമിത്രാത്മജാവരജനും. 710
നാമധേയവും നാലുപുത്രര്‍ക്കും വിധിച്ചേവം
ഭൂമിപാലനും ഭാര്യമാരുമായാനന്ദിച്ചാന്‍.


സാമോദം ബാലക്രീഡാതല്‍പരന്മാരാംകാലം
രാമലക്ഷ്മണന്മാരും തമ്മിലൊന്നിച്ചു വാഴും
ഭരതശത്രുഘ്നന്മാരൊരുമിച്ചെല്ലാനാളും
മരുവീടുന്നു പായസാംശാനുസാരവശാല്‍
കോമളന്മാരായൊരു സോദരന്മാരുമായി
ശ്യാമണനിറംപൂണ്ട ലോകാഭിരാമദേവന്‍
കാരുണ്യാമൃതപൂര്‍ണ്ണാപാംഗവീക്ഷണം കൊണ്ടും
സാരസ്യാവ്യക്തവര്‍ണ്ണാലാപപീയൂഷം കൊണ്ടും 720
വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും
നിശ്ശേഷാനന്ദപ്രദദേഹമാര്‍ദ്ദവംകൊണ്ടും
ബന്ധൂകദന്താംബരചുംബനരസംകൊണ്ടും
ബന്ധുരദന്താങ്കുരസ്പഷ്ടഹാസാഭകൊണ്ടും
ഭൂതലസ്ഥിതപാദാബ്‌ജദ്വയയാനംകൊണ്ടും
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെക്കൊണ്ടും
താതനുമമ്മമാര്‍ക്കും നഗരവാസികള്‍ക്കും
പ്രീതി നല്‌കിനാന്‍ സമസ്തേന്ദൃയങ്ങള്‍ക്കുമെല്ലാം.
ഫാലദേശാന്തേ സ്വര്‍ണ്ണാശ്വത്ഥപര്‍ണ്ണാകാരമായ്‌
മാലേയമണിഞ്ഞതില്‍ പേറ്റെടും കരളവും 730
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും
കര്‍ണ്ണാലങ്കാരമണികുണ്ഡലം മിന്നീടുന്ന
സ്വര്‍ണ്ണദര്‍പ്പണസമഗണ്ഡമണ്ഡങ്ങളും
ശാര്‍ദ്ദൂലനഖങ്ങളും വിദ്രുമമണികളും
ചേര്‍ത്തുടന്‍ കാര്‍ത്തസ്വരമണികള്‍ മദ്ധേമദ്ധ്യേ
കോര്‍ത്തു ചാര്‍ത്തീടുന്നൊരു കാണ്‌ഠകണ്ഡോദ്യോതവും
മുത്തുമാലകള്‍ വനമാലകളോടുംപൂണ്ട
വിസ്‌തൃതോരസി ചാര്‍ത്തും തുളസീമാല്യങ്ങളും
നിസ്തൂലപ്രഭവത്സലാഞ്ഞ്‌ഛനവിലാസവും 740
അംഗദങ്ങളും വലയങ്ങള്‍ കങ്കണങ്ങളും
അംഗുലീയങ്ങള്‍കൊണ്ടു ശോഭിച്ച കരങ്ങളും
കാഞ്ചനസദൃശപീതാംബരോപരി ചാര്‍ത്തും
കാഞ്ചികള്‍ നൂപുരങ്ങളെന്നിവ പലതരം
അലങ്കാരങ്ങള്‍പൂണ്ടു സോദരന്മാരോടുമൊ-
രലങ്കാരത്തെച്ചേര്‍ത്താന്‍ ഭൂമിദേവിക്കു നാഥന്‍.
ഭര്‍ത്താവിന്നധിവാസമുണ്ടായോരയോദ്ധ്യയില്‍
പൊല്‍ത്താര്‍മാനിനിതാനും കളിച്ചുവിളങ്ങിനാള്‍.
ഭൂതലത്തിങ്കലെല്ലാമന്നുതൊട്ടനുദിനം
ഭൂതിയും വര്‍ദ്ധിച്ചിതു ലോകവുമാനന്ദിച്ചു. 750