മലയാളം വിക്കിഗ്രന്ഥശാല പതിപ്പു് 1.0-നെ കുറിച്ചു്

വിജ്ഞാനസമ്പാദനത്തിനായി ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന സൗജന്യ സ്വതന്ത്ര വിജ്ഞാനകോശമാണല്ലോ വിക്കിപീഡിയ. ഇന്റര്‍നെറ്റിലെ അതിന്റെ പ്രചാരത്തെക്കുറിച്ച് പരിചയപ്പെടുത്തേണ്ടതില്ല. വിക്കിപീഡിയയ്ക്ക് അനുബന്ധമായി മറ്റു ചില സംരംഭങ്ങളുടെ നടത്തിപ്പ് കൂടി വിക്കിമീഡിയ ഫൗണ്ടേഷന്‍ നിര്‍വഹിക്കുന്നുണ്ട്. അതില്‍ സുപ്രധാനമാണ് വിക്കിസോഴ്സ്. പകര്‍പ്പവകാശ കാലവധി കഴിഞ്ഞതോ സ്വതന്ത്ര പകര്‍പ്പവകാശമുള്ളതോ ആയ ശ്രദ്ധേയ ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്യുക എന്നതാണ് വിക്കിസോഴ്സിന്റെ ലക്ഷ്യം. വിക്കി സോഴ്സിന്റെ മലയാളഭാഷയിലുള്ള പതിപ്പാണ് വിക്കിഗ്രന്ഥശാല.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിക്കിഗ്രന്ഥശാല പ്രവര്‍ത്തകര്‍ നടത്തുന്ന സന്നദ്ധ സേവനത്തിന്റെ ഫലമായി ശ്രദ്ധേയമായ അനവധി പുസ്തകങ്ങള്‍ മലയാളം വിക്കിഗ്രന്ഥശാലയില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടു്. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഉപയോക്താക്കള്‍ ഇവ ഉപയോഗിച്ചുവരികയും ചെയ്യുന്നു. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ളവരിലേയ്ക്കു ചുരുക്കാതെ, ഈ ഗ്രന്ഥങ്ങളെ കൂടുതല്‍ പേരിലേയ്ക്കെത്തിക്കാനും ഈ സംരംഭത്തിലേയ്ക്കു് കൂടുതല്‍ മലയാളികളെ ആകര്‍ഷിക്കാനും ലക്ഷ്യം വെച്ചുകൊണ്ടു് മലയാളം വിക്കിഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ രൂപകല്പന ചെയ്ത പദ്ധതിയാണു് ഈ വിക്കിഗ്രന്ഥശാല സിഡി. മലയാളം വിക്കിഗ്രന്ഥശാലയിലെ ഏകദേശം പൂര്‍ണ്ണമായ തിരഞ്ഞെടുത്ത ചില ഗ്രന്ഥങ്ങളാണു് ഈ സിഡിയില്‍ ഞങ്ങള്‍ ലഭ്യമാക്കുന്നതു്.

മലയാളത്തെ സംബന്ധിച്ച് നിരവധി ശ്രദ്ധേയമായ കൃതികള്‍ പൊതുസഞ്ചയത്തില്‍ ഉണ്ടെങ്കിലും, പ്രവര്‍ത്തകരുടെ അഭാവം മൂലവും ഡിജിറ്റല്‍ കോപ്പികളുടെ അഭാവം മൂലവും പലതും വിക്കിഗ്രന്ഥശാലയില്‍ എത്തിയിട്ടില്ല. തുടങ്ങി വച്ച പല കൃതികളും അപൂര്‍ണ്ണവുമാണു്. ഈ സിഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില സമാഹാരങ്ങളിലെ കൃതികള്‍ (ഉദാ: ആശാന്‍ കവിതകള്‍, ചങ്ങമ്പുഴ കവിതകള്‍) മുഴുവനുമായി ചേര്‍ക്കാന്‍ പറ്റിയില്ല. മലയാളശാകുന്തളം പോലുള്ള കൃതികള്‍ വളരെ ചെറിയ ശതമാനമെ പൂത്തിയാക്കിയിട്ടുള്ളൂ എന്നതിനാല്‍ ഇതില്‍ ഉള്‍പ്പെടുത്താനും കഴിഞ്ഞിട്ടില്ല. അതേ പോലെ ചേര്‍ത്ത പല കൃതികളിലും അക്ഷരത്തെറ്റുകളും മറ്റും തിരുത്താനും ഉണ്ട്. ഈ കുറവുകള്‍ ഒക്കെ പരിഹരിക്കാനായി എല്ലാവരേയും വിക്കിഗ്രന്ഥശാലയിലേക്ക് ക്ഷണിക്കുന്നു. മലയാളത്തിന്റെ ഈ പൊതു സ്വത്ത് നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് കുറ്റമറ്റതാക്കാം.


