വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്
- രാവണഭഗിനിയും രോദനംചെയ്തു പിന്നെ
- രാവണനോടു പറഞ്ഞീടുവാന്‍ നടകൊണ്ടാള്‍.
- സാക്ഷാലഞ്ജനശൈലംപോലെ ശൂര്‍പ്പണഖയും
- രാക്ഷസരാജന്‍മുമ്പില്‍ വീണുടന്‍മുറയിട്ടാള്‍.
- മുലയും മൂക്കും കാതും കൂടാതെ ചോരയുമാ-
- യലറും ഭഗിനിയോടവനുമുരചെയ്താന്‍ഃ
- "എന്തിതു വത്സേ! ചൊല്ലീടെന്നോടു പരമാര്‍ത്ഥം
- ബന്ധമുണ്ടായതെന്തു വൈരൂപ്യം വന്നീടുവാന്‍?
- ശക്രനോ കൃതാന്തനോ പാശിയോ കുബേരനോ
- ദുഷ്കൃതംചെയ്തതവന്‍തന്നെ ഞാനൊടുക്കുവന്‍. 1070
- സത്യംചൊ"ല്ലെന്നനേരമവളുമുരചെയ്താ-
- "ളെത്രയും മൂഢന് ഭവാന് പ്രമത്തന്‍ പാനസക്തന്‍
- സ്ത്രീജിതനതിശഠനെന്തറിഞ്ഞിരിക്കുന്നു?
- രാജാവെന്നെന്തുകൊണ്ടു ചൊല്ലുന്നു നിന്നെ വൃഥാ?
- ചാരചക്ഷുസ്സും വിചാരവുമില്ലേതും നിത്യം
- നാരീസേവയുംചെയ്തു കിടന്നീടെല്ലായ്പോഴും.
- കേട്ടതില്ലയോ ഖരദൂഷണത്രിശിരാക്കള്‍
- കൂട്ടമേ പതിന്നാലായിരവും മുടിഞ്ഞതും?
- പ്രഹരാര്‍ദ്ധേന രാമന് വേഗേന ബാണഗണം
- പ്രഹരിച്ചൊടുക്കിനാനെന്തൊരു കഷ്ടമോര്‍ത്താല്‍." 1080
- എന്നതു കേട്ടു ചോദിച്ചീടിനാന്‍ ദശാനന-
- നെന്നോടു ചൊല്ലീ'ടേവന്‍ രാമനാകുന്നതെന്നും
- എന്തൊരുമൂലമവന്‍ കൊല്ലുവാനെന്നുമെന്നാ-
- ലന്തകന്‍തനിക്കു നല്കീടുവനവനെ ഞാന്‍.'
- സോദരി ചൊന്നാളതുകേട്ടു രാവണനോടു
- "യാതുധാനാധിപതേ! കേട്ടാലും പരമാര്‍ത്ഥം.
- ഞാനൊരുദിനം ജനസ്ഥാനദേശത്തിങ്കല്‍ നി-
- ന്നാനന്ദംപൂണ്ടു താനേ സഞ്ചരിച്ചീടുംകാലം
- കാനനത്തൂടെ ചെന്നു ഗൗതമീതടം പുക്കേന്;
- സാനന്ദം പഞ്ചവടി കണ്ടു ഞാന്‍ നില്ക്കുന്നേരം. 1090
- ആശ്രമത്തിങ്കല്‍ തത്ര രാമനെക്കണ്ടേന്‍ ജഗ-
- ദാശ്രയഭൂതന്‍ ജടാവല്ക്കലങ്ങളും പൂണ്ടു
- ചാപബാണങ്ങളോടുമെത്രയും തേജസ്സോടും
- താപസവേഷത്തോടും ധര്‍മ്മദാരങ്ങളോടും
- സോദരനായീടുന്ന ലക്ഷ്മണനോടുംകൂടി
- സ്സാദരമിരിക്കുമ്പോളടുത്തുചെന്നു ഞാനും.
- ശ്രീരാമോത്സംഗേ വാഴും ഭാമിനിതന്നെക്കണ്ടാല്‍
- നാരികളവ്വണ്ണം മറ്റില്ലല്ലോ ലോകത്തിങ്കല്‍.
- ദേവഗന്ധര്‍വ്വനാഗമാനുഷനാരിമാരി-
- ലേവം കാണ്മാനുമില്ല കേള്‍പ്പാനുമില്ല നൂനം. 1100
- ഇന്ദിരാദേവിതാനും ഗൗരിയും വാണിമാതു-
- മിന്ദ്രാണിതാനും മറ്റുളളപ്സരസ്ത്രീവര്‍ഗ്ഗവും
- നാണംപൂണ്ടൊളിച്ചീടുമവളെ വഴിപോലെ
- കാണുമ്പോളനംഗനും ദേവതയവളല്ലോ.
- തല്പതിയാകും പുരുഷന് ജഗല്പതിയെന്നു
- കല്പിക്കാം വികല്പമില്ലല്പവുമിതിനിപ്പോള്.
