പകലെല്ലാം പാടിക്കൊണ്ട് പറക്കും പൈങ്കിളിത്തത്തേ
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

പകലെല്ലാം പാടിക്കൊണ്ട് പറക്കും പൈങ്കിളിത്തത്തേ
പരനേശു ചരിതങ്ങള്‍ പറക തത്തി ഇത്ത ഇന്തത്താ
പരനേശു ചരിതങ്ങള്‍ പറക തത്തേ ഇക തികുതെയ്

ഗുണമേറും പാലുംതേനും പഴവും മാധുര്യമുള്ള
ഫലമൊക്കെയും തന്നീടാം നിനക്കു ബാ തത്തി ഇത്ത ഇന്തത്ത
ഫലമൊക്കെയും തന്നീടാം നിനക്കു ബാലെ ഇക തികുതെയ്

അതുകേട്ടു പൈങ്കിളിയും തെളിഞ്ഞുപാടിത്തുടങ്ങി
മയിലും മാന്‍കൂട്ടങ്ങളും കളിതുട തത്ത ഇത്ത ഇന്തത്താ
മയിലും മാന്‍കൂട്ടങ്ങളും കളിതുടങ്ങീ ഇക തികുതെയ്

മഹിമയേറും ആഗസ്തസ് കൈസര്‍ കനാന്‍ദേശത്തെ
ഭരിച്ചുപ്രതാപമോടെ വസിക്കും കാ തത്താ ഇത്ത ഇന്തത്താ
ഭരിച്ചു പ്രതാപമോടെ വസിക്കുംകാലം ഇക തികുതെയ്

നല്ലരാത്രി തന്നില്‍ ഇടയന്മാരൊരുമിച്ച്
ഉറങ്ങുമ്പോളാകാശത്തില്‍ തെളിഞ്ഞു താ തത്ത ഇത്ത ഇന്തത്താ
ഉറങ്ങുമ്പോളാകാശത്തില്‍ തെളിഞ്ഞുതാരം ഇക തികുതെയ്

അതിശോഭയേറുംതാരം ഉദിച്ചു വാനിടംതന്നില്‍
അനവധി മാലാഖമാര്‍ സ്തുതിച്ചു പാ തത്ത ഇത്ത ഇന്തത്താ
അനവധി മാലാഖമാര്‍ സ്തുതിച്ചു പാടി ഇക തികുതെയ്

ഉയരത്തില്‍ മഹത്വവും ഭൂമിയില്‍ സമാധാനവും
മനുഷ്യര്‍ക്കു സംപ്രീതിയുമുദിച്ചിടാം തത്ത ഇത്ത ഇന്തത്താ
മനുഷ്യര്‍ക്കു സംപ്രീതിയുമുദിച്ചിടാമേ ഇക തികുതെയ്

നവനരപതിയിന്നു ജനിച്ചു ബേദിലഹേമില്‍
പശുവിന്‍ തൊഴുത്തില്‍ ചെന്നു ശിശുവെ കാ തത്ത ഇത്ത ഇന്തത്താ
പശുവിന്‍ തൊഴുത്തില്‍ ചെന്നു ശിശുവെ കാണ്‍ക ഇക തികുതെയ്