വിക്കിഗ്രന്ഥശാല ലോകത്തിലെ പലഭാഷകളിലും ഉണ്ടെങ്കിലും, മലയാളം വിക്കിഗ്രന്ഥശാല പ്രവര്‍ത്തകരുടെ അറിവ് വെച്ച് ആദ്യമായാണു് ഒരു വിക്കിഗ്രന്ഥശാല ഉള്ളടക്കത്തെ സിഡി രൂപത്തില്‍ പുറത്തിറക്കുന്നതു് എന്നു് അഭിമാനപൂര്‍വം പറഞ്ഞുകൊള്ളട്ടെ. അതുകൊണ്ടു് തന്നെ ഈ പദ്ധതിയുടെ നടത്തിപ്പു് അത്രയെളുപ്പമായിരുന്നില്ല. സാങ്കേതികമായും മറ്റ് വിധത്തിലുമുള്ള നിരവധി തടസ്സങ്ങള്‍ പിന്നിട്ടാണു് ഈ സിഡി പുറത്തിറക്കുന്നത്.

ഈ സിഡിയിലൂടെ പുസ്തകങ്ങള്‍ ആദ്യമായി യൂണിക്കോഡ് മലയാളത്തില്‍ പുറത്തിറങ്ങുന്നു. പുസ്തകങ്ങള്‍ എങ്ങനെ ഈ സിഡിയില്‍ അവതരിപ്പിക്കണം എന്നതായിരുന്നു ഏറ്റവും വലിയ കടമ്പ. അതിനായി അവലംബിച്ചിരിക്കുന്ന രീതി കുറ്റമറ്റതാണെന്ന് ഞങ്ങള്‍ അവകാശപ്പെടുന്നില്ല. നിങ്ങള്‍ക്കിഷപ്പെടുമെന്നു കരുതുന്നു. തെറ്റുകള്‍ തിരുത്തി ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു പതിപ്പ് പുറത്തിറക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ സിഡിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പല പുസ്തകങ്ങളും ഈ പദ്ധതി തുടങ്ങുമ്പോള്‍ അക്ഷരത്തെറ്റ് പരിശോധനകളൊന്നും പൂര്‍ത്തിയാവാത്ത അവസ്ഥയിലായിരുന്നു. ഉദാഹരണത്തിനു് മലയാളത്തിലെ ആദ്യനോവലായ ഇന്ദുലേഖ ലോകത്തിന്റെ പലഭാഗത്തുള്ള മലയാളികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനാ യജ്ഞത്തിലാണു് പൂര്‍ണ്ണമാക്കിയതു്. അതുപോലെ തന്നെ ഐതിഹ്യമാല, ചങ്ങമ്പുഴ കൃതികള്‍ , ആശാന്‍ കൃതികള്‍ എന്നിവ അക്ഷരത്തെറ്റുകളും മറ്റു പിശകുകളും പരമാവധി ഒഴിവാക്കി എടുക്കാന്‍ ഒരുപാടു വിക്കിപ്രവര്‍ത്തകരുടെ പരിശ്രമം വേണ്ടിവന്നു. ഈ പദ്ധതി തുടങ്ങുമ്പോള്‍ പരിചമുട്ടുക്കളിപ്പാട്ടുകള്‍, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ കൃതികള്‍ വിക്കിഗ്രന്ഥശാലയില്ലായിരുന്നു. അവ പെട്ടെന്നു വിക്കി ഗ്രന്ഥശാലയിലെത്തിയ്ക്കാന്‍ സഹായിച്ച പ്രവര്‍ത്തകരെ ഈയവസരത്തില്‍ സ്മരിക്കുന്നു. ഐതിഹ്യമാലയുടെ 126 അദ്ധ്യായങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും പരിശോധിക്കാനും ഒരു വലിയ കൂട്ടായ്മ തന്നെ വേണ്ടിവന്നു.

ഈ സിഡിയിലുള്ള ഗ്രന്ഥങ്ങളൊക്കെയും യാതൊരു തെറ്റുമില്ലാത്തതാണെന്ന അവകാശവാദം ഞങ്ങള്‍ക്കില്ല, മൂന്നാഴ്ചയോളം മാത്രം നിരവധി പ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണു് ഈ സംരംഭം. സമയക്കുറവും കൂടുതല്‍ പ്രവര്‍ത്തകരില്ലാത്തതുകൊണ്ടും എല്ലാ പുസ്തകവും പരിശോധിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടില്ല. വിക്കിഗ്രന്ഥശാല ആര്‍ക്കും തിരുത്തലുകള്‍ വരുത്താവുന്ന വിക്കിയാണു്. നിങ്ങള്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകള്‍ ഈ ഉള്ളടക്കത്തില്‍ കാണുകയാണെങ്കില്‍ , നിങ്ങള്‍ക്കു ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ ദയവായി വിക്കിഗ്രന്ഥശാലയില്‍ വന്നു് അതു് തിരുത്തി സഹകരിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഈ സിഡി പുറത്തിറക്കുന്നതിനുള്ള സാങ്കേതികവിദ്യ മലയാളം വിക്കി ഗ്രന്ഥശാല പ്രവര്‍ത്തകര്‍ സ്വയം വികസിപ്പിച്ചെടുത്തതാണു്. ചുരുങ്ങിയ കാലയളവില്‍ ഇത്തരമൊരു ബൃഹത് സംരംഭം ചെയ്യുന്നതു് ശ്രമകരമായിരുന്നു. അതിന്റെതായ ചില്ലറ പിശകുകള്‍ കണ്ടേയ്ക്കാം. അതെല്ലാം പൊറുക്കണമെന്നു അപേക്ഷിക്കുന്നു.

മലയാളം വിക്കിഗ്രന്ഥശാല ഉപയോക്തൃസമൂഹം

2011 ജൂണ്‍ 11