- ത്വല്പത്നിയാക്കീടുവാന് തക്കവളവളെന്നു
- കല്പിച്ചുകൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ടേന്‍.
- മല്‍കുചനാസാകര്‍ണ്ണച്ഛേദനം ചെയ്താനപ്പോള്‍
- ലക്ഷ്മണന് കോപത്തോടെ രാഘവനിയോഗത്താല്‍. 1110
- വൃത്താന്തം ഖരനോടു ചെന്നു ഞാനറിയിച്ചേന്‍
- യുദ്ധാര്‍ത്ഥം നക്തഞ്ചരാനീകിനിയോടുമവന്‍
- രോഷവേഗേന ചെന്നു രാമനോടേറ്റനേരം
- നാഴിക മൂന്നേമുക്കാല്‍കൊണ്ടവനൊടുക്കിനാന്‍.
- ഭസ്മമാക്കീടും പിണങ്ങീടുകില്‍ വിശ്വം ക്ഷണാല്‍
- വിസ്മയം രാമനുടെ വിക്രമം വിചാരിച്ചാല്‍!
- കന്നല്‍നേര്‍മിഴിയാളാം ജാനകിദേവിയിപ്പോള്‍
- നിന്നുടെ ഭാര്യയാകില്‍ ജന്മസാഫല്യം വരും.
- ത്വത്സകാശത്തിങ്കലാക്കീടുവാന്‍ തക്കവണ്ണ-
- മുത്സാഹം ചെയ്തീടുകിലെത്രയും നന്നു ഭവാന്. 1120
- തത്സാമര്‍ത്ഥ്യങ്ങളെല്ലാം പത്മാക്ഷിയാകുമവ-
- ളുത്സംഗേ വസിക്കകൊണ്ടാകുന്നു ദേവാരാതേ!
- രാമനോടേറ്റാല്‍ നില്പാന് നിനക്കു ശക്തിപോരാ
- കാമവൈരിക്കും നേരേ നില്ക്കരുതെതിര്ക്കുമ്പോള്.
- മോഹിപ്പിച്ചൊരുജാതി മായയാ ബാലന്മാരെ
- മോഹനഗാത്രിതന്നെക്കൊണ്ടുപോരികേയുളളു."
- സോദരീവചനങ്ങളിങ്ങനെ കേട്ടശേഷം
- സാദരവാക്യങ്ങളാലാശ്വസിപ്പിച്ചു തൂര്‍ണ്ണം
- തന്നുടെ മണിയറതന്നിലങ്ങകംപുക്കാന്‍
- വന്നതില്ലേതും നിദ്ര ചിന്തയുണ്ടാകമൂലം. 1130
- 'എത്രയും ചിത്രം ചിത്രമോര്‍ത്തോളമിദമൊരു
- മര്‍ത്ത്യനാല്‍ മൂന്നേമുക്കാല്‍ നാഴികനേരംകൊണ്ടു
- ശക്തനാം നക്തഞ്ചരപ്രവരന്‍ ഖരന്‍താനും
- യുദ്ധവൈദഗ്ദ്ധ്യമേറും സോദരരിരുവരും
- പത്തികള്‍ പതിന്നാലായിരവും മുടിഞ്ഞുപോല്‍!
- വ്യക്തം മാനുഷനല്ല രാമനെന്നതു നൂനം.
- ഭക്തവത്സലനായ ഭഗവാന് പത്മേക്ഷണന്‍
- മുക്തിദാനൈകമൂര്‍ത്തി മുകുന്ദന് മുക്തിപ്രിയന്‍
- ധാതാവു മുന്നം പ്രാര്‍ത്ഥിച്ചോരു കാരണമിന്നു
- ഭൂതലേ രഘുകുലേ മര്‍ത്ത്യനായ് പിറന്നിപ്പോള്‍ 1140
- എന്നെക്കൊല്ലുവാനൊരുമ്പെട്ടു വന്നാനെങ്കിലോ
- ചെന്നു വൈകുണ്ഠരാജ്യം പരിപാലിക്കാമല്ലോ.
- അല്ലെങ്കിലെന്നും വാഴാം രാക്ഷസരാജ്യ,മെന്നാ-
- ലല്ലലില്ലൊന്നുകൊണ്ടും മനസി നിരൂപിച്ചാല്‍.
- കല്യാണപ്രദനായ രാമനോടേല്ക്കുന്നതി-
- നെല്ലാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും.
- ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥന്‍
- തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാന്‍.
- സാക്ഷാല്‍ ശ്രീനാരായണന് രാമനെന്നറിഞ്ഞഥ
- രാക്ഷസപ്രവരനും പൂര്‍വ്വവൃത്താന്തമോര്‍ത്താന്‍. 1150
- 'വിദ്വേഷബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുളളു
- ഭക്തികൊണ്ടെന്നില്‍ പ്രസാദിക്കയില്ലഖിലേശന്‍.'