മ്ശിഹാരാജന്‍ മാമോദീസ മുഴുകുവാന്‍
വിക്കിഗ്രന്ഥശാല സംരംഭത്തില്‍ നിന്ന്

മ്ശിഹാരാജന്‍ മാമോദീസ മുഴുകുവാന്‍
സ്നാപകന്‍ സമീപമായി യോര്‍ദ്ദാനിലെത്തി ഇകതികുതെയ്

മ്ശിഹാരാജനെ കണ്ടനേരം സ്നാപകനും
റൂഹാമൂലമറിഞ്ഞുടന്‍ വന്ദനംചെയ്തേ ഇകതികുതെയ്

മാര്‍യോഹന്നാന്‍ യേശുവിനെ സ്നാനം ചെയ്‌വാന്‍
കല്‍പ്പിച്ചപ്പോള്‍ സ്നാപകനും ഭ്രമിച്ചുപോയേ ഇകതികുതെയ്

മേരിസുതനാം നിന്നില്‍നിന്നും സ്നാനമേല്‍പ്പാന്‍
വംശജാതനാകും എന്നെ അനുഗ്രഹിക്ക - ഇകതികുതെയ്

കരുണയേറും മ്ശിഹായുമരുള്‍ചെയ്തു
എന്നുടെവാക്കിനെ നീയും സമ്മതിക്കിപ്പോള്‍ ഇകതികുതെയ്

അരുമനാഥന്‍ കല്‍പ്പനയെ നിവര്‍ത്തിപ്പാന്‍
ഇരുവരുമൊരുപോലെ യോര്‍ദ്ദാനിലിറങ്ങി ഇകതികുതെയ്

ആദാമിന്റെ കടച്ചീട്ടിന്‍ മീതെയിന്ന്
സ്നാനപ്പെട്ടകാരണത്താല്‍ ചീട്ടുകീറിയെ ഇകതികുതെയ്

സ്വര്‍ഗ്ഗേ നിന്നും പ്രാവുപോലെ റൂഹാ വന്നു
പറന്നിരുന്നേശുവിന്റെ തലയ്ക്കുമീതെ ഇകതികുതെയ്

സ്വര്‍ഗ്ഗേ നിന്നും ഇവനെന്റെ പ്രിയപുത്രന്‍
ഇവനെക്കൈക്കൊള്‍ക എന്നൊരു ശബ്ദവും കേട്ടേ ഇകതികുതെയ്

കൂടിനിന്ന ജനക്കൂട്ടമൊരുപോലെ
പാടിയാടി സ്തുതിചെയ്തു ജഗല്‍പിതാവേ ഇകതികുതെയ്